Daily Reflection

ചെമ്മിരിയാടുകളെ കോലാടുകളിൽ നിന്നും വേർതിരിക്കും

വേർതിരിവ് നടത്തുന്നതിന്റെ ഉരക്കല്ല് എളിയവന് ചെയ്യുക, എളിയവന് ചെയ്യാതിരിക്കുക എന്നതാണ്...

ലോകസ്ഥാപനം മുതൽ സഞ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശമാക്കുവിൻ” (മത്താ. 25:34) ഓരോ മനുഷ്യന്റെയും ഉള്ളിന്റെ ഉള്ളിൽ മുഴങ്ങേണ്ട സുന്ദരമായ വിധിവാചകമാണിത്. ദൈവരാജ്യം ലോകസൃഷ്ടിയോടെ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ദൈവരാജ്യം ഒരു സ്ഥലമല്ല. ലോകസ്ഥാപനത്തോടെ സൃഷ്ടിക്കപ്പെട്ടുവെങ്കിൽ അത് ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധമാണ്. കാരണം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് അവിടുത്തെ സ്നേഹത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ്. സൃഷ്ടികർമ്മത്തിൽ ഈ ബന്ധം അതിന്റെ പൂർണ്ണതയിൽ ഉണ്ടായിരുന്നു. ആ പൂർണ്ണതയിൽ ജീവിച്ച മനുഷ്യർ പരിശുദ്ധനായ പിതാവിന്റെ പരിശുദ്ധരായ മക്കളായിരുന്നു. ഈ പരിശുദ്ധി നിറഞ്ഞ ബന്ധമാണ് ലോകസ്ഥാപനം മുതൽ ഉണ്ടായിരുന്നത്.

ഈ ബന്ധം തിന്മ ഉടലെടുത്ത സമയംമുതൽ നഷ്ടമായി. അതുകൊണ്ടാണ് കർത്താവു മോശയോട് പറയുന്നത്, നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ, എന്തെന്നാൽ നിങ്ങളുടെ ദൈവവും കർത്താവുമായ ഞാൻ പരിശുദ്ധനാണ്. ഈ വിശുദ്ധ ബന്ധത്തിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് അവസാനവിധി സംഭവിക്കുക. മത്തായി 25:31 മുതൽ അവസാനവിധിയെ കുറിച്ച് പറയുമ്പോൾ, മനുഷ്യപുത്രൻ ആണ് വിധി പ്രസ്താവിക്കുകയെന്നു പറയുന്നു. കാരണം അവിടുന്നാണ് തന്റെ ജീവൻ നമുക്ക് നൽകി ഈ ബന്ധം വീണ്ടും പുനഃസ്ഥാപിച്ചത്. ആയതിനാൽ അതിനുള്ള അവകാശവും അവിടുത്തേക്ക്‌ തന്നെ.

3 വ്യക്തിത്വങ്ങളെ ഇവിടെ നമുക്ക് കാണാം:

1) ഇടയൻ: വിധിയാളനായി വരുന്ന ക്രിസ്‌തുവിനെ ഇടയന് തുല്യമായി സുവിശേഷകൻ പഠിപ്പിക്കുന്നു. കാരണം ഇടയന് തന്റെ കൂട്ടത്തിലെ ആടുകളെ നന്നായി വേർതിരിക്കാനറിയാം. പകൽസമയങ്ങളിൽ ഇടയന്റെ തന്റെ ആട്ടിൻകൂട്ടത്തിൽ ഒരു വേർതിരിവില്ലാതെ ചെമ്മിരിയാടുകളെയും കോലാടുകളെയും ഒരുമിച്ചു നടത്തും. രാത്രിയിൽ ചെമ്മിരിയാടുകളെയും കോലാടുകളെയും വേർതിരിക്കും, ചെമ്മിരിയാടുകൾ പുറത്തു തുറസായസ്ഥലത്ത് വിശ്രമിക്കും, കോലാടുകളെ മനുഷ്യർ താമസിക്കുന്ന ഭാഗത്തോട് ചേർന്നാണ് വിശ്രമിക്കാൻ വിടുക, കാരണം അവയ്ക്കു കൂടുതൽ ചൂട് ആവശ്യമാണ്. ഈ ഒരു വേർതിരിവ് പോലെയാണ് അന്ത്യവിധിയിൽ വിധി പ്രസ്താവിക്കുകയെന്നും അന്ത്യവിധിവരെ കോലാടുകളും ചെമ്മിരിയാടുകളും ഒരുമിച്ചു വാഴുമെന്നും ഉപമയുടെ വായിച്ചെടുക്കാൻ സാധിക്കും.

2) ചെമ്മിരിയാട്‌: ചെമ്മിരിയാടിനെ വലതുവശത്തു നിറുത്തുമെന്നു വചനം പഠിപ്പിക്കുന്നു. എന്താണ് വലതുവശത്തെ ആളുകളെ ചെമ്മിരിയാടുകളുമായി ഉപമിക്കുവാൻ കാരണം? ചെമ്മിരിയാടുകൾ ബുദ്ധിയുള്ളവയാണ്, ശാന്തമായി ജീവിക്കുന്നവയാണ്, ഇടയനോട് വിധേയത്വം ഉള്ളവയും സ്ഥിരതയുള്ളവയുമാണ്, കൂടാതെ ആക്രമിക്കാൻ വരുന്ന ശത്രുവിനെ ഒരുമിച്ചു നിന്ന് എതിർക്കുകയും പെൺ ചെമ്മിരിയാടുകൾക്ക് ചുറ്റും നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്ന് പറയുന്നു. ആ അർത്ഥത്തിൽ ഇടയനോട് വിദേയത്വവും വിശ്വസ്തതയും കൂട്ടായ്മമനോഭാവവുമൊക്കെയാണ് നിത്യജീവിതത്തിലേക്കു പ്രവേശിക്കുവാൻ കരണമാവുകയെന്നു ചെമ്മിരിയാടുകളുടെ സ്വഭാവത്തിലൂടെ മനസിലാക്കാം.

3) കോലാടുകൾ: കോലാടുകളെ ഇടതുവശത്തു നിര്ത്തുമെന്നു പറയുമ്പോൾ കോലാടുകളുടെ മനോഭാവമാണ് മനസിലാക്കേണ്ടത്. ഒരിക്കലും വഴങ്ങാത്തതും ശ്രദ്ധയില്ലാത്തതും ശത്രുവിനെ കാണുമ്പോൾ ചിതറിക്കപ്പെടുന്നതുമൊക്കെ അവയുടെ പ്രത്യേകതയാണ്. ആ അർത്ഥത്തിൽ അനുസരണയില്ലാത്ത, അച്ചടക്കമില്ലാത്ത അവയുടെ സ്വഭാവമുള്ള ഇടതുവശത്തുള്ളവർ നിത്യനാശത്തിലേക്കും പ്രവേശിക്കുമെന്നു വചനം പറയുന്നു.

ഇടയൻ\മനുഷ്യപുത്രൻ ഈ വേർതിരിവ് നടത്തുന്നതിന്റെ ഉരക്കല്ല് എളിയവന് ചെയ്യുക, എളിയവന് ചെയ്യാതിരിക്കുക എന്ന രണ്ടു കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അതായത്, നിയമം മാത്രം പാലിക്കുന്നവരെയും നിയമം ജീവിക്കുന്നവരെയും തമ്മിൽ വേർതിരിക്കുന്നുവെന്നും നിയമം പാലിക്കുന്നവരിൽ നിന്നും നിയമം ജീവിക്കുന്നവരിലേക്കുള്ള വളർച്ചയാണ് ദൈവം നന്നിൽ നിന്നും ആഗ്രഹിക്കുന്നതെന്ന് ഈ ഉപമയിലൂടെ നമ്മെ പഠിപ്പിക്കുന്നു. പരിപൂർണ്ണനായ ദൈവത്തിന്റെ മക്കളായ നമ്മളെ പരിപൂർണ്ണരാകാൻ വിളിക്കുന്ന ദൈവം ഈ വളർച്ച നമ്മിൽ നിന്നും ആഗ്രഹിക്കുന്നു, കാരണം ദൈവത്തിന്റെ സ്നേഹത്തിന്റെ വിശുദ്ധിയിലാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നതും, ലോകസ്ഥാപനം മുതൽ അവിടുന്ന് ഈ പൂർണ്ണ വിശുദ്ധി നമുക്കായി സജ്ജമാക്കിയിരിക്കുന്നു.

Show More

One Comment

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker