Vatican

“എല്ലാവരും സഹോദരങ്ങള്‍” അസീസിയിൽ ഒപ്പുവെച്ചു; വത്തിക്കാനിൽ പ്രകാശനവും വിതരണവും

കൊറോണ വൈറസ് എന്ന മഹാമാരിയെ മാത്രമല്ല, സമകാലിക ലോകത്തിന്റെ പ്രവണതകളെയും അതിജീവിക്കാൻ ഈ ചാക്രിക ലേഖനം നമുക്ക് മാർഗദർശിയാണ്...

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: സാഹോദര്യത്തെയും സാമൂഹ്യസൗഹാർദ്ദത്തെയും സംബന്ധിച്ച ചാക്രിക ലേഖനം “ഓംനെസ് ഫ്രാത്രെസ് – എല്ലാവരും സഹോദരങ്ങൾ” (OMNES FRATRES) ഫ്രാൻസിസ് പാപ്പാ 3-Ɔο തീയതി ശനിയാഴ്ച അസീസിയിൽ ഒപ്പുവെച്ചു. തുടർന്ന്, 4 ഞായറാഴ്ച ഉച്ചയ്ക്ക് ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ചാക്രിക ലേഖനം പ്രകാശനം ചെയ്യുകയും, വത്തിക്കാൻ ചത്വരത്തിൽ ഒത്തുകൂടിയ എല്ലാവർക്കും ഒസെർവത്തോറെ റൊമാനോയുടെ പ്രത്യേക പംക്തിയിലൂടെ സൗജന്യമായി നൽകുകയും ചെയ്തു.

ശനിയാഴ്ച വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ശവകുടീരത്തിൽ അർപ്പിച്ച ദിവ്യബലിക്ക് ശേഷമായിരുന്നു പാപ്പാ ചാക്രികലേഖനത്തിൽ ഒപ്പുവെച്ചത്. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിശ്വാസികളുടെ പൊതുപങ്കാളിത്തം ഒഴിവാക്കിയാണ് തിരുക്കർമ്മങ്ങൾ നടന്നത്. അതേസമയം തിരുക്കർമ്മങ്ങളടക്കം ചാക്രിക ലേഖനം ഒപ്പുവെയ്ക്കുന്നതും വിവിധ മാധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു.

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ദിനമായ 4-Ɔο തീയതി ഞായറാഴ്ച ഉച്ചയ്ക്ക് ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ചാക്രിക ലേഖനം പ്രകാശനം ചെയ്യവേ പാപ്പാ പറഞ്ഞു: ‘ഞാൻ ഇന്നലെ അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ശവകുടീരത്തിൽ വച്ച് സാഹോദര്യത്തെയും സാമൂഹ്യസൗഹാർദ്ദത്തെയും സംബന്ധിക്കുന്ന “ഓംനെസ് ഫ്രാത്രെസ് – എല്ലാവരും സഹോദരങ്ങൾ” എന്ന ചാക്രിക ലേഖനം ഒപ്പുവച്ചു. “ലൗദാത്തോ സീ” എന്ന ചാക്രികലേഖനത്തിന് ശേഷം “എല്ലാവരും സഹോദരങ്ങൾ” എന്ന ചാക്രിക ലേഖനത്തിന് പ്രചോദനം നൽകിയ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ശവകുടീരത്തിൽ വച്ച് അതിനെ ഞാൻ ദൈവത്തിന് സമർപ്പിച്ചു’.

ഇംഗ്ലീഷ് പതിപ്പിനായി ഈ ലിങ്കിൽ പ്രവേശിക്കു: http://www.vatican.va/content/francesco/en/encyclicals/documents/papa-francesco_20201003_enciclica-fratelli-tutti.html

“ഓംനെസ് ഫ്രാത്രെസ് – എല്ലാവരും സഹോദരങ്ങൾ” എന്ന ചാക്രിക ലേഖനം നമ്മുടെ വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും അവിടെയും ഇവിടെയും വരുത്തേണ്ട ക്രമപ്പെടുത്തലുകളെ കുറിച്ചല്ല പറയുന്നത്. മറിച്ച്, നമ്മുടെ കാലത്തിൽ, ആനുകാലിക പ്രസക്തിയോടെ സുവിശേഷം വീണ്ടും വായിക്കാനും, ജീവിക്കാനുമുള്ള ഒരു മാർഗമാണിത്. കൊറോണ വൈറസ് എന്ന മഹാമാരിയെ മാത്രമല്ല, സമകാലിക ലോകത്തിന്റെ പ്രവണതകളെയും അതിജീവിക്കാൻ ഈ ചാക്രിക ലേഖനം നമുക്ക് മാർഗദർശിയാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker