Articles

പള്ളികൾ തുറക്കണോ?

വേദനിക്കുന്ന സ്ത്രീകൾക്ക് ആശ്വാസം ദേവാലയമാണ്, ഗ്രാമത്തിലെ ദേവാലയത്തിൽ ദൈവം അവളോട് സംസാരിക്കും...

ഫാ.മാർട്ടിൻ ആന്റണി

ആരാധനാലയങ്ങൾ തുറക്കണം, തുറക്കേണ്ട എന്നീ മുറവിളികളുടെ അലയൊലികൾ അടങ്ങിയിട്ടില്ല. അതുമാത്രമല്ല, വിഷയം ക്രൈസ്തവ സഭയാണെങ്കിൽ നാൽക്കവലയിലെ ചെണ്ട പോലെയാണ് കാര്യങ്ങൾ. ആർക്കുവേണമെങ്കിലും ഒന്നു കൊട്ടി നോക്കാവുന്നതാണ്. അസുര താളത്തിൽ കൊട്ടുകയാണെങ്കിൽ നല്ല റീച്ച് കിട്ടും. പിന്നെ ലൈക്കായി, കമന്റായി, ഷെയറായി, ഓൺലൈൻ വാർത്തയായി. ചിലരുടെ വാദം കേട്ടാൽ തോന്നും പള്ളികളിലാണ് കൊറോണ പെറ്റു കിടക്കുന്നതെന്ന്. വേറെ ചിലരുടെ വാദം ഒരു മാതിരിയുള്ള കപട ആത്മീയതയാണെന്ന് തോന്നുന്നു. അനുവാദം കിട്ടിയിട്ടുണ്ട് പക്ഷേ കുർബാന ചൊല്ലണ്ട. കാരണം പങ്കെടുക്കാൻ വരുന്നവർക്ക് കുർബാന സ്വീകരിക്കാൻ പറ്റില്ല. ഇനിയുമുണ്ട് വേറൊരു കൂട്ടർ. അവർ സംശയ കുട്ടപ്പന്മാരാണ്. പള്ളി തുറക്കാൻ അനുവാദം കിട്ടിയിട്ടുണ്ട് പക്ഷേ അത് ഒരു കെണിയാണ്. കമ്മ്യൂണിസ്റ്റ് ഭരണകൂടം നമുക്കിട്ടു പണിയുന്ന ഒരു പാരയാണ്. എന്റെ സംശയമിതാണ്; കുർബാന ചൊല്ലുന്നതിനു മാത്രമാണോ പള്ളികൾ തുറക്കുന്നത്? ആരാധന ക്രമങ്ങളുടെ അനുഷ്ഠാനം മാത്രമാണോ പള്ളികളുടെ ലക്ഷ്യം? പള്ളികളുടെ പ്രധാനലക്ഷ്യം ആത്മീയ പരിപോഷണമല്ലേ?

ഇനി റോമിലെ ഒരു ഇടവകയിലെ സഹവികാരി എന്ന നിലയിലുള്ള എന്റെ അനുഭവം ഞാൻ പറയാം. ഏകദേശം ഒരുമാസം ആകാറായി ഇറ്റലിയിലെ പള്ളികൾ തുറന്നിട്ട്. പരിശുദ്ധ കുർബാനയ്ക്ക് മാത്രമല്ല എന്റെ ഇടവകയിലേക്ക് വിശ്വാസികൾ അനുദിനം വന്നു കൊണ്ടിരിക്കുന്നത്. ഈ ലോക് ഡൗൺ സമയത്ത് അവർ അനുഭവിച്ച ആത്മീയവും മാനസികവുമായ സംഘർഷങ്ങൾ ഒഴുക്കിക്കളയാൻ കൂടിയാണ്. അച്ചനോട് ഒന്നു സംസാരിക്കണം എന്ന് പറഞ്ഞുകൊണ്ട് നിരന്തരം ആരെങ്കിലുമായിട്ടൊക്കെ വരുന്നുണ്ട്. വരുന്നവരിൽ പലരുടേയും കണ്ണുകളിൽ നനവുണ്ട്. അവർക്ക് വേണ്ടത് അവരുടെ കദനങ്ങൾ ഒന്ന് കേട്ടാൽ മാത്രം മതി. അല്ലെങ്കിൽ പള്ളിക്കകത്തെ നിശബ്ദതയിൽ ദിവ്യകാരുണ്യ നാഥനോട് ഒന്ന് സല്ലപിച്ചാൽ മതി. ലോക് ഡൗൺ പല കുടുംബങ്ങൾക്കും നൽകിയിട്ടുള്ളത് ഭീകരമായ മുറിവുകൾ തന്നെയാണ്. നമ്മുടെ ബുദ്ധിജീവി കുറിപ്പുകളോ, സഭാനവീകരണത്തിനു വേണ്ടിയുള്ള വിദ്വേഷ പ്രസംഗങ്ങളോ ഒന്നും തന്നെ ഒരു സാധാരണ വിശ്വാസിയുടെ ആന്തരികചോദനയായ ആർദ്രതയ്ക്കായുള്ള ദാഹത്തിന് ശമനമായി മാറുന്നില്ല എന്നത് പച്ചയായ യാഥാർത്ഥ്യമാണ്. Elfriede Jelinek ന്റെ Lust എന്ന നോവലിലെ ചില വരികൾ ഓർമ്മ വരുന്നു. “വേദനിക്കുന്ന സ്ത്രീകൾക്ക് ആശ്വാസം ദേവാലയമാണ്. ഗ്രാമത്തിലെ ദേവാലയത്തിൽ ദൈവം അവളോട് സംസാരിക്കും”

അനുഷ്ഠാനങ്ങളുടെ ഇടം മാത്രമല്ലല്ലോ ദേവാലയം. ബലിയർപ്പണത്തിൽ അപ്പം മാത്രമല്ലല്ലോ മുറിക്കപ്പെടുന്നത് വചനവും മുറിക്കപ്പെടുന്നില്ലേ? വിശുദ്ധ കുർബാനയിൽ യേശുവിന്റെ തിരുശരീരവും തിരുരക്തവും സ്വീകരിക്കണം എന്ന് പറയുന്ന അതേ പ്രാധാന്യം തന്നെ യേശുവിന്റെ വചന സ്വീകരണത്തിനുമുണ്ട്. പരിശുദ്ധ കുർബാന ജനങ്ങൾക്ക് സ്വീകരിക്കാൻ സാധിക്കുന്നില്ല എന്ന കാരണം പറഞ്ഞ് പള്ളി അടച്ചിടുന്നത് ന്യായീകരിക്കാൻ സാധിക്കുന്ന ഒരു കാര്യമല്ല. യേശുവിന്റെ വചനം മുറിച്ചു കൊടുക്കുവാൻ പുരോഹിതന്മാരായ നമുക്ക് സാധിക്കില്ലേ? ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. പൊങ്ങച്ചക്കാരോ, ജോഗിംഗ് ഭാഗമായി കുർബാനയ്ക്ക് വന്നിരുന്നവരോ, സാരിയുടെ ഭംഗി മറ്റുള്ളവരെ കാണിച്ചിരുന്നവരോ ഈ ദിവസങ്ങളിൽ പള്ളിയിലേക്ക് വരികയില്ല. അത് നൂറ് ശതമാനം ഉറപ്പാണ്. തകർന്ന ജീവിതങ്ങളാണ് ഇപ്പോൾ പള്ളികളിലേക്ക് കടന്നുവരുന്നത്. ലോക് ഡൗൺ അവരിൽ ഉണ്ടാക്കിയത് സാമ്പത്തിക തകർച്ച മാത്രമല്ല, വലിയൊരു identity crisis കൂടിയാണ്. പ്രത്യാശയുടെ വചനങ്ങൾ കേൾക്കാൻ അവർ ആഗ്രഹിക്കുന്നു. അതുകൊണ്ട് അണുവിമുക്തമാക്കിയതിനുശേഷം പള്ളികൾ തുറന്നിടണം. ആഘോഷ പൂർണമായ വലിയ ബലികൾ അർപ്പിക്കുന്നതിനു വേണ്ടിയല്ല ഈ തുറന്നിടൽ. സങ്കടങ്ങളുടെ ഭാരവും ചുമന്നുകൊണ്ട് ചിലർ പള്ളിയിലേക്ക് കടന്നു വരും അവർക്ക് പ്രത്യാശയുടെ, ആർദ്രതയുടെ, സ്നേഹത്തിന്റെ ഒരു ചിരാത് പകർന്നു നൽകുന്നതിനു വേണ്ടി. അത് നമ്മുടെ വൈദികർക്ക് സാധിക്കും. സാധിക്കണം. അതിനുവേണ്ടി ദൈവവചനത്തെ നാവിലെ തേനായ് മാറ്റണം. കണ്ണുകളിൽ കനിവ് നിറയ്ക്കണം. ഹൃദയത്തുടിപ്പ് ക്രിസ്തു സമാനമാക്കണം.

പിൻകുറിപ്പ്: എന്റെ വീട്ടിൽ യേശുവിന്റെ വലിയൊരു തിരുസ്വരൂപമുണ്ട്. സുന്ദരനാണ്. ആർദ്രമായ ആ കണ്ണുകളിൽ നോക്കി ഇരിക്കുകയെന്നത് ഒരു പ്രത്യേക അനുഭൂതിയാണ്. അമ്മ മിക്ക സമയത്തും ആ യേശുവിനെ തന്നെ നോക്കിയിരുന്നു പ്രാർത്ഥിക്കുന്നത് കാണാറുണ്ട്. അതുകൊണ്ട് ആ തിരുസ്വരൂപത്തിനെ ‘അമ്മയുടെ ലൈൻ’ എന്നാണ് ഞാൻ വിളിക്കാറുള്ളത്. വെളുപ്പിന് ഒന്നു മൂത്രമൊഴിക്കാൻ എഴുന്നേൽക്കുമ്പോഴൊക്കെ അമ്മ ആ രൂപത്തിൽ നോക്കി പ്രാർത്ഥിക്കുന്നത് കാണാറുണ്ട്. അപ്പോൾ ഞാൻ പറയും “ലൈനടിച്ചതു മതി, കിടന്നുറങ്ങാൻ പാടില്ലേ” എന്ന്. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പറയുകയായിരുന്നു, “ഒന്ന് പള്ളിയിൽ പോയിരിക്കാൻ കൊതിയാവുന്നു”.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker