Articles

“ട്രാന്‍സ്” കത്തോലിക്കാ വിശ്വാസത്തിനെതിരോ? എന്താണ് യാഥാർഥ്യം!

ക്രൈസ്തവ വിശ്വാസവും അനുബന്ധ വിഷയങ്ങളും വരുമ്പോൾ ആവിഷ്കാരത്തിനും അഭിപ്രായത്തിനുമുള്ള സ്വാതന്ത്ര്യം! മറ്റതാകുമ്പോൾ ജീവഭയം...

ഫാ.നോബിൾ തോമസ് പാറക്കൽ

മലയാളസിനിമയിലെ ക്രൈസ്തവ പ്രമേയങ്ങള്‍ വിശാലമായ പഠനമാവശ്യമുള്ള ഒരു മേഖലയാണ്. മലയാളസിനിമയുടെ ചരിത്രഗതി ആരംഭിക്കുന്ന വിഗതകുമാരന്‍ എന്ന നിശബ്ദചലച്ചിത്രം പുറത്തിറങ്ങിയ 1928 മുതല്‍ ഇന്നുവരെയുള്ള മലയാളചലച്ചിത്രങ്ങളെല്ലാം പരിശോധിച്ചാല്‍ അവയിലെല്ലാം ആഴത്തില്‍ വേരോടി നില്‍ക്കുന്ന പ്രമേയങ്ങളുടെ പൊതുസ്വഭാവം ക്രിസ്തീയമാണെന്ന് പറയാന്‍ കഴിയും. ആദ്യകാലചലച്ചിത്രങ്ങളില്‍ സ്പഷ്ടമല്ലെങ്കിലും ചലച്ചിത്രങ്ങളുടെ ഗുണനിലവാരവും പ്രേക്ഷകരുടെ എണ്ണവും വര്‍ദ്ധിച്ചതിന്ശേഷം മലയാളചലച്ചിത്രങ്ങളില്‍ സാവധാനം ക്രിസ്തീയജീവിതവും ക്രിസ്തീയപ്രമേയങ്ങളും ഇടംപിടിക്കുന്നത് നാം കാണുന്നുണ്ട്. യഥാര്‍ത്ഥ ജീവിതപശ്ചാത്തലങ്ങള്‍ പകര്‍ത്തിയും ഭാവാത്മകമായും ക്രിസ്തീയജീവിതത്തെയും ക്രൈസ്തവപ്രമേയങ്ങളെയും കൈകാര്യം ചെയ്തിരുന്ന മലയാളസിനിമ പക്ഷേ, അടുത്ത നാളുകളില്‍ അതിന്‍റെ തികച്ചും നിഷേധാത്മകമായ മാനങ്ങളിലേക്കാണ് ശ്രദ്ധയൂന്നുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ റിലീസായിരിക്കുന്ന ട്രാന്‍സ് എന്ന ചലച്ചിത്രം അതീവഗുരുതരമായി ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് കാണാനിടയായത്. “ട്രാന്‍സ്” എന്ന ചിത്രമുയര്‍ത്തുന്ന ചോദ്യങ്ങൾ ചര്‍ച്ച ചെയ്യുന്നു.

1) ട്രാന്‍സ് എന്ന സിനിമ ക്രൈസ്തവ വിശ്വാസത്തിന് വിരുദ്ധമോ?

ശ്രീ.അന്‍വര്‍ റഷീദ് നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ട്രാന്‍സ് എന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിന്‍സെന്റ് വടക്കന്‍ ആണ്. ഫഹദ് ഫാസിലാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. “ട്രാന്‍സ്” എന്ന പദം വിവക്ഷിക്കുന്നത് “അര്‍ദ്ധബോധാവസ്ഥയിലേക്ക് എത്തിച്ചേരുന്ന മാനസിക-ശാരീരിക അവസ്ഥയെയാണ്”. ഹിപ്നോട്ടിസത്തിലൂടെയോ മരുന്നിലൂടെയോ ആണ് വൈദ്യശാസ്ത്രപരമായി ഇത്തരമൊരവസ്ഥ സൃഷ്ടിച്ചെടുക്കുന്നത്. മതവും ദൈവവിശ്വാസവും ഒരു വ്യക്തിയെ ഇപ്രകാരമൊരവസ്ഥയിലേക്കെത്തിക്കുന്നതിന്റെ ദൃഷ്ടാന്തം അവതരിപ്പിച്ചുകൊണ്ട് വ്യാജവും ഉപരിപ്ലവവുമായ ദൈവവിശ്വാസത്തിന്റെ, അല്ലെങ്കില്‍ ദൈവവിശ്വാസത്തിന്റെ അനുകരണങ്ങളിലെ അനുഷ്ഠാനപരതയെയും സാന്പത്തികലാക്കിനെയും വിമര്‍ശിക്കുകയാണ് ചിത്രം ചെയ്യുന്നത്. പ്രത്യക്ഷത്തില്‍ ക്രൈസ്തവവിശ്വാസത്തിന് എതിരാണ് ചലച്ചിത്രത്തിന്റെ ഉള്ളടക്കവും അവതരണശൈലിയും എന്ന് തോന്നാമെങ്കിലും കത്തോലിക്കാസഭ തന്നെ എക്കാലവും വിമര്‍ശനബുദ്ധ്യാ നോക്കിക്കണ്ടിട്ടുള്ളതും തിരുത്തലുകള്‍ നല്കിയിട്ടുള്ളതുമായ prosperity gospel അഥവാ സമൃദ്ധിയുടെ സുവിശേഷമാണ് സിനിമയില്‍ വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. മാനസികരോഗിയായ വിജുപ്രസാദിനെ അത്ഭുതപ്രവര്‍ത്തകനായ പാസ്റ്റര്‍ ജോണ്‍ കാള്‍ട്ടനാക്കി മാറ്റുന്ന കോര്‍പറേറ്റ് വ്യവസായസംരഭകത്വം മതത്തെയും ദൈവത്തെയും വില്പനച്ചരക്കാക്കുന്ന വര്‍ത്തമാനകാല പ്രവണതകളിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. അതിനാല്‍ത്തന്നെ, സിനിമ ക്രൈസ്തവവിശ്വാസത്തിന് വിരുദ്ധമാണെന്ന് ഞാൻ കരുതുന്നില്ല. അതേസമയം, ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ നടമാടുന്ന കപടആദ്ധ്യാത്മികതയുടെ കോമാളിവേഷങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും സത്യവിശ്വാസത്തിന്റെ സൗന്ദര്യത്തിലേക്ക് അന്വേഷണാത്മകമായി കടന്നുചെല്ലാനും ഉള്ള വെല്ലുവിളിയായി ഈ ചിത്രത്തെ മനസ്സിലാക്കാന്‍ കഴിയും.

2) ട്രാന്‍സിന്റെ പ്രതിപാദന വിഷയം കേരള കരിസ്മാറ്റിക് മുന്നേറ്റമോ?

കേരളക ത്തോലിക്കാ സഭയിലെ കരിസ്മാറ്റിക്ക് മുന്നേറ്റത്തെയാണ് സിനിമ ഉന്നംവെക്കുന്നതെന്ന വ്യാപകമായ അടക്കംപറച്ചിലുകളുണ്ട്. കരിസ്മാറ്റിക് മുന്നേറ്റം കേരളസഭയില്‍ കൊണ്ടുവന്നിരിക്കുന്ന ആത്മീയമായ വളര്‍ച്ചയും സ്ഥിരതയും വര്‍ത്തമാനകാലയാഥാര്‍ത്ഥ്യമാണ്. കത്തോലിക്കാസഭകളിലെ കരിസ്മാറ്റിക് ശുശ്രൂഷകളുടെ ആത്യന്തികമായ ലക്ഷ്യം ഈശോ തന്നെയും പ്രസംഗിച്ച മനുഷ്യരുടെ മാനസാന്തരമാണ്. വചനപ്രഘോഷണവും രോഗശാന്തിയും ഈശോയുടെ തന്നെ ശൈലിയായിരുന്നു. അതാണ് ഇന്നും ക്രിസ്തുശിഷ്യരിലൂടെ തുടരുന്നത്. മനുഷ്യജീവിതത്തിന് ക്രമവും ചിട്ടയും സൗന്ദര്യവും കൈവരാന്‍ സഹായിക്കുന്ന മാനസാന്തരത്തിലേക്കും അതുവഴി രക്ഷയുടെ അനുഭവത്തിലേക്കും മനുഷ്യരെ നയിക്കുന്ന ദൈവവിശ്വാസത്തിന്റെ സുവിശേഷപ്രഘോഷണമാണ് കരിസ്മാറ്റിക് ശുശ്രൂഷകളില്‍ നടക്കുന്നത്. ക്രൈസ്തവവിശ്വാസം എന്താണെന്നും വചനത്തിലും തിരുസ്സഭയുടെ പ്രബോധനങ്ങളിലും അധിഷ്ഠിതമായി കത്തോലിക്കാസഭ പഠിപ്പിക്കുന്നതെന്താണെന്നും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്ന സന്ദര്‍ഭങ്ങളാണവ. തിരുസ്സഭയുടെ കൂദാശകളായ വിശുദ്ധകുര്‍ബാനയും അനുരജ്ഞനശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും വചനപ്രഘോഷണവുമാണ് കരിസ്മാറ്റിക് ശുശ്രൂഷകളുടെ മുഴുവന്‍ ഉള്ളടക്കം. ഇത്തരം ശുശ്രൂഷകളില്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് ആത്യന്തികമായി സംഭവിക്കുന്നത് മാനസാന്തരമാണ്. തങ്ങളുടെ ജീവിതത്തിന്റെ ശരിതെറ്റുകളെക്കുറിച്ചുള്ള അവബോധവും തിരുത്തലുകള്‍ വരുത്തേണ്ട മേഖലകളെക്കുറിച്ചുള്ള തിരിച്ചറിവും അവര്‍ക്കുണ്ടാകുന്നു. പകയുടെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും സാഹചര്യങ്ങളെ തിരിച്ചറിയാനും മാറ്റങ്ങള്‍ വരുത്താനും അവര്‍ക്ക് സാധിക്കുന്നു. ആഴത്തില്‍ വിശ്വസിച്ച് പ്രാര്‍ത്ഥിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യുന്നവര്‍ക്ക് രോഗസൗഖ്യങ്ങളും അവര്‍ പ്രതീക്ഷിക്കാത്ത മേഖകളില്‍ അത്ഭുതകരമായ മാറ്റങ്ങളും അനുഭവപ്പെടുന്നു. ദൈവവിശ്വാസവും പ്രാര്‍ത്ഥനയും വഴി ജീവിതനവീകരണം സാദ്ധ്യമാക്കിയ ഇറച്ചി ആല്‍ബിന്‍ എന്ന വ്യക്തിയുടെ ജീവിതം ഉത്തമഉദാഹരണമാണ്. ശത്രുക്കളെ കൊന്ന് അവരുടെ രക്തം ചാരായത്തില്‍ കലക്കി കുടിച്ചിരുന്ന ഇറച്ചി ആല്‍ബിന്‍ ഇന്ന് നൂറുകണക്കിന് അനാഥരെ സംരക്ഷിക്കുന്ന ഒരു വ്യക്തിയാണ്. കരിസ്മാറ്റിക് ശുശ്രൂഷകളുടെ ലക്ഷ്യം ഇപ്രകാരമുള്ള മാനസാന്തരമാണെന്നിരിക്കേ ട്രാന്‍സ് എന്ന സിനിമയുടെ പ്രമേയം ഈ വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്ന് പറയാനാവില്ല. കരിസ്മാറ്റിക് ശുശ്രൂഷകളുടെ ശൈലികള്‍ അതേപടി പകര്‍ത്തിയിരിക്കുന്ന ക്രൈസ്തവസെക്ടുകളുടെ കാപട്യത്തെയാണ് ട്രാന്‍സ് അനാവരണം ചെയ്യുന്നത്. കത്തോലിക്കാസഭയിലെ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ ഭാഗമായ കൂദാശകളിലധിഷ്ഠിതമായ ശുശ്രൂഷകളല്ല ട്രാന്‍സിന്റെ പ്രതിപാദ്യവിഷയം എന്ന് നിസംശയം പറയാവുന്നതാണ്. അതേസമയം, ആത്മാര്‍ത്ഥമായും സത്യസന്ധമായും സുവിശേഷവേല ചെയ്യുന്ന ക്രൈസ്തവവിഭാഗങ്ങളെ ഈ ഗണത്തില്‍ പെടുത്തേണ്ടതുമില്ല.

3) ആത്മീയതയുടെ ലക്ഷ്യം രോഗസൗഖ്യവും സാമ്പത്തിക വളര്‍ച്ചയുമാണോ?

മനുഷ്യന്റെ ആത്മീയാന്വേഷണങ്ങളുടെയും ക്രൈസ്തവവിശ്വാസത്തിലെ ആത്മീയ ശുശ്രൂഷകളുടെയും ആത്യന്തികമായ ലക്ഷ്യം മനുഷ്യന്റെ മാനസാന്തരമാണ് എന്ന് നാം കണ്ടുകഴിഞ്ഞു. കത്തോലിക്കാ വിശ്വാസമനുസരിച്ച് രോഗസൗഖ്യവും സാമ്പത്തിക വളര്‍ച്ചയുമൊക്കെ മാനസാന്തരത്തിന്റെ അനേകം അനുബന്ധഫലങ്ങളില്‍ ചിലത് മാത്രമാണ്. അവ സംഭവിക്കാം സംഭവിക്കാതിരിക്കാം. വിശ്വാസത്തിന്റെ ഇത്തരം ഫലങ്ങളെ അമിതമായി യുക്തിവത്കരിക്കുന്നതും അമിതമായി ആത്മീയവത്കരിക്കുന്നതും ഒരുപോലെ അപകടകരമാണ്. മനുഷ്യന്റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുകയും അവനെ അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവം ഒരു ആത്മീയയാഥാര്‍ത്ഥ്യമാണ്, ഒരു ബൗദ്ധികസത്യവുമാണ്. ബൗദ്ധികസത്യം എന്നതുകൊണ്ടുദ്ദേശിക്കുന്നത് യുക്ത്യധിഷ്ഠിതമായ ധാരണകള്‍ ഈ വിഷയത്തില്‍ സാധ്യമാണ് എന്ന അര്‍ത്ഥത്തിലാണ്. എന്നാല്‍ അതേസമയം തന്നെ മനുഷ്യന്റെ പ്രാര്‍ത്ഥനകള്‍ എല്ലാം അതേപടി കേള്‍ക്കുകയും മനുഷ്യന്റെ ആഗ്രഹങ്ങളെല്ലാം സാധിക്കുകയും ചെയ്യുന്ന ഒരു ദൈവം സാമാന്യയുക്തിക്കോ സഭാപ്രബോധനങ്ങള്‍ക്കോ നിരക്കുന്നതല്ല താനും. യുക്തിയുടെയും ആത്മീയതയുടേയും അങ്ങേയറ്റങ്ങളിലേക്ക് പോകുന്ന രണ്ട് കാഴ്ചപ്പാടുകളും തിരത്തപ്പെടേണ്ടതുമാണ്. ഇത്തരം വിഷയങ്ങളില്‍ കത്തോലിക്കാസഭ കാലാകാലങ്ങളില്‍ പ്രബോധനങ്ങളും തിരുത്തലുകളും നല്കാറുമുണ്ട്.

മാനസാന്തരത്തിന്റെ പലവിധത്തിലുള്ള അനുബന്ധഫലങ്ങളില്‍ ചിലതാണ് രോഗശാന്തിയും സാന്പത്തികവളര്‍ച്ചയും എന്ന് കണ്ടുകഴിഞ്ഞു. എന്നാല്‍ രോഗശാന്തിയും സാന്പത്തിക വളര്‍ച്ചയും ആത്മീയ ശുശ്രൂഷകളുടെ ആത്യന്തിക ലക്ഷ്യമായി അവതരിപ്പിക്കുകയും മനുഷ്യന്റെ ദൈവ വിശ്വാസത്തിന്റെ ദുര്‍ബലവശങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന സെക്ടുകള്‍ ഇന്ന് ലോകമെന്പാടും ധാരാളമുണ്ട്. കത്തോലിക്കാസഭ ഇത്തരം മുന്നേറ്റങ്ങളെക്കുറിച്ച് സാരമല്ലാത്തവിധം മുന്നറിയിപ്പുകളും നല്കിയിട്ടുണ്ട്. ഇവരുടെ പ്രചരണവേലകളെയാണ് ആധുനികസമൂഹവും സഭാസംവിധാനങ്ങളും prosperity gospel അഥവാ സമൃദ്ധിയുടെ സുവിശേഷം എന്ന് വിശേഷിപ്പിക്കുന്നത്. പ്രോസ്പരിറ്റി ഗോസ്പല്‍ പ്രചരിപ്പിക്കുന്നവര്‍ അത്ഭുതകരമായ രോഗശാന്തിയും സാന്പത്തികമായ വളര്‍ച്ചയും മനുഷ്യര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. പ്രാര്‍ത്ഥനകള്‍ക്ക് മാജിക്കല്‍ ഇഫക്ട് ഉണ്ടെന്നും വ്യക്തികള്‍ക്ക് സവിശേഷസിദ്ധികളുണ്ടെന്നും സ്ഥാപിച്ചെടുത്തുകൊണ്ടും ബൈബിള്‍ വചനങ്ങളെ സന്ദര്‍ഭളില്‍ നിന്നടര്‍ത്തി മാറ്റി വ്യാഖ്യാനിച്ചുകൊണ്ടും നടത്തുന്ന വലിയ പ്രോഗ്രാമുകള്‍ പലപ്പോഴും അവ നടത്തപ്പെടുന്നവരുടെ സാന്പത്തികവളര്‍ച്ച മാത്രമാണ് ലക്ഷ്യംവെക്കുന്നത്. ട്രാന്‍സ് വിമര്‍ശനവിധേയമാക്കുന്നത് ഈ പ്രവണതയേയാണ്. ആത്മീയരംഗത്തെ കള്ളനാണയങ്ങളെ തിരിച്ചറിയാനും അതേസമയം തന്നെ ആത്മീയരംഗത്തെ ശുശ്രൂഷകളില്‍ വ്യതിചലനങ്ങളുണ്ടാകുന്നുണ്ടോയെന്ന് ആത്മശോധന ചെയ്യാനും ഒരേസമയം ഈ സിനിമ വിശ്വാസികളെയും ആത്മീയശുശ്രൂഷകരെയും നിര്‍ബന്ധിക്കുന്നുമുണ്ട്.

4) അത്ഭുതങ്ങള്‍ ആത്മീയ തട്ടിപ്പോ?

അത്ഭുതങ്ങളെ ആത്മീയതട്ടിപ്പായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴായി നടന്നിട്ടുണ്ട്. ആത്മീയതട്ടിപ്പിനുവേണ്ടി അത്ഭുതങ്ങളെ ദുരുപയോഗിക്കുന്നവരുമുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിന് മുന്പില്‍ ഇത്തരം വിമര്‍ശകരെ കുറ്റംപറയാനുമാവില്ല. നിരീശ്വരവാദപ്രസ്ഥാനങ്ങള്‍, യുക്തിവാദസംഘങ്ങള്‍, തുടങ്ങി തീവ്രഇസ്ലാമികസംഘടനകള്‍ വരെ ക്രൈസ്തവ ആദ്ധ്യാത്മകതയുടെ ഭാഗമായ അത്ഭുതങ്ങളെ വിമര്‍ശിക്കുന്നത് നിത്യസംഭവമാണ്. അത്ഭുതങ്ങളെ സംബന്ധിച്ചുള്ള കത്തോലിക്കാ പ്രബോധനമനുസരിച്ച് അത് ദൈവത്തിന്റെ സാന്നിദ്ധ്യത്തിന്റെയും ഇടപെടലിന്റെയും അടയാളമാണ്. അതായത് അത്ഭുതങ്ങള്‍ ആത്മീയതയുടെ ആത്യന്തികലക്ഷ്യമല്ല മറിച്ച് ചില ആത്മീയ യാഥാര്‍ത്ഥ്യങ്ങളുടെ ബാഹ്യമായ അടയാളങ്ങളാണ് എന്ന് ചുരുക്കം. അത്ഭുതങ്ങള്‍ നടന്നില്ല എന്നതുകൊണ്ട് ആത്മീയശുശ്രൂഷകള്‍ വിജയിച്ചില്ല എന്നോ അവ നടന്നു എന്നതുകൊണ്ട് അത്തരം ശുശ്രൂഷകള്‍ മാത്രമാണ് ശരി എന്നോ സഭ പഠിപ്പിക്കുന്നില്ല. കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങള്‍ ഒരിക്കലും ആത്മീയശുശ്രൂഷകളുടെ ഗുണനിലവാരം നിശ്ചയിക്കാനുള്ള ഒരു മാനദണ്ഡമല്ല എന്ന് വിശ്വാസികളും പൊതുസമൂഹവും തിരിച്ചറിയേണ്ടതുണ്ട്. അതേസമയം തന്നെ, അത്ഭുതങ്ങളുടെ സാദ്ധ്യതകളെ സഭ തള്ളിക്കളയുന്നുമില്ല. അവ സംഭവിക്കാം സംഭവിക്കാതിരിക്കാം. ദൈവത്തിന്റെ ഇടപെടലുകളെ പരിമിതപ്പെടുത്താനോ തള്ളിക്കളയാനോ മനുഷ്യബുദ്ധിക്കോ മാനുഷിക ഇടപെടലുകള്‍ക്കോ സാധിക്കുകയില്ലല്ലോ. അത്ഭുതങ്ങള്‍ ജീവിക്കുന്ന ദൈവത്തിന്റെ അടയാളങ്ങളാണ്. സത്യദൈവത്തെ തിരിച്ചറിയാനും ഏകദൈവത്തെ മനസ്സിലാക്കാനും ആ ദൈവത്തെ സമീപിക്കാനും അത്ഭുതങ്ങള്‍ സഹായകങ്ങളുമാണ്. തങ്ങളുടെ മതങ്ങളില്‍ അവ സംഭവിക്കുന്നില്ല, ക്രൈസ്തവആരാധനകളില്‍ മാത്രം സംഭവിക്കുന്നു എന്നതിനാല്‍ അവ തട്ടിപ്പാണ് എന്നല്ല നിങ്ങള്‍ പറയേണ്ടത്. മറിച്ച്, സത്യദൈവത്തെ അവതരിപ്പിക്കുന്ന ക്രൈസ്തവആത്മീയതയിലേക്ക് ഞങ്ങളും വരുന്നു എന്നാണ്.

എന്നാല്‍ അതേസമയം തന്നെ, അത്ഭുതങ്ങളെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ആത്മീയശുശ്രൂഷകള്‍ നടത്തുന്ന പ്രസ്ഥാനങ്ങളെയും മുന്നേറ്റങ്ങളെയും വിശ്വാസികളും പൊതുസമൂഹവും കരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ട്രാന്‍സ് എന്ന സിനിമയുടെ പ്രമേയം ചര്‍ച്ച ചെയ്യുന്നതും അതുതന്നെയാണ്. അത്ഭുതങ്ങളെ വ്യവസായവത്കരിക്കുകയും പരസ്യബോര്‍ഡുകളിലൂടെ പ്രചരിപ്പിക്കുകയും ധനാര്‍ജ്ജനത്തിനുള്ള മാര്‍ഗ്ഗമാക്കുകയും ചെയ്യുന്ന നവയുഗ അത്ഭുതപ്രവര്‍ത്തകരെ കരുതലോടെ വിശകലന വിധേയമാക്കേണ്ടത് അനിവാര്യമാണ്. അവരുടെ ശുശ്രൂഷകളില്‍ സഭാ പ്രബോധനങ്ങളും സുവിശേഷവും ക്രൈസ്തവ ധാര്‍മ്മികതയുമാണോ പ്രഘോഷിക്കപ്പെടുന്നത് എന്ന് സശ്രദ്ധം പഠിക്കണം. കൂദാശകളിലും സഭാ പ്രബോധനങ്ങളിലും അധിഷ്ഠിതമായ ശുശ്രൂഷകള്‍ മാറ്റിവെച്ച് സ്വയം സിദ്ധനായി അവതരിപ്പിക്കുകയും അത്ഭുതങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുകയും ആത്മീയതയെ മാജിക്കാക്കി മാറ്റുകയും ചെയ്യുന്നവരെ സൂക്ഷിക്കുകതന്നെ വേണം.

5) രോഗ സൗഖ്യത്തിനുള്ള പ്രഥമ മാര്‍ഗ്ഗം പ്രാര്‍ത്ഥനയോ?

ആത്മീയ ശുശ്രൂഷാരംഗത്തെ രോഗ സൗഖ്യങ്ങളെ പരിഹാസത്തോടെ കാണുന്നവരുണ്ട്. ശുശ്രൂഷകളുടെ സമയത്ത് രോഗസൗഖ്യം ലഭിച്ചവരുടെ സാക്ഷ്യം കേട്ടശേഷം ഇതൊക്കെ സാധിക്കുമെങ്കില്‍ പിന്നെന്തിനാണ് ഹോസപിറ്റലുകള്‍ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. എയ്ഡ്സ് ബാധിച്ചവരെയും കുഷ്ഠരോഗികളെയും അംഗവൈകല്യമുള്ളവരെയും സുഖപ്പെടുത്താന്‍ വെല്ലുവിളിക്കുന്നവരുണ്ട്. ഇവിടെയൊക്കെ പ്രശ്നം വിമര്‍ശകരാരും തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാട് പരിശോധിക്കാറില്ല എന്നതാണ്. ഏതൊരു രോഗത്തിന്റെയും സൗഖ്യത്തിനുള്ള പ്രഥമമാര്‍ഗ്ഗം എന്നത് ആ രോഗത്തിനുള്ള ചികിത്സ തന്നെയാണ്. വിശ്വസിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ചികിത്സിക്കുന്ന ഡോക്ടറിലൂടെയും കഴിക്കുന്ന മരുന്നിലൂടെയുമെല്ലാം ഇടപെടുന്നത് ദൈവം തന്നെയാണ്. ക്രൈസ്തവ വിശ്വാസം ശാസ്ത്രത്തിനെതിരാണെന്ന് വരുത്തിത്തീര്‍ക്കാനൊക്കെ ഇത്തരം സന്ദര്‍ഭങ്ങളെ ഉപയോഗപ്പെടുത്തുന്നവരുണ്ട്. രോഗം വന്നാല്‍ പ്രാര്‍ത്ഥിച്ചാല്‍ മാത്രം മതിയെന്ന് പഠിപ്പിക്കുന്ന ഒരു ആത്മീയശുശ്രൂഷകനും കത്തോലിക്കാസഭയില്‍ ഉണ്ടാവുകയില്ല. അതേസമയം, ചികിത്സയോടൊപ്പം പ്രാര്‍ത്ഥനയും ഇരട്ടിഫലം ചെയ്യും. പലപ്പോഴും ധ്യാനകേന്ദ്രങ്ങളില്‍ എത്തുന്ന രോഗികള്‍ ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞവരോ പലവിധ ചികിത്സകളും നടത്തി ഫലംകിട്ടാത്തവരോ ഒക്കെയായിരിക്കും. അവരുടെ ജീവിതത്തില്‍ അത്ഭുതകരമാ ദൈവിക ഇടപെടലുകള്‍ ഉണ്ടാവില്ല എന്ന് തീര്‍ച്ചപ്പെടുത്തി പറയാന്‍ നാമാരും ദൈവമല്ലല്ലോ. അതേസമയം, ഏതൊരസുഖവും ദൈവം സുഖപ്പെടുത്തും – പ്രാര്‍ത്ഥിച്ചാല്‍ മതി, ചികിത്സ വേണ്ട എന്നു കരുതുന്നത് ആഴമായ വിശ്വാസമൊന്നുമല്ല, അന്ധവിശ്വാസമാണ് എന്ന് തന്നെ പറയുകയും വേണം. മനുഷ്യരിലൂടെയും മാനുഷികസംവിധാനങ്ങളിലൂടെയും ഒക്കെ പ്രവര്‍ത്തിക്കുന്ന, കഴിക്കുന്ന മരുന്നിലൂടെ ഇടപെടുന്ന ദൈവത്തെക്കൂടി മനസ്സിലാക്കാന്‍ തക്കവിധം ബോധം വികസിക്കുന്പോഴാണ് വിശ്വാസത്തിന്റെ വളര്‍ച്ചയുണ്ടായി എന്ന് പറയാന്‍ കഴിയുകയുള്ളൂ. ഒപ്പം തന്നെ, പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ അത്ഭുതകരമായ സൗഖ്യങ്ങള്‍ സിദ്ധിച്ചവരുടെ അനുഭവസാക്ഷ്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകളടക്കം എത്രവേണമെങ്കിലും ലഭ്യമാക്കാനും കഴിയും.

സമാപനം

കാര്യമിങ്ങനെയൊക്കെയാണെങ്കിലും മിക്കവാറും സിനിമകളിലും ക്രൈസ്തവ ആത്മീയ പരിസരങ്ങൾ മാത്രമാണ് വിമർശിക്കപ്പെടുന്നത് എന്നത് പലരിലും സംശയം ജനിപ്പിക്കുന്നതിനെ കുറ്റപ്പെടുത്താനുമാവില്ല. വിശ്വാസം കൊണ്ടും ഉള്ളടക്കം കൊണ്ടും അക്രമത്തെയും അപര ഹിംസയെയും ന്യായീകരിക്കുന്ന വിശ്വാസ സംഹിതകളുടെ ജീർണതകൾ ഇനിയുമെത്രയോ പരിഹരിക്കപ്പെടാനിരിക്കുന്നു. പക്ഷേ, കലാസൃഷ്ടികളിൽ നിരന്തര നവീകരണത്തിന് വിധേയമാകുന്ന ക്രൈസ്‌തവ വിശ്വാസം മാത്രം പ്രമേയമാകുന്നു. ക്രൈസ്തവ വിശ്വാസവും അനുബന്ധ വിഷയങ്ങളും വരുമ്പോൾ ആവിഷ്കാരത്തിനും അഭിപ്രായത്തിനുമുള്ള സ്വാതന്ത്ര്യം!
മറ്റതാകുമ്പോൾ ജീവഭയം… ഹല്ല പിന്നെ!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker