Sunday Homilies

‘നിങ്ങള്‍ ദൈവത്തിന്‍റെ മുന്‍പില്‍ വിലയുളളവരാണ്’

'നിങ്ങള്‍ ദൈവത്തിന്‍റെ മുന്‍പില്‍ വിലയുളളവരാണ്'

ആണ്ടുവട്ടം ആറാം ഞായര്‍

ഒന്നാം വായന : ജെറമിയ 17: 58
രണ്ടാംവായന : 1 കോറി. 15:12, 16-20
സുവിശേഷം : വി. ലൂക്ക 17:20-26

ദിവ്യബലിക്ക് ആമുഖം

“കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗ്രഹീതന്‍. അവന്‍ ആറ്റുതീരത്തു നട്ട മരം പോലെയാണ്. വരള്‍ച്ചയുടെ കാലത്തും അതിന് ഉത്കണ്ഠയില്ല. അത് ഫലം നല്‍കിക്കൊണ്ടേയിരിക്കും ” എന്ന ജെറമിയ പ്രവാചകന്‍റെ പ്രത്യാശാപൂര്‍ണ്ണമായ വാക്കുകളോടെയാണ് ഇന്ന് തിരുസഭ നമ്മെ സ്വാഗതം ചെയ്യുന്നത്. ‘ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലൂടെ നമുക്കെല്ലാവര്‍ക്കും ഉത്ഥാനം സാധ്യമാണന്ന്’ ഇന്നത്തെ രണ്ടാം വായനയില്‍ വി. പൗലോസ് അപ്പസ്തോലന്‍ പറയുന്നു. വിപ്ലവാത്മകമായ സുവിശേഷം എന്ന് വിശേഷിപ്പിക്കാവുന്ന സുവിശേഷ ഭാഗ്യങ്ങളാണ് വി. ലൂക്കായുടെ സുവിശേഷത്തില്‍ നാം ശ്രവിക്കുന്നത്. യേശുവിന്‍റെ തിരുവചനങ്ങള്‍ ശ്രവിക്കാനും നിര്‍മ്മലമായ ഒരു ബലി അര്‍പ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണ കര്‍മ്മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,

സുവിശേഷ ഭാഗ്യങ്ങൾ വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും പ്രസിദ്ധമായ തിരുവചനങ്ങളാണ്. നാമിന്ന് ശ്രവിച്ചത് വി. ലൂക്കയുടെ സുവിശേഷത്തില്‍ നിന്നുളള സുവിശേഷ ഭാഗ്യങ്ങളാണ്. യേശുവിന്‍റെ കാലത്തിന് മുമ്പും യേശുവിന്‍റെ കാലഘട്ടത്തും പ്രത്യേകിച്ച് വി. ലൂക്കയുടെ സ്വാധീനമുളള ആദിമ ക്രൈസ്തവ സഭകളിലും നിലനിന്നിരുന്ന ജീവിത യാഥാര്‍ഥ്യങ്ങളായ ദാരിദ്ര്യം, കരച്ചില്‍, വിശപ്പ്, വെറുപ്പ്, സമ്പന്നത, സംതൃപ്തി, സന്തോഷം, പ്രശംസ തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദന വിഷയങ്ങളാണ്. യേശുപ്രഘോഷിക്കുന്ന ദൈവരാജ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ യാഥാര്‍ഥ്യങ്ങളെ നാമെങ്ങനെയാണ് ഉള്‍ക്കൊള്ളേണ്ടതെന്ന് നമുക്കു പരിശോധിക്കാം.

നിങ്ങള്‍ ഭാഗ്യവാന്മാര്‍:

ദാരിദ്ര്യത്തെയും, വിശപ്പിനെയും, കരച്ചിലിനെയും, വിദ്വേഷത്തിന് വിധേയമാകുന്നതിനെയും നാം മനസ്സിലാക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി മനസ്സിലാക്കാന്‍ യേശു പഠിപ്പിക്കുന്നു. ഒരു കാര്യം നമുക്ക് വ്യക്തമാണ്. ഈ ജീവിതാവസ്ഥയിലുളളവരും ഇതേ ദുരാനുഭവങ്ങളിലൂടെ കടന്ന് പോകുന്നവരും ലോകത്തെല്ലായിടത്തുമുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും സഭയിലും മറ്റ് സഭകളിലും സമൂഹത്തിലും എന്തിനേറെ നമ്മുടെ ഇടവകകളിലുമുണ്ട്. ഒരുപക്ഷേ നമോരോരുത്തരും ഇതിലേതെങ്കിലുമൊരു അവസ്ഥയിലൂടെ കടന്ന് പോകുന്നവരാകാം. അവരോടും നമ്മോടും നാം ഭാഗ്യവാന്മാരെന്നു യേശു പറയുന്നു. യേശുനമ്മെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയുമാണ്. യേശു പരോക്ഷമായി പറയുന്നതിപ്രകാരമാണ്. ‘നിങ്ങള്‍ ദൈവത്തിന്‍റെ മുന്‍പില്‍ വിലയുളളവരാണ്. നിങ്ങളുടെ സഹനങ്ങളില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. നിങ്ങള്‍ക്ക് നല്ലൊരുഭാവിയുണ്ട്. സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും’. ഇതു ആശ്വാസത്തിനായി പറയുന്ന വെറും വാക്കുകളല്ല. ദൈവരാജ്യം നിങ്ങളുടെതാണ്, നിങ്ങള്‍ തൃപ്തരാക്കപ്പെടും, നിങ്ങള്‍ ചിരിക്കും, സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. എന്ന തിരുവചനം വെറും പൊളളയായ വാഗ്ദാനങ്ങളല്ല, മറിച്ച് ദൈവത്തില്‍ ആശ്രയിക്കുന്നവന്, സ്വന്തം ജീവിതാവസ്ഥയെ ദൈവീക പദ്ധതിയിലൂടെ നോക്കിക്കാണുന്നവന് ദൈവം നല്‍കുന്ന ഉറപ്പാണ്. ഒരുവന്‍റെ നിസ്സഹായവസ്ഥയില്‍ അവന്‍ ഒറ്റയ്ക്കല്ല, ഞാന്‍ നിരാശനാകേണ്ട കാര്യമില്ല, ദൈവം എന്നോടൊപ്പമുണ്ട്, ഏത് പ്രതികൂലമായ ജീവിത സഹാചര്യങ്ങളിലും ദൈവത്തിന്‍റെ രാജ്യത്തില്‍ എന്‍റെ ജീവിതത്തിനൊരു സ്ഥാനമുണ്ട്. ഞാന്‍ ഭാഗ്യവാനാണ്.

നിങ്ങള്‍ മറക്കരുത്:

സുവിശേഷഭാഗ്യങ്ങളുടെ ആദ്യ ഭാഗത്ത്: യാതന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും ധൈര്യവും പകരുന്ന വാക്കുകളാണ്. രണ്ടാമത്തെ ഭാഗത്ത്: സമ്പന്നര്‍ക്കും, സംതൃപ്തരായവര്‍ക്കും ചിരിക്കുന്നവര്‍ക്കും പ്രശംസയ്ക്ക് വിധേയരായവര്‍ക്കും ദുരിതമെന്ന് യേശു പറയുന്നു. ദാരിദ്രത്തിനും വിശപ്പിനും കരച്ചിലിനും വിമര്‍ശനത്തിലും വിപരീതമായി സമ്പന്നതയും സംതൃപ്തിയും ചിരിയും പ്രശംസയും നാം കാണുന്നു. പക്ഷേ ഈ ലോകത്തില്‍ ഇതനുഭവിക്കുന്നവര്‍ക്ക് ഇതില്ലാത്ത ദുരിത പൂര്‍ണമായ ഒരവസ്ഥയാണുണ്ടാകുന്നതെന്ന് യേശു പറയുന്നു. “നിങ്ങള്‍ക്ക് ദുരിതം” എന്ന വാക്കിനെ “നിങ്ങള്‍ മറക്കരുത്” എന്ന് മാറ്റിവായിച്ചാല്‍ മതി. ഉദാഹരണമായി: ‘സമ്പന്നരേ നിങ്ങള്‍ മറക്കരുത്! നിങ്ങളുടെ ആശ്വാസം ലഭിച്ചുകഴിഞ്ഞു. ഇപ്പോള്‍ സംതൃപ്തരായിരിക്കുന്നവരെ നിങ്ങള്‍ മറക്കരുത് നിങ്ങള്‍ക്ക് വിശക്കും…’ സുവിശേഷത്തിന്‍റെ ആദ്യഭാഗം ആശ്വാസത്തിന്‍റെ വചനങ്ങളാണെങ്കില്‍ ഈ രണ്ടാം ഭാഗം വിമര്‍ശനത്തിന്‍റെ വാക്കുകളാണ്. വെറും വിമര്‍ശനമല്ല, ക്രിയാത്മകമായ വിമര്‍ശനം. കാരണം, നാം ആദ്യം കണ്ടത് പോലെ ഈ ലോകത്ത് ദരിദ്രരും, വിശക്കുന്നവരും, കരയുന്നവരുമുണ്ടെങ്കില്‍ ഇതേ സമൂഹത്തിൽ തന്നെ സമ്പന്നരും സംതൃപ്തരും ചിരിക്കുന്നവരുമുണ്ട്. നമ്മുടെ ഇടവകകളില്‍ തന്നെ ഈ രണ്ട് വിഭാഗക്കാരെയും നമുക്കു കാണാന്‍ സാധിക്കും. ഈ തിരുവചനങ്ങളിലൂടെ യേശു സമ്പന്നരോട് യേശു പരോക്ഷമായി പറയുന്നത് ‘നിന്‍റെ സമ്പത്ത് പങ്കുവയ്ക്കാനാണ്’. ചിരിക്കുന്നവരോട് പറയുന്നത് ‘കരയുന്ന മറ്റുളളവരെ ആശ്വസിപ്പിക്കാനാണ്’. സംതൃപ്തരോട് പറയുന്ന ‘നിന്‍റെ സമൂഹത്തില്‍ വിശപ്പുളളവരുണ്ടെങ്കില്‍ അവരുടെ വിശപ്പ് മാറ്റാനാണ്’. പ്രശംസയ്ക്ക് വിധേയരാകുന്നവരോട് യേശു പറയുന്നത് ‘പ്രശംസാവചങ്ങളുടെ ആത്മാര്‍ഥത പരിശോധിയ്ക്കാനാണ്’ എല്ലാറ്റിനുമുപരിയായി. സമ്പന്നരും സംതൃപ്തരും ചിരിക്കുന്നവരും പ്രശംസയ്ക്ക് വിധേയരാകുന്നവരും ഓര്‍മ്മിക്കേണ്ടത് നിങ്ങള്‍ ഇത് എന്തായിരിക്കുന്നുവോ. അത് ദൈവാകൃപയാണ്. നിങ്ങള്‍ എന്തെങ്കിലും സ്വന്തമായിട്ടുണ്ടെങ്കില്‍ അത് ദൈവത്തിന്‍റെ കൃപയാലാണ്.

നിങ്ങള്‍ ഭാഗ്യവാന്മാര്‍ – നിങ്ങള്‍ മറക്കരുത് (നിങ്ങള്‍ക്കു ദുരിതം):

സുവിശേഷ ഭാഗ്യങ്ങളിലെ ഭാഗ്യവും വിമര്‍ശനവും ഇന്ന് സമൂഹത്തിലും ഇടവകകളിലും വ്യക്തിപരമായ ആത്മീയ ജീവിതത്തിലും പ്രസക്തമാണ്. നമ്മുടെ ഇടവകയിലും സമ്പന്നരും ദരിദ്രരുമുണ്ട്. വിശക്കുന്നവരും സംതൃപ്തരുമുണ്ട്, കരയുന്നവരും ചിരിക്കുന്നവരുമുണ്ട്. നമുക്ക് ചിന്തിക്കാം. യേശുവിന്‍റെ തിരുവചനങ്ങള്‍ നമുക്ക് അനുഗ്രഹമാണോ അതോ വിമര്‍ശനമാണോ?

ആമേന്‍

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker