Daily Reflection

പ്രാർത്ഥന തിരസ്കരിക്കപ്പെടുന്നുവോ?

അവന്റെ ഉരുകിയ ആ മനസ്സുതന്നെ അവന്റെ ബലിയായി, നീതീകരിക്കപ്പെട്ട പ്രാർത്ഥനയായി മാറി...

“ബലിയല്ല സ്നേഹമാണ് ഞാൻ ആഗ്രഹിക്കുന്നത്” (ഹോസിയാ 6:6). ഫരീസേയന്റെയും ചുങ്കക്കാരന്റെയും പ്രാർത്ഥനയെ വ്യാഖ്യാനിക്കുകയാണ് ഈ വാക്കുകളിലൂടെ.

1) ഫരിസേയൻ ആരാണ്?
നിയമം അനുസരിക്കുന്നവനായിരുന്നു ഫരിസേയൻ. ഫരിസേയൻ എന്ന വാക്കിന്റെ അർത്ഥം തന്നെ “മാറ്റി നിർത്തപ്പെട്ടവൻ” എന്നാണ്. അതായത് മറ്റു ജനതകളിൽനിന്നും മാറ്റി നിർത്തപ്പെട്ടവർ. യഹൂദരുടെ 613 നിയമങ്ങളും 1521 സാബത്തുനാളിൽ ചെയ്യരുതാത്ത കാര്യങ്ങളുമൊക്കെ അക്ഷരംപ്രതി അനുസരിച്ചവരായിരുന്നു ഫരിസേയർ.

ഫരിസേയന്റെ പ്രാർത്ഥനയുടെ കുറവും അവൻ നീതീകരിക്കപ്പെടാതെ പോയതിന്റെ കാരണവും എന്തായിരുന്നു?
ഫരിസേയനെ സംബന്ധിച്ചിടത്തോളം പ്രാർത്ഥനയെന്നാൽ മറ്റുള്ളവർക്ക് പ്രാർത്ഥിക്കേണ്ടത് എങ്ങിനെയെന്നു കാണിച്ചുകൊടുക്കുക എന്നതായിരുന്നു. അവൻ ദൈവസന്നിധിയിൽ നിന്നുകൊണ്ടു പ്രാർത്ഥിക്കാൻ തുടങ്ങി. ‘നിന്നുകൊണ്ട് ‘ എന്ന വാക്കിന്റെ മൂലപദത്തിനർത്ഥം ‘തന്നോടുതന്നെ’ എന്നാണ്. എന്ന് പറഞ്ഞാൽ അവൻ തന്നെത്തന്നെ നോക്കി തൃപ്തിപ്പെടുകയായിരുന്നു. അപ്പോൾ അവന്റെ പ്രാർത്ഥന ദൈവത്തിലേക്കു ലക്‌ഷ്യം വച്ചായിരുന്നില്ല, മറിച്ച്, തന്നെ തന്നെയുള്ള പുകഴ്ത്തലായിരുന്നു.

ഞാൻ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മനുഷ്യരെപോലെയല്ല എന്ന് പറയുന്നുണ്ട്. ‘അക്രമി’ എന്ന വാക്കിന്റെ മൂലാർത്ഥം ‘കള്ളൻ’ എന്നാണ്. ഞാൻ കള്ളനല്ല എന്ന് അവൻ പറയുന്നു, എന്നാൽ യേശുതന്നെ നല്ല ഇടയന്റെ ഉപമ പറയുന്നിടത്ത്, ഫരിസേയരെ ഉദ്ദേശിച്ചു പറയുന്നുണ്ട്, “മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. എന്നാൽ ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകാനും സമൃദ്ധമായി ഉണ്ടാകാനുമാണ്” എന്നാണ് (യോഹ 10, 10) . യഹൂദ മതനേതാക്കൾ മനുഷ്യരുടെമേൽ നിയമങ്ങളും നിയമനൂലാമാലകളും ഉണ്ടാക്കി ദ്രോഹിക്കുകയും തങ്ങളെത്തന്നെ പുഷ്ടിപ്പെടുത്തുകമാണ് ചെയ്തിരുന്നത്, ആ അർത്ഥത്തിൽ ഫരിസേയൻ കള്ളനാണ്. പഴയനിയമത്തിലും പലപ്രാവശ്യവും ഇതേരീതിയിൽ തന്നെ വിളിക്കുന്നുണ്ട് (ഏശയ്യാ 1:23, ജെറമിയാ 2:26, 7:11, 23:30). നീതിരഹിതരായിരുന്നു ഫരിസേയർ എന്ന് യേശു തന്നെ പറയുന്നു, നിങ്ങളുടെ നീതി ഫരിസേയരുടെയും നിയമജ്ഞരുടെയും നീതിയെ അതിശയിക്കുന്ന നീതിയാകണം എന്ന് ഈശോ പഠിപ്പിക്കുന്നു. കാരണം, “കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈയ്ക്കു പകരം കൈ, കാലിനു പകരം കാല്” (പുറപ്പാട് 21:24) എന്നതായിരുന്നു അവരുടെ നീതി. അവർ ഒരുതരത്തിൽ വ്യഭിചാരികളുമായിരുന്നു, കാരണം വിഗ്രഹാരാധനയെ വ്യഭിചാരം എന്ന് പ്രവാചക ഗ്രന്ഥങ്ങളിൽ പലയിടത്തും പറയുന്നുണ്ട്. ഇവിടെ തന്നെ പുകഴ്ത്തി പ്രാർത്ഥിക്കുന്നവൻ ഒരർത്ഥത്തിൽ വിഗ്രഹാരാധകനും വ്യഭിചാരിയുമാണ്. കാരണം അവൻ പറയുന്നു, ആഴ്ചയിൽ രണ്ടുപ്രാവശ്യം ഉപവസിക്കുന്നുവന്നു കൂടി പുകഴ്ത്തി പറയുന്നു, (വർഷത്തിൽ ഒരു പ്രാവശ്യം ഉപവസിക്കേണ്ടവൻ മോശയുടെ സിനായ് മലകയറ്റത്തിന്റെയും മലയിറക്കത്തിന്റെയും ദിനങ്ങളെന്നു കരുതുന്ന തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഉപവസിച്ചിരുന്നു, ഉപവസിക്കുന്നുവെന്നു മറ്റുള്ളവരെ കാണിച്ചിരുന്നു). ഈ കാര്യങ്ങളൊക്കെ ചെയ്യണമെന്നു ദൈവം ആവശ്യപ്പെട്ടിട്ടില്ല. ദൈവത്തോടുള്ള ഉടമ്പടിയിൽ ജീവിക്കണം, അവിടുത്തോടുള്ള സ്നേഹത്തിൽ ജീവിക്കണമെന്ന് മാത്രമേ ആവശ്യപ്പെട്ടുള്ളൂ. ഈ നിയമങ്ങളും ആചാരങ്ങളും അതിനുള്ള വഴികല്ലാതാകരുതെന്നു സാരം. “ബലിയല്ല സ്നേഹമാണ് ഞാൻ ആഗ്രഹിക്കുന്നത്” ആയതിനാൽ ഫരിസേയന്റെ പ്രാർത്ഥന നീതീകരിക്കാത്ത പ്രാർത്ഥനയായി മാറി.

2) ചുങ്കക്കാരൻ ആരായിരുന്നു?
റോമൻ ഭരണകൂടത്തിനുവേണ്ടി ചുങ്കം പിരിക്കുന്നവൻ, അതുകൊണ്ടു തന്നെ പണത്തിന്റെ തട്ടിപ്പുകൾ കാണിച്ചിരുന്നതുകൊണ്ടു പരസ്യപാപികളെന്നു അവരെ കണക്കാക്കിയിരുന്നു. ചുങ്കക്കാരൻ എന്ന വാക്കിന്റെ അർത്ഥം തന്നെ അതാണ്, (“publicus”, ഒരു പരസ്യകാര്യം, പരസ്യമായി പാപം ചെയ്യുന്നവൻ എന്നർത്ഥത്തിൽ).

അവന്റെ പ്രാർത്ഥന എങ്ങിനെയുള്ളതായിരുന്നു?
ദൂരെ നിന്ന് പ്രാർത്ഥിച്ചു. സമൂഹത്തിൽ നിന്നും പാപിയെന്നു മുദ്രകുത്തി ഒറ്റപെടുത്തപ്പെട്ട വ്യക്തിയായിരുന്നു. അവൻ സ്വർഗത്തിലേക്ക് കണ്ണുകൾ ഉയർത്താൻ പോലും ധൈര്യപ്പെടാത്ത പ്രാർത്ഥിച്ചു. സ്വർഗ്ഗം, ദൈവത്തിന്റെ പ്രതീകം. ദൈവത്തെ അഭിമുഖീകരിക്കാൻ പോലുമാവാതെ മനസ്താപത്താൽ പ്രാർത്ഥിച്ചവൻ. മാറത്തടിച്ച് പ്രാർത്ഥിച്ചു, മനസ്താപത്തിന്റെ വേദനയെ കാണിക്കുന്നു. അവന്റെ ഉരുകിയ ആ മനസ്സുതന്നെ അവന്റെ ബലിയായി, നീതീകരിക്കപ്പെട്ട പ്രാർത്ഥനയായി മാറി.

എന്തുകൊണ്ട് നീതീകരിക്കപ്പെട്ടതായി മാറി?
ദൈവം മനുഷ്യരുടെ മാഹാത്മ്യമോ വലുപ്പമോ കാണുന്നവനല്ല, മനുഷ്യരുടെ ആവശ്യം കാണുന്നവനും മുറിവുവച്ചുകെട്ടുന്നവനുമാണ്. “അവിടുന്ന് നമ്മെ പ്രഹരിച്ചു, അവിടുന്നു തന്നെ മുറിവുകൾ വച്ചുകെട്ടും” (ഹോസിയാ. 6, 1 b). ദൈവത്തിന് എന്റെ കഴിവുകളോ വലുപ്പമോ കാണേണ്ട ആവശ്യമില്ല. എന്റെ പ്രാർത്ഥനകളും യാചനകളും അവിടുത്തേക്ക്‌ ആവശ്യമായതുകൊണ്ടു ഞാൻ ചെയ്തുകൊണ്ടേയിരിക്കുന്നു എന്ന ചിന്ത വന്നാൽ അവിടെ ഒരുതരത്തിൽ കുറെ ആചാരങ്ങളുടെ ഭാഗം മാത്രമായ ബലിയർപ്പണമായി മാറുന്നു. എന്റെ പ്രാർത്ഥനകളും യാചനകളും എന്റെ ആവശ്യമായി മാറുമ്പോൾ, ദൈവത്തിനുമുന്നിൽ ഞാൻ ആവശ്യക്കാരനായി മാറുമ്പോൾ അവിടുന്ന് മുറിവുകൾ വച്ചുകെട്ടും. അതുകൊണ്ടാണ് അവിടുന്ന് പറയുന്നതും: “ബലിയല്ല സ്നേഹമാണ് ഞാൻ ആഗ്രഹിക്കുന്നത്”.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker