Daily Reflection

ഏപ്രിൽ 14: ഓശാന ഞായർ

യേശു ഏതാനും ദിവസങ്ങൾക്കുള്ളിൽ അപമാനചിഹ്നമായ കുരിശും വഹിച്ചുകൊണ്ട് ജെറുസലേമിന് പുറത്തേക്കു പോകുന്നതും നാം ധ്യാനിക്കും

ഇന്ന് നാം, യേശുവിന്റെ പീഡാസഹങ്ങളും മരണവും ഉയിർപ്പും അനുസ്മരിക്കുന്ന വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുകയാണ്. യേശു, രക്ഷാകര സംഭവങ്ങൾ പ്രാവർത്തികമാക്കാൻ ജെറുസലേമിലേക്കു രാജകീയമായി പ്രവേശിച്ചതിന്റെ ഓർമ്മ ആചരിച്ചുകൊണ്ടാണ് വിശുദ്ധവാരത്തിലേക്കു കടക്കുന്നത്. ഈ ദിവസങ്ങളിലെ ആരാധനക്രമം മുഴുവനും ഒത്തിരിയേറെ നാടകീയമായ അനുസ്മരണങ്ങൾ നിറഞ്ഞു മനോഹരമാണ്. നമുക്കുവേണ്ടി യേശു സഹിച്ച പീഡനങ്ങൾ നേരിട്ട് കാണുന്നപോലെ മനസ്സിലാക്കാനും, നമ്മുടെ രക്ഷയ്ക്കുവേണ്ടിയുള്ള യേശുവിന്റെ കുരിശുമരണത്തെ വിലമതിക്കാനും ദൈവത്തോടുള്ള സ്‌നേഹത്തിൽ വളരാനും വൈകാരികമായിപോലും നമ്മെ സഹായിക്കുന്നവയാണ് ഈ ദിവസങ്ങളിലെ അനുഷ്ഠാനങ്ങൾ.

ഇന്ന്, യേശുവിന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശം അനുസ്മരിച്ചു നടത്തുന്ന പ്രദക്ഷിണത്തിനു മുൻപുള്ള വായനയിൽ (ലൂക്ക 19:28-40) സുവിശേഷകൻ യേശുവിനെ കഴുതക്കുട്ടിയുടെ പുറത്തുകയറി വരുന്ന രാജാവായി ചിത്രീകരിക്കുന്നു. “സിയോൺ പുത്രീ, അതിയായി ആനന്ദിക്കുക. ജെറുസലേം പുത്രീ, ആർപ്പുവിളിക്കുക. ഇതാ,നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവൻ പ്രതാപവാനും ജയശാലിയുമാണ്. അവൻ വിനയാന്വിതനായി, കഴുതപ്പുറത്തു, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു” (സഖറിയാ 9:9) എന്ന്, വരാനിരിക്കുന്ന രാജാവിനെക്കുറിച്ചുള്ള പ്രവചനത്തിന്റെ പൂർത്തീകരണമായിരുന്നു കഴുതക്കുട്ടിയുടെ പുറത്തുള്ള യേശുവിന്റെ ജെറുസലേം പ്രവേശനം. യേശുവാണ് വരാനിരിക്കുന്ന രാജാവ് എന്ന പ്രഘോഷണമാണ് കഴുതക്കുട്ടിയുടെ പുറത്തുള്ള സഞ്ചാരം.

ആവേശഭരിതരായ ശിഷ്യഗണം, “കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനുഗ്രഹീതൻ, സ്വർഗത്തിൽ സമാധാനം, അത്യുന്നതങ്ങളിൽ മഹത്വം” എന്ന് ആർപ്പുവിളിച്ചു. സങ്കീർത്തനം 118:26 ൽ “കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ” എന്നുള്ള വാക്യം ജെറുസലേമിലേക്കു കടന്നുവരുന്ന തീർത്ഥാടകരെ സ്വാഗതം ചെയ്തുകൊണ്ടുള്ളതാണ്. ഈ വാക്യം ലൂക്ക സുവിശേഷകൻ ഒരു മാറ്റം വരുത്തിക്കൊണ്ട് യേശുവിന്റെ ജെറുസലേം പ്രവേശനത്തിൽ ഉപയോഗിച്ചിരിക്കുന്നു. “കർത്താവിന്റെ നാമത്തിൽ വരുന്നവൻ” എന്നതിന് പകരം “കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ്” എന്നാണ് ലൂക്ക സുവിശേഷകൻ മാറ്റിയിരിക്കുന്നത്. ‘കഴുതപ്പുറത്തു വരുന്ന യേശു വരാനിരിക്കുന്ന രാജാവാണ്’ എന്ന് ഒരിക്കൽക്കൂടി സുവിശേഷകൻ വ്യക്തമാക്കുന്നു. സാധാരണ രാജാക്കന്മാർ കുതിരപ്പുറത്താണ് വരുന്നത്; എന്നാൽ യേശു എന്ന രാജാവാകട്ടെ കഴുത്തകുട്ടിയുടെപുറത്തും. മറ്റുള്ള രാജാക്കന്മാരെപോലെയല്ല യേശു. അവിടുന്ന് വരുന്നത് ശുശ്രൂഷിക്കുവാനും മറ്റുള്ളവർക്കുവേണ്ടി ജീവൻ അർപ്പിക്കുവാനും വേണ്ടിയാണ്.

ഇന്ന് ജയാരവത്തോടെ ജെറുസലേമിലേക്കു പ്രവേശിക്കുന്ന യേശു ഏതാനും ദിവസങ്ങൾക്കുള്ളിൽ അപമാനചിഹ്നമായ കുരിശും വഹിച്ചുകൊണ്ട് ജെറുസലേമിന് പുറത്തേക്കു പോകുന്നതും നാം ധ്യാനിക്കും. ഈ ഒരാഴ്ചക്കാലം നമുക്ക് കൂടുതൽ തീക്ഷ്ണതയോടെ യേശുവിനോടൊപ്പം പീഡാസഹനങ്ങളുടെ വഴിയിലൂടെ ധ്യാനാത്മകമായി സഞ്ചരിക്കാം. കൂടുതൽ തീവ്രമായ പ്രാർത്ഥനയുടെയും വ്യക്തിപരമായ ധ്യാനത്തിന്റെയും സമയമായിരിക്കട്ടെ വിശുദ്ധമായ ഈ ദിനങ്ങൾ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker