Daily ReflectionMeditation

ഫരിസേയന്റെയും ചുങ്കക്കാരന്റെയും പ്രാർത്ഥന

ഫരിസേയന്റെയും ചുങ്കക്കാരന്റെയും പ്രാർത്ഥന

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

ലൂക്കായുടെ സുവിശേഷത്തിൽ 33 ഉപമകളുണ്ട്. അതിൽ തങ്ങളിൽ ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോട് യേശു പറയുന്നു ഒരു ഉപമയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. ഒരു കാര്യം നമ്മൾ ആദ്യമേ തന്നെ മനസ്സിലാക്കണം. ഉപമയിലെ ഫരിസേയനെ പോലെ പ്രാർഥനയും മറ്റുള്ളവരോടുള്ള പുച്ഛഭാവവും ഒരിക്കലും ഒന്നിച്ചു പോകുകയില്ല എന്ന കാര്യം. ദൈവാരാധനയും ദൈവമക്കളെ അപമാനിക്കലും ഒന്നിച്ചു പോകുകയില്ല എന്ന കാര്യം. ഇനി അഥവാ ഇവകൾ രണ്ടും കൂടി ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയാണെങ്കിൽ നമ്മുടെ പ്രാർത്ഥന തന്നെ നമുക്ക് അപകടമായി മാറും. ആ ഫരിസേയനെ പോലെ ദേവാലയത്തിൽ നിന്നും വീട്ടിലേക്ക് നമ്മളും ചില പാപങ്ങളും കൂടി സ്വരൂപിച്ചു തിരിച്ചു പോകേണ്ടി വരും.

ഫരിസേയന്റെ പ്രാർത്ഥന ഒന്ന് ശ്രദ്ധിക്കുക. അവൻ തന്റെ പ്രാർത്ഥന തുടങ്ങുന്നത് ഉചിതമായ പദങ്ങൾ ചേർത്തുവച്ചാണ്: “ദൈവമേ ഞാൻ നിനക്ക് നന്ദി പറയുന്നു”. പക്ഷേ പിന്നീട് വരുന്ന വാക്കുകൾ അതിനോട് യോജിക്കുന്നില്ല: “എന്തെന്നാല്‍, ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ അല്ല” (v.11). നോക്കൂ, ഇപ്പോൾ അവന്റെ പ്രാർത്ഥന ദൈവവുമായുള്ള ഒരു ഹൃദയ സംഭാഷണമല്ല. അത് കപട സദാചാരത്തെ മുൻ നിർത്തി മറ്റുള്ളവരെ വിധിക്കാനുള്ള ശ്രമമാണ്. അവൻ തന്റെ ചുറ്റും കാണുന്നത് തിന്മകൾ പ്രവർത്തിക്കുന്നവരെ മാത്രമാണ്. അതുകൊണ്ട് അവൻ വിചാരിക്കുന്നത് അവൻ മാത്രമാണ് നല്ലവൻ എന്നാണ്. നിയമത്തിന്റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ ഫരിസേയൻ എല്ലാ നിയമങ്ങളും പാലിച്ചവനും അതിനോട് നെറിയുള്ളവനും ആയിരിക്കണം. എങ്കിലും അവന് സന്തോഷം ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. അവൻ പറയുന്നുണ്ട്: “ഞാൻ ഈ ചുങ്കക്കാരനെ പോലെയല്ല, ഞാന്‍ ആഴ്‌ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാന്‍ സമ്പാദിക്കുന്ന സകലത്തിന്‍െറയും ദശാംശം കൊടുക്കുന്നു” (vv.11-12). അവന്റെ പ്രാർത്ഥനയിൽ നിറഞ്ഞുനിൽക്കുന്നത് ‘ഞാൻ’ എന്ന യാഥാർത്ഥ്യം മാത്രമാണ്. ഒരു കണ്ണാടിയിൽ നോക്കി ആത്മരതി നടത്തുന്നതിനു തുല്യമാണ് അവന്റെ പ്രാർത്ഥന. ഈ പ്രാർത്ഥനയിൽ ദൈവത്തിന് എന്തെങ്കിലും സ്ഥാനമുണ്ടോ? ഇവിടെ ദൈവത്തിന് ഒരു രജിസ്ട്രാറുടെ സ്ഥാനമേയുള്ളൂ. ദൈവത്തെ ഒരു കണക്കപ്പിള്ളയായി മാത്രം കാണുന്ന ഒരു കാഴ്ചപ്പാട്. ഇത് ഏറ്റവും നിലവാരം കുറഞ്ഞ ദൈവസങ്കല്പം ആണ്. ഇങ്ങനെയുള്ള ദൈവ സങ്കല്പത്തിൽ നമ്മൾ നമ്മുടെ ആത്മനിർവൃതിക്ക് വേണ്ടി ചെയ്ത ചില കാര്യങ്ങൾ ദൈവികമായ പ്രവർത്തികൾ ആയി ചിത്രീകരിച്ചു സംതൃപ്തി നേടും. പക്ഷേ ആർക്കറിയാം ആ പ്രവർത്തികൾ ദൈവികമായിരുന്നു എന്ന്!

ദൈവത്തിന്റെ മുമ്പിൽ ഫരിസേയൻ സ്വയം അങ്ങ് വീർപ്പിച്ചു നിർത്തിയിരിക്കുകയാണ്. ഇനി അവന് ഒന്നിന്റെയും ആവശ്യമില്ല. ഇനി ഒന്നും പഠിക്കേണ്ടതുമില്ല. അവന് നന്മ-തിന്മകളെ കുറിച്ചറിയാം. അവന്റെ കാഴ്ചപ്പാടിൽ മറ്റുള്ളവരെല്ലാം തിന്മകളും അവൻ മാത്രം നന്മയുമാണ്. അതുകൊണ്ടുതന്നെ അവന്റെ പ്രാർത്ഥനയിൽ നിന്നും ചിന്തയിൽ നിന്നും ഏറ്റവും പ്രധാനപ്പെട്ട ഒരു പദം തന്നെ മാഞ്ഞുപോയിരിക്കുന്നു. ആ പദമാണ് ‘നീ’. മറ്റൊരു രീതിയിൽ പറഞ്ഞാൽ അവനിൽ നിന്നും മറഞ്ഞുപോയ യാഥാർത്ഥ്യമാണ് സഹജബോധം.

“ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്‌, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു” (v.13). ഈ പ്രാർത്ഥനയ്ക്ക് ആധികാരികത നൽകുന്നത് രണ്ടു വാചകങ്ങളാണ്; (1) നീ എന്നിൽ കനിയണമേ, (2) പാപിയാണ് ഞാൻ.

(1). നീ എന്നിൽ കനിയണമേ.
ഫരിസേയൻ പ്രാർത്ഥനയെ അവന്റെ പ്രവർത്തികളെ കേന്ദ്രീകരിച്ചു നടത്തിയപ്പോൾ, ചുങ്കക്കാരന്റെ പ്രാർത്ഥനയുടെ കേന്ദ്രസ്ഥാനം ദൈവം മാത്രമാണ്. ഉപമ നൽകുന്ന പാഠം ഇപ്പോൾ വളരെ വ്യക്തമാണ്. ദൈവവുമായുള്ള ബന്ധത്തിൽ മാനുഷിക ബന്ധങ്ങൾക്ക് വിപരീതമായ ഒരു ലോജിക്കും സ്വീകരിക്കുന്നില്ല. വളരെ ലളിതവും എങ്കിലും ശക്തവുമായ സന്ദേശമാണ് ഈ ഉപമ നമുക്ക് നൽകുന്നത്. ബന്ധങ്ങളുടെ കേന്ദ്രസ്ഥാനത്ത് ഒരിക്കലും ‘ഞാൻ’ എന്ന വ്യക്തി വരാൻ പാടില്ല. അത് ദാമ്പത്യത്തിലാകട്ടെ സൗഹൃദത്തിലാകട്ടെ ആത്മീയ ജീവിതത്തിലുമാകട്ടെ. ബന്ധങ്ങളുടെ ഹൃദയ സ്ഥാനത്ത് ‘നീ’ എന്ന സഹജനായിരിക്കണം എപ്പോഴും ഉണ്ടാകേണ്ടത്. ഓർക്കുക, ജീവിതവും പ്രാർത്ഥനയും സഞ്ചരിക്കുന്നത് ഒരേ നിരത്തിലൂടെയാണ്. ഇതിൽ രണ്ടിലും നന്മയും സംതൃപ്തിയും നിറയണമെങ്കിൽ ‘നീ’ എന്ന ആ വലിയ യാഥാർഥ്യത്തിന് പ്രാധാന്യം കൊടുക്കണം. അല്ലാത്തപക്ഷം ജീവിതവും പ്രാർത്ഥനയും വെറും ആത്മരതിയായി മാത്രം ചുരുങ്ങി പോകും.

(2). പാപിയാണ് ഞാൻ.
ഈയൊരു വാചകത്തിൽ വലിയൊരു സംഭാഷണം തന്നെ അടങ്ങിയിട്ടുണ്ട്. നിഷേധാത്മകത നിറഞ്ഞിരിക്കുന്ന ഒരു വാചകമല്ല ഇത്. മനുഷ്യ സ്വത്വത്തിന്റെ യഥാർത്ഥ ചിത്രമാണിത്. ഈ വാചകത്തിലെ ചേതോവികാരം ഇങ്ങനെയാണ്; “ശരിയാണ്, ഞാൻ നല്ലവൻ തന്നെയാണ്. പക്ഷേ എവിടെയൊക്കെയോ എനിക്ക് തെറ്റുപറ്റി. എന്റെ സന്തോഷം എനിക്ക് നഷ്ടമായി. എന്റെ പഴയ നന്മയിലേക്ക് തിരിച്ചുവരാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി ഞാൻ ശ്രമിക്കുന്നുമുണ്ട്. പക്ഷേ ഒറ്റയ്ക്ക് എനിക്ക് സാധിക്കുന്നില്ല. അതുകൊണ്ട്, ദൈവമേ, എല്ലാ തെറ്റുകളും ക്ഷമിച്ച് അങ്ങ് എന്നെ സഹായിക്കണമേ”.

അങ്ങനെ ചുങ്കക്കാരൻ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്ക് മടങ്ങുന്നു. ഫരിസേയയനേക്കാളും എളിമയുള്ളതു കൊണ്ടല്ല അവൻ നീതികരിക്കപ്പെട്ടത്. മറിച്ച് അവൻ സ്വയം പൂർണ്ണമായി ദൈവത്തിന്റെ മുൻപിൽ തുറന്നതുകൊണ്ടാണ്. അവിടെ അവൻ തന്നെക്കാളും തന്റെ പ്രവർത്തിയെക്കാളും മുകളിലായി ദൈവത്തിന് പ്രാധാന്യം കൊടുത്തതു കൊണ്ടാണ്. അതിലുപരി അവൻ സ്വയം തുറന്നു കാട്ടിയത് ദൈവത്തിന്റെ ഏക ദൗർബല്യമായ കരുണയുടെ മുൻപിലുമായിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker