Daily Reflection

ഏപ്രിൽ 1: രാജസേവകൻ

ഏപ്രിൽ 1: രാജസേവകൻ

ഇന്ന് ദിവ്യബലിയിൽ നാം വായിക്കുന്നത് യേശു രാജസേവകന്റെ മകനെ സുഖപ്പെടുത്തുന്ന സുവിശേഷഭാഗമാണ് (യോഹന്നാൻ 4:43-54). ഇത് ഗലീലിയിലെ കാന പശ്ചാത്തലമായി നടക്കുന്ന രണ്ടാമത്തെ അത്ഭുതമാണ്. കാനയിൽ നിന്ന് ഏകദേശം 30 കിലോമീറ്ററിലധികം ദൂരത്തുള്ള കഫർണാമിൽ നിന്നും, ഒരു രാജസേവകൻ വന്ന് തന്റെ മകനെ സുഖപ്പെടുത്തുവാൻ അപേക്ഷിക്കുന്നു. തന്റെ ആസന്നമരണനായ മകനെ യേശു വന്നു സുഖപ്പെടുത്തണം എന്നാണ് ആ പിതാവിന്റെ ആവശ്യം. എന്നാൽ, ആവർത്തിച്ചപേക്ഷിക്കുന്ന ആ പിതാവിനോട് “പൊയ്ക്കൊള്ളുക, നിന്റെ മകൻ ജീവിക്കും” എന്ന് യേശു പറയുന്നു.

സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നു, “യേശു പറഞ്ഞ വചനം വിശ്വസിച്ചു അവൻ പോയി”. രാജസേവകന്റെ മടക്കയാത്രയിൽ തന്നെ അയാളുടെ സേവകർ വന്ന്, മകൻ അത്ഭുതകരമായി സുഖം പ്രാപിച്ച വിവരം അറിയിക്കുന്നു. യേശുവിന്റെ വാക്കുകളാണ് മകനെ സുഖപ്പെടുത്തിയതെന്നു തിരിച്ചറിയുന്ന അയാളും കുടുംബവും യേശുവിൽ വിശ്വസിക്കുന്നു.

യേശുവിന്റെ വാക്കുകളിൽ ആശ്രയിച്ചു മടങ്ങിപ്പോകുന്ന ആ മനുഷ്യന്റെ വിശ്വാസം എത്രയോ വലുതാണ്. ഇതല്ലേ, യഥാർത്ഥമായ വിശ്വാസം? താൻ ചോദിച്ച കാര്യം നടന്നോ ഇല്ലയോ എന്നറിയാത്ത സാഹചര്യത്തിൽ പോലും, അതിനു യാതൊരു ഉറപ്പും ഇല്ലാതിരിക്കുമ്പോൾ പോലും, യേശുവിന്റെ വാക്കുകളിൽ അയാൾ വിശ്വാസം വയ്ക്കുന്നു. പലപ്പോഴും, നാം ദൈവത്തോട് ചില കാര്യങ്ങൾ ആവശ്യപ്പെടുമ്പോൾ അത് നാം ചോദിക്കുന്ന രീതിയിൽ തന്നെ നടന്നു കാണാനാണ് നാം ആഗ്രഹിക്കുന്നത്. എന്തെങ്കിലും ഉറപ്പ് കിട്ടിയാലേ നമുക്ക് വിശ്വാസം വരൂ.

വിശ്വാസത്തെ ഇരുട്ടിലേക്കുള്ള എടുത്തുചാട്ടം എന്നാണല്ലോ വിശേഷിപ്പിക്കാറുള്ളത്. ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് അറിയാത്തപ്പോൾ പോലും ദൈവത്തിനു തന്നെത്തന്നെ പൂർണ്ണമായി വിട്ടുകൊടുക്കുന്നതല്ലേ വിശ്വാസം. ഈ വിശ്വാസമാണ് രാജസേവകന്റെ മകനെ സൗഖ്യപ്പെടുത്തുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker