Sunday Homilies

തിരുഹൃദയ തിരുനാൾ ചരിത്രവും പ്രാധാന്യവും

"ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ, എന്റെ ഹൃദയത്തെയും നിന്റേതുപോലെയാക്കണമേ"...

യേശുവിന്റെ തിരുഹൃദയം
ഒന്നാം വായന – എസക്കിയേൽ 34:11-16
രണ്ടാം വായന – റോമാ 5:5b-11
സുവിശേഷം – വി.ലൂക്കാ 15:3-7

ദിവ്യബലിക്ക് ആമുഖം

പെന്തക്കോസ്താ ഞായറിനെ തുടർന്ന് മൂന്നു സുപ്രധാന തിരുനാളുകൾ സഭ ആചരിക്കുന്നു. ഒന്നാമത്തേത് പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാൾ, രണ്ടാമത്തേത് യേശുവിന്റെ തിരുശരീര രക്തങ്ങളുടെ തിരുനാൾ, മൂന്നാമത്തേത് നാം ഇന്ന് ആഘോഷിക്കുന്ന തിരുഹൃദയത്തിന്റെ തിരുനാൾ. യേശുവിന്റെ ഹൃദയത്തിലെ നമ്മോടുള്ള ജ്വലിക്കുന്ന സ്നേഹം ഇന്നത്തെ തിരുവചനങ്ങളിൽ ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തിലൂടെ വ്യക്തമാക്കുന്നു. തിരുവചനം ശ്രവിക്കാനും ബലിയർപ്പിക്കുവാനുമായി നമുക്ക് ഒരുങ്ങാം.

ദൈവവചന പ്രഘോഷണ കർമ്മം

യേശുവിന്റെ തിരുഹൃദയത്തെ ധ്യാനിക്കുന്ന ഇന്ന് ഈ തിരുനാളിന്റെ ചരിത്രവും പ്രാധാന്യവും നമുക്ക് വിചിന്തന വിധേയമാക്കാം.

1) ചരിത്രം

വിശുദ്ധ മാർഗരറ്റ് അലക്കോക്കിന് (1647-1690) യേശു നൽകിയ ദർശനങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുസഭയിൽ തിരുഹൃദയ ഭക്തി ആരംഭിക്കുന്നത്. കർത്താവിന്റെ തിരു ശരീര രക്തങ്ങളുടെ തിരുനാൾ കഴിഞ്ഞിട്ടുള്ള ദിനങ്ങളിൽ ഈ വിശുദ്ധക്ക് നൽകിയ സന്ദർശനത്തിലാണ് തിരുസഭയിൽ തിരുഹൃദയ തിരുനാൾ ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതൊരു സ്വകാര്യ വെളിപാട് ആയതുകൊണ്ട് തന്നെ വളരെ സാവധാനത്തിലെ നടപ്പാക്കപ്പെട്ടുള്ളൂ. ഏകദേശം 100 വർഷത്തിനു ശേഷം 1975-ൽ ക്ലെമൻസ് പതിമൂന്നാമൻ പാപ്പയാണ് ചില പ്രത്യേക മേഖലകളിൽ ഐ തിരുനാൾ ആഘോഷിക്കുവാൻ അനുവാദം നൽകിയത്. വീണ്ടും ഏകദേശം നൂറു വർഷങ്ങൾക്ക് ശേഷം 1856-ൽ പീയൂസ് ഒമ്പതാമൻ പാപ്പായാണ് ഇത് തിരുസഭ മുഴുവൻ ആഘോഷിക്കുന്ന തിരുനാളായി ഉയർത്തിയത്. 1899-ൽ ലെയോ പതിമൂന്നാമൻ പാപ്പ ലോകം മുഴുവനെയും യേശുവിന്റെ തിരു ഹൃദയത്തിൽ സമർപ്പിച്ചു. തിരുഹൃദയ തിരുനാളിന്റെ സാർവത്രിക സഭയുടെ മഹോത്സവമാക്കി ഉയർത്തിയതിന്റെ നൂറാം വാർഷികം ആഘോഷിച്ച 1956-ൽ പന്ത്രണ്ടാമൻ പാപ്പാ “ഹൌറിയേറ്റിസ് അക്വാസ്” (Haurietis Aquas = ജലം കോരിയെടുക്കും) എന്ന തിരുഹൃദയ ഭക്തിയെക്കുറിച്ചുള്ള ചാക്രികലേഖനം പുറപ്പെടുവിച്ചു. ഇന്ന് നമ്മുടെ ഭവനങ്ങളെല്ലാം തന്നെ യേശുവിന്റെ ഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെടുന്ന രീതിയിൽ, തിരുഹൃദയ ഭക്തി ജീവനാഡിയായി തിരുസഭയുടെയും നമ്മുടെയും വിശ്വാസജീവിതത്തിലുണ്ട്.

2) നമുക്ക് വേണ്ടി സ്പന്ദിക്കുന്ന യേശുവിന്റെ ഹൃദയം

ശരീരത്തിലെ സുപ്രധാനഅവയവം എന്നതിനേക്കാളുപരി “ഹൃദയത്തിന്” നാം നൽകുന്ന ആത്മീയവും, വൈകാരികവുമായ പ്രാധാന്യം നമുക്കെല്ലാവർക്കുമറിയാം. ഹൃദയപൂർവ്വം, ഹൃദ്യമായി… തുടങ്ങിയ വാക്കുകളിലൂടെ നാമത് പ്രകടിപ്പിക്കാറുമുണ്ട്. തിരുവചനത്തിലും ഹൃദയത്തെ പരാമർശിക്കുന്ന ധാരാളം ഭാഗങ്ങളുണ്ട്. ഹൃദയ പരിശ്ചേദനത്തെക്കുറിച്ച് വി.പൗലോസപ്പൊസ്തലൻ പറയുന്നു (റോമാ 2:29), ഹൃദയ കാഠിന്യത്തെക്കുറിച്ച് യേശു പറയുന്നു (വി.മാർക്കോസ് 10:59). കൂടാതെ, ദൈവത്തെ പൂർണ്ണാത്മാവോടും, പൂർണ്ണ ഹൃദയത്തോടും സ്നേഹിക്കാൻ പറയുന്നു (വി.മത്തായി 22:37), ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാണെന്ന് യേശു വീണ്ടും ഓർമ്മിപ്പിക്കുന്നു (വി.മത്തായി 11:29). യേശുവിന്റെ പീഡാനുഭവവും, കുരിശുമരണവും നമുക്ക് വേണ്ടി സ്പന്ദിക്കുന്ന അവന്റെ ഹൃദയത്തിന് തെളിവാണ്. അതുകൊണ്ടുതന്നെയാണ് ഒട്ടുമിക്ക തിരുഹൃദയ ചിത്രങ്ങളിലും ഹൃദയത്തിലെ മുറിവും, കുരിശും നമ്മോടുള്ള സ്നേഹത്തിന്റെ പ്രതീകമായ ജ്വലിക്കുന്ന അഗ്നിയും ഉള്ളത്.

യേശുവിന്റെ ഹൃദയത്തിലെ ഈ സ്നേഹം ഇന്നത്തെ തിരുവചനത്തിലൂടെ വ്യക്തമാക്കുന്നു. 100 ആടുകളിൽ ഒന്നിനെ നഷ്ടപ്പെട്ടപ്പോൾ, നഷ്ടപ്പെട്ടതിനെ തേടിപ്പോകുന്ന ഇടയന്റെ ഹൃദയം നാമിന്ന് സുവിശേഷത്തിൽ ശ്രവിച്ചു. മനുഷ്യർക്കുവേണ്ടി ജ്വലിക്കുന്ന ദൈവത്തിന്റെ സ്നേഹം, ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തിലൂടെ എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽ നിന്ന് ഒന്നാമത്തെ വായനയിൽ നാം ശ്രവിച്ചു. “ദൈവമായ കർത്താവ് അരുൾചെയ്യുന്നു ഞാൻ തന്നെ എന്റെ ആടുകളെ മേയ്ക്കും, ഞാൻ അവയ്ക്ക് വിശ്രമസ്ഥലം നൽകും, നഷ്‌ടപ്പെട്ടതിനെ ഞാൻ അന്വേഷിക്കും, വഴിതെറ്റിപ്പോയതിനെ ഞാൻ തിരിക കൊണ്ടുവരും, മുറിവേറ്റതിനെ ഞാൻ വച്ചുകെട്ടും, ബലഹീനമായതിനെ ഞാൻ ശക്തിപ്പെടുത്തും” (എസക്കിയേൽ 34:15-16). സുവിശേഷത്തിലും ഒന്നാം വായനയിലും നഷ്ടപ്പെട്ടുപോയ ആടിനെ തേടി കണ്ടെത്തുന്ന ഇടയന്റെ ഹൃദയത്തെ, രണ്ടാം വായനയിൽ പൗലോസ് അപ്പോസ്തലൻ വളരെ വ്യക്തമായി ദൈവശാസ്ത്രപരമായി അവതരിപ്പിക്കുന്നു. “എന്നാൽ നാം പാപികളായിരിക്കെ ക്രിസ്തു നമുക്ക് വേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാക്കിയിരുന്നു (റോമാ 5:8). തിരുഹൃദയ തിരുനാളിൽ ഈ തിരുവചനങ്ങൾ നമുക്ക് ആത്മീയപോഷണമായി നൽകിക്കൊണ്ട് നമുക്ക് വേണ്ടി ജ്വലിക്കുന്ന, നമുക്ക് വേണ്ടി സ്പന്ദിക്കുന്ന, നമ്മെ സ്നേഹിക്കുന്ന യേശുവിന്റെ ഹൃദയത്തെ തിരുസഭ തുറന്നു കാണിക്കുന്നു.

“ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ, എന്റെ ഹൃദയത്തെയും നിന്റേതുപോലെയാക്കണമേ”. യേശുവിന്റെ തിരുഹൃദയത്തോടുള്ള ഈ ചെറിയ പ്രാർത്ഥന വിശുദ്ധിയിലേക്കുള്ള ഒരു ചുവടുവെപ്പ് മാത്രമല്ല, യേശുവിന് നമ്മോടുള്ള സ്നേഹത്തിന് നാം നൽകുന്ന പ്രതികരണം കൂടിയാണ്. നമ്മുടെ ഹൃദയവും യേശുന്റേതുപോലെയാകാൻ നമുക്ക് നമ്മെയും, കുടുംബത്തെയും, ഇടവകയെയും യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കാം.

ആമേൻ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker