Daily Reflection

മാർച്ച് 31: ഞെരുക്കവും സുബോധവും

അവനുണ്ടായ സുബോധം സ്നേഹധനനായ തന്റെ പിതാവിനെക്കുറിച്ചുള്ള ചിന്തയാണ്

മാർച്ച് ഇരുപത്തിമൂന്നാം തിയതി നാം വിചിന്തനം ചെയ്ത, ലൂക്ക 15:1-3.11-32 ആണ് ഇന്നും നമ്മുടെ ആത്മീയ പോഷണത്തിനായി തിരുസഭ നൽകുന്നത്.

സ്നേഹം ധൂർത്തടിക്കുന്ന പിതാവിന്റെ ഉപമയെന്നും ഇതിനെ വിളിക്കാറുണ്ട്. ഈ ഉപമയിൽ ഒരു ക്ലേശാനുഭവവും ഉണ്ട്, ഒരു ആഘോഷാനുഭവവും ഉണ്ട്. തന്റെ അവകാശം വാങ്ങി വീട് വിട്ടിറങ്ങുന്ന ഇളയമകൻ ചെന്ന് നിൽക്കുന്നത് ഒരു ക്ലേശാനുഭവത്തിലാണ്. യേശു കഥയിൽ ഇങ്ങനെ പറയുന്നു “അവൻ എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോൾ ആ ദേശത്തു ഒരു കഠിനക്ഷാമം ഉണ്ടാവുകയും അവൻ ഞെരുക്കത്തിലാവുകയും ചെയ്തു”. ഈ ഞെരുക്കം എത്ര തീവ്രമായിരുന്നെന്നു കഥയുടെ തുടർന്നുവരുന്ന ഭാഗത്തു പറയുന്നുണ്ട്. അയാൾ അല്പം ഭക്ഷണം കിട്ടുമെന്ന് കരുതി പന്നികളെ മേയ്ക്കുന്ന ജോലി ഏറ്റെടുക്കുന്നു. നിയമാവർത്തനം 14:8 ൽ പറയുന്നു: “പന്നി ഇരട്ടകുളമ്പുള്ളതാണെങ്കിലും അയവിറക്കാത്തതാകയാൽ അശുദ്ധമാണ്. അതിന്റെ മാംസം ഭക്ഷിക്കുകയോ അതിന്റെ ശവം സ്പർശിക്കുകയോ അരുത്”. പന്നിയുമായുള്ള ഏതു സംസർഗവും യഹൂദർ ഒഴിവാക്കുമായിരുന്നു. അത്രയ്ക്കും വെറുക്കപ്പെട്ട മൃഗമായ പന്നിയെ മേയ്ക്കുവാനും അയാൾ തയ്യാറാകുന്നു. ലക്‌ഷ്യം, അല്പം ഭക്ഷണമാണ്. എന്നാൽ പന്നികൾക്കു കൊടുക്കുന്ന തവിടുപോലും അയാൾക്ക് ലഭിച്ചില്ല. അത്രയ്ക്കും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിൽ, അയാൾക്കു സുബോധമുണ്ടായി എന്ന് യേശു പറയുന്നു. ഇനി ഒരല്പം പ്പോലും മുന്നോട്ടു പോകാനാകാത്ത ഒരു സാഹചര്യത്തിൽ, ഒരു മനുഷ്യന് സ്വാഭാവികമായി ഉണ്ടാകാവുന്ന ചിന്തകൾ പലതാണ്: ഇങ്ങനെ ഒരു സാഹചര്യത്തിൽ എത്തിച്ചെന്നു പറഞ്ഞു ദൈവത്തെ പഴിചാരുക, ഇതിനെല്ലാം കാരണം താൻതന്നെയാണെന്ന് പറഞ്ഞു സ്വയം കുറ്റപ്പെടുത്തുക, തന്നെ ആരും സഹായിച്ചില്ല എന്ന് പറഞ്ഞു മറ്റുള്ളവരെ കുറ്റപ്പെടുത്തുക. പക്ഷെ, ഉപമയിൽ യേശു പറയുന്നത്, “അപ്പോൾ അവനു സുബോധമുണ്ടായി” എന്നാണു. അവനുണ്ടായ സുബോധം സ്നേഹധനനായ തന്റെ പിതാവിനെക്കുറിച്ചുള്ള ചിന്തയാണ്.

നമ്മുടെ ജീവിതത്തിലും ഒരുപക്ഷെ പലതരത്തിലുമുള്ള ഞെരുക്കങ്ങളും കടന്നു വരാം. അപ്പോഴുള്ള നമ്മുടെ പ്രതികരണം എന്താണ്? നമുക്കും സുബോധങ്ങൾ ഉണ്ടാകട്ടെ. കരുണയുള്ള ദൈവത്തെക്കുറിച്ചുള്ള ഓർമ്മ. എത്രയേറെ വഴിതെറ്റി എത്രവലിയ ഞെരുക്കങ്ങളിൽ ചെന്നുപെട്ടാലും, തിരിച്ചു വന്നാൽ ഓടിവന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു ആഘോഷങ്ങൾ ഒരുക്കുന്ന സ്നേഹം തന്നെയായ ദൈവമാണ് നമുക്കുള്ളത് എന്ന ബോധം ജീവിത വഴികളിൽ നമ്മെ നയിക്കട്ടെ.

Show More

One Comment

  1. ഏതു കഠിന സാഹചര്യത്തിലും ഈശോ യിൽ ആശ്രയിക്കുവാൻ നമുക്ക് സാധിക്കണം

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker