Daily Reflection

മാർച്ച് 23: മടങ്ങിവരവ്

ഇളയമകൻ പിതാവിന് നൽകിയ ഹൃദയവേദനപോലെ, നമ്മുടെ പാപങ്ങളും ദൈവത്തിന്റെ പിതൃഹൃദയത്തെ വേദനിപ്പിക്കുന്നു

ലൂക്കായുടെ സുവിശേഷം 15:11-32-ൽ യേശു പറയുന്ന ഉപമയാണ് ഇന്ന് ദിവ്യബലിയിൽ നാം വായിക്കുന്നത്. ഇത് യഥാർത്ഥത്തിൽ രണ്ടുമക്കളുള്ള ഒരു പിതാവിനെ കുറിച്ചുള്ള കഥയാണ്. കാരണം യേശു കഥ തുടങ്ങുന്നത് തന്നെ ആ പിതാവിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ്. ഈ ഉപമ പറയാൻ കാരണം, ഫരിസേയരുടെയും നിയമജ്ഞരുടെയും പിറുപിറുപ്പാണ്‌. നഷ്ടപ്പെട്ടുപോയവൻ തിരികെ വരുമ്പോൾ ഏതു പിതാവിനുമുള്ള സന്തോഷമാണ് പാപികളുടെ മടങ്ങിവരവിൽ ദൈവത്തിനുമുള്ളത്.

സാധാരണഗതിയിൽ, പിതാവിന്റെ മരണശേഷമാണ് മക്കൾക്കു സ്വത്തിന്റെ ഓഹരി ലഭിച്ചിരുന്നത്. മരണത്തിനു മുന്നേ തന്നെ സ്വത്ത് വീതം വെച്ച് നൽകണമെങ്കിൽ, അത് പിതാവാണ് തീരുമാനിക്കേണ്ടിയിരുന്നത്. അല്ലാതെ, മക്കൾ ചോദിക്കാൻ പാടില്ലായിരുന്നു. ഇവിടെ, ഇളയമകൻ സ്വത്തിന്റെ ഓഹരി ചോദിക്കുന്നു. അതായത്, ആ മകൻ ചെയ്യുന്നത് പിതാവിനോടുള്ള കടുത്ത ബഹുമാനക്കുറവാണ്. പിതാവിനെ മരിച്ചവനായിട്ടാണ് അയാൾ കണക്കാക്കുന്നത്. പിതാവ് തന്റെ സ്വത്തിന്റെ ഓഹരി തന്റെ മരണത്തിനും മുന്നേതന്നെ മക്കൾക്കു കൊടുത്തുകഴിഞ്ഞാലും, മക്കൾ പിതാവിനെ ഉപേക്ഷിച്ചു പോകാൻ പാടില്ലായിരുന്നു. കാരണം, പിതാവ് തന്റെ സ്വത്തെല്ലാം മക്കൾക്കു വിഭജിച്ചുകൊടുത്തതുകൊണ്ട്, ഇനി പിതാവിനെ ശുശ്രൂഷിക്കാനുള്ള മുഴുവൻ ബാധ്യതയും മക്കളുടേതായിരുന്നു. ഈ ഉത്തരവാദിത്ത്വത്തിൽ നിന്നാണ് ഇളയമകൻ ഓടിപ്പോകുന്നത്…

മറ്റൊരു കാര്യം, ഒരാൾക്ക് അയാളുടെ സ്വത്വം (identity) ലഭിക്കുന്നത് അയാളുടെ കുടുംബത്തിന്റെ പേരിലായിരുന്നു. ആ കുടുംബബന്ധം പോലും ഉപേക്ഷിച്ചാണ്, ഇളയമകൻ യാത്രയാകുന്നത്. മകന്റെ ഈ പ്രവൃത്തികൾ പിതാവിന് എന്തുമാത്രം ഹൃദയവേദന സമ്മാനിച്ചിട്ടുണ്ടായിരിക്കണം. എന്നിട്ടും ആ മകന്റെ തിരിച്ചുവരവിൽ പിതാവിനുള്ള ആനന്ദം വളരെ വലുതാണ്. തിരിച്ചുവരുന്ന മകനെ ദൂരെ വച്ചുതന്നെ പിതാവ് കാണുന്നു. വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരാൾക്കല്ലേ ദൂരെ വച്ചുതന്നെ മകനെ കാണാൻ സാധിക്കൂ. പിതാവ് ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു സ്വീകരിക്കുന്നു. അവന്റെ ഏറ്റുപറച്ചിലുകൾ മുഴുവനാക്കാൻ പോലും പിതാവ് അനുവദിക്കുന്നില്ല. മകന്റെ തിരിച്ചുവരവിൽ ആഘോഷിക്കുന്ന പിതാവിന്റെ ചിത്രമാണ് യേശു ഈ ഉപമയിൽ അവതരിപ്പിക്കുന്നത്. “ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു” (ലൂക്ക 15:2) എന്ന നിയമജ്ഞരുടെയും ഫരിസേയരുടെയും പിറുപിറുപ്പിന് യേശു മറുപടി പറയുന്നത്, മാനസാന്തരപ്പെട്ട് തിരികെ വരുന്ന ഇളയമകനെ ആനന്ദത്തോടെയും ആഘോഷത്തോടെയും സ്വീകരിക്കുന്ന പിതാവിന്റെ കഥപറഞ്ഞുകൊണ്ടാണ്.

ദൈവമാണ് ഈ കഥയിലെ പിതാവ്. പിതാവിന്റെ സ്വത്തു ധൂർത്തടിക്കുന്ന മകൻ – ദൈവമക്കളെന്ന നിലയിൽ നമുക്ക് അവകാശമായി ലഭിച്ചിരിക്കുന്ന കൃപകളും വരങ്ങളും വിലകല്പിക്കാതെ ജീവിക്കുന്ന നാം ഓരോരുത്തരുമാണ്. ഇളയമകൻ പിതാവിന് നൽകിയ ഹൃദയവേദനപോലെ, നമ്മുടെ പാപങ്ങളും ദൈവത്തിന്റെ പിതൃഹൃദയത്തെ വേദനിപ്പിക്കുന്നു. നമ്മുടെ മടങ്ങിവരവിനായി വഴിക്കണ്ണുകളുമായി കാത്തിരിക്കുന്ന ആ പിതാവിന്റെ പക്കലേക്കു നല്ലൊരു കുമ്പസാരം നടത്തി നമുക്കും തിരിച്ചുവരാം. അവിടുന്ന് ഓടിവന്നു കെട്ടിപ്പിടിച്ചു ചുംബിച്ച് നമ്മെ സ്വീകരിക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker