Kerala

ബൈബിൾ പഠന ട്രാപ്പുമായി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ; സന്യസ്തരും അവരുടെ അധികാരികളും ശ്രദ്ധിക്കുക

ഓരോ സന്യാസ സഭകളുടെയും മേലധികാരികൾ തങ്ങളുടെ സന്യാസ സഭയിലെ അംഗങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കുക...

സ്വന്തം ലേഖകൻ

ആലപ്പുഴ: ബൈബിൾ പഠന ട്രാപ്പുമായി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉദയം ചെയ്യുന്നു, സന്യസ്തർ ശ്രദ്ധിക്കുക. ആലപ്പുഴ സ്വദേശിയായ ഒരു വചനപ്രഘോഷകനാണ് ഇപ്പോൾ ഇത്തരം പരിപാടിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പദ്ധതിയനുസരിച്ച് സന്യസ്തർക്ക് മാത്രമായി ബൈബിൾ പഠനത്തിനായി എന്ന പേരിൽ അഞ്ചോളം വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചിട്ടുണ്ട്. അതിൽ നൂറുകണക്കിന് സന്യസ്തർ ഇതിനകം അംഗങ്ങളായി ചേരുകയും ചെയ്തിട്ടുണ്ടെന്ന് അറിയുന്നു. തന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേയ്ക്ക് സന്യാസിനിമാരെ മാത്രം ക്ഷണിച്ചുകൊണ്ട് അദ്ദേഹം പ്രചരിപ്പിക്കുന്ന സന്ദേശം നിരവധി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇന്നലെ മുതൽ കാണുന്നുണ്ട്.

ഈ പദ്ധതിയുടെ സൂത്രധാരനായ, ഈ വ്യക്തി മാത്രമാണ് ഈ ഗ്രൂപ്പുകളുടെ അഡ്മിനും എന്നാണ് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഓരോ ദിവസവും സന്യസ്തർക്കായുള്ള ബൈബിൾ ക്ലാസുകൾ എടുക്കുന്നത് പ്രഗത്ഭരായ വൈദികരും, ധ്യാനപ്രഘോഷകരും ആയിരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും, ഈ പദ്ധതിക്ക് ഔദ്യോഗികത എന്തെങ്കിലും ഉള്ളതായി അറിയാൻ കഴിഞ്ഞിട്ടില്ല. ഇത്തരത്തിൽ, സന്യസ്തർക്കുവേണ്ടി ആസൂത്രിതമായി ഒരു പഠനപരിപാടി സംഘടിപ്പിക്കാനുള്ള അധികാരം, കെ.സി.ബി.സി.യുടെ കമ്മീഷനുകൾക്കോ, സഭാധികാരികളുടെ നിർദ്ദേശപ്രകാരം നിയോഗിക്കപ്പെടുന്ന ടീമിനോ, സഭയുടെ മറ്റ് ഔദ്യോഗിക സംവിധാനങ്ങൾക്കോ മാത്രമാണെന്നിരിക്കെ, ഒരു വ്യക്തി ഇത്തരമൊരു പദ്ധതിയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നതിനെ അൽപ്പം ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ടെന്നത് മറക്കാതിരിക്കുക.

ഈ വ്യക്തിയെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ മനസിലാക്കാനായ ഒരു വസ്തുത അദ്ദേഹത്തിന്റെ വചന വ്യാഖ്യാനങ്ങളും മറ്റും സഭാ പ്രബോധനങ്ങളോട് പൂർണ്ണമായും ചേർന്ന് പോകുന്നതല്ല എന്നുള്ളതാണ്. അനുഭവസ്ഥരായ സന്യസ്തർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേർന്ന സന്യസ്തർ ഉടനടി പുറത്തേയ്ക്ക് വരുവാൻ ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന്, നിങ്ങളുടെ (സന്യാസിനികളുടെ) മൊബൈൽ നമ്പറുകൾ ദുരുപയോഗം ചെയ്യപ്പെടുന്നതായോ, ഏതെങ്കിലും തരത്തിൽ സന്യാസിനികളെ വാട്ട്സാപ്പിലൂടെയോ മൊബൈലിലൂടെയോ ശല്യംചെയ്യുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ അത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും വേണ്ട നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിന് മടികാണിക്കാതിരിക്കുക.

ഓരോ സന്യാസ സഭകളുടെയും മേലധികാരികൾ തങ്ങളുടെ സന്യാസ സഭയിലെ അംഗങ്ങൾ ഇത്തരം ഗ്രൂപ്പുകളിൽ ചേരാതിരിക്കുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ് കൊടുക്കുന്നതും ഉചിതമായിരിക്കും. ഇന്ന് കേരളത്തിൽ ക്രൈസ്തവ സന്യസ്തരെ ലക്ഷ്യം വച്ച് അനേകം ചതിക്കുഴികൾ ഒരുക്കിവച്ച് ശത്രുക്കൾ കാത്തിരിക്കുമ്പോൾ, യാതൊരു വിവേകവും ഇല്ലാതെ സന്യസ്തർ തന്നെ അവരുടെ കെണിയിൽ വീഴുന്നത് സന്യാസത്തിലെ അപക്വതയെയാണ് തുറന്നുകാണിക്കുന്നതെന്നും മറക്കാതിരിക്കുക.

Show More

3 Comments

  1. ആലപ്പുഴ രൂപതയേയും രൂപതയിലെ അംഗത്തെയും പരാമർശിച്ച കുറിപ്പിൻ്റെ നിജസ്ഥിതി അറിയാൻ ശ്രമിച്ചപ്പോൾ പലതും അവാസ്തവമെന്നാണ് മനസിലായത്. ആലപ്പുഴ രൂപതയിലെ പ്രൊ ക്ലമേഷൻ കമ്മീഷൻ മിനിസ്ട്രിയിൽ അംഗമാണ് ഇതിൽ സൂചിപ്പിച്ച വ്യക്തി. അദ്ദേഹത്തിൻ്റെ ക്ലാസുകളെക്കുറിച്ച് രൂപതാദ്ധ്യക്ഷന് അറിവുണ്ട്. മറ്റ് മെത്രാന്മാരും ക്ലാസ്സുകളിൽ പങ്കുകാരാകും. ഈ കുറിപ്പിനെക്കുറിച്ച്
    രൂപതാദ്ധ്യക്ഷന്
    അറിവ് നൽകിയിട്ടുമുണ്ട്. വൈദികരും ക്ലാസ് എടുക്കുമെന്നാണ് അറിയുന്നത്. അല്മായ പ്രേക്ഷിതത്വത്തിന് ഏറെ സാധ്യത ആവശ്യമുള്ള സമയത്ത് എന്തെങ്കിലും പോരായ്മ അറിഞ്ഞാൽ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തി സത്യം ബോധ്യമായതിനു ശേഷമായാൽ ഇത്തരം ഇടപെടൽ നല്ലതായിരുന്നു. കുറിപ്പെഴുതിയവരോടും പ്രസിദ്ധീകരിച്ചവരോടുമുള്ള നീരസം ആദരവോടെ അറിയിക്കുന്നു.
    ഫാ. ജോൺസൺ പുത്തൻവീട്ടിൽ
    ആലപ്പുഴ രൂപത

    1. ബഹുമാനപ്പെട്ട ജോൺസൺ അച്ചാ,
      അങ്ങയുടെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു. ഈ വാർത്ത വിവിധ ഗ്രൂപ്പുളിലെ സന്യാസിനികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പബ്ലിഷ് ചെയ്തതാണ്. ഈ വാർത്തയിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തി ആലപ്പുഴ രൂപതക്കാരനാണോ എന്ന് അവർ പറഞ്ഞിട്ടില്ല. അതേസമയം പേരും സ്ഥലവും സൂചിപ്പിച്ചിരുന്നു. വേറെ ചില അല്മായർ കൗൺസിലിംഗ്, ധ്യാനം എന്നൊക്കെപ്പറഞ്ഞു സിസ്റ്റേഴ്‌സിനെ സമീപിക്കുന്നുണ്ടെന്നും സന്യാസിനികൾ വെളിപ്പെടുത്തിയിട്ടുണ്ട്. വാർത്തയിൽ ഭാഗികമായ തെറ്റുണ്ടെങ്കിൽ തിരുത്താൻ തയാറാണ്.
      വോക്‌സ് എഡിറ്റോറിയൽ

      1. ബഹുമാനപ്പെട്ട അച്ചാ,
        മേൽ സൂചിപ്പിച്ച കാര്യത്തിലൊരു ഡിബേറ്റിനൊ, ന്യായീകരണത്തിനൊ താല്പര്യമില്ല. സാധാരണ ഇത്തരം കാര്യങ്ങൾ അർഹിക്കുന്ന വില മാത്രം നൽകി മൗനം അവലംബിക്കുകയാണ് ശീലം. സ്ഥലവും, പേരും ആലപ്പുഴയും പറഞ്ഞപ്പോൾ തിരിച്ചറിയാവുന്ന രീതിയിൽ ആ വ്യക്തിക്ക് പ്രശസ്തിയുണ്ടെന്ന് മനസിലാക്കാം. തെറ്റുകൾ ഉണ്ടെങ്കിൽ തീർച്ചയായും തിരുത്തപ്പെടണം. രാവിലെ വായിച്ചതിൽ നിന്ന് അല്പം മാറ്റം വന്നതായി വീണ്ടും വായിച്ചപ്പോൾ മനസിലാകുന്നു. പരസ്പരം ആദരവോടും സ്നേഹത്തോടും തിരുത്താം. ആദ്യത്തെ തിരുത്തൽ വ്യക്തിപരമാകാം…
        മത്തായി 18:15, പിന്നീട് സഭയിൽ , അതിനു ശേഷമാണല്ലൊ സമൂഹത്തിൽ. ഇത് ശ്രേണി തിരിഞ്ഞതിലുള്ള വിഷമം മാത്രം.. ചുംബനം കൊണ്ട് ഒറ്റിക്കൊടുക്കാൻ തുനിഞ്ഞ വനും അന്ത്യ അത്താഴ മേശയിൽ മറ്റാരുമറിയാതെ തിരുത്താൻ ശ്രമിച്ച ഗുരുവിൻ്റെ പാദവും പാതയുമാണല്ലൊ പിഞ്ചെല്ലേണ്ടത്…? അരുതാത്തതെന്തെങ്കിലും പറഞ്ഞു പോയെങ്കിൽ സദയം ക്ഷമിക്കുക.

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker