Daily Reflection

ദൈവമില്ലാത്ത കൂടാരങ്ങൾ = പകർച്ചവ്യാധി

എവിടെ ഉടമ്പടിക്ക് വ്യത്യാസമുണ്ടാകുന്നോ അവിടെ ദൈവത്തിന്റെ സാന്നിധ്യം വിട്ടു പോകുന്നു...

“യേശു അവരിൽ നിന്നും മറഞ്ഞു ദേവാലയത്തിൽ നിന്നും പുറത്തുപ്പോയി” (യോഹ. 8:59 b). ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്ന യേശു അവിടെ നിന്നും പുറത്തേക്കുപോകുന്നു, കാരണം അവർ അവനെ എറിയാൻ കല്ലുകളെടുത്തു. മനുഷ്യന് വന്നുഭവിക്കാൻ പോകുന്ന വലിയ ഒരു ദുരന്തമാണ് ഇവിടെ നമുക്ക് വായിച്ചെടുക്കാൻ പോകുന്നത്. പ്രാർത്ഥനയുടെ ഇടമായ ദേവാലയത്തിൽ നിന്നും യേശു ഇറങ്ങി പോകുന്നു, യേശുവില്ലാത്ത ദേവാലയങ്ങൾ. രണ്ടു രീതിയിൽ ദേവാലയത്തെ കാണാം, മനുഷ്യർ ഒരുമിച്ചു കൂടി ബലിയർപ്പിക്കുന്ന, പ്രാർത്ഥിക്കുന്ന ഒരു ദേവാലയം. കൂടാതെ ദൈവത്തിന്റെ ആത്മാവ് വസിക്കുന്ന ഒരു മനുഷ്യനും അവിടുത്തെ അലയമാണ്. യേശുവില്ലായെന്നു പറഞ്ഞാൽ, ദേവാലയവും മനുഷ്യന്റെ ജീവിതവും മരണതുല്യം. അതുകൊണ്ടാണ്, യോഹന്നാൻ അപ്പോസ്തോലൻ യേശുവിനെ നഷ്ടമാകാൻ രണ്ടു കാരണങ്ങൾ ഇവിടെ പറയുന്നത്.

1) ആരെങ്കിലും എന്റെ വചനം പാലിച്ചാൽ അവൻ ഒരിക്കലും മരിക്കുകയില്ല (യോഹ. 8:51). വചനം പാലിക്കാത്തതുകൊണ്ട് യേശുവിനെ നഷ്ടമാകുന്നു.
2) അവർ അവനെ എറിയാൻ കല്ലുകൾ എടുത്തു (യോഹ. 8:59). കല്ലുകൾ ഉപയോഗിച്ചാണ് ഒരു കെട്ടിടം പണിയുന്നത്. യേശുവിനെ എറിയാൻ കല്ലുകൾ എടുത്തുവെന്നു പറഞ്ഞാൽ യേശുവിന്റെ ആത്മാവിനാൽ നിർമ്മിക്കപ്പെട്ട ദേവാലയങ്ങളായ മനുഷ്യർ തങ്ങളുടെ തന്നെ അഹങ്കാരത്തിന്റെ, വ്യക്തി സ്വാതന്ത്ര്യത്തിന്റെ ബാബേൽ ഗോപുരങ്ങൾ പണിയാൻ കല്ലുകൾ എടുത്തു, അതിനുവേണ്ടി യേശുവിനെ പുറത്താക്കി.

ചുരുക്കത്തിൽ, ഈ രണ്ടു സാഹചര്യത്തിലും യേശുവിനെ നഷ്ടമാകുന്നതിന് കാരണം ഒന്നു തന്നെ, ദൈവത്തിന്റെ വാക്കുകേൾക്കാതെ സ്വന്തം താല്പര്യങ്ങളുടെയും തിന്മകളുടെയും കൂടാരങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ഈ ദിവസങ്ങളിലൊക്കെ ആളുകൾ ഒരുപാടു പ്രാർത്ഥിക്കുന്നുണ്ട്. എന്തുകൊണ്ട് ദുരിതങ്ങളും പകർച്ചവ്യാധികളുമൊക്കെ സംഭവിക്കുന്നുവെന്നു ചിന്തിച്ച് ആവലാതിപ്പെടുന്നുണ്ട്. കാരണം, ദൈവവചനം ജീവിതത്തിൽ പാലിച്ചില്ല, നമ്മുടെ സ്വാർത്ഥതയുടെ കൂടാരങ്ങളിൽ ദൈവത്തിനും, സഹോദരങ്ങൾക്കും, ഈ പ്രകൃതിയ്ക്കുപോലും സ്ഥാനം കൊടുത്തില്ല.

ഉത്പത്തി പുസ്തകം 17:3-9 വാക്യങ്ങളിൽ ദൈവം അബ്രാഹത്തെ അനുഗ്രഹിച്ചുകൊണ്ട് ഒരുകാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ. സന്താനസമൃദ്ധിയും ദേശത്തെ ഐശ്യര്യങ്ങളും അബ്രാഹത്തിനു നല്കിട്ടു പറഞ്ഞു, നീ ഇനിമേൽ അബ്രാം അല്ല, അബ്രഹാം ആയിരിക്കും. നീയും നിന്റെ നിന്റെ സന്താനങ്ങളും തലമുറതോറും എന്റെ ഉടമ്പടി പാലിക്കണം. അബ്രഹാം എന്ന വാക്കിന്റെ അർത്ഥം തന്നെ “എന്റെ പിതാവ് എന്നെ ഉയർത്തിയിരിക്കുന്നു” അഥവാ, “ഞാൻ എന്റെ പിതാവിനാൽ ഉയർത്തപ്പെട്ടിരിക്കുന്നു”. വലിയ ഒരു ജനതയുടെ പിതാവായി ഉയർത്തപ്പെട്ടു. വിശ്വസ്തനായിരുന്ന അബ്രഹാമിന് അതുകൊണ്ടു തന്നെ വാഗ്ദാനമായി അവതരിച്ച ക്രിസ്തുവിനെ കാണാൻ സാധിക്കുകയും അതിനെയോർത്തു ആനന്ദിക്കുകയും ചെയ്തുവെന്ന് യോഹ. 8:56 ൽ പറയുന്നുണ്ട്.

തന്റെ മകനെ ബലിയർപ്പിക്കാൻ കൊണ്ടുപോകുന്ന യാത്രയിൽ സുന്ദരമായ ഒരു കാര്യം വചനം പറയുന്നുണ്ട്, “മൂന്നാം ദിവസം അവൻ തലയുയർത്തിനോക്കിയപ്പോൾ അകലെ ആ സ്ഥലം കണ്ടു (പുറ. 22:4). ഏതാണ് ആ സ്ഥലം? വാഗ്ദാനം ചെയ്ത രക്ഷയുടെ ബലിനടക്കേണ്ട സ്ഥലം, കാണാനുള്ള ഭാഗ്യം അബ്രഹാമിനുണ്ടായി. ഹെബ്രാ. 11:13 പറയുന്നു, ദൈവത്തിന്റെ വചനം പാലിച്ചവരെല്ലാം, മരണമടഞ്ഞു, വാഗ്ദാനം ചെയ്യപ്പെട്ടത് പ്രാപിച്ചില്ല, എങ്കിലും ദൂരെനിന്നു അവയെ കണ്ട് അഭിവാദനം ചെയ്യുകയും ചെയ്തു.

അബ്രാഹിമിന് കൊടുത്ത അനുഗ്രഹത്തിൽ എന്നും ജീവിക്കാൻ ദൈവം അബ്രഹാമിലൂടെ നൽകിയ ഉടമ്പടി പാലിക്കണം. ദൈവത്തോടും, മനുഷ്യരോടും ദേശത്തോടും, ഭൂമിയോടും ചേർന്നുള്ള ഉടമ്പടിയാണ് ദൈവം നൽകിയ ഉടമ്പടി. നീയും നിന്റെ സന്തതിയും ഈ ഉടമ്പടിയ്ക്കു കീഴിലാണ്. എവിടെയൊക്കെ ഈ ഉടമ്പടിക്ക് വ്യത്യാസമുണ്ടാകുന്നോ അവിടെ ദൈവത്തിന്റെ അനുഗ്രഹത്തിന്റെ സാന്നിധ്യം വിട്ടു പോകുന്നു, ദൈവസാന്നിധ്യമില്ലാത്ത കൂടാരങ്ങളായി അധഃപതിക്കുന്നു, തിന്മകൾക്ക് വസിക്കാനുള്ള ഇടമായി അധഃപതിക്കുന്നു. അവിടേക്കു ദുരിതങ്ങളും, പകർച്ചവ്യാധികളും ചേക്കേറുന്നു. നോമ്പിന്റെയും സഹനങ്ങളുടെയും പകർച്ചവ്യാധികളുടെയും ഈ നാളിനെ ഉടമ്പടി പുതുക്കാനുള്ള സമയമായും ഉടമ്പടി ലംഘനത്തിന് ലോകത്തിനു മുഴുവൻ വേണ്ടി മാപ്പുചോദിക്കാനുള്ള അവസരമായും മാറ്റാം. സഹനത്തിന്റെ നാളുകൾക്കുശേഷമുള്ള ഉയിർപ്പിന്റെ സന്തോഷത്തിനായി തീക്ഷ്ണതയോടെ, പ്രതീക്ഷയോടെ കാത്തിരിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker