Kazhchayum Ulkkazchayum

ദൃശ്യവത്കരണം (visualization)

ജീവിതത്തിന് ഒരു "മാസ്റ്റർ പ്ലാൻ" ഉണ്ടായിരിക്കണം...

മനുഷ്യൻ അനന്ത സിദ്ധി സാധ്യതകളുടെ കലവറയാണ്. സുബോധമുള്ള മനുഷ്യൻ ദീർഘവീക്ഷണമുള്ളവനായിരിക്കും. ചിന്താശക്തിയും, ഭാവനയും, ലക്ഷ്യ സാക്ഷാത്കാരത്തിന് വേണ്ടിയുമുള്ള നിരന്തരമായ അന്വേഷണവും, കഠിനപ്രയത്നവും, ആസൂത്രണ മികവും കൈമുതലായി സൂക്ഷിക്കുന്നു. നാം ജീവിക്കുന്ന കാലഘട്ടം “ഒരു മത്സര കളരിയാണ്”. കഴിവിനേക്കാൾ, മികവിനെക്കാൾ, തന്ത്ര കുതന്ത്രങ്ങളിലൂടെ, കുതികാൽവെട്ടിലൂടെ എന്തിനെയും ഏതിനെയും മലർത്തിയടിച്ച് വിജയക്കൊടി പാറിക്കാനുള്ള ആവേശത്തിലാണ് ഇന്നിന്റെ മനുഷ്യൻ. “ത്യാജ്യ ഗ്രാഹ്യ വിവേചന” ശക്തി മനുഷ്യന്റെ മുഖമുദ്രയാകണം; അതായത്, ഉപേക്ഷിക്കേണ്ടവ തക്കസമയത്ത് ഉപേക്ഷിക്കുവാനും സ്വീകരിക്കേണ്ടവ തക്കസമയത്ത് സ്വാംശീകരിക്കാനും കഴിയണം.

ജീവിതത്തിന് ഒരു “മാസ്റ്റർ പ്ലാൻ” ഉണ്ടായിരിക്കണം. നാം ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യത്തെക്കുറിച്ച് തികഞ്ഞ അവബോധം ഉണ്ടായിരിക്കണം. ഉദാഹരണമായി; ഒരു വീട് വയ്ക്കാൻ ഉദ്ദേശിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് നാം മുൻകൂട്ടി തയ്യാറാക്കുന്നത്? സ്ഥലം, മണ്ണിന്റെ ഘടന, യാത്രാസൗകര്യം, കറന്റ്, വെള്ളം etc. ഇവയുടെ സാധ്യതകൾ? എന്ത് തുക വേണ്ടിവരും? ഏതെല്ലാം വിധത്തിൽ പണം കണ്ടെത്താം? സാധനങ്ങളുടെ വില, ജോലിക്കൂലി etc. ലോൺ എടുക്കേണ്ടി വരുന്നെങ്കിൽ എത്ര കാലം കൊണ്ട് തിരിച്ചടയ്ക്കാൻ കഴിയും? എത്ര സ്ക്വയർഫീറ്റ് വിസ്തീർണ്ണം വേണം etc. ഇതെല്ലാം കൃത്യമായി ഒരു എൻജിനീയറുടെ സഹായത്തോടെ നാം ചിട്ടപ്പെടുത്തി വരുമ്പോൾ അനാവശ്യമായ ആർഭാടം, ധൂർത്ത്, ആഡംബരം etc. ഒഴിവാക്കാൻ നാം ബോധപൂർവ്വം നിർബന്ധിതരായിത്തീരും. ഇതിനെ നമുക്ക് “ദൃശ്യവത്കരണം” എന്ന് വിളിക്കാം.

മേൽപ്പറഞ്ഞ കാര്യങ്ങൾ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും പൂർണ്ണമായ വിധത്തിൽ ഉണ്ടാകണമെന്നില്ല. എന്നാൽ ഗൃഹനാഥനും ഗൃഹനാഥയും (ഭവന നിർമ്മാണത്തിൽ നേതൃസ്ഥാനം വഹിക്കുന്നവർക്കും) വ്യക്തമായി ഉണ്ടായിരിക്കണം. അതായത്, ദൃശ്യവത്കരണം (visualization) എന്നത്, ‘ഏതെങ്കിലും ഒന്ന് യാഥാർത്ഥ്യമാകും മുൻപേ അവയെ മനസ്സിൽ ചിത്രീകരിക്കുന്നതാണ്’. ഏതു പ്രവൃത്തിയും നടപ്പിലാക്കുന്നതിന് മുമ്പ് ദൃശ്യവത്കരിക്കണം. ഒരു ആശയം എങ്ങനെ നടപ്പിലാക്കാം? അങ്ങനെ ചെയ്താൽ മറ്റുള്ളവർ അതിനോട് എങ്ങനെ പ്രതികരിക്കും? അവർ സഹകരിക്കുമോ? നിസ്സഹകരിക്കുമോ? വിജയസാധ്യത എത്ര ശതമാനം ആയിരിക്കും? പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോ? മുന്നോട്ടുള്ള യാത്രയിൽ യാദൃശ്ചികമായി വരാൻ സാധ്യതയുള്ള തടസ്സങ്ങൾ എന്തെല്ലാമായിരിക്കും? ഇവയെല്ലാം “പ്ലാനിംഗിന്റെ” സുപ്രധാന ഘടകങ്ങളാണ്.

ഇപ്പോൾ ചെയ്യുന്ന ഒരു പ്രവൃത്തി 50 വർഷം കഴിഞ്ഞാൽ ദോഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതുന്ന പക്ഷം എടുത്ത തീരുമാനവും, പദ്ധതികളും വീണ്ടും അഴിച്ചുപണിക്ക് വിധേയമാക്കണം. മറ്റു വാക്കുകളിൽ പറഞ്ഞാൽ “ദൃശ്യവത്കരണമില്ലാത്തവർ മുഖം നഷ്ടപ്പെട്ട യന്ത്രമനുഷ്യരാണ്”. ജീവിതത്തിൽ ഒരു ദർശനവും, വീണ്ടുവിചാരവും, ഉറച്ച നിലപാടുകളും, ബോധ്യങ്ങളും, സമയബന്ധിതമായ ആസൂത്രണ മികവും ഇല്ലാത്തവർ… യന്ത്രമനുഷ്യരാണ്!!! മേൽപ്പറഞ്ഞ ഉദാഹരണം കലാസൃഷ്ടിയുടെ കാര്യത്തിലും തികച്ചും സാർത്ഥകമാണ്. ഒരു കഥാതന്തു എത്രമാത്രം കൂട്ടലും, കിഴിക്കലും, വെട്ടിയും, തിരുത്തിയുമാണ് അരങ്ങത്ത് എത്തിക്കുന്നത്? ഒരു “തിരക്കഥ” തയ്യാറാക്കുന്നത്, നാടകരചന, കഥ, കവിത, നൃത്തം etc. എല്ലാറ്റിലും ഈ “ദൃശ്യവത്കരണം” അഭിവാജ്യഘടകം തന്നെയാണ്.

മക്കളുടെ വിദ്യാഭ്യാസകാര്യത്തിലും ദൃശ്യവത്കരണത്തിന് വലിയ സ്ഥാനമുണ്ട്. IAS, IPS, IFS, ഡോക്ടർ, എൻജിനീയർ etc. എന്നിങ്ങനെ ചിന്തിക്കുന്ന മാതാപിതാക്കൾ മക്കൾക്ക് അതിനുള്ള കഴിവ്, ബുദ്ധി, ഊർജ്ജം, താല്പര്യം, ലക്ഷ്യം etc. ഉണ്ടോയെന്ന് ദൃശ്യവത്കരണം നടത്തിയേ മതിയാവൂ. മറ്റുള്ള കുട്ടികളെ താരതമ്യം ചെയ്ത് നമ്മുടെ മക്കളെയും അതിനായി നിർബന്ധിച്ചാൽ വിപരീത ഫലമായിരിക്കും ഉണ്ടാവുക. ഒടുവിൽ നിരാശയാകും ഫലം. ‘കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ’ എന്ന പഴമൊഴി ഇന്നും പ്രസക്തമാണ്.

വരികൾക്കിടയിലൂടെ വായിക്കുമ്പോൾ ഒരു കാര്യം സ്പഷ്ടമാണ്. “വസ്തുതകളെ യാഥാർത്ഥ്യബോധത്തോടു കൂടെ” നോക്കിക്കണ്ട്, പ്രാവർത്തികമാക്കാൻ ശ്രമിക്കണം. ആത്മീയ ജീവിതത്തിലും “ദൃശ്യവൽക്കരണത്തിന്” വളരെ പ്രസക്തിയുണ്ട്. നിസ്സാരമെന്ന് കരുതി നാം അവഗണിക്കുന്ന, ഒഴിവാക്കുന്ന, പ്രാർത്ഥനയും, ഭക്ത്യാഭ്യാസങ്ങളും, കൗദാശിക ജീവിതവുമൊക്കെ നമ്മെ “ദൈവമില്ലാത്ത ഒരു തലത്തിലേക്ക്” കൂട്ടിക്കൊണ്ടുപോകും. അതിനാൽ “ദൃശ്യവത്കരണം” സുബോധമുള്ള ഒരു വ്യക്തിയുടെ മുഖമുദ്രയായി നിലനിർത്താം… ജാഗ്രത!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker