Daily Reflection

വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍

വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍

ആഗോള  കത്തോലിക്കാ സഭ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ജൂലൈ 3-ന് ആഘോഷിക്കുകയാണ്. ദുക്റാന തിരുനാൾ എന്ന് ഭാരതീയർ ഇതിനെ വിശേഷിപ്പിക്കുന്നു. ഈ സുന്ദര മുഹൂർത്തത്തിൽ ഏവർക്കും തിരുനാൾ മംഗളങ്ങൾ ആശംസിക്കുന്നു.

യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ തോമാശ്ലീഹായുടെ വിശ്വാസ തലത്തിന്റെ പ്രത്യേകതകൾ,  യേശുവുമായുള്ള വ്യക്തി ബന്ധത്തിന്റെ പ്രത്യേകതകൾ ഇവയെകുറിച്ചുള്ള ഒരെത്തിനോട്ടം നടത്തുകയാണ് ഈ വിചിന്തനത്തിന്റെ ഉദ്ദേശം.

വിശുദ്ധ ഗ്രന്ഥത്തിൽ നാല് സുവിശേഷങ്ങളിലും തോമാശ്ലീഹായെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാവുന്നതാണ്. മത്തായി 10: 23 മാർക്കോസ് 3: 13 യോഹന്നാൻ 11: 16 ലൂക്കോസ് 6: 15. ഈ സുവിശേഷങ്ങളിൽ യോഹന്നാന്റെ സുവിശേഷമാണ് തോമാശ്ലീഹയെക്കുറിച്ചു കൂടുതൽ വിശദീകരണം നൽകുക.

തോമാശ്ലീഹായുടെ വിശ്വാസ ജീവിതം മറ്റു ശിഷ്യന്മാരുടെ വിശ്വാസ ജീവിതത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു എന്ന് സുവിശേഷങ്ങൾ വ്യക്തമാക്കുന്നു. ‘ലോകത്തിന്റെ വെല്ലുവിളികളുടെ മുൻപിൽ ക്രിസ്തു ശിഷ്യർ വിശ്വാസ ജീവിതത്തിൽ ഭീരുക്കളായി തരംതാഴേണ്ടവരല്ല, മറിച്ച് ധീരതയോടെ അവയെ അഭിമുകീകരിക്കണ്ടവരാണ്’ എന്ന കാര്യങ്ങൾ തോമാശ്ലീഹായുടെ വിശ്വാസ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. യോഹന്നാൻ 11: 16-ൽ തോമാശ്ലീഹാ പറയുന്നു: “അവനോടൊപ്പം പോയി  നമുക്കും മരിക്കാം”.

വിശ്വാസ ജീവിതത്തിലെ വെല്ലു വിളികൾക്കെതിരായി യേശുവിനോടൊപ്പം ആയിരുന്നുകൊണ്ട്‌, പോരാടി മരണം കൈവരിക്കാനുള്ള തോമാശ്ലീഹായുടെ അസാമാന്യമായ ധീരത ഇവിടെ നമുക്ക് അനുകരണീയ മാതൃകയായി നിലകൊള്ളുന്നു.

തോമാശ്ലീഹായുടെ വിശ്വാസ ജീവിതത്തിന്റെ രണ്ടാമത്തെ പ്രത്യേകത യോഹന്നാൻ 14:5-ൽ നമുക്ക് കാണാവുന്നതാണ്. യേശുവിന്റെ പ്രബോധനങ്ങളുടെ അവ്യക്തത നിറഞ്ഞ മേഖലകളെ മറ്റു ശിഷ്യർ മുഖ പ്രീതിക്ക് വേണ്ടി മനസിലായി എന്ന് തല കുലുക്കുമ്പോഴും അവരുടെ നടുവിൽ വ്യക്തതക്കുവേണ്ടി ചോദ്യങ്ങൾ ഉന്നയിച്ചിരുന്ന തോമാശ്ലീഹാ ഉണ്ടായിരുന്നു. “കർത്താവെ! നീ എവിടേക്കു പോകുന്നുവെന്ന് ഞങ്ങൾക്കറിഞ്ഞു കൂടാ, പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും”?  തോമാശ്ലീഹായുടെ ശിഷ്യത്വത്തിന്റെ ആത്മാർത്ഥതയും സത്യസന്ധതയും നമുക്കിവിടെ ഗുണപാഠമായി മാറുന്നു.

‘അറിവല്ല അറിവിനെ ബോധ്യമാക്കുന്ന അനുഭവമാണ് വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാനം’ എന്ന ചിന്ത തോമാശ്ലീഹായെ ഒരുതരം പിടി വാശിയിലേക്കും അവകാശ വാദത്തിലേക്കും ആനയിച്ചിരുന്നു. യോഹന്നാൻ 20:25-ൽ നാം വായിക്കുന്ന തോമാശ്ലീഹായുടെ പിടിവാശിയുടെ കാരണമിതാണ്. തോമാശ്ലീഹാ യേശുവുമായുള്ള ബന്ധത്തെ ഒരു അനുഭവം ആക്കി മാറ്റുവാൻ ദാഹിക്കുന്നു. യേശുനാഥൻ തോമാശ്ലീഹായുടെ ഈ ആഗ്രഹത്തെ മാനിക്കുന്നതാണ് തുടർന്നുള്ള ഭാഗങ്ങൾ.

ആധുനിക മന:ശാസ്ത്രജ്ഞന്മാർ പറയുന്നത് വ്യക്തി ബന്ധങ്ങൾ ആഴപ്പെടുന്നത് മൂന്നു മേഖലകളിലൂടെ കടന്നു പോകുമ്പോഴാണ് ‘ദർശനം, സഹവാസം, സ്പർശനം’. യേശുവുമായുള്ള തോമാശ്ലീഹായുടെ ബന്ധത്തെ ഈ മൂന്ന് മേഖലകളിലൂടെ കടന്നു പോകുവാൻ യേശു അനുവദിച്ചുവെങ്കിൽ തോമാശ്ലീഹായുടെ വിശ്വാസം അനുഭവ തലത്തിൽ ആഴപ്പെട്ടതായിരുന്നു. അതിന്റ ബഹിർഗമനമാണ്  തോമാശ്ലീഹായുടെ വിശ്വാസ പ്രഘോഷണം. “എന്റെ കർത്താവെ എന്റെ ദൈവമേ!” നമ്മുടെ വിശ്വാസ ജീവിതങ്ങൾ അറിവിന്റെ തലത്തിൽ നിന്ന് അനുഭവ തലത്തിലേക്ക് മാറുവാൻ ഈ മാതൃക കാരണമാകട്ടെ .

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker