Kerala

മാനന്തവാടി രൂപതയ്ക്ക് പുതിയ വികാരി ജനറലും പ്രൊക്യുറേറ്ററും

ജൂണ്‍ 27-ന് ചാര്‍ജ്ജെടുക്കും...

സ്വന്തം ലേഖകൻ

മാനന്തവാടി: മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി റവ.ഡോ.പോള്‍ മുണ്ടോളിക്കലും, പ്രൊക്യുറേറ്റര്‍ (ഫിനാന്‍സ് ഓഫീസര്‍) ആയി റവ.ഫാ.ജോണ്‍ പൊന്‍പാറക്കലും നിയമിതരായി. മാനന്തവാടി രൂപതയിലെ 2020-21 വര്‍ഷത്തെ വൈദികരുടെ സ്ഥലംമാറ്റത്തിനൊപ്പമാണ് പുതിയ നിയമനങ്ങള്‍ രൂപതാദ്ധ്യക്ഷന്‍ നടത്തിയിരിക്കുന്നത്. പുതിയ വികാരി ജനറാളും പ്രൊക്യുറേറ്ററും മാനന്തവാടി രൂപതയുടെ പൊതുസ്ഥലംമാറ്റ ദിവസമായ ജൂണ്‍ 27-ന് ചാര്‍ജ്ജെടുക്കുമെന്ന് മാനന്തവാടി രൂപതാ പി.ആർ.ഓ.ഫാ.ജോസ് കൊച്ചറക്കൽ അറിയിച്ചു.

റവ.ഡോ.പോള്‍ മുണ്ടോളിക്കൽ

1951 ഒക്ടോബര്‍ 16-ന് മുണ്ടോളിക്കല്‍ ജോസഫ് – ഏലിക്കുട്ടി ദമ്പതികളുടെ എട്ടുമക്കളില്‍ മൂത്തയാളായി തൊടുപുഴ ഏഴല്ലൂരിലാണ് ഫാ.പോള്‍ മുണ്ടോളിക്കലിന്റെ ജനനം. 1978-ല്‍ മാനന്തവാടി രൂപതയ്ക്കു വേണ്ടി വൈദികനായ ശേഷം മാനന്തവാടി രൂപതയുടെ മൈനര്‍ സെമിനാരി സ്പിരിച്വല്‍ ഡയറക്ടറും, നടവയല്‍ ഇടവകയുടെ അസിസ്റ്റന്‍റുമായി സേവനം ചെയ്തു. ചുണ്ടക്കര ഇടവകയില്‍ വികാരിയായി സേവനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഉപരിപഠനത്തിനായി റോമിലേക്ക് പോവുകയും, ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. തിരിച്ചെത്തിയ ശേഷം അഭിവന്ദ്യ തൂങ്കുഴി പിതാവിന്റെ സെക്രട്ടറിയായും, സിയോന്‍ കരിസ്മാറ്റിക് സെന്റെറിന്റെ ഡയറക്ടറായും സേവനം ചെയ്തു.

തുടർന്ന്, കളമശ്ശേരിയിലെ എമ്മാവൂസില്‍ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ കേരള സര്‍വ്വീസ് ടീം ചെയര്‍മാനായും, നാഷണല്‍ സര്‍വീസ് ടീമിന്റെ എക്സിക്യുട്ടീവ് മെമ്പറായും സേവനം ചെയ്ത ശേഷം എമ്മാനുവല്‍ പോത്തനാമുഴി പിതാവിന്റെ കാലത്ത് രൂപതാ ചാന്‍സലറായി സേവനമനുഷ്ഠിച്ചു. പിന്നീട്, ആലുവ മംഗലപ്പുഴ സെമിനാരിയില്‍ അദ്ധ്യാപകനായും സ്പിരിച്വല്‍ ഡയറക്ടറായും 2000 മുതൽ 2017 വരെ സേവനം ചെയ്തു. ആലുവ മംഗലപ്പുഴ സെമിനാരിയിലെ അവസാന രണ്ടു വര്‍ഷങ്ങള്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ദൈവശാസ്ത്ര ബിരുദാനന്തരബിരുദ കോഴ്സിന്റെ കോര്‍ഡിനേറ്ററായിരുന്നു. 2017 മുതല്‍ കണിയാരം കത്തീഡ്രല്‍ ഇടവകവികാരിയായി സേവനം ചെയ്തുവരികയായിരുന്നു.

ഫാ.ജോണ്‍ പൊന്‍പാറക്കല്‍

ഫാ.ജോണ്‍ പൊന്‍പാറക്കല്‍ ജോര്‍ജ്ജ് ചിന്നമ്മ ദമ്പതികളുടെ നാല് മക്കളില്‍ നാലാമനായി പയ്യംപള്ളിയില്‍ ജനിച്ചു. ആലുവ, കോട്ടയം സെമിനാരികളിലായി വൈദികപരിശീലനം പൂര്‍ത്തിയാക്കി, 2002-ല്‍ മാനന്തവാടി രൂപതയ്ക്കുവേണ്ടി വൈദികനായി. കൊട്ടിയൂര്‍, സുല്‍ത്താന്‍ ബത്തേരി ഇടവകകളില്‍ അസിസ്റ്റന്‍റായും, പൂളപ്പാടം ഇടവകയിലും കല്യാണ്‍ രൂപതയുടെ വിരാര്‍, പാല്‍ഗര്‍ ഇടവകകളിലും വികാരിയായും സേവനം ചെയ്തിട്ടുണ്ട്. കല്യാണ്‍ രൂപതയില്‍ സേവനം ചെയ്തിരുന്ന സമയത്ത് നിയമപഠനം (LLB) പൂര്‍ത്തിയാക്കി. ദ്വാരക വിയാനി ഭവന്‍ ഡയറക്ടറായിരുന്നു. 2014 മുതല്‍ മാനന്തവാടി രൂപതയുടെ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ മാനേജരായി സേവനം ചെയ്തു വരികയായിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker