Public Opinion

മഴവില്‍ മനോരമ മാപ്പുപറഞ്ഞു!!! എത്രനാളത്തേയ്ക്ക്…

മഴവില്‍ മനോരമ മാപ്പുപറഞ്ഞു!!! എത്രനാളത്തേയ്ക്ക്...

ജോസ് മാർട്ടിൻ

“മഴവില്‍ മനോരമ മാപ്പുപറഞ്ഞു” പ്രോഗ്രാമിനിടെ സ്ക്രോള്‍ ചെയ്താണ് ക്ഷമാപണം നടത്തിയത്. കത്തോലിക്കാ സഭയെയും, വിശ്വാസ സത്യങ്ങളെയും മനോരമ ആക്ഷേപിക്കുന്ന പ്രവണത ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൃത്യമായ ഇടവേളകളില്‍ കത്തോലിക്കാ സഭയെ അവഹേളിക്കുന്ന സമീപനമാണ് മനോരമയില്‍ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്.

കുറച്ചു പിന്നോട്ട് പോയാല്‍ ഏറെ വിവാദമായ മറിയകുട്ടി കൊലകേസില്‍ നിരപരാധി ആയ ഫാ.ബെനഡിക്ട് ഓണംകുളത്തിനെതിരെ വ്യാജ ആരോപണങ്ങളുമായുള്ള മനോരമ പത്രപേജുകള്‍ ചിലര്‍ക്കെങ്കിലും ഓര്‍മ്മകാണും. അന്ന് തുടങ്ങി, ഒടുവിൽ അന്ത്യത്താഴചിത്രത്തെ വികലമാക്കി പ്രസിദ്ധീകരിക്കല്‍ മുതൽ ഇന്നിതാ കുമ്പസാരം എന്ന പരിപാവനമായ കൂദാശയില്‍ വരെ എത്തിനിൽക്കുന്നു. കേവലം ഒരു മാപ്പുപറച്ചില്‍ കൊണ്ട് തീരാവുന്നതല്ല ഈ അവഹേളനം. ഒരാളുടെ ജീവനെടുത്തിട്ട് മാപ്പ് പറയുന്നത് പോലെയേ ഇതിനെയും കരുതാനാവൂ.

മനോരമ എന്ന ഈ പ്രസ്ഥാനം തുടങ്ങിയതും, ഇപ്പോള്‍ നയിക്കുന്നവരും അപ്പോസ്തലിക പാരമ്പര്യമുള്ള കുമ്പസാരമെന്ന കൂദാശയെ അതിന്‍റെ വിശുദ്ധിയോടെ കാണുന്ന സമുദായത്തിലെ അംഗങ്ങള്‍ തന്നെ എന്നുള്ളതാണ് ഏറെ പരിതാപകരമായ മറ്റൊരു കാര്യം.

ഓരോ പത്രത്തിനും, ദൃശ്യമാധ്യമത്തിനും അവരുടേതായ-വ്യക്തമായ നിലപാടുകള്‍ ഉണ്ട്. അതിനു വിരുദ്ധമായി, അവരുടെ അനുവാദമില്ലാതെ പ്രവര്‍ത്തിക്കാന്‍ അതിനുള്ളിൽ പ്രവർത്തിക്കുന്ന ആർക്കും ഒരിക്കലും കഴിയില്ല. പ്രത്യേകിച്ച്, ഇത് ഒരു ലൈവ് ടെലികാസ്റ്റ്‌ അല്ലായെന്നിരിക്കെ, തലപ്പത്ത് ഇരിക്കുന്നവര്‍ വരെ കണ്ടതിനു ശേഷമേ ചെറിയ ചാനലുകൾ പോലും ഓണ്‍ എയര്‍ ചെയാന്‍ അനുവാദം നല്‍കാറുള്ളൂ. അതുകൊണ്ട്, താഴെക്കിടയില്‍ ഉള്ളവര്‍ എന്തെങ്കിലും കാട്ടിക്കൂട്ടിയതാണെന്ന് പറഞ്ഞ് കൈ ഒഴിയാന്‍ ‘ഈ മാധ്യമ ഭീമന്’ ഒരിക്കലും കഴിയില്ല. അങ്ങനെ വന്നാൽ അത് അവരുടെ മാനേജ്മെന്റിന്റെ പിടിപ്പുകേടാകും.

ഒരു വിശ്വാസ സമൂഹം പവിത്രമായി കാണുന്ന ഒരു കൂദാശയെ റേറ്റിങ്ങ് കൂട്ടാന്‍ വേണ്ടി, വികലമായി അവതരിപ്പിക്കലല്ല ഇന്ത്യന്‍ ഭരണഘടന (ആര്‍ട്ടിക്കിള്‍ 19) വിഭാവനം ചെയുന്ന “ആവിഷ്ക്കാര സ്വാതന്ത്ര്യം” എന്ന് എന്നാണാവോ ഇവരൊക്കെ മനസിലാക്കുക.

സഭയിലെ ഒറ്റപ്പെട്ട പ്രശ്നങ്ങളെ പര്‍വതീകരിക്കാനും, അതുവഴി സഭയുടെ വിശ്വാസങ്ങളെയും വൈദികരെയും സന്യസ്തരെയുമൊക്കെ അപമാനിക്കാനും, അവഹേളിക്കാനും ഇവര്‍ എപ്പോഴും ഒരുപടി മുന്‍പിലാണ് എന്നതാണ് കഴിഞ്ഞ കാലങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.

നമ്മള്‍ വിശ്വാസികളുടെ ഭാഗത്തുമുണ്ട് തെറ്റ്. കത്തോലിക്കാ പുരോഹിതന്‍മാരെ സിനിമ പോലുള്ള ദൃശ്യമാധ്യമങ്ങളില്‍ ആഭാസമായി അവതരിപ്പിക്കുമ്പോള്‍ നമ്മള്‍ കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു (ഒരു സിനിമയില്‍ രണ്ടു വൈദികര്‍ ഒരുമിച്ച് കുമ്പസാരക്കൂട്ടില്‍ ഇരുന്നു ഒരു സ്ത്രീയുടെ കുമ്പസാരം കേൾക്കുന്നത് തുടങ്ങി… എത്ര എത്ര സീനുകള്‍… പല സിനിമകളിലായി). അന്ന് നമ്മള്‍ പ്രതികരിച്ചില്ല. ദേവാലയങ്ങള്‍വരെ ചില്ലിക്കാശിനു വേണ്ടി ഷൂട്ടിങ്ങിനുകൊടുത്തു. അന്നും നമ്മൾ ആരും പ്രതികരിച്ചില്ല.

‘ഒരു കോമഡി പ്രോഗ്രാമില്‍ ഒലിച്ചു പോകുന്നതല്ല ക്രിസ്തീയ വിശ്വാസവും, കൂദാശകളും’ എന്ന മുരട്ടു ന്യായവും പറഞ്ഞ് പ്രതികരിക്കാതിരുന്നാല്‍ വരും നാളുകളിൽ ഇതിലപ്പുറവും കാണേണ്ടിവരും.

മതങ്ങളേയോ, ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തേയോ കരുതിക്കൂട്ടി അപമാനിക്കുന്ന തരത്തില്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ “ഐ.പി.സി. സെക്ഷന്‍ 295 എ” പ്രകാരം മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാവുന്ന കുറ്റമാണെന്ന് ഈ മാധ്യമ ചക്രവര്‍ത്തി ബോധപൂര്‍വ്വം മറന്നതാണോ? അതോ അത്തരത്തിൽ കോടതിയെ സമീപിക്കാനുള്ള നട്ടെല്ല് കത്തോലിക്കാ സഭയ്ക്ക് ഇല്ലായെന്ന മുൻവിധിയാണോ?

കേവലം ഒരു മാപ്പുപറച്ചില്‍ അല്ല നമുക്കാവശ്യം. സഭക്ക് എതിരായുള്ള നീക്കങ്ങള്‍ ആരുടെ ഭാഗത്ത്‌ നിന്നും ഇനി ഉണ്ടാവാതരിക്കാന്‍ വിശ്വാസ സമൂഹം/ യുവജന സംഘടനകള്‍ ശക്തമായി പ്രതിഷേധിക്കണം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker