Daily Reflection

ഏപ്രിൽ 20: വലിയ ശനി

ഏപ്രിൽ 20: വലിയ ശനി

ഇന്ന് നോമ്പിലെ അവസാന ദിവസമാണ്. യേശുവിന്റെ കുരിശുമരണ അനുസ്മരണത്തിനുശേഷം ഇന്ന് ദേവാലയങ്ങളിൽ തിരുക്കർമ്മങ്ങൾ ഒന്നും തന്നെയില്ല; ദുഃഖപൂർണ്ണമായ നിശബ്ദതയിൽ തിരുസ്സഭ യേശുവിന്റെ മരണത്തെ ധ്യാനിക്കുകയാണ്.

ഇസ്രായേൽ രാജ്യം പുനഃസ്ഥാപിക്കുന്ന പ്രഭാവവാനായ ഒരു രാജാവായി യേശുവിനെ കണ്ടിരുന്ന ശിഷ്യന്മാർക്കു ഒരിക്കലും ചിന്തിക്കാൻ പറ്റാത്ത ഒന്നായിരുന്നിരിക്കണം യേശുവിന്റെ കുരിശുമരണം. ഇന്നേ ദിനം അവർ തീർച്ചയായും പ്രതീക്ഷകളെല്ലാം തകർന്നടിഞ്ഞു നിരാശയിലും, ഭയത്തിലും കടുത്ത ദു:ഖത്തിലും ആയിരുന്നിരിക്കണം കഴിഞ്ഞുകൂടിയിട്ടുണ്ടാകുക.

യേശുവിന്റെ അമ്മയെകുറിച്ചൊന്നു ധ്യാനിക്കാം. തന്റെ ഏകാശ്രയമായിരുന്ന മകനെ നഷ്ടപ്പെടുന്ന ഒരു അമ്മയുടെ ദുഃഖം എത്രമാത്രമായിരുന്നിരിക്കാം. എന്നാൽ, ‘സഹരക്ഷക’ എന്ന നിലയിൽ പരിശുദ്ധ കന്യകാമറിയം, യേശുവിനെ സംബന്ധിച്ചുള്ള ദൈവിക പദ്ധതിയിൽ പങ്കുചേരുകയാണ്. “നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടക്കും” എന്ന ശിമയോന്റെ പ്രവചനം ഇതാ നിവൃത്തിയാകുന്നു. കുരിശിൻ ചുവട്ടിൽ യേശുവിന്റെ കുരിശുമരണം ഹൃദയവേദനയോടെ വീക്ഷിച്ചുകൊണ്ട് നിൽക്കുന്ന പരിശുദ്ധ മറിയത്തെക്കുറിച്ച് സുവിശേഷകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തന്റെ മകനെ നഷ്ടപ്പെട്ട പരിശുദ്ധ അമ്മയോടും, തങ്ങളുടെ ഗുരുവിനെ നഷ്ടമായ ശിഷ്യഗണത്തോടുമൊപ്പം നമുക്കും ഇന്ന് യേശുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും ധ്യാനിക്കാം. ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടിയുള്ള പിതാവായ ദൈവത്തിന്റെ പദ്ധതിയായിരുന്നു യേശുവിന്റെ കുരിശുമരണം എന്ന് മനസ്സിലാക്കാനും ആഴമായി വിശ്വസിക്കാനും നമുക്ക് കഴിയട്ടെ.

ഇന്ന് യേശുനാഥൻ കല്ലറയിലാണ്. ഏതൊരു മനുഷ്യനും നേരിടുന്ന ‘മരണം’ എന്ന യാഥാർഥ്യത്തെയാണ് നാമിന്ന് യേശുവിന്റെ കല്ലറയിൽ കാണുന്നത്. എന്നാൽ, യേശുവിന്റെ മേൽ മരണത്തിനല്ല അവസാനവാക്ക്. യേശുവിന്റെ ഉയർപ്പിലൂടെ അവസാനവാക്ക് ദൈവിക പദ്ധതിക്കാണ് എന്ന് നമുക്ക് ബോധ്യമാകും.

ജീവിതത്തിലുണ്ടാകുന്ന ദുഃഖാനുഭവങ്ങളിലും സഹനങ്ങളിലും, മരണത്തെ ജയിച്ച് ഉയർത്തെഴുന്നേൽക്കുന്ന ക്രിസ്തുനാഥനിലുള്ള വിശ്വാസം പ്രത്യാശ പകരട്ടെ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker