Kazhchayum Ulkkazchayum

ഇടത്തുനോക്കിയന്ത്രം!

ഇടത്തുനോക്കിയന്ത്രം!

കാഴ്ചയും ഉള്‍കാഴ്ചയും

ഫാ. ജോസഫ് പാറാങ്കുഴി

ദൈവം മനുഷ്യനെ തന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു. ഇച്ഛാശക്തിയും സ്വാതന്ത്ര്യവും മനസ്സും നല്‍കി. നന്മതിന്മകളെ വിവേചിച്ചറിയാനുളള കഴിവും നല്‍കി…. വിശുദ്ധ ഗ്രന്ഥം നല്‍കുന്ന ഈ യാഥാര്‍ഥ്യങ്ങള്‍ ആധുനിക മനുഷ്യനില്‍ എത്രമാത്രം സാഥകമാകുന്നു എന്ന് നോക്കി കാണാന്‍ ശ്രമിക്കാം. ആധുനിക മനുഷ്യന്‍ സ്വതന്ത്രനാണോ ഇച്ഛാശക്തി എത്രമാത്രമാണ് വിനിയോഗിക്കുക? മനസ്സിന്‍റെ മനോവ്യാപാരങ്ങളെ നിയന്ത്രിക്കുവാന്‍ അഥവാ ആത്മനിയന്ത്രണം എത്രശതമാനം സാധ്യമാകുന്നു…? എന്നീ കാര്യങ്ങള്‍ ക്രീയാത്മകമായി വിലയിരുത്തിയാല്‍ നാം പല മേഖലകളിലും ദയനീയമായി പരാജയപ്പെടുന്നതായി മനസ്സിലാക്കാന്‍ കഴിയും. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ആധുനിക മനുഷ്യന്‍ ഒരു യന്ത്രമനുഷ്യന്‍റെ സ്ഥിതിയിലേക്ക് തരംതാണിരിക്കുന്നു എന്നു കണ്ടെത്താന്‍ കഴിയും. വിചാരവികാരങ്ങളും ഹൃദയാര്‍ദ്രതയും സഹജീവി സ്നേഹവും ചോര്‍ന്നുപോയ ജീവിതം…!

പ്രതികരണശേഷിയും പ്രതിബദ്ധതയും കൈമോശം വന്ന ഒരു ജീവിതം. നന്മയും തിന്മയും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയാത്ത ദുരവസ്ഥ. തിന്മയിലേക്ക് ചാഞ്ഞിരിക്കുന്ന ഒരു മനസ്സും മനോഭാവവും ചെയ്തികളും… ഇവിടെ തിന്മയെ നോക്കി ചലിക്കുന്ന ഒരു ഇടത്തുനോക്കി യന്ത്രമായി മനുഷ്യന്‍ മാറുകയാണ്.

നട്ടുനനച്ചു വളര്‍ത്തുകയല്ല മറിച്ച് നശിപ്പിക്കുവാനുളള വ്യഗ്രതയാണ്, സംഹരിക്കാനുളള ത്വരയാണ്, തകിടം മറിക്കാനും പിഴുതെറിയാനുമുളള വ്യഗ്രതകാട്ടുന്നവനാണ് ഇരു കാലില്‍ ചലിക്കുന്ന യന്ത്രമനുഷ്യന്‍. മറ്റാരോ നല്‍കുന്ന നിര്‍ദ്ദേശമനുസരിച്ച് ചരിക്കുന്ന ഒരു യാന്ത്രിക ജീവിതം. നിയതമായ അപഗ്രഥനവും വിലയിരുത്തലും അനിവാര്യമായിത്തീരുകയാണ്. നിസ്സംഗതയുടെയും കെടുകാര്യസ്ഥതയുടെയും നിഷേധത്തിന്‍റെയും പ്രകടനപരതയുടെയും ആള്‍രൂപമായി ആധുനിക മനുഷ്യന്‍ മാറിയിരിക്കുന്നു… (90%). അക്കാരണത്താല്‍ തന്നെ ആധുനിക മനുഷ്യന്‍ അസ്വസ്ഥനാണ്; ഉളള് പൊളളയാണ്. ഇവിടെ ഒരു തിരിച്ചുവരവ് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.

ചിന്തയിലും പ്രവര്‍ത്തിയിലും ഇടതുഭാഗത്തേക്ക് മാത്രം നോക്കുക നിഷേധാത്മക സ്വഭാവമാണ്. ഇനി മുതല്‍ വലത്തുഭാഗത്തേക്കു നോക്കിവളരാം; അതായത് ഭാവാത്മകമായി (+) വളരാം. യേശുവിനെ കൂടാതെ ശിഷ്യന്മാര്‍ രാത്രിമുഴുവനും അധ്വാനിച്ചു. ഒരു മത്സ്യം പോലും കിട്ടിയില്ല. യേശു പറഞ്ഞു (വി.യോഹ. 21/6). നിങ്ങള്‍ക്ക് വലത് വശത്തേക്ക് തിരിഞ്ഞ് വലവീശുവിന്‍…അത്ഭുതം… വളളവും വലയും നിറയുവോളം മത്സ്യം കിട്ടി. ദൈവാശ്രയബോധത്തോടു കൂടെ നന്മയുടെ പക്ഷത്തേക്ക്, വലതു വശത്തേക്ക് ഉന്നം വച്ച് ജീവിക്കാം… ദൈവം അനുഗ്രഹിക്കട്ടെ!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker