Kerala

മത്സ്യതൊഴിലാളികളോടുള്ള കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ അവഗണനയ്ക്കെതിരെ സുനാമി അനുസ്മരണ ദിനത്തിൽ കെ.എൽ.സി.എ. ആലപ്പുഴ രൂപതയുടെ കളക്ടറേറ്റ് മാർച്ചും ധർണ്ണയും

സുനാമി സമരകാലത്ത് നൽകിയ വാഗ്ദാനങ്ങൾ ഇനിയും പൂർണമായി പാലിക്കപ്പെട്ടിട്ടില്ല...

ജോസ് മാർട്ടിൻ

ആലപ്പുഴ: സുനാമി അനുസ്മരണ ദിനത്തോടനുബന്ധിച്ച് മത്സ്യതൊഴിലാളികളോടുള്ള കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ അവഗണനയ്ക്കെതിരെയുള്ള പ്രതിക്ഷേധമായി ആലപ്പുഴ രൂപതാ കമ്മിറ്റി കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നിന്നാരംഭിച്ച കളക്ടറേറ്റ് മാർച്ച്‌ വികാരി ജനറൽ മോൺസിഞ്ഞോർ പയസ് ആറാട്ടുകുളം ഉത്‌ഘാടനം ചെയ്തു.

തുടർന്ന്, കെ.എൽ.സി.എ. രൂപത ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ ഫ്ലാഗ് ഓഫ് ചെയ്ത മാർച്ച് പ്രസിഡന്റ് ജോൺ ബ്രിട്ടോ നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.വൈ. ജേക്കബ്, മുൻ രൂപതാ പ്രസിഡന്റ് ക്ലീറ്റസ്‌ കളത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഉത്‌ഘാടനത്തിന് രൂപത ജനറൽ സെക്രട്ടറി ഇ.വി. രാജു സ്വാഗതവും, ട്രഷറർ ബിജു ജോസി നന്ദിയും പറഞ്ഞു.

15 വർഷത്തിനിപ്പുറം വിലയിരുത്തുമ്പോൾ സുനാമിക്ക് മുൻപും – സുനാമിക്ക് ശേഷവും ആലപ്പുഴ, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ആലപ്പുഴയുടെ തീരത്തിന് ഇനിയും ശാപമോക്ഷം കിട്ടിയിട്ടില്ല എന്ന് കെ.എൽ.സി.എ. തിരിച്ചറിയുന്നു, സുനാമി സമരകാലത്ത് നൽകിയ വാഗ്ദാനങ്ങൾ ഇനിയും പൂർണമായി പാലിക്കപ്പെട്ടിട്ടില്ല. അഴിക്കടലിലെ രണ്ടു പാലങ്ങളിൽ ഒരുപാലം പൂർത്തിയാകാതെയും, അപ്പ്രോച്ച് റോഡ് പണിയാതെയും കിടക്കുന്നതിനാൽ ഗതാഗത യോഗ്യമല്ല. കൂടാതെ, അന്ധകാരൻഅഴിയിൽ ടൂറിസം വികസനം എന്ന പേരിൽ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ മേൽക്കൂര ഇല്ലാതെ പരിതാപകരമായ അവസ്ഥയിലാണ്.

അർത്തുങ്കൽ, ചെത്തി ഫിഷിങ് ഹാർബറുകൾക്ക് മാറിമാറി വരുന്ന സർക്കാരുകൾ ബജറ്റിൽ വകകൊള്ളിക്കുമെങ്കിലും ഒന്നും ഇതുവരെയും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. ഒറ്റമശ്ശേരി, ചെല്ലാനം പ്രദേശങ്ങളിൽ നിരന്തരമായ കടൽകയറ്റം ഉണ്ടായിട്ടും ശാശ്വതമായാ പരിഹാരം നല്കപ്പെടുന്നില്ല. ഇതിനെല്ലാം ബന്ധപ്പെട്ട ഭരണകർത്താക്കൾ ഉത്തരം നൽകേണ്ടതുണ്ട്. ഇത് ഒരു സൂചനാ പ്രതിഷേധം മാത്രമാണെന്നും 2020 പൂർത്തി ആകുമ്പോൾ നിലവിൽ നൽകപ്പെട്ടിരിക്കുന്നു വാഗ്ദാനങ്ങലെങ്കിലും പാലിക്കപ്പെടാത്തപക്ഷം വലിയ പ്രതിക്ഷേധങ്ങൾ ഉണ്ടാവുമെന്നും കെ.എൽ.സി.എ. രൂപതാ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ കാത്തലിക് വോക്സ് ന്യൂസിനോട് പറഞ്ഞു.

2004-ൽ കേരളാ തീരത്ത് ആഞ്ഞടിച്ച സുനാമി മൽസ്യതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ആലപ്പുഴ, എറണാകുളം ജില്ലകളുടെ തീരപ്രദേശങ്ങളിൽ വലിയ നാശനഷ്‌ടങ്ങൾ വരുത്തിയിരുന്നു. മൽസ്യതൊഴിലാളികളുടെ ഉപജീവന മാർഗമായ വള്ളവും, വലയും തുടങ്ങി വൻനാശനഷ്ടങ്ങളാണ് നേരിട്ടത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker