Kerala

ബോണക്കാട്‌ കുരിശുമലയിലേക്ക്‌ വിശ്വാസികളുടെ കുരിശുയാത്ര വെളളിയാഴ്‌ച

ബോണക്കാട്‌ കുരിശുമലയിലേക്ക്‌ വിശ്വാസികളുടെ കുരിശുയാത്ര വെളളിയാഴ്‌ച

തകർത്ത കുരിശിന്റെ സ്‌ഥാനത്ത്‌ പുതിയ കുരിശ്‌ സ്‌ഥാപിക്കുമെന്ന്‌ കുരിശുമല സംരക്ഷണ സമിതി  ……..പതിനായിരത്തോളം വിശ്വാസികളെത്തുമെന്ന്‌ രൂപത 

നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര രൂപതയുടെ ഔദ്യോഗിക തീർഥാടന കേന്ദ്രമായ ബോണക്കാട്‌ കുരിശുമലയിലേക്ക്‌ രൂപതാ വിശ്വാസികൾ വെളളിയാഴ്‌ച കുരിശുയാത്ര നടത്തും. രൂപതയിലെ കെ.എൽ.സി.എ., കെ.സി.വൈ.എം., കെ.എൽ.സി.ഡബ്ല്യൂ.എ., ഭക്‌ത സംഘടനകൾ എന്നിവയാണ്‌ കുരിശുയാത്രക്ക്‌ നേതൃത്വം നൽകുന്നത്‌.

കുരിശുയാത്രക്ക്‌ വേണ്ട സഹായ സഹകരണങ്ങൾ നൽകണമെന്നാവശ്യപെട്ട്‌ വനംവകുപ്പ്‌ മന്ത്രി, സി.സി.എഫ്‌., ഡി.എഫ്‌.ഓ., റൂറൽ എസ്‌.പി., ഡി.വൈ.എസ്‌.പി. തുടങ്ങിയവർക്ക്‌ കുരിശുമല സംരക്ഷണ സമിതി കത്ത്‌ നൽകി. രൂപതയിലെ 247 ദേവാലയങ്ങളിലെ വിശ്വാസികളുടെ പ്രാധിനിത്യം ഉറപ്പിച്ച്‌ കൊണ്ടാണ്‌ നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിൽ വിശ്വാസ സമൂഹം വെളളിയാഴ്‌ച കുരിശുമലയിൽ എത്തുന്നത്‌. വിതുര, തേവിയോട്‌ ദൈവപരിപാലന ദേവാലയത്തിന്‌ മുന്നിൽ നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ജി. ക്രിസ്‌തുദാസ്‌ കുരിശുയാത്ര ഉദ്‌ഘാടനം ചെയ്യും.

കുരിശുയാത്രക്ക്‌ മുൻനിരയിലായി അലങ്കരിച്ച വാഹനത്തിൽ കുരിശുമായാണ്‌ വിശ്വാസികൾ കുരിശ്‌ യാത്രയിൽ അണിചേരുന്നത്‌. കഴിഞ്ഞ ഓഗസ്റ്റ്‌ 29 ന്‌ വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ ചേമ്പറിൽ മതമേലധ്യക്ഷന്മാർ നടത്തിയ ചർച്ചയെ തുടർന്ന്‌ സ്‌ഥാപിച്ചിരുന്ന 10 അടി പൊക്കമുളള മരക്കുരിശ്‌ കഴിഞ്ഞ നവംബർ 27 നാണ്‌ വിശ്വാസികൾ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്‌. അന്ന്‌ മിന്നലേറ്റ്‌ കുരിശു തകർന്നതെന്നാണ്‌ പോലീസും വനം വകുപ്പും റിപ്പോർട്ട്‌ നൽകിയത്‌.

തുടർന്ന്‌ ആരാധനാ സ്വാതന്ത്രം നിഷേധിക്കുന്നതിനെതിരെയും കുരിശുമലയിലേക്കുളള പ്രവേശനം തടയുന്നതിനെതിരെയും നിരവധി പരാതികൾ പോലീസിനും വനം വകുപ്പിനുമെതിരെ നൽകിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ല. കുരിശുമല സന്ദർശിച്ച രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുൾപ്പെടെ 17 പേരുടെ പേരിൽ വനം വകുപ്പ്‌ അതിക്രമിച്ചുകടന്നു എന്നുകാട്ടി കേസും രജിസ്റ്റർ ചെയ്തു.

മന്ത്രി തല ചർച്ചകളിൽ വനം വകുപ്പ്‌ കുരിശുമല റെക്‌ടർക്കെതിരെയും വിശ്വാസികൾക്കെതിരെ യും എടുത്തിട്ടുളള കേസുകൾ പിൻവലിക്കാൻ ധാരണയായെങ്കിലും ചർച്ചക്ക്‌ ശേഷം വനം വകുപ്പ്‌ കേസുകൾ പിൻവലിക്കാൻ തയ്യാറായില്ല. ഇത്തരത്തിൽ വിശ്വാസികളോട്‌ നിരന്തമായി സർക്കാരും വനം വകുപ്പും തുടരുന്ന നീതി നിഷേധത്തിനെതിരെയാണ്‌ കുരിശുയാത്രയെന്ന്‌ വികാരി ജനറൽ മോൺസിഞ്ഞോർ ജി. ക്രിസ്‌തുദാസ്‌ പറഞ്ഞു. കുരിശുമലയിൽ തകർക്കപെട്ട കുരിശിന്‌ സമീപത്ത്‌ കുരിശ്‌ പുന:സ്‌ഥാപിക്കുമെന്നും വികാരി ജനറൽ കൂട്ടിച്ചേര്‍ത്തു.

വെളളിയാഴ്‌ച നടക്കുന്ന കുരിശുയാത്രയ്ക്ക് നെടുമങ്ങാട്‌, കാട്ടാക്കട,  നെയ്യാറ്റിന്‍കര റീജിയനുകളുടെ കോ- ഓഡിനേറ്റർമാരായ മോൺസിഞ്ഞോർ റൂഫസ്‌ പയസ്‌ലിൻ. മോൺസിഞ്ഞോർ.വി. പി. ജോസ്‌, മോൺസിഞ്ഞോർ. വിൻസെന്റ്‌ കെ. പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകും. രൂപതയിലെ 11 ഫൊറോനകളിലെയും കെ.എൽ.സി.എ. പ്രസിഡന്റുമാർ അതാതു ഫൊറോനകളിലെ വിശ്വാസികളെ ക്രമീകരിക്കും. കുരിശുയാത്രയുടെ വിജയത്തിനായി കഴിഞ്ഞയാഴ്‌ച നെയ്യാറ്റിന്‍കര ബിഷപ്‌സ്‌ ഹൗസിൽ കൂടിയ യോഗത്തിൽ 101 അംഗ സമിതിക്ക്‌ രൂപം നല്‍കിയിരുന്നു.

ആയിരങ്ങൾ പങ്കെടുക്കുന്ന കുരിശുയാത്ര പോലീസും വനംവകുപ്പും തടഞ്ഞ്‌ പ്രകോപനം സൃഷ്‌ടിക്കരുതെന്ന്‌ കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ്‌ ഡി. രാജു ആവശ്യപ്പെട്ടു. കുരിശുയാത്രക്ക്‌ ബോണക്കാട്‌ കുരിശുമല റെക്‌ടർ ഫാ.ഡെന്നിസ്‌ മണ്ണൂർ, പാറശാല ഫൊറോന വികാരി ഫാ.റോബർട്ട്‌ വിൻസെന്റ്‌, കെ.സി.വൈ.എം. രൂപതാ ഡയറക്‌ടർ ഫാ.ബിനു, കെ.എൽ.സി.എ. സംസ്‌ഥാന സമിതി അംഗം ജെ.സഹായദാസ്‌, രൂപതാ രാഷ്‌ട്രീയകാര്യ സമിതി അംഗം എം.എം. അഗസ്റ്റിൻ, കെ.എൽ.സി.ഡബ്ല്യൂ.എ. സംസ്‌ഥാന ജനറൽ സെക്രട്ടറി അൽഫോൻസാ, കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ്‌ കിരൺ  തുടങ്ങിയവർ അഭിവാദ്യം അർപ്പിക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker