Kazhchayum Ulkkazchayum

പ്രത്യാശയുടെ പൊന്‍വെളിച്ചം

പ്രത്യാശയുടെ പൊന്‍വെളിച്ചം

കാഴ്ചയും ഉള്‍കാഴ്ചയും

പുതുവര്‍ഷത്തെ – 2019 – നെ പ്രാര്‍ഥനാപൂര്‍വം നമുക്കു സ്വാഗതം ചെയ്യാം. പ്രത്യാശയോടെ എതിരേല്‍ക്കാം. പ്രതീക്ഷാ നിര്‍ഭരമായ ഹൃദയത്തോടെ, പുത്തന്‍ ഉണര്‍വോടെ, സ്വീകരിക്കാം. ശാന്തിയും സമാധാനവും നീതിയും വികസനവും ആശംസിക്കാം. 2018 ലെ മുറിവുണക്കാന്‍ സമചിത്തതയോടു കൂടെ, സഹവര്‍ത്തിത്വത്തോടെ സംഘാതമായി യത്നിക്കാം. കാലത്തിന്‍റെ ചുവരെഴുത്തുകളെ അവധാന പൂര്‍വം വായിക്കാനും വ്യാഖ്യാനിക്കാനും വിലയിരുത്തുവാനും ബോധപൂര്‍വം പരിശ്രമിക്കാം. അന്ധകാരത്തിന്‍റെ പ്രവൃത്തികളില്‍ നിന്ന് പ്രകാശത്തിന്‍റെ പുത്തന്‍ മേച്ചില്‍ പുറങ്ങളിലേക്ക് സൂക്ഷ്മതയോടെ ചുവടുവയ്ക്കാം.

സ്വയം വളരുകയും വളര്‍ത്തുകയും ചെയ്യുന്ന പുതിയൊരു മാനവികതയെ വാരിപ്പുണരാം. ആരും അന്യരല്ലാ എന്ന തിരിച്ചറിവിലേക്ക് വളരാം. ത്യാജ്യഗ്രാഹ്യ വിവേചന ശക്തിയോടെ വസ്തുതകളെ അപഗ്രഥിച്ചു മുന്നേറാം. കഴിഞ്ഞ വര്‍ഷം നിറവേറ്റാന്‍ കഴിയാതെപോയ ആസൂത്രണങ്ങളെയും പദ്ധതികളെയും സ്വപ്നങ്ങളെയും സമയബന്ധിതമായി, പൂര്‍ത്തീകരിക്കാന്‍ ദിശാബോധത്തോടു കൂടെ പ്രവര്‍ത്തിക്കാം.

നിയതമായ കാഴ്ചപ്പാടും ബോധ്യങ്ങളും അനുഭവ സമ്പത്തും കര്‍മ്മമണ്ഡലങ്ങളെ പ്രകാശമാനമാക്കാന്‍ ജാഗ്രതയോടെ വിനിയോഗിക്കാം. ശാസ്ത്രസാങ്കേതിക വൈജ്ഞാനിക മേഖലകളെ ക്രിയാത്മകമാംവിധം പ്രയോജനപ്പെടുത്താം. പ്രകൃതിയെ ചൂഷണം ചെയ്യാതെ സന്തുലിതമായ ഒരു ജൈവ സംസ്കൃതി രൂപപ്പെടുത്താം. പുതിയ ഒരു രാഷ്ട്രീയ സംസ്കാരം അനിവാര്യമാണെന്ന ഉത്തമ ബോധ്യം കഴിഞ്ഞ കാലങ്ങളില്‍ നിന്ന് ഉള്‍ക്കൊളളാന്‍ ശ്രമിക്കാം.

പുതിയൊരു രാഷ്ട്രീയ സാക്ഷരതയുടെ വക്താക്കളാകാം. വൈകിയെത്തുന്ന നീതി അനീതിയാണെന്ന അവബോധം നമ്മില്‍ രൂഢമൂലമാകണം. നമ്മുടെ പ്രത്യയ ശാസ്ത്രങ്ങളെ പുനര്‍വായനയ്ക്ക് വിധേയമാക്കാം. മാര്‍ഗ്ഗവും ലക്ഷ്യവും പരസ്പര പൂരകമാക്കണം. വരും തലമുറ നമ്മെ ശപിക്കാതിരിക്കാന്‍ കരുതലോടെ മുന്നേറാം. സനാതന മൂല്യങ്ങളെ കാത്തുസംരക്ഷിക്കാന്‍ നമുക്കു പ്രതിജ്ഞ എടുക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker