India

കർണാടകയിലെ മാണ്ഡ്യയിൽ ക്രൈസ്തവ ആശുപത്രിക്ക് നേരെ ആക്രമണം

സംഭവത്തിനുപിന്നിൽ കൃത്യമായ ഗൂഡാലോചനയുണ്ടായിരുന്നു...

ജോസ് മാർട്ടിൻ

മാണ്ഡ്യ: മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് കർണാടകയിലെ മാണ്ഡ്യയിൽ ക്രൈസ്തവ ആശുപത്രിക്ക് നേരെ ആക്രമണം. കോതമംഗലം ആസ്ഥാനമായുള്ള മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിന്റെ മാണ്ഡ്യയിലെ സാൻജോ ആശുപത്രിക്ക് നേരെയാണ് ആക്രമണം നടന്നത്.

വർഷങ്ങളായി മാണ്ഡ്യയിൽ പ്രവർത്തിക്കുന്ന ആശുപത്രിക്കെതിരെ മതപരിവർത്തനം നടത്തുന്നു എന്ന വ്യാജപ്രചരണവുമായിട്ടാണ് ആക്രമണം അരങ്ങേറിയത്. കൂടാതെ ജീവനക്കാരെയും, അധികൃതരെയും മണിക്കൂറുകളോളം തടഞ്ഞുവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, മർദ്ദിക്കുകയും ചെയ്തു. ലോക്കൽ ചാനലുകാർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഏകദേശം മുപ്പതോളം അക്രമകാരികൾ പി.ആർ.ഒ.യുടെ മുറിയിലേക്ക് ഇരച്ചു കയറുകയും, അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്ന് എം.എസ്.ജെ. സന്യാസിനീ സമൂഹം പറഞ്ഞു.

എല്ലാ ക്രൈസ്തവ സ്ഥാപനങ്ങളിലും സൂക്ഷിക്കാറുള്ള ബൈബിൾ, കുരിശ് രൂപങ്ങൾ, മറ്റ് ആത്മീയ പുസ്തകങ്ങൾ തുടങ്ങിയവ ബലമായികൈക്കലാക്കി പ്രദർശിപ്പിച്ചാണ് അക്രമകാരികൾ ആരോപണമുന്നയിക്കുന്നത്. കൂടാതെ, മതപരിവർത്തനം നടത്തുന്ന സ്ഥാപനം എന്ന പേരിൽ ഇവർ നൽകിയ വ്യാജ പരാതിയിന്മേൽ പി.ആർ.ഓ.യെ പോലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന് ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല.

സംഭവത്തിനുപിന്നിൽ കൃത്യമായ ഗൂഡാലോചനയുണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്. കാരണം, കഴിഞ്ഞദിവസം രോഗം ഇല്ലാതിരുന്നിട്ടും ഒരാൾ ആശുപത്രിയിൽ നിർബന്ധപൂർവം അഡ്മിറ്റ് ആവുകയും, പിറ്റേന്ന് ഡിസ്ചാർജ് വാങ്ങി തിരിച്ചു പോയി ആളുകളുമായെത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയുള്ള സംഘടിത ആക്രമണത്തിന്റെ ഭാഗമായേ ഇതിനെ കാണാൻ കഴിയൂ എന്ന് വിശ്വാസീസമൂഹവും പറയുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker