Sunday Homilies

Second Sunday_Ordinary time_year_A വിളിയും ദൗത്യവും വ്യത്യസ്ത കാഴ്ചപ്പാടുകൾ

"യേശുവാണ് ലോകരക്ഷകൻ" എന്ന് പ്ര ഘോഷിക്കേണ്ട വിളിയും, ദൗത്യവുമാണ് നമുക്ക് ഇന്നുള്ളത്...

ആണ്ടുവട്ടം രണ്ടാം ഞായർ

ഒന്നാം വായന: 49:3,5-6
രണ്ടാം വായന: 1 കൊറിന്തോസ് 1:1-3
സുവിശേഷം: വി.യോഹന്നാൻ 1:29-34

ദിവ്യബലിക്ക് ആമുഖം

ഒന്നാമത്തെ വായനയിൽ ഏശയ്യാ പ്രവാചകനും, രണ്ടാമത്തെ വിശുദ്ധ പൗലോസ് അപ്പോസ്തലനും നമ്മുടെ ജീവിതത്തിലെ വിളിയും ദൗത്യവും നാം സ്വീകരിക്കുന്നതെങ്ങനെ എന്നും അതിന്റെ ഉറവിടം എവിടെയാണെന്നും വ്യക്തമാക്കുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ സ്നാപകയോഹന്നാൻ യേശുവിനെ ‘ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’ എന്നു പറഞ്ഞുകൊണ്ട്, യേശുവിന്റെ പ്രത്യേകതകളെ വിവരിക്കുന്നു. ഈ തിരുവചനങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് നമ്മുടെ വിളിയും ദൗത്യത്തെയും പുന:ർവിചിന്തനം ചെയ്യാം, പുന:ക്രമീകരിക്കാം. ദിവ്യബലി അർപ്പിക്കാനും, ദൈവവചനം ശ്രവിക്കാനുമായി നമുക്ക് ഒരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന “ജീവിത ദൗത്യത്തിന്റെ” അഥവാ “നമ്മുടെ ദൈവവിളിയുടെ” അടിസ്ഥാനത്തിൽ നമുക്ക് ഇന്നത്തെ തിരുവചനങ്ങളെ വിചിന്തനത്തിന് വിധേയമാക്കാം.

ദൗത്യവും വിളിയും ഒന്നാം വായനയിൽ

ഇന്നത്തെ ഒന്നാം വായനയിൽ “സഹനദാസനെ” കുറിച്ചുള്ള ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ പ്രവാചകൻ പറയുന്നത് ഇപ്രകാരമാണ്: “യാക്കോബിനെ തിരികെ കൊണ്ടുവരുവാനും, ഇസ്രായേലിനെ ഒന്നിച്ചു ചേർക്കാനും ഗർഭത്തിൽ വച്ചുതന്നെ എന്നെ തന്റെ ദാസനായി രൂപാന്തരപ്പെടുത്തിയ കർത്താവ് അരുളിച്ചെയ്യുന്നു”. സഹനദാസൻ തന്റെ ദൗത്യത്തെക്കുറിച്ചും വിളിയെക്കുറിച്ചും പറയുന്നത്, ഈ വിളിയും ദൗത്യവും യാദൃശ്ചികമായി സംഭവിച്ചതല്ല, മറിച്ച് ദൈവത്തിന്റെ പദ്ധതിപ്രകാരം ഗർഭാവസ്ഥയിൽ വച്ച് തന്നെ അത് സംഭവിച്ചു എന്നാണ്. തത്തുല്യമായ വചനം നാം ജെറമിയ പ്രവാചകന്റെ പുസ്തകത്തിലും കാണുന്നുണ്ട്. അവിടെ ദൈവം പറയുന്നത്: “നീ നിന്റെ അമ്മയുടെ ഉദരത്തിലായിരിക്കുന്നതിന് മുൻപേ ഞാൻ നിന്നെ അറിഞ്ഞു, നീ ജനിക്കുന്നതിനു മുൻപേ നിന്നെ ഞാൻ വേർതിരിച്ചു. ജനതകളുടെ പ്രവാചകനായി ഞാൻ നിന്നെ അഭിഷേകം ചെയ്തു” (ജെറമിയ 1:5). ഈ രണ്ടു തിരുവചനങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്; നമ്മുടെ ജീവിതത്തിലെ ദൈവവിളിയും, ക്രിസ്ത്യാനി എന്ന നിലയിൽ നമ്മെ ഭരമേല്പിച്ച ഇരിക്കുന്ന ദൗത്യവും നമ്മുടെ കഴിവുകളും അർഹതയും കൊണ്ടല്ല മറിച്ച് ദൈവത്തിന്റെ പദ്ധതി പ്രകാരമാണ്. ആ പദ്ധതി നാം ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോഴെ ദൈവം രൂപപ്പെടുത്തി കഴിഞ്ഞു. ദൈവത്തിന്റെ ചിന്തയും പദ്ധതിയും പ്രകാരമാണ് നമ്മുടെ ജീവിതവും, വിളിയും, ദൗത്യവും മുന്നേറുന്നത്.

ഈ തിരുവചനങ്ങളുടെ അടിസ്ഥാനത്തിൽ നമുക്കൊരു നിമിഷം നമ്മുടെ ഇതുവരെയുള്ള ജീവിതത്തെയും, നമ്മുടെ ദൈവവിളിയെയും വീക്ഷിക്കാം. നമ്മെ സൃഷ്ടിച്ചവൻ തന്നെയാണ് നമ്മെ വിളിച്ചതും, ജ്ഞാനസ്നാനത്തിലൂടെ ക്രൈസ്തവ ദൗത്യം നമുക്ക് നൽകിയതെന്നും നമുക്ക് മനസ്സിലാക്കാം. ദൈവമാണ് എന്റെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും ഉടമ. നമ്മുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ചുറ്റുപാടുകൾ നമ്മുടെ വിളിയെയും ദൗത്യത്തെയും ഞെരുക്കുമ്പോൾ നമുക്ക് ഓർമ്മിക്കാം. ‘നാം ഈ ലോകത്തിലേക്ക് വരുന്നതിനു മുൻപേ തന്നെ ദൈവം എന്നെ തിരഞ്ഞെടുത്തു, അവന്റെ ദൗത്യ പൂർത്തീകരണത്തിനായി എന്നെ ഒരുക്കി. അതിനാൽ കർത്താവിന്റെ ദൗത്യം നിർവഹിക്കാൻ ഞാൻ ഭയപ്പെടേണ്ടതില്ല’.

ദൗത്യവും വിളിയും രണ്ടാം വായനയിൽ

ഒന്നാം വായനയിലെ വചനവും വ്യാഖ്യാനത്തെ ഊട്ടിയുറപ്പിക്കുന്ന തിരുവചനങ്ങളാണ് നാമിന്ന് രണ്ടാമത്തെ വായനയിൽ ശ്രവിച്ചത്. വിശുദ്ധ പൗലോസ് അപ്പോസ്തലൻ താൻ തന്നെ സ്ഥാപിച്ച കോറിന്തിലെ സഭയ്ക്ക് (കൂട്ടായ്മയ്ക്ക് / ഇടവകയ്ക്ക്) സഭാസ്ഥാപനത്തിനും 5 അഞ്ചുവർഷത്തിനുശേഷം വിശ്വാസികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും എ.ഡി. 54-55 കാലഘട്ടത്തിൽ ഉത്തരം നൽകുന്ന എഴുത്തിന്റെ ആദ്യഭാഗമാണ് നാമിന്ന് ശ്രമിച്ചത്. ഈ എഴുത്തിൽ നമ്മുടെ ശ്രദ്ധയാകർഷിക്കുന്ന വാക്യമാണ്: “യേശുക്രിസ്തുവിന്റെ അപ്പോസ്തലനായി ദൈവഹിതാനുസരണം പൗലോസും സഹോദരൻ സോസ്‌തേസും കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്ക് എഴുതുന്നത്”. ഇവിടെയും ശ്രദ്ധിക്കേണ്ട കാര്യം അപ്പോസ്തലൻ സ്വയം അപ്പോസ്തലനായി, സ്വന്തം അർഹതയാൽ അപ്പോസ്തലനായി എന്ന അഹങ്കരിക്കുന്നില്ല. മറിച്ച് താൻ അപ്പോസ്തലനായി വിളിക്കപ്പെട്ടത് ദൈവഹിതാനുസരണമാണെന്ന് വ്യക്തമാക്കുന്നു. അപ്പോസ്തലനായി സ്വയം വിളിക്കുക അല്ല, ദൈവമാണ് അവനെ വിളിക്കുന്നത്.

കോറിന്തോസിലെ സഭയിൽ അനൈക്യവും, പ്രശ്നങ്ങലുമുണ്ടായപ്പോൾ, വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ തന്നെ “അപ്പോസ്തലൻ” എന്ന പദവി, ആധികാരികത ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് തന്റെ വിശ്വാസ സമൂഹത്തെ “യേശുക്രിസ്തുവിൽ വിശുദ്ധരായവർക്കും, വിശുദ്ധരാകാൻ വിളിക്കപ്പെട്ടവർക്കും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം എല്ലായിടത്തും വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും” എന്ന് അഭിസംബോധന ചെയ്തു കൊണ്ട് എല്ലാവരെയും ഉൾപ്പെടുത്തി, എല്ലാവരെയും ബഹുമാനിച്ചുകൊണ്ട് തന്റെ ലേഖനം ആരംഭിക്കുന്നത്. നമ്മുടെ ഇടവകയിലും, കൂട്ടായ്മയിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും, നമ്മുടെ ദൈവവിളിയുടെയും ക്രൈസ്തവ ദൗത്യത്തിന്റെയും ആധികാരികത ചോദ്യം ചെയ്യപ്പെടുമ്പോഴും ഒക്കെ നമുക്ക് വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ ശൈലി മാതൃകയാക്കാം.

ദൗത്യവും വിളിയും സുവിശേഷത്തിൽ

സുവിശേഷത്തിൽ സ്നാപകയോഹന്നാൻ യേശുവിനു സാക്ഷ്യം നൽകുക എന്ന തന്റെ ദൗത്യവും വിളിയും ഭംഗിയായി നിർവഹിക്കുന്നത് നാം കാണുന്നു. അതോടൊപ്പം, ഈ സുവിശേഷഭാഗം രചിച്ചുകൊണ്ട് “ആരാണ് യേശു? ആരാണ് സ്നാപകയോഹന്നാൻ? ഇവർ തമ്മിലുള്ള വ്യത്യാസം എന്ത്?” എന്നീ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകി അന്നത്തെ വിശ്വാസ സമൂഹത്തിന്റെ ചിന്താക്കുഴപ്പത്തെ ദുരീകരിക്കുന്ന വിശുദ്ധ യോഹന്നാൻ സുവിശേഷകനും തന്റെ ദൗത്യം ഭംഗിയായി നിർവഹിക്കുന്നു.

യേശു തന്റെ അടുത്തേക്ക് വരുന്നത് കണ്ട് സ്നാപക യോഹന്നാൻ പറയുന്നത്: “ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്നാണ്. ദിവ്യബലിയിൽ യേശു നമ്മുടെ അടുത്തേക്ക് വരുന്നതിനു മുൻപ് പുരോഹിതനും ഈ വാക്യം ഏറ്റുചൊല്ലുന്നു. പാപം നീക്കുന്ന കുഞ്ഞാട് എന്നത് ബലിയർപ്പണത്തിന്റെ ഭാഷയാണ്. പഴയനിയമ ദൈവശാസ്ത്രമനുസരിച്ച് പാപികളുടെ മരണത്തിന് പകരമായി ബലിമൃഗത്തിന്റെ മരണം ദൈവം സ്വീകരിച്ചിരുന്നു. അതായത്, ബലിയർപ്പണ ത്തിലൂടെ പാപിക്ക് ജീവൻ ലഭിക്കുന്നു. ഈ പഴയനിയമ ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വേണം “യേശു ദൈവത്തിന്റെ കുഞ്ഞാട് ആണെന്ന” സ്നാപകന്റെ സാക്ഷ്യം നാം മനസ്സിലാക്കാൻ. ലോകത്തിന്റെ എല്ലാ പാപങ്ങൾക്കും പരിഹാരമായും, പാപികൾക്ക് ജീവൻ ഉണ്ടാകേണ്ടതിനും കുരിശിൽ ബലിയർപ്പിക്കപ്പെടുന്ന കുഞ്ഞാടാണ് യേശു. യോഹന്നാന്റെ സുവിശേഷമനുസരിച്ച് ജറുസലേം ദേവാലയത്തിൽ പെസഹ കുഞ്ഞാടിനെ ബലിയർപ്പിക്കുന്ന അതേ സമയത്ത് തന്നെയാണ് യേശു കുരിശിൽ തന്റെ ജീവിതം അർപ്പിക്കുന്നത്.

സ്നാപകനെപ്പോലെ ഈ ലോകത്തിന് മുൻപിൽ യേശുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് “യേശുവാണ് ലോകരക്ഷകൻ” എന്ന് പ്ര ഘോഷിക്കേണ്ട വിളിയും, ദൗത്യവുമാണ് ജ്ഞാനസ്നാനം സ്വീകരിച്ച നമുക്ക് ഓരോരുത്തർക്കും ഇന്നുള്ളത്. ഈ സാക്ഷ്യം നാം നിർവഹിക്കുമ്പോൾ, നമ്മുടെ വിളിയും ദൗത്യവും ദൈവത്തിൽ നിന്ന് നമുക്ക് വരുന്നതാണെന്ന ഏശയ്യാ പ്രവാചകന്റെയും, വിശുദ്ധ പൗലോസ് അപ്പോസ്തലന്റെയും വാക്കുകൾ നമുക്ക് മറക്കാതിരിക്കാം.

ആമേൻ.

Show More

One Comment

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker