Daily Reflection

മാർച്ച് 21: പടിവാതിൽ

ഉപമയിൽ രണ്ടു ലൊക്കേഷനുകൾ ഉണ്ട്: ധനവാനെയും ലാസറിനെയും വേർതിരിച്ചിരുന്നത് പടിവാതിൽ ആയിരുന്നു

ഇന്ന് ധനവാന്റെയും ലാസറിന്റെയും ഉപമയെപ്പറ്റി നമുക്കു വിചിന്തനം ചെയ്യാം (ലൂക്ക 16:19-31). ഈ ഉപമയിൽ രണ്ടു ലൊക്കേഷനുകൾ ഉണ്ട്: മരണത്തിനു മുൻപുള്ള ചുറ്റുപാടും, മരണത്തിനു ശേഷമുള്ള ചുറ്റുപാടും. മരണത്തിനു മുൻപുള്ള ചുറ്റുപാടിൽ ദൃശ്യമാകുന്ന ഏക വസ്തു ‘പടിവാതിൽ’ ആണ്. ധനവാനെയും ലാസറിനെയും വേർതിരിച്ചിരുന്നത് ഈ പടിവാതിൽ ആയിരുന്നു. മരണത്തിനു ശേഷമുള്ള ലൊക്കേഷനിൽ മൂന്നു കാര്യങ്ങൾ ഉണ്ട്: അഗാധമായ ഗർത്തം, അബ്രാഹത്തിന്റെ മടി, നരകം. ഇവിടെ ധനവാൻ നരകത്തിലും, ലാസർ അബ്രാഹത്തിന്റെ മടിയിലും. അവരെ തമ്മിൽ വേർതിരിച്ചിരുന്നത് അഗാധമായ ഗർത്തവും.

ഗർത്തങ്ങൾ എങ്ങനെയാണ് രൂപപ്പെടുന്നത്? അവിടെ ഉണ്ടാകേണ്ടിയിരുന്ന എന്തോ എങ്ങനെയോ നഷ്ടപ്പെട്ടപ്പോൾ അല്ലെ? ധനവാന് അബ്രാഹത്തിന്റെ മടിയിലേക്കു പ്രവേശിക്കാനുള്ള വഴിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതെങ്ങനെ നഷ്ടപ്പെട്ടു എന്ന് അറിയണമെങ്കിൽ മരണത്തിനു മുൻപത്തെ ലൊക്കേഷനിലുള്ള ‘പടിവാതിൽക്കൽ’ എന്ത് സംഭവിച്ചു എന്ന് അറിയണം. യഥാർത്ഥത്തിൽ, ധനവാന് അബ്രാഹത്തിന്റെ മടിയിലേക്കുള്ള പ്രവേശനം മരണത്തിനു മുൻപുള്ള ലൊക്കേഷനിലുള്ള പടിവാതിൽ വഴി ആയിരുന്നു. ആ പടിവാതിൽ ശ്രദ്ധിക്കാതിരുന്നതുകൊണ്ട്, അയാൾക്കു മരണശേഷമുള്ള ലോകത്തിൽ അബ്രാഹത്തിന്റെ മടിയിലേക്കുള്ള പടിവാതിലും നഷ്ടപ്പെട്ടു. പടിവാതിലിന്റെ സ്ഥാനത്തു രൂപപ്പെട്ടത് അഗാധമായ ഗർത്തമായിരുന്നു.

എന്തായിരുന്നു ധനവാൻ ചെയ്ത തെറ്റ്? ചെയ്യാൻ സാധിക്കുമായിരുന്നിട്ടും നന്മ ചെയ്യാതിരുന്നത്. സമ്പത്തുണ്ടായിരുന്നു എന്നതല്ല അയാൾക്കു സ്വർഗം നഷ്ടപ്പെടുത്തിയത്. അയാളുടെ സമ്പത്തുകൊണ്ട് അയാൾക്കു ചെയ്യാമായിരുന്ന നന്മകൾ ചെയ്യാൻ അയാൾ തയ്യാറായില്ല എന്നതായിരുന്നു കാരണം. ധനവാന് അബ്രാഹത്തിന്റെ മടിയിലേക്കുള്ള വിസയായിരുന്നു അയാളുടെ പടിവാതിൽക്കൽ കിടന്നിരുന്ന ലാസർ. അത് മനസ്സിലാക്കാൻ ധനവാന് സാധിച്ചില്ല.

നമ്മിൽ നിന്നും സഹായം അർഹിച്ച് നമ്മുടെ ജീവിതമാകുന്ന പടിവാതിൽക്കൽ കിടക്കുന്ന ലാസറുമാരെ സഹായിക്കാനുള്ള ബാധ്യത ഉണ്ട്. നമുക്ക് ലഭിച്ചിരിക്കുന്ന ജീവിത സാഹചര്യങ്ങളും കഴിവുകളും എല്ലാ അനുഗ്രഹങ്ങളും നാം കണ്ടുമുട്ടുന്നവരുടെ ഇല്ലായ്മയെ അകറ്റാൻ ഉപയോഗപ്പെടുത്താം. അങ്ങനെ അബ്രാഹത്തിന്റെ മടിയിലേക്കുള്ള പടിവാതിൽ സ്വന്തമാക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker