Vatican

മരിയൻ ഭക്തിയുടെ മറവിൽ സഭയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളു‌ടെ കൈകളില്‍നിന്ന് മരിയഭക്തിയെ മോചിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ

ഇത്തരം പ്രസ്ഥാനങ്ങള്‍ വിദേശ പിന്‍തുണയോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും തലപൊക്കുന്നുണ്ട്...

ഫാ.ജസ്റ്റിൻ ഡൊമിനിക്ക്

വത്തിക്കാൻ സിറ്റി: മരിയൻ ഭക്തിയുടെ മറവിൽ സഭയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളു‌ടെ കൈകളില്‍നിന്ന് മരിയഭക്തിയെ മോചിക്കണമെന്ന് റോമിലെ പൊന്തിഫിക്കല്‍ മേരിയന്‍ അക്കാഡമിയുടെ പ്രസിഡന്‍റ് മോണ്‍സീഞ്ഞോര്‍ സ്റ്റേഫനോ ചെക്കീന് അയച്ച കത്തിൽ ഫ്രാൻസിസ് പാപ്പാ നിർദേശിച്ചു. സമൂഹത്തിന്‍റെ നവമായ സാഹചര്യങ്ങളില്‍, സഭയിലെ മരിയ ഭക്തിയുടെ വിശ്വാസപൈതൃകം കൂടുതല്‍ ശ്രദ്ധയോടെ പരിരക്ഷിക്കപ്പെടണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. മോണ്‍.സ്റ്റേഫനോ ചെക്കീന്‍ വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിന് നൽകിയ അഭിമുഖത്തിലാണ് പാപ്പായുടെ കത്തിനെ സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയത്.

പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി സഭാപ്രബോധനങ്ങള്‍ക്കും, പാരമ്പര്യങ്ങള്‍ക്കും അനുസൃതമായി, അതിന്റെ മൗലിക സ്വാഭാവത്തില്‍ സംരക്ഷിക്കപ്പെടുയും, അത് സുവിശേഷ മാനദണ്ഡങ്ങളായ നീതി, സ്വാതന്ത്ര്യം, സത്യസന്ധത, ഐക്യം എന്നിവയുമായി പൊരുത്തപ്പെട്ടു പോവുകയും വേണമെന്ന് പാപ്പാ പറഞ്ഞുവെന്നും, എന്നാല്‍ അടുത്തകാലത്തായി സുവിശേഷമൂല്യങ്ങള്‍ക്കും സഭയുടെ പ്രബോധനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ഇണങ്ങാത്ത രീതിയില്‍ ദൈവമാതാവിനോടുള്ള ഭക്തിയെ കൈകാര്യംചെയ്യുന്ന സ്വതന്ത്ര അധികാര കേന്ദ്രങ്ങളും, പ്രസ്ഥാനങ്ങളും, സംഘടനങ്ങളും, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ തലപൊക്കിയിട്ടുണ്ടെന്നും പാപ്പാ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഉദാഹരണത്തിന് ഇന്ന് മരിയഭക്തിയുമായി ബന്ധപ്പെട്ടു പൊന്തിവന്നിട്ടുള്ള സഭാ വിദ്വേഷികളുടെ ദുഷ്പ്രചരണം ആഗോള സഭാദ്ധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പായ്ക്ക് എതിരായിട്ടാണ്. (ഇത്തരം പ്രസ്ഥാനങ്ങള്‍ വിദേശ പിന്‍തുണയോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും തലപൊക്കുന്നുണ്ട്). മരിയഭക്തിയുടെ വക്താക്കളെന്ന വ്യാജേന സഭയ്ക്കും പാപ്പായ്ക്കും എതിരായുള്ള കരുനീക്കങ്ങളാണ് ഈ നവമായ കുതന്ത്രം. മുന്‍പാപ്പാ ബെനഡിക്ടിന്‍റെ സ്ഥാനത്യാഗത്തോടെ പത്രോസിന്‍റെ സിംഹാസനം ശൂന്യാമണെന്നും, പത്രോസിനു ക്രിസ്തു നല്കിയ അധികാരത്തിന്റെ താക്കോല്‍ ദൈവമാതാവ് പാപ്പാ ഫ്രാന്‍സിസിന്റെ കൈയ്യില്‍നിന്നും തിരികെ എടുത്തെന്നും സാധാരണക്കാരെ പറഞ്ഞു ധരിപ്പിക്കുന്നതാണ് ഈ “മാഫിയ” പ്രസ്ഥാനങ്ങളുടെ നീക്കം. ഇത്തരത്തിൽ, ഫ്രാന്‍സിസ് പാപ്പായെയും അദ്ദേഹത്തിന്റെ പ്രബോധനങ്ങളെയും വിമര്‍ശിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന ചെറുസംഘങ്ങള്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തലപൊക്കുന്നുണ്ടെന്നത് യാഥാർഥ്യമാണെന്നും മോണ്‍.ചെക്കീന്‍ അഭിമുഖത്തില്‍ വിശദീകരിച്ചു.

അവയിൽ നിന്നെല്ലാം വിശ്വാസികളെ മോചിപ്പിക്കാൻ സഹായമാകുന്ന വിധിത്തില്‍ നവമായ വെല്ലുവിളികളെക്കുറിച്ച് സഭാമക്കളെ അവബോധമുള്ളവരാക്കുകയും, തെറ്റുകള്‍ തിരുത്തുകയും, വ്യക്തമായ ധാരണകള്‍ നൽകുകയും വേണമെന്നാണ് പൊന്തിഫിക്കല്‍ അക്കാഡമിയുടെ പ്രസിഡന്റ്, മോണ്‍.സ്റ്റേഫനോ ചെക്കീനെ അഭിസംബോധന ചെയ്തുകൊണ്ട് അയച്ച കത്തിലൂടെ പാപ്പാ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ദൈവമാതാവിന്റെ വണക്കത്തെ സംബന്ധിച്ച തെറ്റായ പ്രവണതകളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് ശാസ്ത്രീയവും, ബൗദ്ധികവും, ചരിത്രപരവും, അപഗ്രഥനപരവുമായ പഠനങ്ങൾ നടത്താന്‍ മേരിയന്‍ അക്കാഡമിയില്‍ ഒരു പ്രത്യേക വിഭാഗംതന്നെ രൂപീകരിച്ചിട്ടുള്ളതായി അഭിമുഖത്തില്‍ മോണ്‍.ചേക്കീന്‍ വെളിപ്പെടുത്തി.

ലോകത്ത് മരിയഭക്തി പ്രോത്സാഹിപ്പിക്കുക, അതിന്റെ ദൈവശാസ്ത്രപരമായ കൃത്യത നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് 1946-ൽ കാർലോ ബാലിക് എന്ന കപ്പൂച്ചിന്‍ വൈദികന്റെ നേതൃത്വത്തിൽ മേരിയന്‍ പൊന്തിഫിക്കല്‍ അക്കാഡമിക്ക് തുടക്കംകുറിച്ചത്. ജോണ്‍ 23-Ɔമന്‍ പാപ്പാ 1959-ൽ ലോകമെമ്പാടുമുള്ള വിവിധ മേരിയന്‍ സംഘടനകളെയും പ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കുകയും, മരിയൻ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പ്രസ്ഥാനങ്ങള്‍ക്ക് ഐകരൂപ്യമുള്ള മാര്‍ഗ്ഗരേഖകള്‍ നൽകുവാനും അന്നത്തെ മേരിയൻ അക്കാഡമിയ്ക്ക് “പൊന്തിഫിക്കൽ” പദവി നൽകുകയുണ്ടായി. പോള്‍ 6-Ɔമന്‍ പാപ്പാ പൊന്തിഫിക്കൽ മേരിയൻ അക്കാദമിയുടെ ചട്ടങ്ങളും, നിയമങ്ങൾക്കും അംഗീകാരം നൽകി. പിന്നീട് 1995-ൽ അത് പരിഷ്കരിക്കപ്പെടുകയുമുണ്ടായി. ജോൺ പോൾ 2- Ɔമന്‍ പാപ്പായുടെ ആഗ്രഹപ്രകാരമാണ് പൊന്തിഫിക്കൽ മേരിയൻ അക്കാ‍ഡമിയുടെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും ലോകമെമ്പാടുമുള്ള അക്കാദമികളിലേക്കും മേരിയൻ സമൂഹങ്ങളിലേക്കും വ്യാപിപ്പിച്ചുകൊണ്ട് അതിനെ ആഗോള പൊന്തിഫിക്കൽ മേരിയൻ (Pontifical International Marian Academy) അക്കാഡമിയായി ഉയര്‍ത്തിയത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker