Articles

ആരോപണങ്ങളിൽ അടിപതറാത്ത സമർപ്പിതർ

ജനങ്ങളുടെ ഇടയിൽ ഉയർത്തപ്പെട്ട അടയാളവും വെളിച്ചവുമാണ് സമർപ്പിതർ...

സി.ജെസ്സിൻ എൻ.എസ്.

സഭാമക്കൾക്കും മാനവകുലത്തിനും പ്രകാശമായി തീർന്ന മിശിഹാ, തന്റെ ജീവിതത്തിലൂടെ വരച്ചു പൂർത്തിയാക്കിയ ചിത്രം മനുഷ്യവംശത്തെ സ്നേഹിക്കുന്ന പിതാവായ ദൈവത്തിന്റെ മുഖമാണ്. ‘സ്നേഹം’ ക്രൈസ്തവന്റെ, മിശിഹാ ശിഷ്യന്റെ അടയാളമാണ്. നിങ്ങൾക്ക് പരസ്പര സ്നേഹം ഉണ്ടെങ്കിൽ, അത് മൂലം നിങ്ങൾ എന്റെ ശിഷ്യരാണെന്ന് ലോകം അറിയു’മെന്ന് മിശിഹാ ശിഷ്യന്മാരെ ഓർമിപ്പിക്കുന്നു (യോഹന്നാൻ13:35). വിശ്വസിക്കുകയും, പ്രത്യാശിക്കുകയും, സ്നേഹിക്കുകയും, ശുശ്രൂഷിക്കുകയും ചെയ്യുന്ന സമൂഹമാണ് ക്രൈസ്തവ സമൂഹം. സഭാമക്കളുടെ മൗലിക സ്വഭാവവും ഇതുതന്നെയാണ്. അതിനാൽ സഭയെ സംബന്ധിച്ചിടത്തോളം ദൈവ സ്നേഹത്തിന്റെ മറുവശമാണ് ശുശ്രൂഷയും, ഉപവി പ്രവർത്തനവും. അതിനാൽ തന്നെ, മനുഷ്യന്റെ സഹനങ്ങളിലും അവന്റെ ഭൗതികആവശ്യങ്ങൾ ഉൾപ്പെടുന്ന കാര്യങ്ങളിലും ശ്രദ്ധചെലുത്തുന്നത്തിനുവേണ്ടി കത്തോലിക്കാ സഭ നിർവഹിക്കുന്ന സേവനങ്ങൾ നിരവധിയാണ്. അങ്ങനെ ശ്രുശൂഷാ നിർവ്വഹണത്തിനായി ജനങ്ങളുടെ ഇടയിൽ ഉയർത്തപ്പെട്ട അടയാളവും വെളിച്ചവുമാണ് സമർപ്പിതർ.

ഓരോ സമർപ്പിതനും സമർപ്പിതയും, ആന്തരിക സമർപ്പണവും ജീവിതവിശുദ്ധിയും വഴി കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ വായിച്ചറിഞ്ഞ് തങ്ങളുടെ ശുശ്രൂഷകൾ നിർവഹിക്കുന്നു. ഞാൻ വന്നിരിക്കുന്നത് ജീവൻ ഉണ്ടാകുവാനും, അത് സമൃദ്ധമായി ഉണ്ടാകുവാനുമാണെന്ന് അരുൾചെയിത്, മനുഷ്യകുലത്തിന്റെ രക്ഷക്ക് വേണ്ടി ജീവനർപ്പിച്ച മിശിഹായാണ് ഓരോ സമർപ്പിതനും സമർപ്പിതയ്ക്കും മാതൃകയായി നിൽക്കുന്ന ആദ്യരൂപവും, അവസാനരൂപവും, ആദർശവും. എന്നാൽ, ഇന്ന് ലോകത്തിന്റെ അടിമത്ത്വത്തിലായ പല മുഖങ്ങളും സമർപ്പിത ജീവിതത്തെയും, അവരുടെ ശുശ്രൂഷകളെയും വൃത്തികെട്ട വാക്കുകളിലൂടെ ലോകത്തിലേക്ക് പ്രചരിപ്പിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നു. അർപ്പിക്കപ്പെട്ടതിന്റെ അനശ്വരത ക്രിസ്തുവിലാണെന്ന് തിരിച്ചറിഞ്ഞ ഞങ്ങളാരും ഈ ദുർബലമായ വാക്കുകൾക്ക് മുൻപിൽ പതറിപോവുകയില്ലെന്ന് ആദ്യമായി പറഞ്ഞുകൊള്ളട്ടെ.

ഓർക്കുക, പ്രതികരിക്കുവാനും സംവാദിക്കുവാനും ഞങ്ങൾക്കും അറിയാം. പക്ഷേ, എവിടെനിന്നോ ആരിൽനിന്നോ ഉയർന്നുവന്ന വിലകെട്ട, നിരുത്തരപരമായ, വിവേകശൂന്യമായ വാക്കുകൾക്ക് മറുപടി കൊടുവാൻ ഞങ്ങൾ ലജ്ജിക്കുന്നു. അതുകൊണ്ട്, തിരിച്ചറിവില്ലാത്ത മുഖങ്ങളും, മനസ്സാക്ഷി മരവിച്ച മനുഷ്യജന്മങ്ങളുമായ നിങ്ങൾ ഓരോരുത്തരും വിഡ്ഢിത്തങ്ങൾ വിളിച്ചു പറയുന്നതിന് മുൻപ്, നാടും വീടും ഉപേക്ഷിച്ച്, പുറപ്പാട് അനുഭവം പോലെ, ലോകത്തിന്റെ വികൃത മുഖങ്ങൾക്കിടയിൽപ്പെട്ടു വേദനിക്കുന്ന മനുഷ്യകുരുന്നുകൾക്കിടയിൽ, മാരകരോഗി കൾക്കിടയിൽ, പകർച്ചവ്യാധികൾ കിടയിൽ, അനാഥർ ക്കിടയിൽ, അമ്മയായി സഹോദരിയായി കടന്നുചെന്ന് ജീവന്റെ വെളിച്ചം പകർന്നു നൽകുന്ന പ്രവർത്തനങ്ങളെപ്പറ്റി കൂടി ചിന്തിക്കുന്നതും അന്വേഷിച്ചറിയുന്നതും നല്ലതായിരിക്കും. അപ്പോൾ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും സേവനത്തിന്റെ വഴിത്താരയിൽ രക്തം ചൊരിഞ്ഞവരുടെയും, വിശ്രമമില്ലാതെ വിയർപ്പൊഴുക്കുന്നവരുടെയും, പ്രാർത്ഥനാമന്ത്രം ഉയർത്തുന്നവരുടേയും ഒരു നീണ്ടനിര. ലോകത്തിൽ അങ്ങോളമിങ്ങോളം തങ്ങൾ ചെയ്യുന്ന ശുശ്രൂഷകൾ… സഭയുടെ പ്രേഷിത ചൈതന്യം ഉൾക്കൊണ്ട് സഭയാൽ അയക്കപ്പെടുന്ന ദൈവത്തിന്റെ സഹപ്രവർത്തകരായി… അർപ്പണമനോഭാവത്തോടെ, സംതൃപ്തിയോടെ ഞങ്ങൾ ചെയ്യുന്ന ഒരായിരം ശുശ്രൂഷകൾ…. ഇതൊന്നും പറഞ്ഞാൽ വികൃത മനസ്സാക്ഷിയോടെ, ഉറവിടങ്ങൾ നഷ്ടപ്പെടുത്തി പൊട്ടക്കിണറുകൾ അന്വേഷിക്കുന്ന നിങ്ങൾക്ക് മനസ്സിലാവില്ല. കാരണം ദൈവ സ്നേഹത്തിന്റെയും, മനുഷ്യ സ്നേഹത്തിന്റെയും വില എന്താണ് തിരിച്ചറിയുവാൻ നിങ്ങൾക്ക് അറിയില്ല എന്നത് തന്നെ.

ഓർക്കുക, ജന്മം കൊണ്ട് മനുഷ്യനാണെങ്കിലും കർമംകൊണ്ട് മൃഗമായി മാറിയിരിക്കുന്ന അവസ്ഥയിൽ നിന്ന് എപ്പോഴെങ്കിലും സുബോധത്തിലേക്ക് തിരിച്ചു വരുമ്പോഴേ അകകണ്ണ് തുറക്കുവാനും, പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ കത്തോലിക്കാ സഭയും സമർപ്പിതരും പടുത്തുയർത്തുന്ന സ്നേഹ-സംസ്കാരത്തിന്റെ വെളിച്ചം കാണുവാൻ സാധിക്കുകയുള്ളൂ. അല്ലാതെ, സഭയ്ക്കെതിരെയും സമർപ്പിതർക്കെതിരെയും തിരിഞ്ഞു അപവാദങ്ങളും വിവാദങ്ങളും വിളമ്പുന്നതിന് യാതൊരു അർത്ഥവുമില്ല. ഈ സമർപ്പിത സമൂഹം ഇന്നലെയും ഇന്നുമായി കൂണുപോലെ ഉയർന്നുവന്നതല്ല. സഭയുടെ ചരിത്രത്തിന്റെ ഏടുകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്ക്, അപ്പോൾ തിരിച്ചറിയുവാൻ സാധിക്കും സന്യാസത്തിന്റെ ആരംഭം എങ്ങനെയാണെന്നും… എവിടെയാണെന്നും.

അപവാദങ്ങൾ അഴിച്ചുവിടുന്നവർ ഒന്നോർക്കണം, ദൈവ സ്നേഹത്തിന് വിലകൽപ്പിക്കുന്ന ഞങ്ങളുടെ സ്നേഹ ശുശ്രൂഷയെ തകർക്കാൻ ഒരു ശക്തിക്കും സാധിക്കുകയില്ല. ഒരുപക്ഷേ ഒരു പ്രസ്ഥാനത്തെ തകർക്കുവാൻ നിങ്ങൾക്ക് സാധിക്കും. പക്ഷേ ഇതൊരു പ്രസ്ഥാനമോ സംഘടനയോ അല്ല മറിച്ച്, ദൈവപരിപാലനയിൽ വളർന്നുവരുന്ന ദൈവിക പദ്ധതിയുടെ ഭാഗമാണ്. ദൈവത്തിന്റെ ഹിതം നിർവഹിക്കുന്നതിനു വേണ്ടി, ദൈവവിളി സ്വീകരിച്ച് മാതാപിതാക്കളുടെ അനുവാദത്തോടെയും ആശീർവാദത്തോടെയും സഭയാകുന്ന കുടുംബത്തിലേക്ക് പറിച്ചുനടപ്പെട്ട ഞങ്ങൾ ഓരോരുത്തരും ദൈവരാജ്യത്തിനും ദൈവവജനത്തിനും വേണ്ടി ജീവിക്കുന്നവരാണ്. ഒരുപക്ഷേ നിങ്ങൾക്ക് ലോകത്തിനു മുൻപിൽ ഞങ്ങളെ താറടിച്ചു കാണിക്കുവാൻ സാധിക്കും, തകർക്കുവാൻ സാധിക്കുകയില്ല. രക്തസാക്ഷികളുടെ ചുടുചോരയിൽ കിളിർത്ത ആൽമരമാണ് സമർപ്പിതസമൂഹം. അതിനാൽ, ഉന്നതങ്ങളിൽ നിന്ന് ശക്തി സ്വീകരിച്ചുകൊണ്ട് ദൈവഹിതം അന്വർത്ഥമാക്കുന്നതിനുവേണ്ടി, മലമുകളിൽ പ്രതിഷ്ഠിക്കപ്പെട്ട വിളക്ക് പോലെ ലോകത്തിന്റെ പ്രകാശമായി തീരുവാൻ ഇനിയും ഞങ്ങൾ കത്തിജ്വലിക്കും ക്രിസ്തുവിനോടും, അവന്റെ കത്തോലിക്കാ സഭയോടും ചേർന്നു നിൽക്കും ഞങ്ങളുടെ അവസാന ശ്വാസംവരെയും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker