Daily Reflection

മണ്ണിലെഴുതിയ തിന്മകൾ മായ്ക്കുന്ന ദൈവം

ഏതുതിന്മയും എത്രയുംവേഗം മായ്ചുകളയാൻ കഴിവുള്ളവന്റെ കരുണയുടെ മുഖം ലഭിക്കണമേയെന്നു പ്രാർത്ഥിക്കാം...

“കർത്താവ് അവളുടെ നിലവിളികേട്ടു” (ദാനിയേൽ 13:44). വ്യഭിചാരകുറ്റം ചുമത്തപ്പെട്ട നിരപരാധിയായ സൂസന്നയുടെ പ്രാർത്ഥനയ്ക്കാണ് ദൈവം ദാനിയേൽ എന്ന ബാലനിലൂടെ ഉത്തരം നൽകുന്നത്. യോഹന്നാൻ 8:1-8 ലും വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ യേശുവിന്റെ മുന്നിൽ കൊണ്ട് വരുന്ന സംഭവത്തിലും ദൈവത്തിന്റെ കരുണയുടെ മുഖം ദർശിക്കാനാവും.

ഈ രണ്ടു സംഭവങ്ങളിലും മൂന്നു തരത്തിലുള്ള ആളുകളെ കാണാം:

1) വിശുദ്ധ ജീവിതം നയിക്കുന്ന വ്യക്തികൾ. സൂസന്ന. ചെറുപ്പത്തിലേ ദൈവവിചാരത്തിൽ വളർന്ന അവളുടെ കരച്ചിലിന് ദൈവം ഉത്തരം നൽകുന്നു. ദാനിയേൽ എന്ന ബാലൻ. വചനം പറയുന്നത്, “ദാനിയേൽ എന്ന ബാലന്റെ പരിശുദ്ധമായ ആത്മാവിനെ കർത്താവു ഉണർത്തി” യെന്നാണ്. (ദാനിയേൽ 13, 45). പറയുന്നവന്റെ വിളികേട്ടു ദൈവം രക്ഷകനെ അയക്കുന്നു. പരിശുദ്ധമായ ആത്മാവിനാൽ നയിക്കപ്പെട്ടു, വിവേകത്തോടെ ആ വലിയ പ്രതിസന്ധിക്കു ഉത്തരം നൽകി. സുവിശേഷത്തിലും വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയും ഒരുതരത്തിൽ ക്രിസ്തുവിനുമുന്നിൽ അനുതപിച്ചവളെന്നുവേണം കരുതാൻ. ചില ബൈബിൾ പണ്ഡിതന്മാർ വ്യഭിചാരകുറ്റം ആരോപിക്കപ്പെട്ടവൾ എന്നുകൂടി വ്യാഖ്യാനിക്കുന്നുണ്ട്. കാരണം അവളെ യേശുവിന്റെ മുന്നിൽ എത്തിക്കുന്നത് കൂടാരത്തിരുന്നാളിന്‌ ശേഷമുള്ള ദിവസം രാവിലെയാണ്, ആയതിനാൽ അവളെ കുറ്റം ആരോപിക്കപ്പെട്ട് കൊണ്ടുവന്നതാകാമെന്ന് വ്യാഖ്യാനിക്കുന്നു. എന്തുതന്നെയായാലും ജീവിതം തിരുത്തിയെഴുതിയാണ് അവൾ യേശുവിന്റെ മുന്നിൽ നിന്നും തിരികെ പോകുന്നത്.

2) ഹൃദയത്തിൽ തിന്മ ഒളിപ്പിച്ച്, പുറമെ വിശുദ്ധരെപോലെ ജീവിക്കുന്നവർ. സൂസന്നയെ കുറ്റം വിധിക്കുന്നവർ, രണ്ടു ശ്രേഷ്ടരായിരുന്നുവെന്നു വചനം പറയുന്നു. സുവിശേഷത്തിൽ വ്യപിചാരിണിയെ യേശുവിന്റെ മുന്നിൽ കൊണ്ടുവരുന്നതും സമൂഹത്തിൽ ശ്രേഷ്ടരായി ഭാവിക്കുന്ന നിയമജ്ഞരും ഫരീസേയരുമാണ്. രണ്ടു ശ്രേഷ്ഠരായ വ്യക്തികളുടെ അധഃപതനത്തിന്റെ വഴി ഇങ്ങനെയായിരുന്നു, അവർ ഇരുവരും ആസക്തി ഹൃദയത്തിൽ കൊണ്ട് നടന്നു. ഹൃദയത്തിലെ തിന്മ പരസ്പരം പറഞ്ഞു. അവസാനം അവർ വിവേക ശൂന്യരായി, ദൈവ വിചാരവും ധർമ്മബോധവും കൈവെടിഞ്ഞു, തിന്മ പ്രാവർത്തികമാക്കി. ആദിമാതാപിതാക്കൾക്കു സംഭവിച്ചപോലെ, കണ്ടു, സംസാരിച്ചു, രുചിച്ചു. എന്നാൽ ഫരിസേയരും നിയമജ്ഞരും യേശുവിൽ കുറ്റമാരോപിക്കപ്പെടാൻ ഒരു വലിയ കെണിയൊരുക്കിയാണ് വരുന്നത്. കാരണം, വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളെ കല്ലെറിഞ്ഞുകൊള്ളണമെന്നാണ് മോശയുടെ നിയമം പഠിപ്പിക്കുന്നത്. എന്നാൽ റോമൻ ഭരണാധികാരികളുടെ നിയമത്തിൽ അങ്ങിനെ ഒരു നിയമം പാടില്ലായെന്നതുമുണ്ട്. കൂടാതെ ദേവാലയത്തെ അപമാനിച്ചാൽ നിയമജ്ഞരുടെ ശുപാർശയിൽ റൊമാൻഭരണകൂടം അവനെ ശിക്ഷിക്കും. അപ്പോൾ യേശു കല്ലെറിയാൻ അനുവദിച്ചാലും ഇല്ലെങ്കിലും റോമൻ ഭരണാധികാരികൾ യേശുവിനെ ശിക്ഷിക്കും, അവളെ വെറുതെ വിട്ടാൽ മോശയുടെ നിയമമനുസരിച്ച് യേശുവിനെ അവർക്കു റോമൻ ഭരണകൂടത്തെകൊണ്ട് ശിക്ഷിക്കാം. വക്രത നിറഞ്ഞ ഹൃദയത്തോടെ രക്ഷകനെ, അല്ലെങ്കിൽ നന്മയെ ഇല്ലാതാക്കാനുള്ള ശ്രമം.

3) ഇതൊക്കെ കണ്ടുനിന്ന ഒരു ജനക്കൂട്ടം ഈ രണ്ടു സംഭവങ്ങളിലും ഉണ്ട്, അവർ തിന്മയ്‌ക്കെതിരെ ഒരുവാക്കുപോലും പറയാതെ മൗനം സമ്മതം മൂളുന്നു. സൂസന്നയ്ക്ക് ദൈവത്തിന്റെ കൃപ ദാനിയേൽ എന്ന ബാലനിലൂടെ ലഭിച്ചപ്പോൾ, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ആ സ്ത്രീയ്ക്ക് ലോകരക്ഷകൻ സഹായത്തിനെത്തുന്നുകയും ദൈവത്തിന്റെ വലിയ ഒരു നിയമം ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു.

ഒന്നാമതായി, യേശു നിലത്തെഴുതിക്കൊണ്ടിരുന്നു. നിലത്തെഴുതിയത് ഒരുതരത്തിൽ അവരുടെ ആരോപണം കേൾക്കാതിരിക്കാനുള്ള ചെവിയടയ്ക്കലാണ്. ഒരാളുടെ അപരാധം അപരനിൽ നിന്നും കേൾക്കാൻ ദൈവം ആഗ്രഹിക്കുന്നില്ലയെന്നർത്ഥം. ദൈവത്തിന്റെ നീതി നടപ്പിലാക്കുന്നവൻ ആരോപണങ്ങൾക്കെതിരെ കാതുകൾ അടയ്ക്കുന്നു.

രണ്ടാമതായി, അവൻ അവരുടെ പേരുകളും തിന്മകളും മണ്ണിൽ എഴുതിവെച്ചു. അവർക്കും അനുതപിക്കാൻ ഒരു അവസരം നൽകുന്നു. മണ്ണിൽ എഴുതിയ തിന്മകളുടെ ആയുസേയുള്ളൂ ദൈവത്തിന്റെ മുന്നിൽ അനുതപിക്കുന്നവർക്കെന്നു യേശു പഠിപ്പിക്കുന്നു. അവരുടെ കുറവുപോലും എത്ര വേഗം തുടച്ചുകളയാൻ തയ്യാറാണെന്ന് യേശു പറയാതെ പറയുന്നു, പക്ഷെ അവർ വീണ്ടും ആരോപിക്കുന്നു.

മൂന്നാമതായി, ആദ്യത്തെ കല്ലെറിയാൻ യോഗ്യനായ ഒരേ ഒരു ഞാനാണ്, നിങ്ങളിൽ ആർക്കാണതിന് യോഗ്യതയെന്നു ചോദിക്കുകയും വീണ്ടും ഒരവസരം നൽകി നിലത്തെഴുതുകയും ചെയ്യുന്നു. അനുതപിച്ചിട്ടല്ലെങ്കിലും യഥാർത്ഥ വിധിയാളന്റെ മുന്നിൽ നിൽക്കാതെ അവർ തിരിച്ചുപോകുന്നു.

നാലാമതായി, വിധിക്കാൻ യോഗ്യനായവന്റെ മുന്നിൽ അനുതപിക്കാൻ മനസ്സുകാട്ടുന്ന സ്ത്രീ. യേശുവും സ്ത്രീയും മാത്രം അവശേഷിക്കുന്ന സുന്ദരനിമിഷം. വിധിക്കപ്പെടുന്നവന്റെ മുന്നിൽ ഇതുവരെ നീതികിട്ടാത്തവൾക്ക് കാരുണ്യത്തിന്റെ നീതി ലഭിക്കുന്നു.

ജീവിതം വിധിക്കപ്പെടാൻ യോഗ്യതയുള്ളവന്റെ അരികിൽ വരെയുള്ള ഓട്ടം മാത്രമാണ്, തിരുത്തപ്പെടേണ്ട വഴികളെ എനിക്കായി രക്ഷകൻ തിരുത്തിയെഴുതിത്തരുന്നതൊക്കെ തിരുത്തിയെഴുതാനുള്ള വിവേകം നൽകി നമ്മുടെ പരിശുദ്ധമായ ആത്മാവിനെ ഉണർത്തണമേയെന്നു പ്രാർത്ഥിക്കാം, ഒപ്പം, ഏതുതിന്മയും എത്രയുംവേഗം മായ്ചുകളയാൻ കഴിവുള്ളവന്റെ കരുണയുടെ മുഖം നമുക്കും ലഭിക്കണമേയെന്നും പ്രാർത്ഥിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker