Public Opinion

ബെന്യാമിനും സഭാവിരോധികൾക്കുമുള്ള മറുപടിയുമായി ഒരു സന്യാസിനി

ബെന്യാമിനും സഭാവിരോധികൾക്കുമുള്ള മറുപടിയുമായി ഒരു സന്യാസിനി

സിസ്റ്റർ നവ്യ ജോസ് സി.എം.സി.

“തെമ്മാടികളായ ചില അച്ചന്മാർക്ക് കൂത്താടി രസിക്കാനും, കൊന്നു തള്ളാനുമല്ല ദൈവം നിങ്ങൾക്ക് ഒരു പെൺകുട്ടിയെ തന്നതെന്നു ഓർമിക്കണം. തിരുവസ്ത്രം അണിയിച്ച സ്വന്തം പെണ്മക്കളെ തുടർന്നും ജീവനോടെ കാണണം എന്നുണ്ടെങ്കിൽ, അവരെ തിരിച്ചു വിളിച്ചു വീട്ടിൽ കൊണ്ട് വന്നു നിറുത്തണം” എന്ന എഴുത്തുകാരൻ ബെന്യാമിന്റെ പരാമര്ശത്തെ അഗ്നി ചിറകുള്ള വാക്കുകളായി സോഷ്യൽ മീഡിയ പ്രചരിപ്പിക്കുന്നത് ഈ പാവം കന്യാസ്ത്രീയും കാണുവാൻ ഇടയായി. കന്യാസ്ത്രീകളായ പെണ്മക്കളെ കുറിച്ച് നിങ്ങൾ ഓരോരുത്തരും കാണിക്കുന്ന വലിയ കരുതലും പരിഗണനയും ഈ ദിനങ്ങളിൽ കൺകുളിർക്കെ കാണുകയായിരുന്നു. ഒരുപാട് ഒരുപാട് നന്ദി…

ജനിപ്പിച്ചു വളർത്തിയ മാതാപിതാക്കളെയും, സ്വന്തം സഹോദരങ്ങളെയും, ജനിച്ച വീടും, കളിച്ചു വളർന്ന ജന്മദേശവും വിട്ട്, വിളിച്ചവന്റെ (യേശു ക്രിസ്തു) പിന്നാലെ, അയക്കപ്പെടുന്ന ദേശങ്ങളിലേക്കു കൂടു വിട്ടു കൂടു മാറി പറക്കുമ്പോൾ… ആർക്കു വേണ്ടി സ്വന്തമായതെല്ലാം ത്യജിച്ചുവോ, നേട്ടങ്ങൾ എല്ലാം നിഷേധിച്ചുവോ, അവരുടെ മനസ്സിൽ ഞങ്ങളെ കുറിച്ച് വലിയ കരുതലും സ്നേഹവും ഉണ്ട് എന്ന തിരിച്ചറിവ് തീർച്ചയായും ധന്യതയുടെ നിമിഷങ്ങൾ തന്നെ ആണ്.

എന്നാൽ, പ്രിയപ്പെട്ട ബെന്യാമിൻ, താങ്കൾക്കു തെറ്റി. സുരക്ഷിതത്വത്തിന്റെ നടുവിൽ നിന്നും അരക്ഷിതത്വത്തിന്റെ നടുവിലേയ്ക്ക്‌ ഞങ്ങൾ ആത്മധൈര്യത്തടും ചങ്കുറപ്പോടും കൂടി ഇറങ്ങി തിരിച്ചതും ഇന്നും ആത്മസംതൃപ്തിയോടെ ജീവിക്കുന്നതും, ഞങ്ങളെ സംരക്ഷിക്കാൻ മാർപ്പാപ്പായും മെത്രാൻമാരും വൈദികരും നാട്ടുകാരും നിയമ വ്യവസ്ഥയും ഉണ്ടെന്ന ഉറപ്പിലല്ല. മറിച്ച്, ജീവിതത്തിലും മരണത്തിലും മരണാനന്തരവും എന്നെ സംരക്ഷിക്കാൻ, ജീവൻ നൽകി എനിക്കു വേണ്ടി നിലനിൽക്കുന്ന ക്രിസ്തുവിന്റെ സ്നേഹം ആത്മാവിന്റെ അന്തരാളങ്ങളിൽ ബലമായി – അഗ്നിയായി ആളിക്കത്തുന്നതു കൊണ്ടു മാത്രമാണ്.

തെമ്മാടികളായ അച്ചന്മാർക്ക് കൂത്താടി രസിക്കാനും കൊന്നു തള്ളാനും വേണ്ടി വിട്ടു കൊടുക്കാനുള്ള ഒരു ശരീരം ഞങ്ങൾക്ക് ഇല്ല. മറിച്ച് അൽത്താരക്ക് മുമ്പിൽ – ക്രിസ്തുവിന്റെ മൗതീക ശരീരമായ സഭാ കൂട്ടായ്മയുടെ മുന്നിൽ നിശ്ചയ ധാർഷ്ട്യത്തോടെയും പൂർണ അറിവോടെയും സമ്മതത്തോടെയും ഞങ്ങൾ സ്വയം നടത്തിയ വൃതവാഗ്ദാനം, അതിന്റെ പൂർണതയിൽ ജീവിച് ഈ ലോകത്തിലും വരാനിരിക്കുന്ന സ്വർഗീയ ജീവിതത്തിലും ഞങ്ങളെയും ക്രിസ്തുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആത്മീയ ജീവിതത്തിന്റെ പൂർണത നുകരാൻ ഞങ്ങൾ ചേക്കേറുന്ന, ദൈവം കുടി കൊള്ളുന്ന ആലയം ആണ് ഈ ശരീരം. ഈ വൃതശുദ്ധി എനിക്കു എന്റെ മണവാളൻ ആയ ക്രിസ്തുവിനോടുള്ള വിശ്വസ്‌തതയാണ്.

ലൗകീക സുഖങ്ങളുടെ മാസ്മരികതയിൽ ആടിതിമിർക്കുന്ന ഈ ന്യൂ ജെൻ യുഗത്തിൽ ഇത്തരം ഒരു ജീവിതം തിരഞ്ഞെടുത്തത് ഞങ്ങൾ അന്ധരും, മൂകരും, ബുദ്ധിയില്ലാത്തവരും ആയതു കൊണ്ടല്ല. അതി ശ്രേഷ്ഠമായ നിധി നേടാൻ ആകർഷകമായതും, സാധ്യമായതും വേണ്ടായേന്നു വയ്ക്കാൻ ലഭിച്ച തന്റേടവും ആത്മ ധൈര്യവും ദീർഘ വീക്ഷണവുമാണ് ഞങ്ങളെ ഇതിനു പ്രാപ്തിയുള്ളവരാക്കിയത്. അതിനാൽ തന്നെ തോന്നുന്നവർകൊക്കെ കയറി നിരങ്ങിയിരങ്ങാൻ പറ്റുന്ന ഇടം ആയി സ്വന്തം ശരീരത്തെ അധ:പതിപ്പിക്കാതെ കാത്തു സുക്ഷിക്കാൻ തക്ക വിധം എങ്ങിനെ ജീവിതം ക്രിമപ്പെടുത്തണമെന്ന് ഞങ്ങൾക്ക് അറിയാം.

വിവേകത്തോടും, വ്യക്തമായ ധാർമിക കാഴ്ചപ്പാടുകളോടും, വ്യക്തിത്വ സമഗ്രതയോടെയും ജീവിക്കുന്ന ഒരു സന്യാസിനിക്കും ഇന്നു വരെ നീതിക്കു വേണ്ടി തെരുവിൽ ഇരിക്കാൻ ഇടവന്നിട്ടില്ല. കാരണം അസഭ്യമായ നോട്ടത്തെയും , വാക്കുകളെയും, സ്പർശനത്തെയും, സാഹചര്യങ്ങളെയും തിരിച്ചറിയാനും ഒഴിവാക്കാനുമുള്ള ശേഷി ഏതൊരു സ്ത്രീക്കും ജന്മസിദ്ധമാണ്‌. അത് ഒരു ഭരണ ഘടനയോ, മത സാംസ്‌കാരിക നേതൃത്വങ്ങളോ ഞങ്ങൾക്ക് ഉറപ്പു വരുത്തേണ്ടതല്ലാ. മറിച്ച്, സ്ത്രീക്ക് സ്ത്രീയോട് തന്നെയുള്ള പവിത്രമായ സമീപനത്തിൽ നിന്നും ഉളവാകുന്ന പ്രകൃതിദത്തവും ദൈവീകവുമായ ഒരു കഴിവാണത്.

അല്ലയോ പുരുഷന്മാരെ ധാർമിക ബോധവും ചങ്കുറപ്പുമുള്ള ഏതെങ്കിലും സ്ത്രീയെ മ്ലേച്ചമായ വികാരങ്ങളോടെ നോക്കുവാനോ സമീപിക്കുവാനോ സ്പർശിക്കുവാനോ നിങ്ങൾക്കു കഴിയുമോ???? ഇല്ല. നിങ്ങൾക്ക് അതിനു കഴിയില്ല… ഇവിടെയാണ് ഞങ്ങൾ ഞങ്ങളുടെ സുരക്ഷിതത്വത്തിന്റെ ആഴം ഞങ്ങളിൽ തന്നെ തിരിച്ചറിയുന്നത്.

എല്ലാറ്റിനും ഉപരി ഞാൻ ക്രിസ്തുവിന്റെ മണവാട്ടി ആയതിനാൽ മറ്റാരേക്കാളും ഉപരി അവൻ എനിക്ക് വേണ്ടി നിലനിൽക്കുക തന്നെ ചെയ്യും എന്നതിലുപരി എനിക്കു മറ്റൊരു ശരണവുമില്ല.
അതിനാൽ എന്റെ പ്രിയപ്പെട്ട മാതാപിതാക്കൾക്കും സഹോദരി സഹോദരന്മാർക്കുമായി ബെന്യാമിന്റെ വാക്കുകൾ ഞാൻ ഇവിടെ തിരുത്തികുറിക്കുന്നു…. “മാതാപിതാക്കളെ നിങ്ങൾ ഭയപ്പെടേണ്ട… തെമ്മാടികളും, സാമൂഹിക വിരുദ്ധരും, മതവിരോധികളും, വൈദീകരും, മെത്രാൻമാരും എത്ര ശ്രമിച്ചാലും ഈ പവിത്ര ശരീരം മലിനമാക്കാനോ കൊല ചെയ്യാനോ കഴിയില്ല. എന്നാൽ എന്റെ കണ്ണിലെ വിശുദ്ധി മങ്ങുമ്പോൾ… എന്റെ ഉള്ളിലെ ആത്മീയ സ്നേഹത്തിന്റെ അഗ്നി അണയുമ്പോൾ… എന്റെ പവിത്ര ശരീരം വിലമതിക്കുവാൻ എന്നിൽ തന്നെ എനിക്കു കഴിയാതെ വരുമ്പോൾ… ആർക്കും ഈ ശരീരം യദേഷ്ടം കൂത്താടി രസി ക്കാൻ പറ്റും. അതിനാൽ ഞങ്ങളെ ജീവനോടെ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങളെ വീടുകളിലേക്ക് അല്ല തിരികെ കൊണ്ട് പോകേണ്ടത്, മറിച്ച് സ്നേഹത്തിന്റെ പൂർണ്ണതയായ ക്രിസ്തുവിന്റെ ചങ്കിലേയ്ക്ക് നിങ്ങൾ ഞങ്ങളെ നിരന്തരം ചേർത്തു വയ്ക്കണം… ചേർന്നു നിൽക്കാൻ പ്രേരിപ്പിക്കണം…” അപ്പോൾ ഞങ്ങളും ജീവിക്കും വിശുദ്ധിയ്ക്കു വേണ്ടി ഉള്ള അതീവ ദാഹത്തോടെ, ആർക്കും തരാൻ പറ്റാത്ത ഹൃദയ ആനന്ദത്തോടെ, ആരും കൊതിക്കുന്ന ആത്മീയ വശ്യതയോടെ, അവിടെ ഞങ്ങൾക്കു മരണത്തെ ഭയമില്ല… കാരണം ഞങ്ങൾ മരിക്കുന്നെങ്കിൽ അത് വിശുദ്ധിക്കു വേണ്ടി ആയിരിക്കും, വിശുദ്ധിയുടെ സൗരഭ്യത്തോടെ ആയിരിക്കും. നീതി കിട്ടാതെ ആയിരിക്കില്ല നീതിയുടെ പൂർണ്ണതയോടെ ആയിരിക്കും. നിങ്ങൾക്ക് ഈ വാക്കുകളുടെ ആഴം ഗ്രഹിക്കാനാവും എന്ന് ഞങ്ങൾക്കറിയാം എന്നാൽ എന്തിനും ഏതിനും ലൗകീകതയുടെ അഭ്രപാളികളിൽ ഉത്തരം തിരയുന്ന നമ്മുടെ പൊതു സമൂഹത്തിനു ഈ വാക്കുകളിലെ അഗ്നി എത്ര മാത്രം അനുഭവിക്കാൻ കഴിയുമെന്ന് അറിയില്ല… എങ്കിലും അതിൽ പരാതി ഇല്ല… ഞങ്ങൾ സുരക്ഷിതരാണ്..

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker