Meditation

പ്രാർത്ഥന (ലൂക്കാ 11:1-13)

നമ്മുടെ ഭാഷയിൽ 'പ്രാർത്ഥിക്കുക' എന്ന പദത്തിന് 'നിർബന്ധിക്കുക' എന്നർത്ഥം എങ്ങനെയോ കടന്നു കൂടിയിട്ടുണ്ട്...

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ

കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ”. പ്രാർത്ഥനയെന്ന വിഷയത്തെക്കുറിച്ചോ അതിന്റെ സൂത്രവാക്യത്തെക്കുറിച്ചോ അതുമല്ലെങ്കിൽ അതിന്റെ ആചാരക്രമത്തെ കുറിച്ചോ ഒന്നുമല്ല ശിഷ്യൻമാർ യേശുവിനോട് ചോദിക്കുന്നത്. പ്രാർത്ഥനയുടെ ഹൃദയത്തിൽ ഒന്ന് സ്പർശിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ദൈവത്തിന്റെ മുൻപിൽ എങ്ങനെ എത്താം എന്നതാണ് അവർ സ്വപ്നം കാണുന്നത്.

ഇന്നത്തെ നമ്മുടെ ഭാഷയിൽ ‘പ്രാർത്ഥിക്കുക’ എന്ന പദത്തിന് ‘നിർബന്ധിക്കുക’ എന്നർത്ഥം എങ്ങനെയോ കടന്നു കൂടിയിട്ടുണ്ട്. ‘ഒരാളെ എങ്ങനെയെങ്കിലും ബോധ്യപ്പെടുത്തുക’ അല്ലെങ്കിൽ ‘ഒരാളുടെ മനോഭാവത്തെ മാറ്റിയെടുക്കുക’ തുടങ്ങിയ അർഥങ്ങൾ ഇന്ന് പ്രാർത്ഥന എന്ന പദത്തിന്മേൽ അടിച്ചേൽപ്പിച്ചുട്ടുണ്ടോയെന്ന് ഈയുള്ളവൻ സംശയിക്കുന്നു. യേശുവിനെ സംബന്ധിച്ച് പ്രാർത്ഥിക്കുക എന്ന് പറഞ്ഞാൽ ദൈവവുമായുള്ള ഒരു കൂടിച്ചേരലാണ്; ഒരു സ്നേഹബന്ധമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ പ്രാർത്ഥനയെന്നാൽ ജീവനോടുള്ള ആസക്തിയാണ്. അതുകൊണ്ടാണ് പ്രാർത്ഥനയെന്നത് ഊർവരവും ജൈവികവുമായ ജീവജലം ലഭിക്കുന്നതിനു വേണ്ടി മൗനാനന്ദത്തോടും പൂർണ ശാന്തിയോടും കൂടെയുള്ള ഒരു തുറവിയാണെന്ന് പറയുന്നത്.

യേശുവിന് പ്രാർത്ഥന സ്നേഹബന്ധത്തിന് തുല്യമാണ്. അതുകൊണ്ടാണവൻ പേര് ചൊല്ലി പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചത്; “നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുവിൻ, ‘പിതാവേ'”. സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള യേശുവിന്റെ എല്ലാ പ്രാർത്ഥനകളും ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് ഒരു കാര്യം മനസ്സിലാകും അവൻറെ പ്രാർത്ഥനകളെല്ലാം ആരംഭിക്കുന്നത് ‘പിതാവേ’ എന്ന അഭിസംബോധന കൊണ്ടാണ്.

‘പിതാവ്’. ദൈവത്തിന്റെ മുൻപിൽ നിൽക്കുവാൻ ഇതിനേക്കാൾ നല്ലൊരു പദം ഏതാണ് നമുക്കുള്ളത്? ഈ പദം ഉച്ചരിക്കുമ്പോൾ നമ്മൾ ഒരു കുഞ്ഞായി മാറുകയല്ലേ? ജീവന്റെ പൂർണത മുഴുവനും അടങ്ങിയിരിക്കുന്ന ഒരു പദമാണിത്. അതിൽ എല്ലാ നന്മയും സൗന്ദര്യവും അടങ്ങിയിട്ടുണ്ട്. ഒരു ഭാരവും അടിച്ചേൽപ്പിക്കാതെ എന്തിനെയും ഏതിനെയും ആലിംഗനം ചെയ്യുന്ന ഒരു പിതാവായി ദൈവം നമ്മുടെ പ്രാർത്ഥനയിൽ നിറയുന്നു. ആ സ്നേഹ സാന്നിധ്യം നമ്മോടു ചേർന്നു നിന്നു ഇളംചൂട് പകരുന്നു. ജീവൻറെ പൂർണ്ണത അനുഭവിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ആ സാന്നിധ്യം നൽകുന്ന ഊർജ്ജം അവർണ്ണനീയമായിരിക്കും.

ഇനി എന്താണ് നമ്മൾ ചോദിക്കേണ്ടത്? “അങ്ങയുടെ നാമം പൂജിതമാകണമേ”. ബൈബിൾ ഭാഷ്യം അനുസരിച്ച് നാമം എന്നാൽ ഒരു വ്യക്തി തന്നെയാണ്. ഈ വരികളിലൂടെ ദൈവത്തെ തന്നെ പൂർണമായി സ്വന്തമാക്കുവാൻ പ്രാർത്ഥിക്കുന്നവൻ ആഗ്രഹിക്കുകയാണ്. ദൈവമേ, നിന്നെ തന്നെ ദാനമായി എനിക്കു നൽകണമേ എന്ന അപേക്ഷയാണ് യേശു പഠിപ്പിച്ച പ്രാർത്ഥനയുടെ ആദ്യഭാഗം. സ്വയം നൽകുവാനല്ലാതെ അതിൽ കുറഞ്ഞതൊന്നും ദൈവം ദാനമായി നൽകുകയില്ലെന്ന് മെയ്സ്റ്റർ എക്കാർട്ട് പറയുന്നുണ്ട്. ശരിയാണ്, സ്വയം നൽകുന്നതിലൂടെ അവൻ എല്ലാം നമുക്ക് നൽകുന്നു.

“അങ്ങയുടെ രാജ്യം വരണമേ”. ദൈവമേ, അങ്ങ് സ്വപ്നം കാണുന്നതുപോലെ നവമായ ഒരു ലോകം ഞങ്ങളുടെ ഇടയിൽ സൃഷ്ടിക്കപ്പെടട്ടെ. പുതിയ ലോകത്തിന്റെ ഒരു തച്ചുശാസ്ത്രം ഞങ്ങളെ പഠിപ്പിക്കണമേ. സുവിശേഷങ്ങൾ വിതച്ച പുതിയ മനുഷ്യ ബന്ധത്തിൻറെ സ്നേഹ വിത്തുകൾ ഇവിടെ തഴച്ചു വളരട്ടെ.

“അന്നന്നു വേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങൾക്ക് നൽകണമേ”. ജീവിക്കാൻ ആവശ്യമുള്ള അപ്പവും സ്നേഹവും എല്ലാവർക്കും നീ നൽകണമേ. ഇവകൾ രണ്ടും മാത്രമാണ് ഞങ്ങളുടെ നിലനിൽപ്പിനുള്ള അത്യാവശ്യമായ പോഷണങ്ങൾ.

“ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ”. ഞങ്ങളുടെ ഹൃദയങ്ങളെ വാർദ്ധക്യത്തിലേക്ക് നയിക്കുകയും അതിനെ സഹജരിൽ നിന്നും അടച്ചിടുകയും ചെയ്യുന്ന എന്തിനെയും ഏതിനെയും അങ്ങ് എടുത്തു മാറ്റണമേ. ഓരോ പ്രഭാതത്തിലും പുതിയ ഭൂമികയിലേക്ക് പറന്നിറങ്ങാനുള്ള ചിറകുകൾ ഞങ്ങൾക്ക് നൽകണമേ. ഞങ്ങളുടെ ഭാവിയെ സ്വതന്ത്രമാക്കണമേ. ഇപ്പോൾ ഞങ്ങൾ അറിയുന്നു ക്ഷമയ്ക്കു മാത്രമേ ജീവിതത്തിന് ശക്തി നൽകാൻ സാധിക്കൂവെന്ന്. പിതാവേ, അത് ഞങ്ങൾ ഞങ്ങളുടെ സഹജരുമായി എന്നു പങ്കുവയ്ക്കുന്നതായിരിക്കും. ദാനമായി നൽകുന്നതുമായിരിക്കും. ഇത് ഞങ്ങൾ അങ്ങേയ്ക്കു നൽകുന്ന ഉറപ്പാണ്. എങ്കിൽ മാത്രമേ മിനുസമുള്ള ചിറകുകളോടെ അങ്ങയുടെ അരികിലേക്ക് ഞങ്ങൾക്ക് പറന്നുയരാൻ സാധിക്കൂ.

“ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ”. പ്രലോഭനങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നില്ല. ചില ഇരുൾ നിറഞ്ഞ ദിനങ്ങളിൽ തിന്മയ്ക്കെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തിൽ ഞങ്ങളെ ഒറ്റയ്ക്ക് നിർത്തരുതേ. അവിശ്വസ്തതയിൽ നിന്നും ഭയത്തിൽ നിന്നും ഞങ്ങളെ പുറത്തു കൊണ്ടുവരണമേ. എല്ലാം മുറിവുകളിലും, എല്ലാ വീഴ്ചകളിലും ഞങ്ങളുടെ ജീവിതത്തിലെ നല്ല സമരിയക്കാരനായി വന്നു അങ്ങ് ഞങ്ങളെ താങ്ങണമേ.

ഞാൻ ചിന്തിക്കുകയായിരുന്നു; സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന നമ്മൾ ചൊല്ലാനുള്ളതല്ല. ജീവിതമെന്ന സമസ്യയുടെ മുൻപിൽ മുട്ടുകുത്തി നിന്നുകൊണ്ട് ഓരോ ദിവസവും കാണാതെ പഠിക്കേണ്ട ഒരു ദിവ്യമന്ത്രമാണത്. നമ്മൾ അനുഭവിക്കുന്ന ആനന്ദത്തിന്റെ തഴുകലിലും, ചില ദൗർബല്യങ്ങളാകുന്ന മുള്ളുകളുടെ കുത്തിയുള്ള വേദനകളിലും, സാഹോദര്യത്തിനായുള്ള നമ്മുടെ ദാഹത്തിലുമെല്ലാം ഹൃദയത്തോട് ചേർത്ത് വയ്ക്കേണ്ട മന്ത്രമാണ് ഈ പ്രാർത്ഥന. ഓർക്കുക, ജീവനോടും ജീവിതത്തിനോടും ഒത്തിരി വിശപ്പുണ്ടെങ്കിൽ മാത്രമേ നമുക്ക് നല്ലതുപോലെ പ്രാർത്ഥിക്കാൻ സാധിക്കൂ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker