Diocese

ബാലരാമപുരം സെബസ്ത്യാനോസ് ദേവാലയവും ചില യാഥാര്‍ത്ഥ്യങ്ങളും

ബാലരാമപുരം സെബസ്ത്യാനോസ് ദേവാലയവും ചില യാഥാര്‍ത്ഥ്യങ്ങളും

വോക്സ് ന്യൂസ് ഡെസ്ക്

ബാലരാമപുരം :ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഇടവക ഇന്ന് ഏറെക്കുറെ പൂർണ്ണമായും കത്തോലിക്കാ തിരുസഭയുടെ വലയം ഭേദിച്ച് പോയിക്കൊണ്ടിരിക്കുകയാണ്. വിശുദ്ധ സെബസ്ത്യാനോസ് തീർത്ഥാടനകേന്ദ്രം വിശുദ്ധന്റെ സാന്നിധ്യമില്ലാതെ അന്യംനിന്നുപോയിരിക്കുന്നു. ആഗോള കത്തോലിക്കാ സഭയിലെ അംഗമാകുന്ന ഏതൊരു പ്രാദേശിക സഭയും പിന്തുടരേണ്ടത് സഭയുടെ കാനോൻ നിയമവും അപ്പോസ്തോലിക പിന്തലമുറക്കാരനായ പരിശുദ്ധ പിതാവിന്റെ പ്രബോധനങ്ങളും, പരിശുദ്ധപിതാവിനാൽ നിയമിതനായ രൂപതാ മെത്രാന്റെ നിർദ്ദേശങ്ങളുമാണ്. എന്നാൽ ഇന്ന് ബാലരാമപുരം ഇടവക സഭയുടെ കൂടെയാണോ എന്തോ സഭയിൽ നിന്ന് പുറത്തേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയാണോ? ഇതുവരെയും സംഭവിച്ചിട്ടുള്ളതും, ഇപ്പോൾ സംഭവിക്കുന്നതും.

1) ബാലരാമപുരം ഇടവകയിലെ കത്തോലിക്കാ സഭാവിരുദ്ധ നിലപാടുകൾ:

കത്തോലിക്ക തിരുസഭയുടെ ഭാഗമായിരിക്കുന്ന ഒരു വിശ്വാസ സമൂഹം പ്രാഥമികമായി പരിശുദ്ധ പിതാവിനോടും രൂപതാ മെത്രാനോടും വിധേയപ്പെട്ടിരിക്കണം, അനുസരണമുള്ളവരായിരിക്കണം. എന്നാൽ, ബാലരാമപുരത്തെ സംബന്ധിച്ചിടത്തോളം ഈ വിധേയത്വവും അനുസരണയും ഇല്ല എന്ന് മാത്രമല്ല, സഭാധികാരികളെ പരസ്യമായി എതിർക്കുകയും ധിക്കരിക്കുകയും ഭീക്ഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്ന നിലപാടുകളിലൂടെ നിരന്തരം കടന്നുപോകുന്നു. സഭയുടെ പഠനങ്ങൾക്കനുസരിച്ച് മുന്നോട്ട്പോകുവാനോ, രൂപതാ നിർദ്ദേശങ്ങൾ അംഗീകരിക്കാനോ മനസുകാണിക്കാത്ത ഒരു സാമൂഹ്യ വിരുദ്ധരുടെ കൂട്ടമാണ് ഇന്ന് ബാലരാമപുരത്ത് എല്ലാപ്രശ്നങ്ങൾക്കും കാരണം. സാമൂഹ്യ വിരുദ്ധർ തന്നെയാണ് ബാലരാമപുരം ഇടവകയിലെ വിശ്വാസ സമൂഹത്തെ ഭീക്ഷണിയുടെ മുൾമുനയിൽ നിര്ത്തുന്നതും.

2) ബാലരാമപുരം ഇടവകയിലെ സ്വയം നിർമ്മിത കമ്മിറ്റിയുടെ പ്രത്യേകതകൾ:

1) രൂപതാ നയങ്ങളോ, തിരുസഭ പറയുന്ന പൊതുനിലപാടുകളോ അംഗീകരിക്കാൻ തയ്യാറല്ല.
2) ഇടവകയിൽ വൈദീകർ വേണം, പക്ഷെ ഞങ്ങൾ പറയുന്നതുപോലെ ജീവിക്കണം.
3) ഇടവകയിൽ വരുന്ന വൈദീകന് പള്ളിയുടെ കോമ്പൗണ്ടിൽ താമസിക്കാൻ അനുവാദം തരില്ല (ഒരിക്കൽ പള്ളി മേടയ്ക്കായി പണിതുടങ്ങിയ കെട്ടിടം അവരുടെ കമ്മിറ്റി ഓഫീസാക്കി മാറ്റി).
4) ഇടവകയിൽ ഏതൊരു കാര്യത്തിന്റെയും അന്തിമ തീരുമാനം നാട്ടുകൂട്ടം (ഊരുക്കൂട്ടം) കൂടി തീരുമാനിക്കും (ഇടവക കൗൺസിലിന്റെ തീരുമാനങ്ങൾ അംഗീകരിക്കില്ല).
5) ഇടവകയുടെ വരവ് ചിലവുകൾ പള്ളിയിൽ അവതരിപ്പിക്കില്ല (ചോദിച്ചാൽ ഭീക്ഷണി).

3) ബാലരാമപുരത്ത് നിലനിൽക്കുന്ന പ്രാചീന രീതികൾ:

ഊരിടപാട്: നെയ്യാറ്റിൻകര രൂപതയിലോ കേരളസഭയിലോ ഇല്ലാത്ത ഒരുതരം ഇടപാടാണിത്. കൈയൂക്കിലൂടെ കാര്യങ്ങൾ നടത്തുകയാണ് പ്രത്യേകത. ഊരിടപാടിൽ നടക്കുന്ന ചില പ്രാചീന സംസ്‌കാരങ്ങൾ ഇവയൊക്കെയാണ്:
1) ഒരാൺകുട്ടി 18 വയസു പൂർത്തിയാക്കിയാൽ അവൻ എത്രാമത്തെ വയസിലാണോ വിവാഹം കഴിക്കുന്നത് അതുവരെയുള്ള കാലയളവിൽ വിവാഹ സമയം ആകുമ്പോൾ ദിവസം 1 രൂപാ കണക്കിൽ തുക നൽകണം. അതുപോലെ തന്നെ അവന്റെ പിതാവ്, അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞതുമുതൽ ഈ മകൻ 18 വയസ്സായതുവരെ ഓരോ ദിവസവും 1 രൂപാ കണക്കിൽ തുക നൽകണം.
2) പള്ളിവകയിൽ താമസിക്കുന്നവർ തങ്ങളുടെ വീട് പുതുക്കിപ്പണിയുകയോ,വീടിന് മേൽക്കൂര മാറ്റുകയോ ചെയ്‌താൽ ഊര്കമ്മിറ്റി നിര്ദേശിക്കപ്പെടുന്ന തുക നൽകണം. അതുപോലെ തന്നെ, ആരെങ്കിലും തങ്ങൾ താമസിക്കുന്ന സ്ഥലം ആർക്കെങ്കിലും കൈമാറുകയോ വ്യാപാരം ചെയ്യുകയോ ചെയ്‌താൽ സ്ഥലം കൈവശം ഇരിക്കുന്നയാളും സ്ഥലം വാങ്ങുന്നയാളും ഊര്കമ്മിറ്റി നിർദ്ദേശിക്കുന്ന തുക നൽകണം. (ഇവയൊന്നും രൂപതാ നിർദ്ദേശിച്ചിട്ടുള്ളവയല്ല, രൂപതയ്ക്ക് ഇതിനെകുറിച്ച് അറിവുകിട്ടുന്നത് ഈ അടുത്ത കാലത്ത് മാത്രം)

ഊരുക്കൂട്ടം: ഇതാണ് ബാലരാമപുരം ഇടവകയിലെ ഭരണസമിതി. കിണറ്റിലെ താവളകൾക്ക് പോലും ഇതിലും വിവരവും ബുദ്ധിയും മാനസിക വളർച്ചയും ഉണ്ടാകും. ഈ ഊരുക്കൂട്ടമാണ് ഇന്ന് ബാലരാമപുരം ഇടവകയുടെ തളർച്ചയ്ക്കും തകർച്ചയ്ക്കും കാരണം. സെക്രട്ടറിയാണ് ഭരണനേതാവ്. ഇത് ഓരോ വർഷവും മാറി മാറി വരും. ഏതാനും 10 കുടുംബങ്ങളുടെ മാത്രം ഉള്ളിൽ നടക്കുന്ന സെക്രട്ടറി സ്ഥാനകൈമാറ്റം തന്നെ സംശയകരമായി നിലനിൽക്കുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ എല്ലാ പ്രശ്നങ്ങളുടെയും ഉറവിടം ഈ ഊരുക്കൂട്ടമാണ് എന്ന്സാരം. ഇടവക ജനങ്ങളെ പേടിപ്പിച്ച്, ഭീക്ഷണിപ്പെടുത്തി മുന്നോട്ട് പോക്ക്.

4) യഥാർത്ഥത്തിൽ ബാലരാമപുരത്തിന്റെ പ്രശ്നം ഇതാണ്:

ഈ ഊരുക്കൂട്ടം പൊതുവെ ഇടവക ജനങ്ങളെ വിശ്വസിപ്പിച്ചിരിക്കുന്നത്, ‘ദേവാലയത്തിന്റെ ചുമതല രൂപതയ്ക്ക് നല്കിയാൽ പള്ളിത്തറയിൽ താമസിക്കുന്ന എല്ലാവരെയും പുറത്താക്കും, പിന്നെ ആധായം എടുക്കാൻ കഴിയില്ല’ എന്നൊക്കെയാണ്. സത്യത്തിൽ, ഈ ആശങ്ക രൂപതാ അധികാരികളോട് പങ്കു വച്ചപ്പോൾ ‘ആ ആശങ്കയ്ക്ക് ഒരർത്ഥവുമില്ലായെന്നും, ആവശ്യമെങ്കിൽ അവരവർ താമസിക്കുന്ന വസ്തു താമസക്കാരുടെ പേരിലാക്കി നല്കാൻ പോലും രൂപത സന്നദ്ധമാണ്’ എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ യാഥാർഥ്യം പലതവണ രൂപതാ അവരെ അറിയിച്ചിട്ടുള്ളതുമാണ്.

5) “പങ്കാളിത്ത സഭാ ഭരണ” സംവിധാനവും കേരള ലത്തീൻ സഭയും:

കേരള ലത്തീൻ സഭയിൽ എല്ലായിടത്തും “പങ്കാളിത്ത സഭാ ഭരണ” സംവിധാനമാണ് ഉള്ളത്. വികാരിയച്ചന്മാരുടെ നേതൃത്വത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാതിനിധ്യം നല്കി തെരഞ്ഞെടുക്കുന്ന സമിതിയാണ് ഇടവക ശുശ്രൂഷകൾക്ക് നേതൃത്യം നല്കേണ്ടത്. ഇതിൽ എന്തെങ്കിലും പ്രശ്നമുള്ളതായി ഒരിടത്തും കാണുന്നില്ല. എന്നാൽ ബാലരാമപുരത്ത് ഇടവക ഭരണം ചില നിഷിപ്ത തല്പരരുടെ കൈയ്യിലാണ്. ചക്കര കുടത്തിൽ കൈയ്യിട്ടിരിക്കുന്ന ആവേശത്തിലാണ് അവർ എന്ന് പറയാതെ നിവിർത്തിയില്ല. സാധാരണയായി ഇടവക പ്രവർത്തനങ്ങൾ എല്ലാം സേവനമാണ്. പക്ഷേ ഇവിടെ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.

6) പ്രശ്നപരിഹാരത്തിനായി നെയ്യാറ്റിൻകര രൂപതാ മെത്രാൻ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ:

1) ഇടവകയുടെ അജപാലന പ്രവർത്തനങ്ങൾ സജീവമാക്കാൻ ഇടവക വികാരിയെ സഹായിക്കുന്നതിന് അടിസ്ഥാന ക്രൈസ്‌തവ മാർഗ്ഗരേഖയനുസരിച്ച് വിവിധ ശുശ്രൂഷാ സമിതികൾ രൂപീകരിക്കുകയും കാനോൻ നിയമം അനുശാസിക്കുന്ന ഇടവക അജപാലന സമിതിയും ഇടവക ധനകാര്യ സമിതിയും ഇടവക വികാരിയുടെ നേതൃത്വത്തിൽ രൂപീകരിക്കേണ്ടതാണ്. രൂപതാധ്യക്ഷൻ പ്രസിദ്ധീകരിച്ച നിയമാവലി അനുസരിച്ച് പ്രസ്തുത സമിതികൾ പ്രവർത്തിക്കേണ്ടതാണ്.
2) ഇടവകയുടെ നിയമാനുസൃത അജപാലകനും ഭരണാധികാരിയുടെ രൂപതാ മെത്രാൻ നിയമിക്കുന്ന വൈദീകന് തന്റെ ശുശ്രൂഷകൾ സുഗമമായി നടത്തുവാൻ ദേവാലയത്തോട് ചേർന്ന് (കാനോൻ നിയമം 533§1) വൈദീക വസതി നിർമ്മിക്കേണ്ടതാണ്.
3) ദേവാലയവും പരിസരവും സെമിത്തേരിയും രൂപതാധ്യക്ഷന്റെ പൂർണ്ണമായ അധികാരത്തിന് കീഴിൽ ആയിരിക്കണം.
4) ഇടവകയിൽ ജനിച്ചു വളർന്നവർക്കും സ്ഥിരതാമസമുള്ളവർക്കും സഭാനിയമമനുസരിച്ച് അംഗത്വം ലഭിക്കാൻ അര്ഹതയുള്ളവർക്കും നിയമാനുസൃതം ഇടവകഅംഗത്വം നൽകേണ്ടതാണ്.
5) കാനോൻ നിയമമനുസരിച്ച് ഇടവക അജപാലന സമിതിയിലും ധനകാര്യ സമിതിയിലും വിവിധ ശുശ്രൂഷാസമിതികളിലും തിരഞ്ഞെടുക്കപ്പെടുവാനും നാമനിർദ്ദേശം ചെയ്യപ്പെടാനും സ്ത്രീകൾക്ക് നിയമാനുസൃതമായ അവകാശമുണ്ട്. അത് നിക്ഷേധിക്കുവാൻ പാടില്ല.
6) രൂപതാ ആരാധനാക്രമ മാർഗ്ഗരേഖയനുസരിച്ച് ഇടവക തിരുനാളും മറ്റ് ആഘോഷപരിപാടികളും ക്രമീകരിക്കേണ്ടതാണ്.

ഇക്കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കേണ്ടത് ബാലരാമപുരത്തെ യഥാർത്ഥ വിശ്വാസി സമൂഹമാണ്. നിങ്ങൾ ഭയം വിട്ട് പുറത്ത് വരണം. നിങ്ങൾ വഞ്ചിക്കപ്പെടുകയാണ് എന്ന തിരിച്ചറിവിലേക്ക് കടന്നുവരണം. അല്ലെങ്കിൽ ബാലരാമപുരത്തെ വിശുദ്ധ സെബസ്ത്യാനോസ് തീർത്ഥാടന ദേവാലയവും ഇടവകയും ഓർമ്മകളിൽ അലിഞ്ഞില്ലാതാകുന്ന കാലം വിദൂരത്തല്ല.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker