Daily Reflection

അറിഞ്ഞതെത്രെയോ തുച്ഛം

സത്യത്തെ തേടിയുള്ള യാത്രയിൽ നമ്മളെത്രെയോ പുറകിലാണ്...

യോഹന്നാന്റെ സുവിശേഷം 5:31 മുതൽ 47 വരെയുള്ള ഭാഗത്ത് യേശുവിനെക്കുറിച്ചുള്ള സാക്ഷ്യത്തെക്കുറിച്ചാണ് പറയുന്നത്. ഇവിടെ 11 പ്രാവശ്യം സാക്ഷ്യം, സാക്ഷ്യപ്പെടുത്തുക എന്നീ പദങ്ങൾ ഉപയോഗിക്കുന്നുണ്ട്. സാക്ഷ്യം നൽകുകയെന്ന് പറഞ്ഞാൽ എനിക്ക് വെളിവാക്കപ്പെട്ട സത്യം എന്നിലൂടെ അപരന് കൈമാറുന്നു. അത് അവന് വെളിവാക്കപ്പെട്ട സത്യത്തിലൂടെ അപരനിലേക്കു കൈമാറുന്നു. അങ്ങിനെ സത്യം വളരുന്നു. ഇവിടെ സാക്ഷ്യം സത്യത്തെകുറിച്ചാണ്, അഥവാ സത്യം തന്നെയായ യേശുവാണ് ഇവിടെ സാക്ഷ്യത്തിന്റെ ആധാരം. ഈ സത്യത്തെ തിരിച്ചറിയാതെ പോയ ജനങ്ങളോടാണ് യേശു നിങ്ങളിൽ വചനം നിലനിൽക്കുന്നില്ലായെന്ന്. അവർക്കുമുന്നിലുള്ള ഒരു വെല്ലുവിളികൂടിയാണിത്. കാരണം, വചനം അനുഷ്ഠിക്കുന്ന ഒരു ജനസമൂഹത്തിന്റെ മുന്നിലാണ് അവരെ തിരുത്തുന്നത്. എന്നാൽ യേശുവിന്റെ സാക്ഷ്യം സത്യമായിരുന്നു. കാരണം, നിയമവാർത്തനം 19:15-ൽ പറയുന്നു, “സത്യാവസ്ഥ തീരുമാനിക്കാൻ ഒരു സാക്ഷിപോരാ, രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിവേണം”. ഇവിടെ യേശുതന്നെ പറയുന്നു, ഞാൻ തന്നെയല്ല എനിക്ക് സാക്ഷ്യം (യോഹ 5:31).

ആരൊക്കെയാണ് ഈ മൂന്നുസാക്ഷികൾ?

1) സ്നാപകയോഹന്നാൻ (യോഹ 5). അവൻ സത്യത്തിനു സാക്ഷ്യം നൽകി.
2) യേശുവിന്റെ പ്രവർത്തികളും, അവന്റെ അത്ഭുതങ്ങളും വഴി പിതാവായ ദൈവം തന്നെ സാക്ഷ്യം നൽകുന്നു ( യോഹ 5:36, പിതാവായ ദൈവം എനിക്ക് സാക്ഷ്യം നൽകുന്നു (യോഹ 5:37 ).
3) വിശുദ്ധ ലിഖിതം തന്നെ സാക്ഷ്യം നൽകുന്നു (യോഹ 5:39). കാരണം യേശുവിന്റെ ആരംഭവും അവന്റെ വ്യക്തിത്വവും വചനം തന്നെയാണ്, വചനത്തിന്റെ പൂർത്തീകരണവും വചനത്തിന്റെ ജീവിക്കലുമാണ്.

ഇതുമൂന്നും മനസിലാക്കാത്ത യഹൂദ ജനം വചനം കേൾക്കുക മാത്രം ചെയ്യുന്ന, ബാഹ്യമായി അനുഷ്ഠിക്കുക മാത്രം ചെയ്യുന്നവരാണെന്ന് യേശുകുറ്റപ്പെടുത്തുന്നു. ഈജിപ്തിൽ നിന്നും കൊണ്ടുവന്ന ഇസ്രായേൽ ജനം ദൈവത്തിന്റെ സാന്നിദ്ധ്യം കൂടെയുണ്ടായിട്ടുപോലും അവിടുത്തെ ഗ്രഹിക്കാതിരുന്നപോലെത്തന്നെ. അവരെ കർത്താവായ ദൈവം വിളിക്കുന്നത്, ദുശ്ശാഠ്യക്കാരായ ജനമെന്നാണ് (പുറപ്പാ. 32:9). ഫറവോയുടെ മുന്നിൽ മഹാമാരികൾ അയക്കുമ്പോഴൊക്കെ ഫറവോയുടെ ഹൃദയം കഠിനമായി എന്നുപറയുമ്പോൾ ഉപയോഗിച്ച അതേവാക്കാണ് ജനത്തെക്കുറിച്ചും പറയുന്നത്, അവർ കഠിനഹൃദയരായ ജനമെന്നാണ് ദുശ്ശാഠ്യക്കാർഎന്ന വാക്കിന്റെ മൂലാർത്ഥം. എന്നുവച്ചാൽ ഒരിക്കലും അനുസരിക്കാത്ത ഒരു ജനം. അതെ അർഥം തന്നെയാണ് യേശുവും യഹൂദജനത്തെക്കുറിച്ച് പറയുമ്പോഴും മനസിലാക്കേണ്ടത്. വചനം കേൾക്കുന്നുണ്ട്, പക്ഷെ ഒരുവാക്കുപോലും മനസിലാക്കാത്ത ഹൃദയകാഠിന്യമുള്ള ഒരു ജനതയെന്നർത്ഥം. കാരണം അവർക്കു ദൈവത്തോടുള്ള ബന്ധം ഭയമാണ്, ദൈവത്തിന്റെ വചനമല്ല മനുഷ്യരുടെ മഹത്വമാണ് വലുത്, ആയതിനാൽ മനുഷ്യമഹത്വത്തിനും വ്യക്തിപരമായ താല്പര്യങ്ങൾക്കുംവേണ്ടിയാണ് വചനം മനസ്സിലാക്കിയതും വിശദീകരിച്ചതും.
ഈ ഒരു ഹൃദയകാഠിന്യം നമുക്കും സംഭവിച്ചുപോകുന്നുണ്ട്. ദൈവിക കാര്യങ്ങളെക്കുറിച്ച് നമ്മുടെ അറിവിന്റെ പരിമിതി മനസ്സിലാകാതെ, എല്ലാം അറിഞ്ഞവരെന്ന ഭാവത്തിൽ ദൈവിക കാര്യങ്ങളെ നമ്മുടെ ബുദ്ധിയിൽ ഒതുക്കാനുള്ള ഒരു അഹങ്കാരത്തിന്റെ ശ്രമം നമുക്കുണ്ട്. അറിഞ്ഞതെത്രയോ ചെറുത്, അറിയാത്തത്രയോ അധികമെന്നു എളിമയോടെ ചിന്തിച്ച് ദൈവത്തെ അറിയുവാനുള്ള വഴികളിൽ ഇനിയുമെത്രെയോ ദൂരം നമുക്ക് യാത്ര തുടരേണ്ടതുണ്ട്. നീ കണ്ട, നീ അറിഞ്ഞ ക്രിസ്തു നിന്റെ പരിമിതികൾക്കുള്ളിൽ അറിഞ്ഞ, നിന്റെ പരിമിതികൾക്കുള്ളിൽ കണ്ട ക്രിസ്തുവാണ്. സത്യത്തെ തേടിയുള്ള യാത്രയിൽ നമ്മളെത്രെയോ പുറകിലാണ്. കഠിനപ്പെട്ട ഹൃദയങ്ങളെ അവിടുത്തെ കാരുണ്യത്താൽ മൃദുവാക്കാം, അവിടുത്തെ ദാസനായ അബ്രാഹത്തെയും ഇസഹാക്കിനെയും ഇസ്രയേലിനെയും ഓർത്ത് എന്റെ കുറവുകൾ പരിഹരിക്കണമേയെന്ന പ്രാർത്ഥനയോടെ വചനത്തിന്റെ സാക്ഷ്യത്തിലൂടെ, ക്രിസ്തുനമുക്കായി അനുദിനം ചെയ്യുന്ന നന്മകളിലൂടെ, നമുക്കായി സഭയും പൂർവ്വപിതാക്കന്മാരും തന്ന സാക്ഷ്യത്തിലൂടെ ഇനിയും മുന്നേറാം, പ്രത്യേകമായി നോമ്പിന്റെ ഈ കാലഘട്ടത്തിൽ അവിടുത്തെ കുരിശിന്റെ വഴിയേ ധ്യാനിച്ചുകൊണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker