Daily Reflection

മാർച്ച് 24: അവസരം

ഇതുവരെ ഫലം പുറപ്പെടുവിക്കാൻ സാധിച്ചിട്ടില്ലായെങ്കിൽ, ദൈവം നമുക്ക് ഒരവസരം കൂടി നൽകുന്നു

ഇന്നത്തെ സുവിശേഷം (ലൂക്ക 13:1-9) നമ്മെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കുന്നു. ഇന്ന് യേശു പരാമർശിക്കുന്നത്, രണ്ടു സംഭവങ്ങളും ഒരു ഉപമയും ആണ്. ബലിയർപ്പിക്കാൻ വന്ന ഏതാനും ഗലീലിയരെ പീലാത്തോസ് വധിച്ച സംഭവവും, സീലോഹയിലെ ഗോപുരം ഇടിഞ്ഞുവീണ് പതിനെട്ടുപേര് കൊല്ലപ്പെട്ട സംഭവവും സൂചിപ്പിച്ചുകൊണ്ട് യേശു പറയുന്ന സന്ദേശം: “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും” എന്നാണ്. പശ്ചാത്തപിക്കുവാനായി ദൈവം ഒത്തിരിയേറെ അവസരങ്ങൾ നമുക്ക് നൽകുന്നുണ്ട്. എന്നാൽ നാളെയാകട്ടെ നാളെയാകട്ടെ എന്ന് പറഞ്ഞുമാറ്റിവച്ചാൽ നമുക്ക് ഇനി ഒരവസരം കൂടി ഉണ്ടോ എന്ന് അറിയില്ല. അതുകൊണ്ട് ഇന്ന് തന്നെ, ഇപ്പോൾ തന്നെ മാനസാന്തരപ്പെട്ട് ദൈവത്തിലേക്ക് തിരിയുവാൻ യേശു നമ്മെ ക്ഷണിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് യേശു, ഫലം തരാത്ത അത്തിവൃക്ഷത്തിന്റെ ഉപമ പറയുന്നത്.

അത്തിവൃക്ഷം പ്രത്യേക പരിചരണം ഒന്നും ആവശ്യമില്ലാതെ വളരുന്നതാണ്. എന്നാൽ മുന്തിരിചെടികൾ അങ്ങനെയല്ല. അവയ്ക്കു, യഥാസമയം ആവശ്യമായ പരിചരണങ്ങൾ ഏറെയായിരുന്നു. അവയുടെ പിന്നാലെ നടന്നു ശുശ്രുഷകൾ നൽകിയാൽ മാത്രമേ നല്ല ഫലം തരുകയുള്ളൂ. വെള്ളവും വളവും മറ്റു പരിചരണങ്ങളും യഥാസമയം നൽകിക്കൊണ്ടിരിക്കുന്ന മുന്തിരിത്തോട്ടത്തിനു നടുവിലാണ് അത്തിമരം നട്ടുപിടിപ്പിച്ചിരിക്കുന്നത്. അതായത്, മുന്തിരിത്തോട്ടത്തിന്റെ വെളിയിൽ നിൽക്കുന്ന ഏതൊരു അത്തിവൃക്ഷത്തെക്കാളും മെച്ചമായ ചുറ്റുപാടുകൾ മുന്തിരിത്തോട്ടത്തിൽ വച്ചുപിടിപ്പിച്ചിരിക്കുന്ന അത്തിമരത്തിനുണ്ട്. എന്നിട്ടും, അത് ഫലം നൽകുന്നില്ല. ഇങ്ങനെയുള്ള അത്തിമരത്തെയാണ് ‘വെട്ടിക്കളയാം’ എന്ന് യജമാനൻ പറയുന്നത്. എന്നാൽ, കൃഷിക്കാരൻ ‘ഒരവസരം കൂടി നൽകാം’ എന്ന് നിർദ്ദേശിക്കുന്നു.

നമ്മുടെ ഓരോരുത്തരുടെയും ആത്മീയ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും തിരുസ്സഭയിലൂടെ നമുക്ക് യഥാസമയം ലഭിക്കുന്നുണ്ട്. മെച്ചപ്പെട്ട ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നാം എങ്ങനെ ആത്മീയ ഫലങ്ങൾ പുറപ്പെടുവിക്കുന്നു എന്ന് നമുക്ക് വിചിന്തനം ചെയ്യാം. ഇതുവരെ ഫലം പുറപ്പെടുവിക്കാൻ സാധിച്ചിട്ടില്ലായെങ്കിൽ, ദൈവം നമുക്ക് ഒരവസരം കൂടി നൽകുന്നു. ഇന്ന് നാം വായിച്ചു കേൾക്കുന്ന ഉപമ, നമ്മുടെ ജീവിതത്തിലേക്ക് ദൈവം കൂടുതലായി നൽകുന്ന അവസരത്തെകുറിച്ച് പറയുന്നതുപോലെ, ശ്രദ്ധേയമായ മറ്റൊരുകാര്യം കൂടിയുണ്ട്: ‘ഈ അവസരം ഒരുപക്ഷെ, അവസാനത്തെ അവസരമാകാം’. ഈ ഉപമ നമുക്കുള്ള ഒരുമുന്നറിയിപ്പു കൂടിയാണ്. അതുകൊണ്ട്, ലഭിച്ചിരിക്കുന്ന അവസരവും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ആത്മീയജീവിതത്തിൽ വളരാൻ നമുക്ക് പരിശ്രമിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker