Articles

കാളകൂട വിഷമായ സാമുവൽ കൂടലിന് സ്നേഹത്തിൽ പൊതിഞ്ഞ മറുപടിയുമായി സന്യാസിനികൾ

പ്രസവിച്ചതു കൊണ്ടോ പാലൂട്ടിയതു കൊണ്ടോ മാത്രം ആരും അമ്മയാവില്ല മോനേ...

വോയിസ് ഓഫ് നൻസ് (Voice of Nuns)

‘കത്തനാരന്മാരുടെ വെപ്പാട്ടികളേ, അടങ്ങൂ പനതരാം!’ എന്ന ശീർഷകത്തോടെ സാമുവൽ കൂടലിൻ എന്ന യുട്യൂബർ പുറത്തുവിട്ട വീഡിയോയിൽ കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകളെ അറപ്പുളവാക്കുന്ന വാക്കുകളിൽ അധിക്ഷേപിക്കുകയുണ്ടായി. ഈ വീഡിയോക്ക് കാരണമായതാകട്ടെ ഓണവുമായി ബന്ധപ്പെട്ട് നെടുംകുന്നം സെന്റ് തെരേസാസ് ഹൈസ്കൂള്‍ പ്രധാനാധ്യാപിക കുട്ടികള്‍ക്കായി നൽകിയ ഓണ സന്ദേശത്തെ വിവാദമാക്കി മാറ്റുകയും, വര്‍ഗ്ഗീയ പ്രശ്നമാക്കി വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത പശ്ചാത്തലവും. സിസ്റ്റർ നൽകിയ വിവരണത്തിലും ആനുകാലിക താരതമ്യങ്ങളിലും ഒരു തെറ്റും ഇല്ലാതിരുന്നിട്ടും ചില ഷിദ്രശക്തികൾ മനഃപൂർവം വിവാദമുണ്ടാക്കുകയും, തുടർന്ന് സിസ്റ്റർ സംഭവത്തിൽ ഹിന്ദു സഹോദരങ്ങൾക്ക് വേദനയുണ്ടായതിൽ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എന്നിട്ടും, ക്രിസ്ത്യാനിയെന്ന് കേട്ടാലോ, കന്യാസ്ത്രീ എന്ന കേട്ടാലോ, വൈദീകൻ എന്ന് കേട്ടാലോ കത്തോലിക്കാ സഭ എന്ന് കേട്ടാലോ അങ്കത്തട്ടിലിറങ്ങാൻ തയാറായിരിക്കുന്ന ഒരുകൂട്ടം സാമൂഹ്യ ദ്രോഹികൾ കേരളത്തിലുണ്ട്. അതിലൊരാളായ സാമുവൽ കൂടലിന് വോയിസ് ഓഫ് നൻസ് (Voice of Nuns) എന്ന സന്യാസിനികളുടെ ഫേസ്‌ബുക്ക് പേജിലൂടെ മറുപടി പറയുകയാണ് സന്യാസിനികൾ.

പോസ്റ്റിന്റെ പൂർണ്ണ രൂപം

എന്ന്, സാമുവൽ കൂടലിന്റെ സ്വന്തം ‘അമ്മ’മാർ

മോനേ സാമുവേലേ…

ഞങ്ങളുടെ മൗനം വിഡ്ഢിത്തത്തെ അംഗീകരിക്കലാണെന്ന് തോന്നിയോ മോന്? എങ്കിൽ തെറ്റി… മോനെപ്പോലുള്ളവർ വായിൽ വരുന്ന എന്തും വിളിച്ചു പറഞ്ഞാൽ ഞങ്ങൾ അതിനെ സഹിഷ്ണുതയോടെ സഹിച്ച് ജീവിക്കുമെന്ന് കരുതിയെങ്കിൽ മോന് വീണ്ടും തെറ്റി… പിന്നെ ഞങ്ങൾ മോനെപ്പോലെ ‘വലിയ’ ആൾക്കാരൊന്നും അല്ലാത്തതു കൊണ്ട് തികച്ചും മാന്യമായ ഭാഷയിൽ (അത് താങ്കളുടെ ശൈലിയ്ക്ക് ചേർന്നതല്ലെങ്കിലും) പ്രതികരിക്കുന്നു.

മോന് സമർപ്പിത സമൂഹത്തെക്കുറിച്ചോ, കന്യാസ്ത്രീ മഠങ്ങളെക്കുറിച്ചോ ഒരു ചുക്കും അറിയില്ലെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ‘വെപ്പാട്ടികൾ’ എന്ന് പല തവണ മോൻ ഞങ്ങളെ ആക്ഷേപിക്കുമ്പോഴും ഇടയ്ക്കെപ്പോഴോ “അറിയാതെ അമ്മ”യെന്ന് പരാമർശിച്ചല്ലോ! അപ്പോൾ മോന് കൃത്യമായി അറിയാം പ്രസവിക്കാതെ, പാലൂട്ടാതെ, പ്രവൃത്തികൾ കൊണ്ട് അമ്മയാകാൻ പറ്റുമെന്ന്. പിന്നെ ആരെ ബോധിപ്പിക്കാനാ ഈ നാടകം? ആരുടെയൊക്കെയോ പ്രീതി നേടാനാണെങ്കിൽ ആയിക്കോ. പക്ഷെ എന്ത് തോന്ന്യവാസവും വിളിച്ചു കൂവാമെന്ന് കരുതരുത്. ഞങ്ങളുടെ ഒരു സഹോദരിക്ക് വാക്കിൽ പിഴച്ചിട്ടുണ്ടെങ്കിൽ, അത് തിരിച്ചറിഞ്ഞ അടുത്ത നിമിഷം തന്നെ തെറ്റ് ഏറ്റ് പറഞ്ഞ് ക്ഷമാപണം നടത്തിയിട്ടുമുണ്ട്. പിന്നെയും അതിനെ തോണ്ടി മണപ്പിക്കാൻ നോക്കുന്ന മോനേപ്പോലുള്ളവരുടെ ഉദ്ദേശ ‘ശുദ്ധി’ എന്താണെന്ന് ശരിക്കും മനസ്സിലാക്കാൻ ഏത് സാധാരണക്കാരനും സാധിക്കും.

അമ്മയെന്ന വാക്കിനർത്ഥം അറിയാമോ മോന്? ഇല്ലെന്ന് 101% വ്യക്തം. പ്രസവിച്ചതു കൊണ്ടോ പാലൂട്ടിയതു കൊണ്ടോ മാത്രം ആരും അമ്മയാവില്ല മോനേ… അതിനുദാഹരണങ്ങൾ നമ്മുടെ കേരളത്തിൽ തന്നെ ധാരാളം ഉണ്ടല്ലോ… മോൻ മറന്നോ, പ്രസവിച്ച് പാലൂട്ടി ഒന്നര വർഷം വളർത്തിയ സ്വന്തം കുഞ്ഞിനെ കടൽത്തീരത്തെ കല്ലുകൂട്ടത്തിലേക്ക് എറിഞ്ഞു കൊന്ന ഒരു ‘അമ്മ’ യുടെ കാര്യം… സ്വന്തം കുഞ്ഞിന്റെ കഴുത്തിൽ കയറിട്ട് വലിച്ചു മുറുക്കി കൊന്നിട്ട് വയറ്റിലുള്ള കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്ത അമ്മയുടെ വാർത്ത വന്നിട്ട് രണ്ടാഴ്ച്ച പോലും ആയിട്ടില്ല… ഒരു മനുഷ്യൻ സ്വന്തം ഭാര്യയെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നപ്പോഴും മറ്റൊരു സ്ത്രീ സ്വന്തം ഭർത്താവിനെ സയനൈഡ് കലർത്തിയ ഭക്ഷണം നൽകി കൊന്നപ്പോഴും എന്തുകൊണ്ടാണ് മോനെ പോലെയുള്ളവർ കേരളത്തിലുള്ള അമ്മമാരേയും ഭർത്താക്കൻമാരേയും, ഭാര്യമാരേയും ഈ ക്രൂരകൃത്യങ്ങൾ ചെയ്തവരുമായി കൂട്ടിയിണക്കാത്തത്? അവരെപ്പോലെ ആണെന്ന് വിധിക്കാത്തത്? മോനേ, ഒരിയ്ക്കലും ഒന്നോ രണ്ടോ പേരുടെ തെറ്റ് എടുത്തുകാട്ടി ഒരു സമൂഹത്തെ മുഴുവൻ നിന്ദിക്കുകയോ അപമാനകരമായ വിശേഷണങ്ങൾ നൽകുകയോ ചെയ്യരുത്…

അനാഥർ എന്ന് മോനേപ്പോലുള്ളവർ വിളിക്കുന്ന മക്കൾക്ക് ആശ്രയം കൊടുക്കുന്നത് ഞങ്ങൾക്ക് സന്തോഷമാണ് മോനേ… ഒരു ഹരമാണ് അവരെ ശുശ്രൂഷിക്കുന്നത്, ഒപ്പം ആത്മനിർവൃതിയും… ഞങ്ങൾക്ക് അമ്മയാകാൻ കഴിവില്ലാഞ്ഞിട്ടോ അതിനുള്ള സാഹചര്യങ്ങൾ ഇല്ലാഞ്ഞിട്ടോ ഒന്നും അല്ല ഈ ലോകത്തിൻ്റെ മുഴുവൻ അമ്മയും സഹോദരിയുമായി പാർശ്വ വൽക്കരിക്കപ്പെട്ടവരുടെയും ആരുമില്ലാത്തവരുടെയും അത്താണിയായി മാറിയിരിക്കുന്നത്. മനുഷ്യ സംസ്കാരത്തേയും, മനുഷ്യാവകാശത്തേയും ഹനിക്കുന്ന തീരെ താരം താണ പ്രസ്താവനകളുടെ മുന്നിൽ ഞങ്ങൾ സന്യസ്തർ ഒരിക്കലും പതറി പോകുകയില്ല മോനേ…

മോനേ പോലുള്ളവർ കണ്ടാൽ മുഖം തിരിക്കുന്ന, തൊടാൻ അറയ്ക്കുന്ന, തിരിഞ്ഞു നോക്കാൻ മടിക്കുന്ന കുഞ്ഞുങ്ങളേയും മാനസിക വൈകല്യം വന്ന സഹോദരങ്ങളേയും വൃദ്ധരായ മാതാപിതാക്കളേയും ഞങ്ങൾ കരുതൽ കൊണ്ടും സ്നേഹം കൊണ്ടും പൊതിയുമ്പോൾ അവരുടെ ഹൃദയത്തിൽ നിന്നും തികച്ചും സ്വാഭാവികമായി പുറപ്പെടുന്ന നന്ദി നിറഞ്ഞ വാക്കാണ് ഞങ്ങൾക്കുള്ള ആ ‘അമ്മ’ യെന്ന വിളി. ഞങ്ങൾ ആരും ഒരിക്കലും സ്വയം വിളിക്കുന്നതോ വിളിപ്പിക്കുന്നതോ അല്ലത്… സംശയമുണ്ടെങ്കിൽ ഞങ്ങളെ അങ്ങനെ വിളിക്കുന്നവരോട് ഒന്നു ചോദിച്ചു നോക്കൂ… കാര്യങ്ങൾ വ്യക്തമാകും. അതുമല്ലെങ്കിൽ സ്വന്തം അമ്മയെ ആത്മാർത്ഥതയോടെ അമ്മയെന്ന് വിളിച്ച ഏതെങ്കിലും നിമിഷമുണ്ടെങ്കിൽ (ഉണ്ടെങ്കിൽ മാത്രം) അതിനെക്കുറിച്ച് ഒന്ന് ചിന്തിച്ചാലും മതി. കാര്യം മനസ്സിലാക്കാൻ.. അമ്മയെന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കാൻ…

ജീവിതത്തിൽ ആഗ്രഹിച്ച സ്ഥാനമാനങ്ങൾ കിട്ടാതെ വന്നപ്പോൾ അക്കരപ്പച്ച കണ്ട് എടുത്തു ചാടിയിട്ട് ഉള്ളിൽ കുമിഞ്ഞുകൂടി കിടക്കുന്ന വികാരങ്ങളെ അകത്ത് കിടക്കുന്ന മയക്കുമരുന്നിൻ്റെ ആസക്തിയിൽ സ്വന്തം മുഖം പോലും കാട്ടാതെ വിളിച്ച് കൂവിയാൽ കുറച്ച് കൈയ്യടി കിട്ടുമായിരിക്കും. അതും മോനേപ്പോലെ ഒരു പണിയും ഇല്ലാണ്ട് ആരെ കുറ്റംവിധിക്കണം എന്ന് പരതി നടക്കുന്നവർക്ക്…

മോനറിയുമോ എന്നറിയില്ല മദർ തെരേസായെ… കേരളമോ, ഇന്ത്യയോ, ഏഷ്യാ ഭൂഖണ്ഡമോ മാത്രം അല്ല മോനേ, ലോകം മുഴുവൻ അവരെ ‘മദർ’ (അതായത് പച്ച മലയാളത്തിൽ ‘അമ്മ’) എന്നാണ് വിളിക്കുന്നത്. അവരാണെങ്കിൽ പ്രസവിച്ചിട്ടുമില്ല, പാലൂട്ടിയിട്ടുമില്ല. അപ്പോൾ പിന്നെ എന്താണാവോ? അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ചോദിക്ക്, ചുമ്മാ ആ അയൽപക്കത്തോട്ടിറങ്ങി ഒന്ന് ചോദിക്ക്… കാര്യം പിടികിട്ടാനിടയുണ്ട്. കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും ഉണ്ട് മോൻ ‘അമ്മ’ എന്ന് വിളിക്കാൻ മടിക്കുന്ന ആ യഥാർത്ഥ അമ്മമാരുടെ സാന്നിധ്യം… കവിയത്രി സുഗതകുമാരി ജന്മം കൊണ്ട് ഒരു ഹിന്ദു സ്ത്രീയാണ്. അവർ ക്രൈസ്തവ സന്യാസിനികളെപ്പറ്റി പറഞ്ഞ വാക്കുകൾ ഒന്നും മോൻ കേട്ടില്ലയോ? അതോ കേട്ടില്ല എന്ന് നടിക്കുന്നതോ…?

നാടും വീടും ഉപേക്ഷിച്ച്‌ മിഷണറിയായും, സഹോദരിയായും അമ്മയായും ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ വിവിധ ശുശ്രൂഷകളിൽ ഞങ്ങൾ ഏർപ്പെട്ടിരിക്കുന്നത് ആരുടെയും വെപ്പാട്ടികളാകാൻ അല്ല… ഒന്നു പറയാം വൃത്തികെട്ട, മാന്യതയില്ലാത്ത വാക്പയറ്റിൽ തകരുന്നതല്ല ഞങ്ങളുടെ സമർപ്പിത ജീവിതവും ഞങ്ങൾ പവിത്രമായി കരുതുന്ന മതസഹോദര്യവും എന്ന് മോനെപോലുള്ളവർ ഇനിയെങ്കിലും ഒന്ന് മനസിലാക്കിയിരുന്നെങ്കിൽ നന്നായിരുന്നു.

പിന്നെ ബൈബിളിനെക്കുറിച്ച് ഒരു വിവരവുമില്ലല്ലോ? പോയി പഠിക്ക്, ബുദ്ധിയും മനസ്സും തെളിയാനിടയുണ്ട്. ഒരു പുതിയ കാര്യം കേട്ടല്ലോ ഭാരതത്തെക്കുറിച്ച്, ഹിന്ദു രാഷ്ട്രമെന്നോ മറ്റോ…! എന്നായിരുന്നാവോ ആ പ്രഖ്യാപനം? അറിഞ്ഞാൽ കൊള്ളാമായിരുന്നു. മതേതര രാജ്യമായ ഭാരതത്തെ പെട്ടെന്ന് അങ്ങ് മത രാഷ്ട്രമാക്കല്ലേ… ആവുമ്പോൾ ആയിക്കോട്ടെ… ചില പമ്പരവിഡ്ഢികൾ പറയുന്നതുപോലെ തീവ്രവാദം പുലമ്പാതെ മോനേ… സമാധാനത്തിൽ ജീവിക്കാൻ നോക്ക്…

എന്ന് ചങ്കൂറ്റത്തോടെ,
പ്രസവിക്കാത്ത… പാലൂട്ടാത്ത… എന്നാൽ ‘അമ്മ’യെന്ന് വിളിക്കപ്പെടുന്ന ഒരുപറ്റം അമ്മമാർ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker