Meditation

ഉത്ഥാനം: സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 20: 1-9)

ജീവിതം സ്നേഹപൂർവ്വമാണെങ്കിൽ അതിനെ ഒരു കല്ലറയിലും തളച്ചിടാൻ സാധിക്കുകയില്ല

അതിരാവിലെ. പകലിനും രാത്രിക്കും ഇടയിൽ. ഇരുളിനും പ്രകാശത്തിനും മദ്ധ്യേ. ഹൃദയചോദനകൾ അവ്യക്തമായ കാഴ്ചകളെ അവഗണിക്കുന്ന നിമിഷത്തിൽ. മഗ്ദലേന മറിയം ഒറ്റയ്ക്ക്. ഒരു ഭയവുമില്ലാതെ ശവകുടീരത്തിലേക്ക് പോകുന്നു. വിരഹത്തിന്റെ വേദനയും സ്നേഹത്തിന്റെ മധുരവുമുള്ള മിശ്രരൂപകമാണ് മഗ്ദലേന. ദൈവത്തെ അന്വേഷിക്കുന്ന ഒരാത്മാവിന്റെ രൂപകാലങ്കാരം. ഉത്തമഗീതത്തിലെ മണവാട്ടിയുടെ വരികൾ ഓർമ്മ വരുന്നു; “ഞാനുറങ്ങി; പക്ഷേ എൻറെ ഹൃദയം ഉണർന്നിരുന്നു”.

ഉത്ഥാന ദിനത്തിലെ പ്രഭാതത്തിന് ഒരു പ്രത്യേകതയുണ്ട്. അത് എന്താണെന്ന് ചോദിച്ചാൽ, ഇന്നത്തെ പ്രധാന കഥാപാത്രങ്ങൾ യേശുവിൻറെ സ്നേഹത്തെ ആഴമായി അറിഞ്ഞവരാണ്: മഗ്ദലേന മറിയം, യേശു സ്നേഹിച്ച ശിഷ്യൻ, പത്രോസ്.

ഉത്ഥാനത്തിന്റെ ആദ്യ അടയാളം വളരെ ലളിതമാണ്. അതൊരു മഹത്വപൂർണ്ണമായ പ്രത്യക്ഷപ്പെടൽ അല്ല. ശുദ്ധമായ അരുണോദയത്തിലെ ഒഴിഞ്ഞ കല്ലറയാണ്. ഇതു ലളിതമാണ്. ഇതുതന്നെയാണ് മനസ്സിലാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതും. സുഗന്ധകൂട്ടുമായി കല്ലറയ്ക്കരികിൽ വന്ന മറിയത്തിനും ഒന്നും മനസ്സിലാകുന്നില്ല. അവൾ പത്രോസിന്റെ അടുത്തേക്ക് ഓടുകയാണ്. തൻറെ ഗുരുനാഥൻ ഉയിർത്തു എന്ന് പ്രഘോഷിക്കാനല്ല, ആരോ അവൻറെ ശരീരത്തെ കല്ലറയിൽ നിന്നും മാറ്റിയിരിക്കുന്നു എന്ന സങ്കട വാർത്തയുമായിട്ടാണ്. ഒരു വേദന കൂടി പങ്കുവയ്ക്കാനാണ് അവൾ ഓടുന്നത്. ശത്രുക്കൾ കർത്താവിനെ കല്ലറയിൽ നിന്നും മാറ്റിയിരിക്കുന്നു. അവനുവേണ്ടി ഒന്നു കരയുവാൻ ആ ശരീരം പോലും ഇനി ഇല്ലല്ലോ. ഇതാണ് അവളുടെ സങ്കടം. ഇതാണ് അവളുടെ ആകുലത മുഴുവനും.

മഗ്ദലേന എവിടെനിന്നാണോ ഉള്ളിലൊരു ആന്തലും പേറി ഓട്ടം തുടങ്ങിയത് അങ്ങോട്ടേക്ക് ഇപ്പോൾ എല്ലാവരും ഓടുന്നു. എന്തോ ദുരന്തം സംഭവിച്ചു എന്ന ആകുലതയോടെയല്ല. അപരിമേയമായ എന്തോ സംഭവിച്ചിരിക്കുന്നു. എന്തോ ചരിത്രത്തിലേക്ക് മന്ദംമന്ദം ഉദ്ഗമിച്ചിരിക്കുന്നു. ദൈവീകഭാവം ഉള്ള എന്തോ ആ തോട്ടത്തിൽ ആവിർഭവിച്ചിരിക്കുന്നു.

അവർ കല്ലറയിൽ എത്തി. അവിടെ അവരെ കാത്തിരുന്നത് ചെറിയൊരു അടയാളമാണ്. അവന്റെ ശരീരം പൊതിഞ്ഞ കച്ചയും ചുരുട്ടി വച്ചിരിക്കുന്ന തൂവാലയും. ആരെങ്കിലും അവന്റെ ശരീരം എടുത്തുകൊണ്ടു പോയിരുന്നെങ്കിൽ ഇങ്ങനെ ആ കച്ചയും തൂവാലയും അവിടെ ഉപേക്ഷിക്കില്ലായിരുന്നു. അങ്ങനെയെങ്കിൽ മരണത്തിന്റെ ആ കറുത്ത കച്ചയിൽ നിന്നും യേശുവിന്റെ സുന്ദരമായ ശരീരത്തെ മോചിപ്പിച്ചിരിക്കുന്നത് മറ്റാരോ ആണ്.

ഇവിടെ നിന്നുമാണ് ഓരോ ക്രൈസ്തവന്റെയും വിശ്വാസം ആരംഭിക്കുന്നത്. നിലവിലില്ലാത്ത ഒരു ശരീരത്തിൽ നിന്നും. മനുഷ്യചരിത്രത്തിൽ അക്രമത്തിന്റെ ത്രാസിൽ നിന്നും ഒരു ശരീരം കാണാതായിരിക്കുന്നു. അക്രമത്തിന്റെ കണക്കെടുപ്പിൽ ഇതാ ഒരു നഷ്ടം സംഭവിച്ചിരിക്കുന്നു. മരണത്തിൻറെ കണക്കെടുപ്പിൽ ഇതാ ഒരു ശരീരം തന്നെ കാണാതായിരിക്കുന്നു. മരണത്തിൻറെ സന്തുലിതാവസ്ഥ തകർന്നിരിക്കുന്നു. ചരിത്രം തന്നെ മാറുന്നു. മരണത്തിന് തൻറെ ഇരയുടെ കണക്കു ബോധിപ്പിക്കാൻ സാധിക്കാതെ വന്നിരിക്കുന്നു. ഇതു തുറക്കുന്നത് വലിയൊരു വിടവാണ്. ഒരു നവവിപ്ലവത്തിനായുള്ള ഇടം. മരണമെന്ന യാഥാർത്ഥ്യത്തിനും അപ്പുറത്തേക്കുള്ള ഒരു ഊളിയിടൽ. ആത്യന്തികമായി മരണത്തിന് ഒരിക്കലും വിജയിക്കാൻ സാധിക്കില്ല. വിജയം എപ്പോഴും ജീവന് തന്നെയായിരിക്കും.

ജീവനാണ് വിജയിച്ചു നിൽക്കുന്നതെങ്കിൽ തന്നെയും, എന്റെ ചുറ്റിലുമുള്ള തിന്മകളുടെ അതിപ്രസരണം കാണുമ്പോൾ ഉത്ഥാനത്തെ സംശയിക്കാൻ പല പ്രാവശ്യവും ഞാൻ പ്രേരിതരാകുന്നു. സഹനത്തിന്റെയും വേദനയുടെയും കഥകൾ അസഹനീയമാം വിധം വർദ്ധിച്ചു വരുന്നു: തീവ്രവാദം, ക്യാൻസർ, അഴിമതി, മതിലുകളുടെ പെരുക്കങ്ങൾ, വേലിക്കെട്ടുകൾ, ബന്ധങ്ങളുടെ തകർച്ച, വീടും ഭക്ഷണവും സ്നേഹവും ലഭിക്കാത്ത കുഞ്ഞുങ്ങൾ… അങ്ങനെയങ്ങനെ മരണത്തിനു മേലുള്ള ജീവന്റെ വിജയത്തെ ഞാൻ സംശയിക്കാറുണ്ട്.

പക്ഷേ മറ്റൊരു വശത്ത് നിന്നും നന്മയുടെ ശക്തികളെയും ഞാൻ കാണുന്നു. ദൈവിക സ്നേഹം ഉള്ളിൽ നിറച്ച് ജീവൻ പകുത്ത് നൽകുന്ന സ്ത്രീ-പുരുഷന്മാരെ. ശക്തരായ യുവജനങ്ങൾ ദുർബലരെ സഹായിക്കുന്നു. പ്രായമായവർ നീതിയും സൗന്ദര്യവും സൃഷ്ടിക്കുവാൻ പ്രയത്നിക്കുന്നു. കൊച്ചു കാര്യങ്ങളിൽ പോലും ആത്മാർത്ഥത നിറക്കുന്നവർ. തിളങ്ങുന്ന കണ്ണുകളും അഴകുള്ള ചിരികളുമായി സ്നേഹത്തിൻറെ പരിമളം പടർത്തുന്നവർ. അവരെല്ലാം ഉത്ഥാനത്തിന്റെ അരുണോദയത്തിൽ ജനിച്ചവരാണ്. അവരിൽ ഉള്ളത് ഉത്ഥാനത്തിന്റെ വിത്താണ്. അവർ വഹിക്കുന്നത് ഉത്ഥിതന്റെ ക്രോമോസോമും ആണ്.

എന്തിനാണ് ഈശോ ഉത്ഥിതനായത്? എന്തുകൊണ്ടെന്നാൽ സ്നേഹം മരണത്തേക്കാൾ ശക്തമാണ്. മരണത്തിൻറെ യഥാർത്ഥ ശത്രു ജീവനല്ല. സ്നേഹമാണ്. സ്നേഹം മരണത്തെയും തോൽപ്പിക്കുമെന്ന സത്യം ആദ്യം അനുഭവിച്ചറിഞ്ഞവർ അവൻറെ സ്നേഹം അനുഭവിച്ചവർ മാത്രമായിരുന്നു: മഗ്ദലേന, യേശു സ്നേഹിച്ച ശിഷ്യൻ, പത്രോസ്.

ഇതാ, നമ്മൾ ഇവിടെ, ഈ കൊച്ചു ജീവിത പരിസരത്തിൽ, മരണം വരിക്കാതിരിക്കാൻ എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഒരു കാര്യം മാത്രം ഓർത്താൽ മതി. ജീവിതം സ്നേഹപൂർവ്വമാണെങ്കിൽ അതിനെ ഒരു കല്ലറയിലും തളച്ചിടാൻ സാധിക്കുകയില്ല. മരണത്തിന് അതിനുമേൽ ഒരു അധികാരവും ഉണ്ടായിരിക്കുകയുമില്ല.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker