Kazhchayum Ulkkazchayum

ശാപമോക്ഷം കാത്തുകിടക്കുന്ന ശിലാഫലകങ്ങള്‍!!!

ശാപമോക്ഷം കാത്തുകിടക്കുന്ന ശിലാഫലകങ്ങള്‍!!!

വിഴിഞ്ഞം മുതല്‍ എറണാകുളം ചെറായി വരെ കടല്‍ഭിത്തി കെട്ടാനുളള കല്ലുകള്‍ ശിലാഫലകങ്ങളായി കഴിഞ്ഞ 10 വര്‍ഷം കൊണ്ടും കുഴിച്ചിട്ടുകഴിഞ്ഞു. ഇതിന്‍റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യം എന്താണ്? പ്രകടനപരത, പൊങ്ങച്ചം, കെടുകാര്യസ്ഥത, ആസൂത്രണമില്ലായ്മ, അണികളെ തൃപ്തിപ്പെടുത്തല്‍… വികസന നായകരായി മാറിക്കൊണ്ട് പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടൽ… ഒരുശിലാഫലകം കുഴിച്ചിടാന്‍ ലക്ഷങ്ങള്‍ ചെലവ് വേറെ…! ഉള്ളില്‍ തട്ടിയബോധ്യങ്ങളില്‍ നിന്നല്ലാ ഇത്തരം “കല്ലിടല്‍” ചടങ്ങുകള്‍ നടക്കുന്നത്. ആവശ്യകതാബോധം ഇല്ലാതെ, സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനുളള സ്ഥലസൗകര്യം, സമ്പത്ത്, മറ്റുവിഭവങ്ങള്‍ കണ്ടെത്താനാകാതെ കൈയടി നേടാനുള്ള ഇത്തരം ചെപ്പടി വിദ്യകൾ ഒരു നാടിന്‍റെ വികസനസ്വപ്നങ്ങളെയാണ് ശവപ്പറമ്പാക്കിമാറ്റുന്നത്…!

ജീവിതത്തിലായാലും, വികസനമേഖലയിലായാലും, നിര്‍മ്മാണമേഖലയിലായാലും ഒരുമുന്‍ഗണനാക്രമം അനിവാര്യമാണ്. ആവശ്യം-അത്യാവശ്യം-അവശ്യം എന്നിവ മുന്‍ഗണനാക്രമത്തില്‍ എല്ലാ തീരുമാനങ്ങളിലും പാലിക്കണം. ചില സംരംഭങ്ങള്‍ക്ക് ‘ഒരു സാഹസികത” അനിവാര്യമായിവന്നേക്കാം. നാം ബോധപൂര്‍വം ഏറ്റെടുത്തു കഴിഞ്ഞാല്‍ അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ബാധ്യസ്ഥരാണ്. പ്ലാന്‍ മാത്രം പോര, ബജറ്റും ഉണ്ടാവണം. ചില പദ്ധതികള്‍ പഞ്ചവത്സര പദ്ധതികളായി കണ്ട് പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്. ചിലത് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കേണ്ടിവരും. അപ്പോഴും സൂഷ്മതയും ജാഗ്രതയും പാലിക്കണം. നാം കാണുന്ന ചില വസ്തുതകള്‍, ഒരു സര്‍ക്കാറിന്‍റെ സമയത്ത് കല്ലിട്ടാല്‍, അടുത്ത സര്‍ക്കാര്‍ ആ ഭാഗത്തേക്ക് 5 വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കില്ല. ഇതിനകം “ശിലാഫലകം സ്ഥാപിച്ച സ്ഥലവും പരിസരവും” കളളന്മാരുടെ ആവാസകേന്ദ്രമായി മാറിക്കഴിയും. ഇവിടെ, ഭരണത്തിന്‍റെ ശീതളച്ചായയില്‍ കഴിയാനാണ് എല്ലാ പാര്‍ട്ടിക്കാര്‍ക്കും താല്‍പര്യം. ജനനന്മയും, പുരോഗതിയും, വികസനവും, സമാധാനവുമല്ലാ സ്വന്തം കാര്യം സിന്ദാബാദ്, സ്വന്തം പാര്‍ട്ടി സിന്ദാബാദ്. സ്വാര്‍ത്ഥത പെറ്റുപെരുകി ജീര്‍ണ്ണത ബാധിക്കുമ്പോള്‍, ജനം പ്രതിഷേധിക്കാനും പ്രതിരോധം തീര്‍ക്കാനും മുന്നോട്ടുവരുമെന്നതില്‍ തര്‍ക്കമില്ല.

എന്തുമാത്രം ഊര്‍ജ്ജവും, സമ്പത്തും, കഴിവുമാണ് വൃഥാ ചെലവഴിക്കുന്നതെന്ന് ചിന്താശീലവര്‍, ഏതെങ്കിലും പ്രത്യയ ശാസ്ത്രത്തിന്‍റെ കെണിയില്‍ കുരുങ്ങുന്നതിനു മുമ്പ് ചിന്തിക്കുന്നത് നന്നായിരിക്കും. സമയം വിലപ്പെട്ടതാണ്. കാലം ഒന്നിനുവേണ്ടിയും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല. അനാസ്ഥയും കെടുകാര്യസ്തതയും അക്ഷന്തവ്യമായ അപരാധമാണ്. ശിലാഫലകങ്ങള്‍ക്ക് ശാപമോക്ഷം നല്‍കാന്‍ യത്നിക്കാം!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker