Kerala

വിശുദ്ധ കുരിശിനെ അവഹേളിക്കലിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി കെ.സി.വൈ.എം.

വിശുദ്ധ കുരിശിനെ അവഹേളിക്കലിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി കെ.സി.വൈ.എം.

സ്വന്തം ലേഖകൻ

താമരശ്ശേരി: താമരശ്ശേരി രൂപതയിലെ കക്കാടംപൊയിൽ കുരിശുമലയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായ വിശുദ്ധ കുരിശിനെ അവഹേളിക്കുന്ന സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനും ആഭാസത്തരങ്ങൾക്കും എതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി കെ.സി.വൈ.എം. പ്രവേശനം നിരോധിച്ചിരിക്കുന്ന ഈ പ്രദേശത്ത് അതിക്രമിച്ചു കടക്കുകയും, കുരിശിന് മുകളിൽ കയറുകയും, ക്രൈസ്തവരെയും ക്രൈസ്തവ വിശ്വാസത്തെയും വെല്ലുവിളിക്കുകയും, സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് താമരശ്ശേരി രൂപതാ കെ.സി.വൈ.എം. ആവശ്യപ്പെട്ടു.

ഇവിടെയെത്തുന്നവർ പ്രദേശവാസികൾക്കും വലിയ ശല്യം സൃഷ്ടിക്കുന്നുണ്ട്. മതചിഹ്നങ്ങളെ അവഹേളിച്ച് വിശ്വാസികളെ വ്രണപ്പെടുത്തുന്നത് മത സ്പർദ്ധ വളർത്താനുള്ള ശ്രമമാണെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകണമെന്നും സമിതി പറഞ്ഞു. അതുപോലെതന്നെ, കുരിശു മലയിലെ പൈതൃക സ്മാരകത്തിന് സുരക്ഷ ഉറപ്പു വരുത്താൻ വേണ്ട നടപടികൾ തദ്ദേശസ്വയഭരണ സ്‌ഥാപനങ്ങളും പോലീസും മുൻകൈയെടുത്ത് ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.

ഗവണ്മെന്റ് സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് അടിയന്തിരമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും, വേണ്ടിവന്നാൽ സുരക്ഷാ ക്രമീകരണങ്ങൾക്ക് വേണ്ടതൊക്കെ നാട്ടുകാരുടെ സഹായത്തോടെ മുന്നിട്ടിറങ്ങി ചെയ്യുമെന്നും രൂപതാ സമിതി പ്രഖ്യാപിച്ചു. രൂപത പ്രസിഡന്റ് വിശാഖ് തോമസ്, രൂപതാ ഡയറക്ടർ ഫാ.ജോർജ് വെള്ളയ്ക്കാക്കുടിയിൽ, രൂപതാ ജനറൽ സെക്രട്ടറി അഭിലാഷ് കുടിപ്പാറ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.മാത്യു തൂമുള്ളിൽ, രൂപതാ വൈസ് പ്രസിഡന്റ് ലെറ്റിഷ ജോഷി തുടങ്ങിയവർ സംസാരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker