Public Opinion

ബഹുമാനപ്പെട്ട വൈദീക ഗുരുക്കന്‍മാരെ ഒരു നിമിഷം…

ബഹുമാനപ്പെട്ട വൈദീക ഗുരുക്കന്‍മാരെ ഒരു നിമിഷം...

ജോസ് മാർട്ടിൻ

ബൈബിള്‍ വെറുമൊരു ‘സാഹിത്യകൃതി’ ആണെന്നും, വിശുദ്ധകുര്‍ബാന പുരോഹിതര്‍ അര്‍പ്പിക്കുന്ന ‘കോമഡി’ ആണെന്നും, പരിശുദ്ധ കന്യാമറിയം ‘കന്യക’ ആണോ എന്ന് അറിയില്ല എന്നും കത്തോലിക്കാ സഭയിലെ തന്നെ പ്രശസ്തരായ ചില വൈദീകരുടെ (അറിയപ്പെടുന്ന സന്ന്യാസ സഭകളിലെയുൾപ്പെടെ) സാക്ഷ്യപെടുത്തലുകൾ ഓഡിയോ, വീഡിയോ, ബ്ലോഗ്, മുഖപുസ്തക കുറിപ്പ് തുടങ്ങിയ രൂപങ്ങളിൽ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയാകളില്‍ നിറഞ്ഞു നില്‍ക്കുന്നു. വിശ്വാസ സമൂഹം ആദരിക്കുന്ന, ഗുരുതുല്യരായി കാണുന്ന, വിശ്വാസ സംരക്ഷക്കായി വിശ്വാസികൾ കരുതുന്ന വൈദീകർ തന്നെ തിരുസഭ പഠിപ്പിക്കുന്ന “വിശാസ സത്യങ്ങള്‍” വളച്ചൊടിച്ച് സോഷ്യല്‍ മീഡിയ പോലുള്ള ഫ്ലാറ്റ്ഫോമുകളിൽ അവതരിപ്പിക്കുമ്പോള്‍ സഭയില്‍ (വിശ്വാസി സമൂഹങ്ങളിൽ) സംഭവിക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് നിങ്ങള്‍ ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

പ്രിയ വൈദീകരേ, നിങ്ങള്‍ ദൈവശാസ്ത്ര പണ്ഡിതന്മാരും, ബൈബിള്‍ പണ്ഡിതന്മാരും ആയിരിക്കാം. നിങ്ങള്‍ പഠിച്ചതിന്റെ വെളിച്ചത്തില്‍ പറയുന്നത് ശരിയുമായിരിക്കാം. പക്ഷെ, നിങ്ങളുടെ പാണ്ഡിത്യം പങ്കുവയ്ക്കാനായി തിരഞ്ഞെടുത്ത പ്രതലം അനുയോജ്യമാണോ? നിങ്ങളുടെ വിവരങ്ങൾക്കും മറുപടികൾക്കും പലവിധത്തിലുള്ള ജനത്തിന്റെ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പലപ്പോഴും വിശ്വാസികളുടെ ഇടയിൽ പ്രത്യേകിച്ച് യുവാക്കളുടെ ഇടയിൽ ഉണ്ടാക്കുന്ന ആശയക്കുഴപ്പം ചെറുതല്ല.

മുഖപുസ്തകത്തില്‍ ഇവയൊക്കെ വായിക്കുന്ന നല്ലൊരുഭാഗത്തിന് മനസിലാവുന്നതല്ല നിങ്ങള്‍ എഴുതി വിടുന്ന/പറയുന്ന വിശ്വാസ സംബന്ധമായ പല വിഷയങ്ങളും. അതുകൊണ്ടുതന്നെ, നിങ്ങളുടെ വിവരങ്ങൾ പലതും, വാലും മുറിയും കൂട്ടിചേര്‍ത്ത് ‘ചിലര്‍’ (കത്തോലിക്കസഭാ വിരോധികൾ, യുക്തിവാദികൾ, കത്തോലിക്കാ സഭയിൽപ്പെട്ട യുക്തിവാദികൾ, ക്രിസ്തുമത വിശ്വാസ വിരോധികൾ, തുടങ്ങിയവർ) അവരുടെ രീതിയില്‍ വ്യാഖാനിക്കുന്നു. പലരും വിപരീത അര്‍ഥത്തില്‍ മനസിലാക്കുന്നു, അതുകൊണ്ടുതന്നെ നിങ്ങൾ ഉദ്ദേശിക്കുന്ന ഫലം അതിന് ലഭിക്കുന്നില്ല. ഒരുപക്ഷെ, നിങ്ങളുടെതന്നെ തിയോളജി /ഫിലോസഫി പഠനത്തിന്റെ തുടക്ക കാലങ്ങളിലെ അവസ്ഥ ഓര്‍ക്കുന്നത് നല്ലതായിരിക്കും. എത്രയോ സംശയങ്ങളിലൂടെ നിങ്ങൾ കടന്നുപോയിട്ടുണ്ടാകാം. വൈദീക രൂപീകരണ കാലഘട്ടത്തിൽ നിങ്ങളുടെ സംശയ ദുരീകരണത്തിന് പ്രഗല്ഭരായ അധ്യാപകര്‍ ഉണ്ടായിരുന്നു. എന്നാൽ, മുഖപുസ്തകത്തിലൂടെ ‘വിശ്വാസ സംബന്ധമായ കാര്യങ്ങളുടെ, സഭ നൽകിയിട്ടുള്ള ഡോഗ്മാ സംബന്ധമായ കാര്യങ്ങളുടെ’യൊക്കെ സംശയങ്ങൾ ദുരീകരിക്കൂവാൻ നടത്തുന്ന പരിശ്രമങ്ങൾ വിരുദ്ധ ഫലമായിരിക്കും സമ്മാനിക്കുന്നതെന്ന് മറക്കാതിരിക്കാം.

ഉദാഹരണമായി, ബൈബിള്‍ സ്വര്‍ഗത്തില്‍ നിന്നും നൂലില്‍ കെട്ടി ഇറക്കിയ പുസ്തകമല്ല, മറിച്ച് യേശുക്രിസ്തുവിന്റെ കൂടെ ജീവിച്ച ശിഷ്യമാര്‍ അവര്‍ കണ്ടതും അനുഭവിച്ചതും ക്രിസ്തു പറഞ്ഞതുമായ കാര്യങ്ങള്‍ പല കാലഘട്ടങ്ങളിൽ, ദൈവനിവേശിതങ്ങളായി/ദൈവീകപ്രേരണയാൽ എഴുതിവച്ചവയാണെന്നാണ് പണ്ഡിതമതം. വിവര്‍ത്തനം ചെയിതിട്ടുള്ള ഭാഷകളില്‍ എല്ലാം തന്നെ പണ്ഡിതന്‍മാരേക്കാള്‍ എളുപ്പത്തില്‍ ഒരുപക്ഷെ അവയൊക്കെ സാധാരണ ജനങ്ങള്‍ക്ക് മനസിലാവുന്നുമുണ്ട്. കാരണം, ദൈവപുത്രനായ യേശുക്രിസ്തുപോലും സംസാരിച്ചതും, ദൈവാരാജ്യത്തെക്കുറിച്ച് പഠിപ്പിച്ചതും അന്നത്തെ കാലഘട്ടത്തിലെ സാധാരണ ജനങ്ങള്‍ക്ക്‌ മനസിലാവുന്ന ചെറിയ ഉപമകളിലൂടെയും താരതമ്യങ്ങളിലൂടെയും ആയിരുന്നുവെന്നതും യാഥാർഥ്യം. യേശു അങ്ങനെ ചെയ്തത്, ദൈവപുത്രന് ഇന്ന് ചില വൈദീകരെങ്കിലും സോഷ്യൽ മീഡിയയിൽ പറയുന്നത് പോലെയുള്ള ‘കടിച്ചാല്‍ പൊട്ടാത്ത പ്രയോഗങ്ങള്‍’ അറിയാഞ്ഞിട്ടായിരുന്നില്ലല്ലോ. താന്‍ പറയുന്നത് എല്ലാവരും മനസിലാക്കണം, അത് ഗ്രഹിക്കണം എന്നതായിരുന്നല്ലോ ലക്‌ഷ്യം. പ്രത്യേകിച്ച്, അന്നന്ന് വേണ്ട ആഹാരം അന്വേഷിക്കുന്ന, കുടുംബങ്ങളിലെ നീറുന്ന പ്രശ്നങ്ങൾക്കിടയിൽ ജീവിക്കുന്ന, സമൂഹത്തിൽ പല തരത്തിലുള്ള വേർതിരിവുകൾ അനുഭവിക്കുന്ന, ദൈവസ്നേഹ അനുഭവത്തിനായി തേടുന്ന ജനക്കൂട്ടങ്ങൾ ആയിരുന്നല്ലോ യേശുവിന്റെ മുന്നിൽ. അച്ചന്മാരെ, ഇന്നും സ്ഥിതി വളരെ വ്യത്യസ്തമല്ല എന്ന് ഓർക്കുന്നത് നന്ന്.

അതുകൊണ്ട്, പരിശുദ്ധ കന്യാ മറിയം കന്യക ആയിരുന്നോ, ഒരു പുത്രനേ ഉണ്ടായിരുന്നുള്ളോ? വിശുദ്ധ ഔസേപിതാവില്‍ നിന്ന് വേറെ മക്കള്‍ ഉണ്ടായിരുന്നോ? ഔസേപിതാവ് മുന്‍പ് വിവാഹിതന്‍ ആയിരുന്നോ എന്ന് ബൈബിള്‍ പറഞ്ഞിട്ടില്ല, അതുകൊണ്ട് ഉണ്ടാവാം. തുടങ്ങിയ തരത്തിലുള്ള ചോദ്യങ്ങളോട് മുഖപുസ്തകത്തിൽ ഉത്തരങ്ങൾ പറയുമ്പോൾ സംവദിക്കുന്നവർക്കൊക്കെ തങ്ങളുടെ ക്രിസ്തുവിശ്വാസം ബലപ്പെടുത്തലല്ല ലക്‌ഷ്യം എന്ന തിരിച്ചറിവ് വൈദീകർക്ക് ഉണ്ടായേപറ്റൂ.

ബഹുമാനപ്പെട്ട വൈദീക ശ്രേഷ്‌ഠരേ, ഒരു സാധാരണ വിശ്വാസിയെന്ന നിലയിൽ എന്റെ എളിയ അപേക്ഷ ഇത്രമാത്രം: നിങ്ങള്‍ വായിച്ച പുസ്തകങ്ങളില്‍ നിന്ന് നേടിയ അറിവുകൾ വച്ച് പണ്ഡിതന്‍മാരാണെന്ന ഇമേജ് ഉണ്ടാക്കൽ അല്ല ലക്ഷ്യമെങ്കിൽ ‘വിശ്വാസ സത്യങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തില്‍’ വിശദീകരിച്ച് പരാജയപ്പെടാൻ ശ്രമിക്കാതെ, വിശ്വാസം പുഷ്‌ടിപ്പെടുത്തനുള്ള ക്രിസ്തു അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിന് മുൻ‌തൂക്കം കൊടുക്കുക.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker