Kazhchayum Ulkkazchayum

അസ്ഥികള്‍ പൂക്കുമ്പോള്‍

അസ്ഥികള്‍ പൂക്കുമ്പോള്‍

അസ്ഥികള്‍ പൂക്കുമ്പോള്‍… അസ്തിത്വം താരും തളിരും അണിയുകയായി. കത്തുന്ന മുള്‍പ്പടര്‍പ്പിന് നടുവില്‍ പുത് നാമ്പിന്‍റെ മഹാദൃശ്യം.

മരണത്തിന്‍റെ മരവിപ്പിനുളളില്‍ ജീവന്‍റെ പ്രവാഹം. അതെ… ദൈവാത്മാവിന്‍റെ ഇടപെടലുണ്ടാകുമ്പോള്‍ സ്വാഭാവികതലത്തില്‍ നിന്ന് നമ്മെ അതിസ്വാഭാവിക തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും… മരണത്തിന്‍റെ ജീര്‍ണതയില്‍ നിന്ന് അമരത്വത്തിലേക്കുളള പ്രയാണം.

ഉത്തുംഗവും ഉദാത്തവുമായ ഉണ്മകൈവരിക്കാനുളള ത്രസിപ്പില്‍ മാംസത്തില്‍ നിന്നു വേര്‍പെട്ട അസ്ഥികളുടെ തുടര്‍ചലനം പുതിയ ചര്‍മ്മത്തിന് രൂപം നല്‍കി. മാംസത്തില്‍, മജ്ജയില്‍, മസ്തിഷ്കത്തില്‍, ജീവന്‍റെ സൂര്യോദയം! ഒരു പുതിയ സൃഷ്ടി ജന്മം കൊളളുവാനുളള ഈറ്റുനോവിന്‍റെ ഹൃദയതാളം… ലയസാന്ദ്ര സംഗീതമായി, അസ്ഥികളുടെ താഴ്വര പുഷ്പിക്കുകയായി…! ഹൃദയ ധമനികളില്‍, സിരാപടലങ്ങളില്‍, വിചാരവികാര കേന്ദ്രങ്ങളില്‍ നിര്‍വൃതിയുടെ അവാച്യമായ അനുഭൂതി ധാരമുറിയാതെ ഒഴുകുകയായി… പ്രകാശമാനമായ പുതിയൊരു ചക്രവാളം ദൃശ്യമായി. അങ്ങനെ കര്‍മ്മനിരതമായ ദൈവത്തിന്‍റെ ആത്മാവ് ക്ഷണഭംഗുരമായ മനുഷ്യ പ്രകൃതിയെ വാരിപ്പുണര്‍ന്നു… ഹാ… ഭംഗിയായിരിക്കുന്നു… മനോഹരമായിരിക്കുന്നു… ദൈവാത്മാവിന്‍റെ ആത്മഗതം…!

ആത്മീയ ജീവന്‍ പടിയിറങ്ങിപ്പോയ മനുഷ്യജീവിതം മൃതസമാനമാക്കി. പ്രവര്‍ത്തി കൂടാതെയുളള വിശ്വാസവും മൃതം തന്നെ. ചലനാത്മകത ജീവന്‍റെ തുടിപ്പാണ്. ദൈവത്തിന്‍റെ യജമാന പദ്ധതി എസക്കിയേല്‍ പ്രവാചകനിലൂടെ പ്രസാദാത്മകമായ അസ്തിത്വം കൈവരിച്ചു. എസക്കിയേല്‍ 37-ാം അധ്യായം 1 മുതല്‍ 14 വരെയുളള തിരുവചനത്തെ ഹൃദയാഹ്ളാദപൂര്‍വം നമുക്കു ധ്യാനിക്കാം.

മരണം 3 വിധമാണ്; സ്വാഭാവിക മരണം, വൈദ്യശാസ്ത്രപരമായ മരണം (Clinical Deth), പാപത്താലുളള മരണം. മരണത്തെ നിദ്ര എന്നാണ് യേശു വിളിക്കുന്നത്. ധൂര്‍ത്ത പുത്രന്‍ മടങ്ങിവന്നപ്പോള്‍ അപ്പന്‍ സന്തോഷത്തോടെ ഉദ്ഘോഷിച്ചു. ഈ മകന്‍ മരിച്ചവനായിരുന്നു… ഇപ്പോള്‍ അവന്‍ വീണ്ടും ജീവിക്കുന്നു… പാപത്തിന് അടിമയാകുന്ന മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചവനാണ്…! “ജീവന്‍റെയും മരണത്തിന്‍റെയും ഇടക്കുളള തുടര്‍ സ്പന്ദനമാണ് നമ്മുടെ കൊച്ചുജീവിതം”! ജീവന്‍റെ നാഥനെ മുറുകെപ്പിടിച്ചു മുന്നേറാം. അന്ത്യകാഹളം മുഴങ്ങുമ്പോള്‍ ജീവന്‍റെ പുസ്തകത്തില്‍ പേര്‍ ചേര്‍ക്കപ്പെട്ടവരായി കാണുവാന്‍ ദൈവമയമുളള ജീവിതം നയിച്ച്, ദൈവ മേഖലയില്‍ നമുക്കു വ്യാപരിക്കാം. ജീവന്‍ നല്‍കാന്‍, ജീവന്‍ സമൃദ്ധമായി നല്‍കാന്‍ വന്ന യേശുവിനോടൊപ്പം ആയിരിക്കാന്‍ തീവ്രമായി യത്നിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker