World

ഭയപ്പെടേണ്ടാ; അവനെ നിങ്ങളുടെ കുടുംബത്തില്‍ തന്നത് അവനെ നേരെയാക്കാന്‍ വേണ്ടിയല്ല, നിങ്ങളെ നേരെയാക്കാന്‍ വേണ്ടിയാണ്’; കുഞ്ഞ് എസെക്കിയേലിന്‍റെ മാതാപിതാക്കള്‍ക്ക് പാപ്പായുടെ പുഞ്ചിരി സന്ദേശം

ഭയപ്പെടേണ്ടാ; അവനെ നിങ്ങളുടെ കുടുംബത്തില്‍ തന്നത് അവനെ നേരെയാക്കാന്‍ വേണ്ടിയല്ല, നിങ്ങളെ നേരെയാക്കാന്‍ വേണ്ടിയാണ്'; കുഞ്ഞ് എസെക്കിയേലിന്‍റെ മാതാപിതാക്കള്‍ക്ക് പാപ്പായുടെ പുഞ്ചിരി സന്ദേശം

സ്വന്തം ലേഖകന്‍

അബുദാബി: സെന്‍റ് ജോസഫ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാവിലെ കടന്നുവന്ന പാപ്പാ ഏതാനും നിമിഷങ്ങള്‍ അള്‍ത്താരയില്‍ മൗനമായി പ്രാര്‍ത്ഥിച്ച ശേഷം, ജനമദ്ധ്യത്തിലേയ്ക്ക് നീങ്ങി. ജനങ്ങളെ അഭിവാദ്യംചെയ്തും, കുട്ടികളെ ചുംബിച്ചും, രോഗികളെ സാന്ത്വനപ്പെടുത്തിയും, ആശീര്‍വ്വദിച്ചും കടന്നുപോകുമ്പോഴാണ് കുഞ്ഞ് എസക്കിയേല്‍ റോഷന്‍ ഗോമസിനെയും പാപ്പാ സമീപിക്കുന്നത്. അവനെ കണ്ടപ്പോള്‍ തന്നെ പാപ്പായ്ക്ക് മനസിലായി അവര്‍ കടന്നുപോകുന്ന വിഷമാവസ്ഥ. അവന്‍റെ മുന്‍പില്‍ അല്പസമയം ചിലവിട്ട പാപ്പാ കുഞ്ഞ് എസക്കിയേലിന്‍റെ കാലുകളില്‍ പിടിച്ച് പ്രാര്‍ത്ഥിച്ചു, തന്‍റെ കൈകളില്‍ എടുത്തു, അവന്‍റെ തലയില്‍ ചുംബിച്ചു, എന്നിട്ട് കുഞ്ഞിനേയും അമ്മയെയും നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരി കുഞ്ഞ് എസക്കിയേലിന്‍റെ മാതാപിതാക്കള്‍ക്ക് നല്‍കിയ സന്ദേശമാണ് ‘ഭയപ്പെടേണ്ടാ; അവനെ നിങ്ങളുടെ കുടുംബത്തില്‍ തന്നത് അവനെ നേരെയാക്കാന്‍ വേണ്ടിയല്ല, നിങ്ങളെ നേരെയാക്കാന്‍ വേണ്ടിയാണ്’.

വെട്ടുകാട് ഇടവക അംഗങ്ങളായ റോഷന്‍ ആന്‍റണി ഗോമസ് – ജിജിന റോഷന്‍ ഗോമസ് ദമ്പതികള്‍ക്ക് രണ്ടുമക്കള്‍; മൂത്തമകള്‍ എലീഷാ റോഷന്‍ നാലര വയസ്, ഇളയമകന്‍ എസക്കിയേല്‍ റോഷന്‍ ഗോമസ്. മള്‍ട്ടി ഡിസെബിലിറ്റികളോടെ ഭൂമിയിലേയ്ക്ക് പിറന്നു വീണവന്‍. ജീവനുണ്ട് എന്നതൊഴിച്ചാല്‍ വേറെയാതൊന്നിനും അവന് കഴിയില്ല.

ഫ്രാന്‍സിസ് പാപ്പായെ അടുത്ത് കണ്ട്, തങ്ങള്‍ക്ക് ലഭ്യമായ അനുഭവം അവര്‍ പങ്കുവയ്ക്കുന്നത് ഇങ്ങനെ:

സെന്‍റ് ജോസഫ് കത്തീഡ്രല്‍ വഴിയാണ് ഇങ്ങനെ ഒരവസരം കൈവന്നത്. പാപ്പായെ കുഞ്ഞുമായി അടുത്ത് കാണുവാനായി വളരെ നേരത്തെ തന്നെ അപേക്ഷിച്ചിരുന്നു. ഒരിക്കലും ഇങ്ങനെ ഒരവസരം കിട്ടുമെന്ന് കരുതിയിരുന്നില്ല, കാരണം പാപ്പാ വരുന്നതിനും ദിവസങ്ങള്‍ക്കു മുന്‍പ് മറ്റ് പലരും തെരെഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടുവെന്ന് അറിഞ്ഞു, അപ്പോള്‍ കരുതി ഇനി ഞങ്ങള്‍ക്ക് സാധ്യത ഇല്ല. എന്നാല്‍, കര്‍ത്താവ് ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു. തലേനാള്‍ രാത്രി 8.30 കഴിഞ്ഞപ്പോള്‍ ഫോണ്‍ വന്നു. ഞങ്ങളുടെ കുഞ്ഞിനേയും തെരെഞ്ഞെടുത്തു. അപ്പോഴും ഇങ്ങനെയൊരു കണ്ടുമുട്ടല്‍ ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചില്ല. അതിരാവിലെ തന്നെ എത്തി, ഞങ്ങള്‍ കരുതിയത് പാപ്പാ അടുത്ത് വരില്ല, പൊതുവായ ഒരു ആശീര്‍വാദം തന്നിട്ട് പോകും എന്നായിരുന്നു.

എന്നാല്‍, ഞങ്ങളുടെ കുഞ്ഞിനെ കണ്ടയുടനെ തന്നെ പാപ്പാ അടുത്തുവന്നു, എന്‍റെ കുഞ്ഞിനെ കൈക്കികളില്‍ എടുത്തു, കുഞ്ഞിന്‍റെ കാലുകളില്‍ പിടിച്ച് പ്രാര്‍ഥിച്ചു, എന്നിട്ട് കുഞ്ഞിന്‍റെ തലയില്‍ ചുംബിച്ചു, എന്നിട്ട് കുഞ്ഞിനേയും എന്നെയും നോക്കി ചിരിച്ചു. പരിശുദ്ധ പിതാവ് ചിരിയിലൂടെ ഞങ്ങളോട് എന്തോ സന്ദേശം കൈമാറുന്ന പോലെ അനുഭവപ്പെട്ടു. പാപ്പയുടെ ചിരിയിലൂടെ ഞങ്ങള്‍ക്ക് ലഭിച്ച സന്ദേശം ‘ഭയപ്പെടേണ്ടാ; അവനെ നിങ്ങളുടെ കുടുംബത്തില്‍ തന്നത് അവനെ നേരെയാക്കാന്‍ വേണ്ടിയല്ല, നിങ്ങളെ നേരെയാക്കാന്‍ വേണ്ടിയാണ്’ എന്നാണ് അനുഭവപ്പെട്ടത്. അങ്ങനെ തോന്നാന്‍ കാരണം, അവന്‍ ജനിച്ച് ആദ്യ ഒരുവര്‍ഷം മുഴുവന്‍ അവനെ നേരെയാക്കാന്‍ ഞങ്ങള്‍ ഓടിയിരുന്നു, എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ബോധ്യമാകുന്നത് ഞങ്ങളുടെ ശുദ്ധീകരണത്തിന് വേണ്ടിയായിരുന്നു എന്നുള്ളതാണ്.

കുഞ്ഞിന് പ്രശ്നങ്ങളുണ്ടെന്ന് ഗര്‍ഭിണിയായി 4 മാസം കഴിഞ്ഞപ്പോള്‍ തന്നെ അറിഞ്ഞിരുന്നു. അവന്‍ ജനിക്കുന്നതുവരെയും, ‘ഞങ്ങള്‍ എന്തുചെയ്തിട്ടാണ് ഞങ്ങള്‍ക്ക് ഇങ്ങനെ കുഞ്ഞിനെ തരുന്നത്’ എന്നോര്‍ത്ത് കരഞ്ഞിരുന്നു. യു.എ.ഇ.യില്‍ അബോര്‍ഷന്‍ അനുവദിക്കാത്തതിനാല്‍ വേണമെങ്കില്‍ നാട്ടില്‍ പോയി ചെയ്യുവാന്‍ ഉപദേശവും കിട്ടിയിരുന്നു. എന്നാല്‍ ഞങ്ങള്‍ വേണ്ടാ എന്നുതന്നെ തീരുമാനിച്ചു. പ്രത്യേകിച്ച്, ഞങ്ങള്‍ക്ക് ആദ്യ കുഞ്ഞിനെ ലഭിച്ചത് തന്നെ 4 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു. തുടര്‍ന്ന്, ഒരു വര്‍ഷക്കാലം നാട്ടില്‍ നിന്ന് ചികില്‍സ ചെയ്തു, എന്നാല്‍ ഒരു മാറ്റവും വന്നില്ല. അതേസമയം ഞങ്ങള്‍ ഒരുകാര്യം തിരിച്ചറിഞ്ഞു, ഈ കാലയളവോടുകൂടി അവനെ ഞങ്ങള്‍ സ്വീകരിച്ചു, സ്രഷ്ടാവ് നല്‍കിയതിനെ സ്വീകരിച്ചതോടുകൂടി മനസ് പൂര്‍ണ്ണമായും സമാധാനം കണ്ടെത്തി.

അവന് മള്‍ട്ടിപ്പിള്‍ ബ്രെയിന്‍ ഡിസോര്‍ഡര്‍ ആണ്. കൂടാതെ ശാരീരിക വളര്‍ച്ചയും ഇല്ല, വായിലൂടെ ആഹാരം കഴിക്കില്ല, വയറില്‍ ഒരു ട്യൂബ് വഴിയാണ് ആഹാരം കൊടുക്കുന്നത്, മലവും മൂത്രവും ട്യൂബുവഴിയാണ്, ഒന്നും ചെയ്യാന്‍ കഴിയില്ല, പൂര്‍ണ്ണമായും കിടപ്പിലാണ്. ഇപ്പോള്‍ ചെറുതായി ചിരിക്കുകയും ചെറിയ ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. മെഡിക്കല്‍ സയന്‍സ് പറയുന്നതനുസരിച്ച് ജീവിതദൈര്‍ഖ്യം തീരെ കുറവുള്ള കുട്ടി. എന്നാല്‍ അവന്‍ മൂന്നു വര്‍ഷങ്ങള്‍ പിന്നിടുന്നു, ദൈവത്തിന്‍റെ പദ്ധതി തികച്ചും വ്യത്യസ്തമാണല്ലോ; അവര്‍ പറയുന്നു.

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
error: Content is protected !!
Close
Close

Adblock Detected

Please consider supporting us by disabling your ad blocker