Vatican

ഐക്യരാഷ്ട്രസഭ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പണിപ്പുരകളാകണമെന്ന് ഫ്രാൻസിസ് പാപ്പാ

ഐക്യരാഷ്ട്രസംഘനയുടെ 75-ɔ൦ വാർഷികത്തിന് നൽകിയ സന്ദേശം...

ജോയി കരിവേലി

വത്തിക്കാൻ സിറ്റി: ഐക്യരാഷ്ട്ര സഭ രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെയും മാനവകുടുംബത്തിനാകമാനമുള്ള സേവനത്തിന്റെയും യഥാർത്ഥ അടയാളവും ഉപകരണവുമായി ഭവിക്കട്ടെയെന്ന് ഫ്രാൻസിസ് പാപ്പായുടെ ആശംസ. 75-ɔ൦ വാർഷികം ആചരിക്കുന്ന ഐക്യരാഷ്ട്രസംഘനയുടെ ഉന്നതതലയോഗത്തിന് വെള്ളിയാഴ്ച നൽകിയ വീഡിയോ സന്ദേശത്തിലൂടെയാണ് പാപ്പാ പരിശുദ്ധ സിംഹാസനത്തിന്റെ ആശംസ ആവർത്തിച്ചത്.

കോവിഡ് 19 മഹാമാരിയുടെ ദുരന്തഫലങ്ങളായ ദാരിദ്ര്യം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയിൽ നിന്ന് കരകയറുന്നതിന്, ഐക്യദാർഢ്യത്തിന്റെ അനിവാര്യത അത്യാവശ്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കൂടാതെ, മൗലികാവകാശങ്ങളുടെ ലംഘനം, കുഞ്ഞുങ്ങളുടെ ദുരവസ്ഥ, മതപീഢനം, ആണവായുധ മത്സരം, കുടിയേറ്റം, മഹിളകളുടെ ഔന്നത്യം, സമാധനത്തിനെതിരായ വെല്ലുവിളികൾ, പരിസ്ഥിതി പരിപാലനം, രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണം തുടങ്ങിയവ വിഷയങ്ങളും പാപ്പായുടെ സന്ദേശത്തിൽ ഉണ്ടായിരുന്നു.

പരസ്പരാശ്രയമില്ലാതെയും, ശത്രുതാ മനോഭാവത്തിലും ജീവിക്കാനാവില്ലെന്ന് കോവിഡ് 19 മഹാമാരി നമുക്കു കാണിച്ചു തന്നുവെന്നും, ഇന്നു സംജാതമായിരിക്കുന്ന സാമ്പത്തിക അനീതി ഇല്ലായ്മചെയ്യുന്നതിന് അന്താരാഷ്ട്രസമൂഹം ആത്മാർത്ഥമായി പരിശ്രമിക്കേണ്ടതുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ജനതകളുടെ സമഗ്രവികസനത്തിനും പ്രകൃതിയുടെ പരിപാലനത്തിനും നല്ലവണ്ണം ഉപയോഗിക്കാൻ കഴിയുന്ന വിലയേറിയ വിഭവങ്ങൾ, ആയുധങ്ങൾ കുന്നുകൂട്ടുന്നതിനുവേണ്ടിയുള്ള മത്സരയോട്ടം വഴി പാഴാക്കികളയുന്നത് തുടരുമ്പോൾ, സമാധാനത്തിനും സുരക്ഷയ്ക്കും യഥാർത്ഥ ഭീഷണികളായ ദാരിദ്ര്യം, മഹാപകർച്ചവ്യാധികൾ, ഭീകരപ്രവർത്തനം തുടങ്ങിയവയെ ഫലപ്രദമായി നേരിടാൻ എങ്ങനെ സാധിക്കും എന്ന് ആത്മശോധനചെയ്യേണ്ടിയരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ആണവായുധ നിർവ്യാപനകരാർ പുനരവലോകന സമ്മേളനത്തിലൂടെ അണുവായുധ മത്സരത്തിന് വിരാമമിടാനും, ആണവ നിരായുധീകരണത്തിനുള്ള കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചുകൊണ്ട് പൊതുനന്മ ലക്‌ഷ്യം വെയ്ക്കുന്ന നടപടികൾ കൈക്കൊള്ളുമെന്ന പരിശുദ്ധസിംഹാസനത്തിന്റെ പ്രതീക്ഷയും പാപ്പാ വെളിപ്പെടുത്തി. കൂടാതെ, ഐക്യരാഷ്ട്രസഭ എന്നും സമാധാനത്തിന്റെ കാര്യക്ഷമമായ പണിപ്പുരയായിരിക്കണമെന്നത് സംഘർഷഭരിതമായ നമ്മുടെ ലോകത്തിന്റെ ആവശ്യമാണെന്നും, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി ഐക്യത്തോടും നിശ്ചയദാർഢ്യത്തോടും കൂടി ഇതിനായി പരിശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നതായും പാപ്പാ പ്രസ്താവിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker