Articles

കുമ്പസാരക്കൂട്

സത്യത്തിന്റെ രഹസ്യം ഇത്രയേറേ കേട്ട ഒരു കോടതിമുറി വേറെ ഉണ്ടാവില്ല...

ഫാ.മാർട്ടിൻ ഡെലീഷ്

ആത്മീയതയുടെ തണുത്ത കാറ്റടിക്കുന്ന ഇടം എന്ന് കുമ്പസാരക്കൂടിനെ വിളിക്കാമെങ്കിലും അതുക്കുംമേലെയുള്ള ഒരു യാഥാർത്ഥ്യമാണത്. കുമ്പസാരക്കൂട് ഏറ്റുപറച്ചിലിന്റെ ഇടമാണ്, തെറ്റുകൾ മാത്രം ഏറ്റു പറയുന്നിടമല്ല, തെറ്റു തിരുത്തലിന്റെ വഴികളുടെ അരക്കിട്ടുറപ്പിക്കലിന്റെ ഇടം കൂടിയാണവിടം. രഹസ്യസ്വഭാവമുള്ള ഇടമാണ് കുമ്പസാരക്കൂട്. സത്യത്തിന്റെ രഹസ്യം ഇത്രയേറേ കേട്ട ഒരു കോടതിമുറി വേറെ ഉണ്ടാവില്ല! നമ്മുടെ കോടതി മുറികളെല്ലാം തന്നെ സത്യത്തിന് സാക്ഷികളാവേണ്ടിടങ്ങളാണ്, പലപ്പോഴും അത് ഒരു തോന്നൽ മാത്രം ആയിപോകാറുണ്ട്. അഭിഭാഷകന്റെ വാക് ചാരുതിയിലും മിടുക്കിലും എത്ര എത്ര സത്യങ്ങളാണ് അസത്യങ്ങളായി, അർദ്ധസത്യങ്ങളായി മാഞ്ഞുപോയിട്ടുള്ളത്. എന്നാൽ കുമ്പസാരക്കൂടെന്ന കോടതിമുറി സത്യത്തിനു വേണ്ടി മാത്രം നിലകൊള്ളുന്നിടമാണ്. അർദ്ധസത്യങ്ങളും അസത്യങ്ങളും അവിടെ വാദപ്രതിവാദങ്ങൾക്ക് കാരണമാകുന്നില്ല, കാരണം അവിടെ വിധി പുറപ്പെടുവിക്കലില്ല; ‘വിധിക്കപ്പെടാതിരിക്കാൻ നീയും വിധിക്കരുത്’ എന്ന ഓർമ്മപ്പെടുത്തൽ മാത്രം.

നമ്മുടെ ജീവിതങ്ങളിൽ ഇപ്രകാരമുള്ള ചില ജീവിക്കുന്ന കുമ്പസാരക്കൂടുകൾ ഉണ്ടായിരിക്കാം, ഉണ്ടാവേണ്ടതാണ്. ‘നീ ചെയ്തത് ശരിയായില്ല’; ‘നിന്റെ വഴികൾ അതല്ല’ എന്നൊക്കെ ശാസിക്കുന്ന ചില സുഹൃത്തുക്കളോ, അധ്യാപകരോ, മാതാപിതാക്കളോ, സഹോദരങ്ങളോ ഒക്കെ നമ്മുടെ ജീവിതത്തിൽ കുമ്പസാരക്കൂടുകളാവാറുണ്ട്. ‘വിശ്വാസം, അതല്ലേ എല്ലാം’ എന്ന പരസ്യവാചകത്തിനപ്പുറം വിശ്വാസത്തിന്റെ ഏക പിടിവള്ളിയിൽ എല്ലാം തുറന്നു പറയുന്ന കുമ്പസാരകൂടായി ഞാൻ മാറുന്നുണ്ടോ എന്ന ചിന്തയിൽ ‘ഇല്ല’ എന്നാണ് ഉത്തരമെങ്കിൽ, എന്റെ ജീവിതത്തിന്റെ പ്രസക്തി എന്താണെന്ന മറുചിന്ത ആവശ്യമാണ്. ‘ഏറെക്കുറെ’ എന്നാണുത്തരമെങ്കിൽ ഞാനാകുന്ന കുമ്പസാരകൂടിന്റെ പവിത്രതയ്‌ക്ക് എന്തോ കുറവ് സംഭവിച്ചിട്ടുണ്ട്. ‘അതേ’ എനാണുത്തരം എങ്കിൽ തീർച്ചയായും ആ കുമ്പസാരക്കൂട്ടിൽ ദൈവമെന്ന വിധിയാളൻ ഇരിപ്പുണ്ട്. കുമ്പസാര കൂടുകളാവേണ്ടവരാണ് നമ്മളെന്ന് ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. മനസാക്ഷി എന്ന കോടതി മുറിയിൽ നിന്നും ഉയരുന്ന ‘അരുതാ’യ്കകൾ അവഗണിച്ചവഗണിച്ച് മനസ്സാക്ഷിയുടെ കോടതിമുറി ഇപ്പോൾ നിശബ്ദമായി തുടങ്ങിയിട്ടുണ്ടെങ്കിൽ, ചലിക്കാത്ത ഒരു കുമ്പസാരക്കൂട് നിനക്ക് ആവശ്യമാണ്. ചലിക്കാത്ത കുമ്പസാരക്കൂട്ടിൽ നിന്നുള്ള ഊർജ്ജം ചലിക്കുന്ന കുമ്പസാരകൂട്ടിലേക്കുള്ള കല്ലേറുദൂരമാണ്.

ഇത്തരത്തിലുള്ള കുമ്പസാരക്കൂടുകളെ മലിനമാക്കുന്ന ചിലരുണ്ട്, നന്മയുടെ ശരിയായ സൗഹൃദങ്ങളെ സദാചാരത്തിന്റെ കറുത്ത കണ്ണടയും ധരിച്ച് ഇരുട്ടാക്കുന്ന സദാചാരവാദികൾ. തിമിരം ബാധിച്ച ഇവരുടെ ജീവിതത്തിലേക്ക് വെളിച്ചമാകുന്നുണ്ട് മത്തായി 7:1-5 വാക്യങ്ങൾ. അപരന്റെ വീഴ്ചകളിൽ സന്തോഷിക്കുകയും, സ്വയം അരുതായ്മകൾ മറച്ചുവെച്ച് മറ്റുള്ളവരെ ശിക്ഷിക്കാനും, തിരുത്തൽ നൽകാനും ഒരുങ്ങുന്ന ഫരിസേയ കൂട്ടങ്ങളായി തരംതാഴ്ന്നു പോകുന്നുണ്ടോ ഞാനെന്ന കുമ്പസാരകൂട്?

കുസൃതിക്ക്: ക്രിസ്തുവും സമരിയാക്കാരിയും തമ്മിൽ കിണറ്റിൻ കരയിൽ നടന്ന സംസാരം ഈ കാലഘട്ടത്തിലാണ് നടന്നിരുന്നതെങ്കിൽ സദാചാരവാദികളുടെ വിളയാട്ടം കാണാമായിരുന്നു! എത്ര എത്ര കഥകൾ, കേട്ടവരും പറഞ്ഞവരും മാത്രം അവശേഷിക്കും, ശേഷം… മനസ്സിന്റെ ഇടുങ്ങിയ കാഴ്ചപ്പാടുകളാണ് കുമ്പസാരകൂടുകളുടെ പവിത്രത നഷ്ടപ്പെടുത്തിയത്. കാലഘട്ടം മാറ്റം ആഗ്രഹിക്കുന്നു, വിശുദ്ധമായ കുമ്പസാരക്കൂടുകളാകുവാൻ; ഇതൊരു വെല്ലുവിളിയാണ്. സ്വാർത്ഥതയുടെ തിമിരം മാറ്റി ശരിയായ കാഴ്ച ലഭിക്കുന്നതിന് ശക്തിയേറിയ ക്രിസ്തുവാകുന്ന കണ്ണട ധരിക്കാൻ, അപരന്റെ രഹസ്യങ്ങൾ കുമ്പസാര രഹസ്യങ്ങളാക്കി സ്ട്രോങ്ങ്‌ റൂമിൽ രഹസ്യമായി വയ്ക്കാൻ ഉതകുന്ന തരത്തിൽ വിശുദ്ധമാർന്ന ജീവിതങ്ങളായി മാറാൻ…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker