Articles

ആരാണ് ഗാഡ്ഗിലിനെ എതിര്‍ത്തത്??? കത്തോലിക്കാസഭയുടെ പരിസ്ഥിദര്‍ശനം എന്താണ്???

ആരാണ് ഗാഡ്ഗിലിനെ എതിര്‍ത്തത്??? കത്തോലിക്കാസഭയുടെ പരിസ്ഥിദര്‍ശനം എന്താണ്???

ഫാ. നോബിൾ തോമസ്

ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതി ഒരു വര്‍ത്തമാനകാലപ്രതിസന്ധിയാണ്. കേരളത്തിലുണ്ടായ പ്രളയം പ്രകൃതിചൂഷണത്തിന്‍റെ അനന്തരഫലമാണെന്ന വിദഗ്ദാഭിപ്രായങ്ങളും അംഗീകരിക്കേണ്ടതാണ്. എന്നാല്‍ പ്രകൃതിചൂഷണത്തിന് പിന്നില്‍ ഏതെങ്കിലും ഒരു പ്രത്യേകവിഭാഗം മാത്രമാണെന്ന് വാദിക്കുന്നതില്‍ യുക്തിഭംഗമില്ലേയെന്നതാണ് സംശയം. പ്രകൃതിചൂഷണങ്ങളുടെ പിന്നില്‍ ക്രൈസ്തവസഭകളാണെന്ന് വാദിക്കുന്നത് ക്രൈസ്തവവിശ്വാസത്തിനെതിരേയുള്ള സംഘടിതമായ ആക്രമണങ്ങളുടെ ഭാഗം മാത്രമാണ്. പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാന്‍ നിയുക്തരായ മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ട് വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കപ്പെട്ടപ്പോള്‍അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയായ പ്രതികരണങ്ങളുണ്ടായി.

കൃഷിഭൂമിയും താമസസ്ഥലവും നഷ്ടപ്പെടുമെന്നോര്‍ത്ത് ആകുലരും അസ്വസ്ഥരുമായ പാവപ്പെട്ട ജനവിഭാഗത്തോടൊപ്പം കേരളകത്തോലിക്കാസഭ നിലപാടുകളെടുത്തു എന്നത് സത്യം തന്നെയാണ്. അതേസമയം, പ്രകൃതിയില്‍അധിവസിക്കുന്ന മനുഷ്യരെ അവഗണിക്കാത്ത സുസ്ഥിരവും സമഗ്രവുമായ പാരിസ്ഥിതിക നിലപാടുകള്‍ ഉണ്ടാവണമെന്നു തന്നെയാണ് സഭ ആവശ്യപ്പെടുന്നതും. കേരളത്തിലെ ഒരു അഭിഭാഷകന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നതുപോലെ പാതിരിമാരും പാറമടക്കാരും മാത്രമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തത് എന്ന വാദം പച്ചക്കള്ളമാണ്. ഇടുക്കിയിലും താമരശ്ശേരിയിലും മാനന്തവാടിയിലും ഉരുള്‍പൊട്ടി ആള്‍നാശവും കൃഷിനാശവും ഉണ്ടാകുന്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തി പാതിരിമാര്‍ക്ക് മനസ്സിലാകുന്നുണ്ട് എന്ന് എഴുതുന്ന പ്രസ്തുത അഭിഭാഷകന്‍ ക്രിസ്തീയ പുരോഹിതരോടും ക്രൈസ്തവവിശ്വാസത്തോടുമുള്ള അന്ധമായ വിരോധത്തിന്‍റെ കണ്ണട ഊരിവച്ചിട്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നേരിട്ട എതിര്‍പ്പുകളെക്കുറിച്ച് നിഷ്പക്ഷമായി പഠിക്കണം.

ഒറ്റവായനയില്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന ഏഴ് പ്രധാനവിമര്‍ശനങ്ങള്‍ സൂചിപ്പിക്കുകയാണ്.

1. യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചുകൊണ്ടും പ്രകൃതിയെ മാത്രം പരിഗണിച്ചു കൊണ്ടുമുള്ള റിപ്പോര്‍ട്ടാണിത്.

2. നടപ്പിലാക്കാന്‍ പ്രയാസമുള്ള നിര്‍ദ്ദേശങ്ങളാണ് ഇതില്‍ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

3. പല സംസ്ഥാനങ്ങളുടെയും വികസനപ്രവര്‍ത്തനങ്ങളെയും ഊര്‍ജ്ജോല്പാദനത്തെയും തടസ്സപ്പെടുത്തുന്ന രീതിയില്‍ പശ്ചിമഘട്ടത്തില്‍ ഒരു പരിസ്ഥിതി ലോല സംരക്ഷണകവചമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നത്. ഇത് അംഗീകരിക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറല്ലായിരുന്നു.

4. പശ്ചിമഘട്ടത്തിന്‍റെ സംരക്ഷണത്തിനുവേണ്ടി ഗാഡ്ഗില്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റിയുടെ ആവശ്യമില്ലെന്നും നിലവിലിരിക്കുന്ന നിയമങ്ങളനുസരിച്ചുള്ള സംവിധാനങ്ങള്‍ മതിയെന്നും ഭരണതലത്തില്‍വാദങ്ങളുയര്‍ന്നു.

5. ഈ റിപ്പോര്‍ട്ട് നടപ്പില്‍ വരുന്പോള്‍ ഉണ്ടാകാന്‍ പോകുന്ന വരുമാനനഷ്ടം പരിഹരിക്കാനുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിട്ടില്ലാത്തതും വിമര്‍ശനത്തിനിടയാക്കി.

6. പശ്ചിമഘട്ടത്തിലെ ഡാമുകള്‍ക്ക് എതിരെയുള്ള നിര്‍ദ്ദേശങ്ങള്‍ ഊര്‍ജ്ജോല്പാദനമേഖലക്ക് ലഭിക്കുന്ന കനത്ത ആഘാതമായിട്ടാണ് വിലയിരുത്തപ്പെട്ടത്. ഊര്‍ജ്ജപ്രതിസന്ധി നേരിടുന്ന ഒരു രാഷ്ട്രമെന്ന നിലയില്‍ ഇത് അസാദ്ധ്യമാണെന്ന ചിന്തയും ഭരണതലത്തില്‍ രൂപപ്പെട്ടു.

7. മണല്‍, ക്വാറി മാഫിയകളുടെ ശക്തമായ എതിര്‍പ്പും രൂപപ്പെട്ടു. ഗോവ കേന്ദ്രീകരിച്ച് മണല്‍ ഖനനവും ക്വാറികളും നടത്തുന്ന സംഘങ്ങള്‍ ശകത്മായി രംഗത്തുവന്നു. ജനങ്ങളെ ഭീതിപ്പെടുത്തുന്ന പ്രചരണങ്ങളും അവര്‍ നടത്തി.

ചുരുക്കത്തില്‍, രാഷ്ട്രീയവും ഭരണപരവും സാമൂഹികവും സാന്പത്തികവും പ്രായോഗികവുമൊക്കെയായ നിരവധി കാരണങ്ങളുടെ പേരിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിമര്‍ശനങ്ങള്‍ നേരിടുകയും ബഹിഷ്കരിക്കപ്പെടണമെന്ന ആവശ്യം സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്ന് ഉയരുകയും ചെയ്തത്. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരേ നിലകൊണ്ടത് കേരളത്തിലെ കത്തോലിക്കാസഭ മാത്രമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ഗൂഢവും സംഘടിതവുമായ ശ്രമങ്ങള്‍ പലഭാഗങ്ങളില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാനും വിലയിരുത്താനും വിശ്വാസികളെങ്കിലും പരിശ്രമിക്കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചുള്ള തിരുസ്സഭയുടെ വിശാലകാഴ്ചപ്പാടിനെക്കുറിച്ചു പഠിക്കുന്നതും ഈ വിഷയത്തിലെ തെറ്റിദ്ധാരണകള്‍ അകറ്റുന്നതിന് ഉപകരിക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker