Articles

കൃപ ചാലിച്ച പൗരോഹിത്യം

സി.ജെസ്സിൻ എൻ.എസ്‌., കുന്നോത്ത്

ബുദ്ധിയല്ല കൃപയാണ് പൗരോഹിത്യത്തിന്റെ അടിസ്ഥാനമെന്ന് ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനി തന്റെ ജീവിതം വഴി നമ്മെ പഠിപ്പിക്കുന്നു. “അല്ലയോ പുരോഹിതാ നീ എത്രയോ ശ്രേഷ്ഠനാണ്” എന്ന് ഓരോ പുരോഹിതനെയും നോക്കി സഭാമക്കളായ നമുക്ക് അഭിമാനത്തോടെ പറയാം. പുരോഹിതൻ എന്നാൽ, ‘ക്രിസ്തുവിന്റെ മൂല്യങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ വേണ്ടി ഒരായുഷ്ക്കാലം മുഴുവൻ മാറ്റിവെച്ച്, സഭയുടെ ദൗത്യം അർത്ഥവത്തായി നിർവഹിക്കുന്ന ദൈവത്തിന്റെ പ്രതിപുരുഷനാണ്’. അതെ, പുരോഹിതൻ ദൈവവജനത്തിലെ ഒരംഗമാണ്. മറ്റ് അംഗങ്ങളിൽ നിന്ന് പ്രത്യേകമായ വിളി സ്വീകരിച്ച്, ദൈവത്തിനും ദൈവജനത്തിനും ഇടയിൽ ശുശ്രൂഷ ചെയ്യുന്നവൻ. അവന്റെ ശ്രേഷ്ഠതയോടൊപ്പം തന്നെ വലുതാണ് ദൈവം അവനെ ഭരമേൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങളും.

പുതിയനിയമത്തിലെ പുരോഹിതർ: “മനുഷ്യരിൽ നിന്ന് വേർതിരിച്ച്, ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനുഷ്യർക്കുവേണ്ടി ചെയ്യുവാൻ നിയോഗിക്കപ്പെടുന്ന വ്യക്തി” (Presbyterorum Ordinis). ഈ തിരിച്ചറിവോടെ, തെരഞ്ഞെടുപ്പിന്റെ ശ്രേഷ്ഠത മനസ്സിലാക്കി, ആഘോഷങ്ങൾക്കും ആഡംബരങ്ങൾക്കും അപ്പുറം ശുശ്രൂഷയുടെ വിവിധ രൂപങ്ങളും ഭാവങ്ങളും ഏറ്റെടുത്തുകൊണ്ട്, ജീവിതസാക്ഷ്യത്തിലൂടെ തന്റെ അജഗണങ്ങൾക്കുവേണ്ടി അൾത്താരയ്ക്ക് മുന്നിൽ കരങ്ങൾ ഉയർത്തുന്ന പുരോഹിതരെ നമുക്ക് നന്ദിയോടെ അനുസ്മരിക്കാം.

ഓരോ പുരോഹിതനും അനുദിന ബലിയർപ്പണത്തിലൂടെ, ബലിപീഠത്തിൽ നിന്ന് ശക്തിയും കരുത്തും സ്വീകരിച്ച്, ഏവർക്കും ആത്മീയ വെളിച്ചവും കരുതും കരുതലും നൽകുന്നു. അതെ, എന്റെ വീഴ്ചയിൽ എനിക്ക് ബലം നൽകുവാൻ, എന്റെ തകർച്ചയിൽ എനിക്ക് ആശ്വാസവാക്ക് പകരുവാൻ, എന്റെ പാപത്തിന്റെ ബന്ധനങ്ങളെ ഏറ്റെടുക്കുവാൻ, ദൈവം തിരഞ്ഞെടുത്ത് നിയോഗിച്ച നമ്മിലെ ഒരുവൻ. അതുപോലെതന്നെ ഈ കാലഘട്ടത്തിൽ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും കടന്നുവരുന്ന ചെന്നായ്ക്കൾ… സഭയ്ക്കും വിശ്വാസത്തിനും അജഗണത്തിനുമെതിരെ ആഞ്ഞടിക്കുമ്പോൾ ആടുകളെ വിട്ടോടിപോകാതെ, ആടുകളോട് ചേർന്നുനിൽക്കുന്ന ഇടയ ശുശ്രൂഷകൻ. അതെ, അതാണ് പുരോഹിതന്റെ ധർമ്മം.

എസക്കിയേലിന്റെ പുസ്തകം 34-Ɔο അധ്യായത്തിൽ പറയുന്നതുപോലെ; ‘ഇതാ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടെത്തും. ജനങ്ങളുടെ ഇടയിൽ നിന്ന് ഞാൻ അവരെ കൊണ്ടുവരും. ഞാൻ അവരെ ഒരുമിച്ചു കൂട്ടും’. ഈ വചനത്തെ ഊന്നുവടിയും ദണ്ഡുമായി കണ്ടുകൊണ്ട് എല്ലാമുപേക്ഷിച്ച് ശുശ്രൂഷയിലേക്ക് തങ്ങളെ തന്നെ മാറ്റിവെച്ചിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട പുരോഹിത സഹോദരങ്ങളെ ഓർക്കാം. മുറിവേറ്റതിനെ വെച്ച്കെട്ടുവാനും, നഷ്ടപ്പെട്ടുപോയതിനെ അന്വേഷിച്ച് കണ്ടെത്തുവാനും വേണ്ടി, മരണത്തിന്റെ നിഴൽ വീണ താഴ് വരയിലൂടെയും ഭയംകൂടാതെ നടന്നുനീങ്ങുന്നവരാണ് പുരോഹിതർ. ഈ പുരോഹിതരെ നോക്കി സ്വർഗ്ഗം സന്തോഷിക്കുമ്പോൾ, സഭാമക്കളായ നമുക്കും നമ്മുടെ നമ്മുടെ നല്ല ഇടയൻമാർക്കായി പ്രാർത്ഥനൾ സമർപ്പിക്കാം, ദിവ്യബലിയർപ്പിക്കാം, കാവൽ മാലാഖമാരുടെ സംരക്ഷണം യാചിക്കാം.

എല്ലാ വൈദീകർക്കും തിരുനാൾ ആശംസകൾ…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker