Kerala

കൊറോണായെ നേരിടാൻ ആതുരസേവന രംഗത്ത് സഭയുടെ പ്രതിനിധികളിലൊരാളായി ഫാ.ജോമോനും

പലപ്പോഴും അച്ചൻ തന്നെയാണ് ആംബുലൻസിൽ ഡ്രൈവറായി പോകാറുള്ളത്...

സ്വന്തം ലേഖകൻ

കണ്ണൂർ: കൊറോണാ മഹാമാരിയെ നേരിടുന്നതിൽ ഗവണ്മെന്റിനോടൊപ്പം നിലകൊള്ളുകയും, പ്രതിരോധപ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുകയും ചെയ്യുന്ന കത്തോലിക്കാ സഭയുടെ വിവിധ മേഖലകളിലുള്ള വ്യക്തികളുടെ ഒരു പ്രതിനിധിയാണ് ഫാ.ജോമോൻ. വചനപീഠത്തിൽ നിന്നിറങ്ങി മനുഷ്യന് താങ്ങായി മാറാനുള്ള ഒരവസരവും സഭ പാഴാക്കാറില്ല. അത്തരത്തിലുള്ള ഒരുദാഹരണമാണ് കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വാഹനസൗകര്യം ഇല്ലാതെ കഷ്ടപ്പെടുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ സ്വന്തം ആംബുലൻസുമായി ആതുരസേവന രംഗത്തിറങ്ങിയ ഫാ.ജോമോനും.

കണ്ണൂർ രൂപതയുടെ കീഴിൽ ചെമ്പേരിക്കു സമീപം ചുണ്ടക്കുന്നിലുള്ള പുതുക്കാട് എസ്റ്റേറ്റ് മനേജറാണ് ഫാ.ജോമോൻ ചെമ്പകശ്ശേരി. മലയോര ഗ്രാമങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് 19 വ്യാപന സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ, സാധരണ പനി ബാധിച്ചവരെ പോലും വാഹനങ്ങളിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാൻ വാഹന ഉടമകളോ ഡ്രൈവർമാരോ തയ്യാറാകാത്ത സ്ഥിതിയാണുള്ളത്. അത്തരത്തിൽ, മലയോര മേഖലയിലെ നിലാരംബരായ രോഗികൾക്കു കൈത്താങ്ങാവാനാണ് സ്വന്തം കുടുംബവകയായുള്ള ആംബുലൻസ് അദ്ദേഹം ചെമ്പേരിയിൽ എത്തിച്ചിരിക്കുന്നത്.

ചെമ്പേരി വൈസ്മെൻ ക്ലബ് അംഗമായ ഫാ.ജോമോൻ ക്ലബിന്റെ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കൂടിയാണ്. ക്ലബിന് സ്വന്തമായുള്ള രണ്ട് ആംബുലൻസുകളോടൊപ്പം, ക്ലബ്ബിന്റെ കീഴിലാണ് അദ്ദേഹത്തിന്റെ ആംബുലൻസും സേവനം നടത്തി വരുന്നത്. പലപ്പോഴും അച്ചൻ തന്നെയാണ് ആംബുലൻസിൽ ഡ്രൈവറായി പോകാറുള്ളത്. ഓരോ തവണ പോയി വരുമ്പോഴും ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് അണുനാശിനി സ്പ്രേ ചെയ്ത് അദ്ദേഹവും വാഹനവും അണുവിമുക്തമാണെന്ന് ഉറപ്പാക്കുന്നത് കർശനമായി പാലിക്കുകയും ചെയ്യുന്നു.

ചെമ്പേരി വൈസ്മെൻ ക്ലബ് കഴിഞ്ഞ വർഷങ്ങളിൽ സംഭവിച്ച പ്രളയങ്ങളിൽ ഭക്ഷണവും വസ്ത്രവുമായി ലക്ഷകണക്കിന് രൂപയുടെ സഹായം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് നൽകുകയുണ്ടായി. കൂടാതെ, പാവപ്പെട്ടവർക്ക് ഭവനവും, നിർധനരായ കുട്ടികൾക്ക് പഠനസഹായവും നൽകിവരുന്നു. ശ്രീ.ബിജു പേണ്ടാനത്തു ക്ലബ് പ്രസിഡന്റും, ശ്രീ.കെ.കെ.പീറ്റർ സെക്രട്ടറിയും, ശ്രീ.ഓ.സി.പ്രകാശ് ട്രെഷററുമാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker