Daily Reflection

ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായി പ്രകടമാകുന്നത്

ക്രിസ്തുവിന്റെ ഈ ഭൂമിയിലെ ജീവിതം തന്നെ നീതിയ്ക്ക് കാരണമായി മാറി...

ഒരു മനുഷ്യന്റെ നീതിപൂർവ്വകമായ പ്രവൃത്തി എല്ലാവർക്കും ജീവാദായകമായ നീതീകരണത്തിനു കാരണമായി (റോമാ. 5:18b). മനുഷ്യർ രൂപപ്പെട്ടതും തിന്മയുടെ അടിമകളായി മാറിയതെങ്ങിനെയെന്ന് ഉല്പത്തി 2, 3 അദ്ധ്യായങ്ങളിൽ നിന്നും നമുക്ക് വായിച്ചെടുക്കാം. ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപെടുത്തിയെന്നു പറയുന്നു. പൂഴി, മണ്ണ് മനുഷ്യന്റെ ദുർബല സ്വഭാവത്തെ, ബലഹീനതയെ സൂചിപ്പിക്കുന്നു. മനുഷ്യൻ ദുർബലനായതിനാൽ ആ ദൗർബല്യത്തെ അതിജീവിക്കാൻ ദൈവം അവനിൽ ജീവന്റെ ശ്വാസം നിശ്വസിക്കുന്നു. അങ്ങനെ മനുഷ്യനെ ജീവനുള്ളവനാക്കി മാറ്റുന്നു. ജീവൻ മാമ്മോദീസയിലൂടെ അവനു ലഭിക്കേണ്ട ആത്മാവിന്റെ ജീവനെ കൂടി സൂചിപ്പിക്കുന്നു. ആയതിനാൽ ബലഹീനത മനുഷ്യന്റെ അസ്തിത്വത്തിന്റെ ഭാഗമാണ്. ഫ്രാൻസിസ് പാപ്പ പലപ്പോഴും പറയുന്ന ഒരു കാര്യമാണ്, “ബലഹീനതകളും പരീക്ഷകളും ഇല്ലാത്ത ഒരു ക്രിസ്ത്യാനിയും ക്രിസ്ത്യാനിയല്ല”. എന്നാൽ ആ ബലഹീനതയെ ബലമാക്കി മാറ്റാനുള്ള ആന്തരീക സ്വഭാവം അവനിൽ നിക്ഷേപിച്ചിട്ടുണ്ട്, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് പരീക്ഷകളെ അതിജീവിക്കണം. എന്നാൽ ആദിമാതാപിതാക്കൾ ബലഹീനതയിൽ പതറിപ്പോയത് മൂന്നു ഘട്ടങ്ങളായിട്ടാണ്.

മനുഷ്യന്റെ പതന ഘട്ടങ്ങളും ഈ മൂന്നു വിധമാണ്:
1) തന്നോടുതന്നെ തെറ്റ് ചെയ്തു. ദൈവത്തെപോലെയാകാൻ ഹവ്വ ആ ഫലം ഭക്ഷിച്ചു.
2) അപരനോട് തെറ്റ് ചെയ്തു. അവൾ ഭർത്താവിന് ഫലം കൊടുത്തു.
3) ദൈവത്തോട് തെറ്റ് ചെയ്തു. തങ്ങൾ നഗ്നനാണെന്ന് കാണ്ട് ദൈവത്തിൽനിന്നും ഓടിയൊളിച്ചു.

ക്രിസ്തു മരുഭൂമിയിൽ നേരിട്ട മൂന്നു പരീക്ഷണങ്ങളും ഈ മൂന്നുവിധമായിരുന്നു:
1) അവനു വിശന്നു, ശരീരത്തിന്റെ ആഗ്രഹം.
2) മറ്റുള്ളവരുടെ മുന്നിൽ വലിയവനാണെന്നു കാണിക്കാൻ വിശുദ്ധ നഗരമായ ജെറുസലേം ദേവാലയത്തിന്റെ മുകളിൽ നിന്നും ചാടാനുള്ള പരീക്ഷണം.
3) ഉയർന്ന മലമുകളിൽ നിന്നും കണ്ട ലോകത്തെ സ്വന്തമാക്കാനുള്ള പരീക്ഷണം. ഈ മൂന്നു പരീക്ഷണങ്ങളെ അവിടുന്ന് വചനം കൊണ്ട് നേരിട്ടു.

പരീക്ഷകൻ ദൈവിക ജീവൻ കരസ്ഥമാക്കിയ ബലഹീനനായ മനുഷ്യരെ വിട്ടുപോകില്ലായെന്ന് തിരിച്ചറിഞ്ഞ യേശു, തന്റെ ജീവിതം നൽകി എന്നെന്നേക്കുമായി പരീക്ഷകന്റെ പ്രവർത്തനങ്ങളെ അതിജീവിക്കാനുള്ള കൃപ നൽകി. പഴയ ആദത്തിന്റെ അനുസരണക്കേടുമൂലം പാപികളായ മനുഷ്യരെ രക്ഷിക്കാൻ മനുഷ്യപുത്രന്റെ അനുസരണ നീതിയായി മാറിയെന്നു പൗലോസ് അപ്പോസ്തോലൻ പഠിപ്പിക്കുന്നു (റോമാ 5:19). ക്രിസ്തുവിന്റെ ഈ ഭൂമിയിലെ ജീവിതം തന്നെ നീതിയ്ക്ക് കാരണമായി മാറി.

ക്രിസ്തുവിന്റെ ജീവിതത്തിനും ഈ നീതീകരണ വഴിക്കും മൂന്നു ഘട്ടങ്ങൾ കാണാം:
1) നീ എന്റെ പുത്രനാണെന്ന് മാമ്മോദീസ സമയത്തു ലോകത്തിനു വെളിപ്പെടുത്തപ്പെട്ട ഈശോ മരുഭൂമിയിൽ നിന്നും ജീവിതം ആരംഭിക്കുന്നു. മരുഭൂമി ബലഹീനമായ മനുഷ്യന്റെ അവസ്ഥയും, ഇസ്രായേൽ ജനം 40 വർഷം ദൈവത്തിനെതിരെ തിരിഞ്ഞ മരുഭൂമി ദിവസങ്ങളും, ഈ ഭൂമിയിലെ സഭയുടെ യാത്രയെയും ഒക്കെ സൂചിപ്പിക്കുന്നു.
2) ജെറുസലേം ദേവാലയത്തിൽ നിന്നും ദൗത്യം ആരംഭിച്ചു നന്മകൾ ചെയ്തു കടന്നു പോയ ഈശോ. ബലഹീനരായ മനുഷ്യരും, ഈ ലോകത്തെ അതിജീവിക്കുന്ന സഭയും കടന്നു പോകേണ്ട രണ്ടാമത്തെ ഘട്ടംത്തിൽ ബലഹീനതകൾ ബലമാക്കിമാറ്റാൻ കഴിവുള്ളവന്റെ ആലയത്തോടുള്ള അടുപ്പം അനിവാര്യമെന്ന് പഠിപ്പിക്കുന്നു.
3) ഉയർന്ന മല, ഗാഗുൽത്തായിലെ യേശുവിന്റെ ബലിയർപ്പണം. ദൈവത്തോടുള്ള അടുപ്പത്തിൽ തന്നിലെ ദൈവീക ജീവൻ തിരിച്ചറിഞ്ഞ സഭയും സഭാമക്കളും ക്രിസ്തുവിനൊപ്പം ഒരു സജീവബലിയായി അർപ്പിക്കപ്പെടുമ്പോൾ, ക്രിസ്തുനേടിയ കൃപയ്ക്കു കൂടാവകാശികളായി നമ്മളും മാറും.

നോമ്പുകാലത്തിലെ ഈ ആദ്യത്തെ ഞായറാഴ്‍ച ക്രിസ്തുവിന്റെ പരീക്ഷകളെ ധ്യാനിക്കുമ്പോൾ, എന്റെ പരീക്ഷകളുടെ മലകയറ്റത്തിൽ എന്റെ ജീവിതം എവിടെ വരെയായെന്ന് ചിന്തിക്കാം. കൃപയ്ക്കുമേൽ കൃപ വർഷിക്കുന്നവന്റെ വഴിയേ നമ്മൾ നടക്കുമ്പോൾ, നമ്മൾ മണ്ണിന്റെ ബലഹീനതകളെ നേരിടുമ്പോൾ ക്രിസ്തു നേടിത്തന്ന നീതീകരണത്തിന്റെ കൃപ, നമ്മിലെ ദൈവീക ജീവന്റെ ശക്തിതിരിച്ചറിയാൻ സഹായിക്കും. ബലഹീനതയിൽ ക്രിസ്തു ജീവിച്ച ജീവിതവും അവന്റെ കുരിശിലെ ബലിയർപ്പണവും കൃപയുടെ ബലമായി നമുക്കുണ്ടെന്ന ബോധ്യത്തിൽ ആഴപ്പെടാം. ബലഹീനതകളെ വിട്ടുകറ്റണമേയെന്നു പ്രാർത്ഥിച്ച പൗലോസ് അപോസ്തോലനു വെളിപ്പെട്ടു കിട്ടിയ ബോധ്യത്തിൽ ശക്തിപ്പെടാം, “നിനക്ക് എന്റെ കൃപ മതി, എന്തെന്നാൽ, ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിനു ഞാൻ പോർവ്വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെകുറിച്ചു പ്രശംസിക്കും (2 കോറി. 12:9).

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker