Daily Reflection

മാർച്ച് 20: അധികാരസ്ഥാനങ്ങൾ

"ദിയാകണോസ്" എന്നാൽ "ഭക്ഷണമേശയ്ക്കരികെ യജമാനനെ സഹായിക്കുന്നവർ". "ദൂലോസ്", എന്നാൽ യജമാനന്റെ അടിമയും.

ഇന്നത്തെ ദിവ്യബലിയിലെ സുവിശേഷത്തിൽ (മത്തായി 20:17 -28) യേശു തന്റെ പീഡാനുഭവവും മരണവും ഉത്ഥാനവും പ്രവചിക്കുന്നതും സെബദിപുത്രന്മാരുടെ അമ്മയുടെ അഭ്യർത്ഥനയും നാം വായിച്ചുകേൾക്കുന്നു. ഇത് യേശു നടത്തുന്ന മൂന്നാമത്തെ പീഡാനുഭവ പ്രവചനമാണ്. ഈ പ്രവചനത്തിൽ, യേശുവിന്റെ ഉയിർപ്പു മൂന്നു സമാന്തര സുവിശേഷകന്മാരും രേഖപ്പെടുത്തുന്നുണ്ട്. യേശു പീഡകൾ സഹിക്കുകയും മരിക്കുകയും മാത്രമല്ല, മരണത്തെ ജയിച്ചു ഉയിർത്തെഴുന്നേൽക്കും എന്നുകൂടെ പ്രവചിക്കുന്നു. തന്റെ ഉയിർപ്പിനെ കൂടെ പ്രവചിക്കുന്നതിലൂടെ യേശു വ്യക്തമാക്കുന്നത്, ജറുസലേമിൽ നടക്കാനിരിക്കുന്നത് ചരിത്രത്തിലെ ദാരുണമായ ആകസ്മിക സംഭവമല്ല, പ്രത്യുത, മനുഷ്യരക്ഷയ്ക്കുവേണ്ടിയുള്ള ദൈവികപദ്ധതിയുടെ പൂർത്തീകരണമാണ് എന്നാണ്. ഒരു ആകസ്മിക സംഭവം മാത്രം ആയിരുന്നെങ്കിൽ, മരണത്തോടെ എല്ലാം അവസാനിക്കുമായിരുന്നു. എന്നാൽ, മരണത്തിനും ശേഷമുള്ള മഹിമയേറിയ ഉയിർപ്പ്, ദൈവത്തിനു മനുഷ്യചരിത്രത്തിലുള്ള പദ്ധതിയുടെ തെളിവാണ്.

ഒന്നാമത്തെ പ്രവചനത്തിനു ശേഷം, തടസം പറയുന്ന പത്രോസിനെ യേശു ശാസിക്കുന്നതായി നാം കാണുന്നുണ്ട് (മത്തായി 16 :21 -23). പത്രോസിന്റെ തടസ്സം പറയൽ യഥാർത്ഥത്തിൽ, യേശു നടത്തുന്ന പ്രവചനം ശിഷ്യർക്കാർക്കും മനസ്സിലായില്ല എന്നതിന്റെ അടയാളമാണ്. അതുകൊണ്ട്, ശിഷ്യത്വത്തെക്കുറിച്ചു യേശു തുടർന്ന് പഠിപ്പിക്കുന്നു: “ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ചു തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” (മത്തായി 16 :24).

രണ്ടാമത്തെ പ്രവചനത്തിനു ശേഷം, സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നത് “ഇതുകേട്ട് അവർ അതീവ ദു:ഖിതരായിത്തീർന്നു” (മത്തായി 17 :23) എന്നാണ്. അതായത്, ഈ പ്രവചനവും അവർക്കു മനസിലാക്കാനായില്ല എന്ന് സാരം.

മൂന്നാമത്തെ പ്രവചനശേഷം, സെബദിപുത്രന്മാരുടെ അമ്മ വന്ന്, തന്റെ മക്കൾക്കു യേശുവിന്റെ രാജ്യത്തിൽ യേശുവിന്റെ ഇടത്തും വലത്തും ഇരിക്കാനുള്ള അവസരം ചോദിക്കുന്നു. ഈ സാഹചര്യത്തിൽ, യേശു തന്റെ ശിഷ്യത്വത്തെക്കുറിച്ചുള്ള മറ്റൊരു പാഠം പകർന്നു നൽകുന്നു: തന്റെ ശിഷ്യർ ശുശ്രൂഷകരും (ഗ്രീക്ക് പദം “ദിയാകണോസ്” എന്നാണ്), ദാസരും (ഗ്രീക്ക് പദം “ദൂലോസ്” എന്നാണ്) ആയിരിക്കണം. “ദിയാകണോസ്” എന്നാൽ “ഭക്ഷണമേശയ്ക്കരികെ യജമാനനെ സഹായിക്കുന്നവർ” ആണ്. “ദൂലോസ്”, യജമാനന്റെ അടിമയും. ശിഷ്യർക്ക് വേണ്ടത് യജമാന സ്ഥാനമാണെങ്കിൽ, യേശു പഠിപ്പിക്കുന്നത് ഭക്ഷണമേശയ്ക്കരികെ യജമാനനെ സഹായിക്കുന്ന വേലക്കാരനും അടിമയും ആകാനാണ്. മറ്റുള്ളവർക്കുവേണ്ടി സ്വയം ശൂന്യവത്കരിക്കാൻ ആണ് യേശു ആവശ്യപ്പെടുന്നത്.

തന്റെ അടുത്തുവരുന്ന സെബദിപുത്രന്മാരുടെ അമ്മയോട് യേശു ചോദിക്കുന്നു: “നിനക്ക് എന്താണ് വേണ്ടത്?” ഇതേ ചോദ്യം തന്നെയാണ്, തുടർന്നുള്ള ഭാഗത്തിൽ, രണ്ടു അന്ധന്മാരോടും യേശു ചോദിക്കുന്നത്: “ഞാൻ നിങ്ങൾക്കു എന്തുചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” സെബദിപുത്രന്മാരുടെ അമ്മ ആവശ്യപ്പെട്ടത്‌ മക്കൾക്കുള്ള അധികാര സ്ഥാനമാണെങ്കിൽ, അന്ധന്മാർ ആവശ്യപ്പെടുന്നത് തങ്ങളുടെ കണ്ണുകൾ തുറന്നു കിട്ടാനാണ്. യേശുവിന്റെ ശിഷ്യർക്ക് ഇത്രയും നാൾ കൂടെ നടന്നിട്ടും യഥാർത്ഥത്തിൽ മിശിഹായെ മനസ്സിലാക്കാൻ സാധിച്ചില്ല. അതുകൊണ്ടാണല്ലോ, അവർ മിശിഹായുടെ രാജ്യത്തിൽ ഇടത്തും വലത്തും ഇരിപ്പിടങ്ങൾ ആവശ്യപ്പെട്ടത്. മിശിഹാ/ക്രിസ്തുവിനെ കുറിച്ചുള്ള അവരുടെ ചിന്തകൾ മറ്റു പലതും ആയിരുന്നു. ആ ആശയങ്ങൾ മാറ്റി ക്രിസ്തുവിനെകുറിച്ചുള്ള യഥാർത്ഥ ചിത്രം മനസ്സിലാകണമെങ്കിൽ കണ്ണുകൾ തുറന്നുകിട്ടണം, ശരിയായ കാഴ്ച ലഭിക്കണം. നമ്മുടെ കണ്ണുകൾ തുറന്നാൽ മാത്രമേ നമുക്കും മിശിഹായെ തിരിച്ചറിയാനും യഥാർത്ഥ ക്രിസ്തുശിഷ്യരാകുവാനും സാധിക്കൂ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker