Sunday Homilies

യേശുവിന്റെ ശിഷ്യരാകാൻ നാം ചെയ്യേണ്ടത്

ആണ്ടുവട്ടം അഞ്ചാം ഞായര്‍

ഒന്നാം വായന : ഏശ. 6:1-2, 3-8
രണ്ടാംവായന : 1 കൊറി. 15:1-11
സുവിശേഷം : വി. ലൂക്ക 5:1-11

ദിവ്യബലിക്ക് ആമുഖം

ഇന്നത്തെ വായനകളിലും സുവിശേഷത്തിലും നിറഞ്ഞു നില്‍ക്കുന്നത് “ദൈവത്തിന്റെ വിളി” എന്ന യാഥാര്‍ത്ഥ്യമാണ്. ഒന്നാമത്തെ വായനയില്‍ സ്വന്തം അയോഗ്യത ഏറ്റുപറയുന്ന ഏശയ്യ പ്രവാചകനെ ദൈവം ശുദ്ധീകരിച്ച് തന്‍റെ ദൗത്യത്തിനായി നിയോഗിക്കുന്നു. രണ്ടാമത്തെ വായനയില്‍ താന്‍ അപ്പസ്തോലന്മാരില്‍ ഏറ്റവും നിസാരനെന്നും താന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണെന്നും വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ സ്വന്തം വിളിയെക്കുറിച്ച് പറയുന്നു. സുവിശേഷത്തിലാകട്ടെ ഗനേസറത്ത് തടാകത്തിന്റെ തീരത്തുവച്ച് യേശു ആദ്യശിക്ഷ്യന്മാരെ വിളിക്കുന്നതാണ് നാം ശ്രവിക്കുന്നത്.
ദൈവത്താല്‍ വിളിക്കപ്പെടുന്നവരുടെ ചരിത്രം ബൈബിളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. അത് ഇന്നും നമ്മിലൂടെ തുടരുന്നു. ജ്ഞാനസ്നാനം സ്വീകരിച്ച നാം ഓരോരുത്തരും ദൈവത്തിന്‍റെ ദൗത്യത്തിനായി വിളിക്കപ്പെട്ടവരാണ്. നമ്മുടെ വിളിയും ദൗത്യവും നമുക്കോര്‍മ്മിക്കാം. നമ്മുടെ അയോഗ്യതകളെയും ഏറ്റുപറയാം. നിര്‍മ്മലമായൊരു ഹൃദയത്തോടെ ബലി അര്‍പ്പിക്കാനായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണ കര്‍മ്മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,

വിശ്വാസ ജീവിതത്തില്‍ പകര്‍ത്തേണ്ട മൂന്ന് മനോഭാവങ്ങളെ നമുക്ക് ഇന്നത്തെ സുവിശേഷത്തില്‍ നിന്ന്മനസ്സിലാക്കാം:

1) ഒന്നാമതായി, ജീവിതമാകുന്ന വളളത്തില്‍ യേശുവിന് സ്ഥാനം നല്‍കുക:

ഗനേസറത്ത് തടാകത്തിന്‍റെ കരയില്‍ വചനം കേള്‍ക്കാന്‍ തടിച്ചുകൂടിയ ജനത്തോട് സംസാരിക്കാനായി യേശു തെരഞ്ഞെടുത്തത് ശിമയോന്‍റെ വളളമായിരുന്നു. യേശു പറഞ്ഞതനുസരിച്ച് കരയില്‍ നിന്ന് മാറ്റി യേശുവിന് സംസാരിക്കാനായി എല്ലാ സൗകര്യവും ശിമയോന്‍ ചെയ്തു കൊടുക്കുന്നു. അതായത്, മീനൊന്നും ലഭിക്കാത്ത ഏറ്റവും നിരാശാപൂര്‍ണമായ ജീവിതാവസ്ഥയിലും യേശുവിന് സംസാരിക്കാന്‍ ശിമയോന്‍ സാഹചര്യം ഒരുക്കുന്നു. വിശ്വാസ ജീവിതത്തിന്റെ ഒന്നാമത്തെ പാഠമാണിത്. ഏത് ജീവിതാവസ്ഥയിലും യേശുവിന് സംസാരിക്കാന്‍ സാഹചര്യം നല്‍കുക.

2) രണ്ടാമതായി, യേശു പറയുന്നതനുസരിച്ച് വലയിറക്കുക:

വിശ്വാസ ജീവിതത്തിന്റെ രണ്ടാമത്തെ സുപ്രധാന പാഠം യേശു ശിമയോനെ പഠിപ്പിക്കുകയാണ്. “ആഴത്തിലേക്കു നീക്കി, മീന്‍പിടിക്കാന്‍ വലയിറക്കുക” ഇതായിരുന്നു യേശു ശിമയോനോട് ആവശ്യപ്പെട്ടത്. തികഞ്ഞ മുക്കുവനായ ശിമയോനും കൂട്ടാളികളും രാവുമുഴുവന്‍ അധ്വാനിച്ചു, ഒന്നും കിട്ടിയില്ല. കടലിന്റെയും മീന്‍ പിടിത്തത്തിന്റെയും എല്ലാ വശങ്ങളും അറിയാവുന്ന അനുഭവ സമ്പന്നനായ ശിമയോന്, യേശുവിന്‍റെ നിര്‍ദ്ദേശം വിഢിത്തമായി തോന്നി. അക്കാലത്തെ മത്സ്യബന്ധനത്തെക്കുറിച്ചുളള പഠനങ്ങളില്‍ പറയുന്നത്, ആ കാലഘട്ടത്തെ മീന്‍പിടിത്തക്കാര്‍ വളരെ കട്ടിയുളള കയറുപോലത്തെ വലകളാണ് ഉപയോഗിച്ചത്. പകല്‍ വെളിച്ചത്തില്‍ അതിന്റെ കണ്ണികള്‍ മത്സ്യത്തിന് കാണാന്‍ സാധിക്കും. മത്സ്യങ്ങള്‍ അതില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യും. അതിനാലാണ് അവര്‍ രാത്രികാലങ്ങളില്‍ മത്സ്യബന്ധനത്തിനായി പോകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകണം ഞങ്ങള്‍ രാത്രി മുഴുവന്‍ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് ശിമയോന്‍ പറയുന്നത്. എങ്കിലും ‘നീ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ വലിയിറക്കാം’. എന്നു പറഞ്ഞുകൊണ്ട് ശിമയോന്‍ യേശുവിന്റെ വാക്കുകളെ അനുസരിക്കുന്നു.

വിശ്വാസജീവിതത്തിലെ രണ്ടാമത്തെ വലിയ പാഠം ഇതുതന്നെയാണ്. സ്വന്തം ബോധ്യങ്ങളെയും അനുഭവ ജ്ഞാനത്തെയും അറിവിനെയും മറികടന്നുകൊണ്ട് ദൈവത്തിലും അവന്റെ വാക്കുകളിലും വിശ്വസിക്കുന്നതാണ് വിജയത്തിന്‍റെ താക്കോല്‍. ഒരു ക്രിസ്ത്യാനി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയാണ്. ജീവിതത്തില്‍ ഒന്നും ലഭിക്കാത്ത സാഹചര്യങ്ങളില്‍ നമ്മുടെ അറിവിന്റെയും അനുഭവങ്ങളുടെയും വെളിച്ചത്തില്‍ പരിശ്രമം മതിയാക്കി ജീവിതത്തിന്‍റെ “വലകഴുകി ഉണക്കുന്നവരുണ്ട്”. നിരാശയില്‍ നിന്നും നിരാശയിലേക്ക് നീങ്ങുന്നവര്‍. ദൈവവചനത്തില്‍ ആശ്രയിക്കുവാനും തിരുവചനാനുസരണം ജീവിക്കാനും ഏറ്റവും ബുദ്ധിമുട്ടായി തോന്നും. ശിമയോനും യേശുവിന്‍റെ വാക്കുകള്‍ സാമാന്യ ബുദ്ധിക്കു നിരക്കാത്തതായി തോന്നി. എങ്കിലും അവന്‍ അത് അനുസരിച്ചു. അവരെ അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ വളരെ ഏറെ മത്സ്യങ്ങള്‍ അവര്‍ക്ക് ലഭിച്ചു.

അത്ഭുതകരമായ വിധത്തില്‍ വളരെ ഏറെ മീന്‍ ലഭിക്കത്തക്ക വിധത്തില്‍ യേശു പറഞ്ഞത് : “ആഴത്തിലേക്ക് നീക്കി മീന്‍ പിടിക്കാന്‍ വലയിറക്കുക” എന്നാണ്. അതായത് ഉപരിപ്ലവമായ രീതിയിലല്ലാതെ ജീവിതത്തിന്റെ ആഴത്തിലേക്കു പോകാനാണ്. വിശ്വാസ ജീവിതത്തിലും ഈ നിര്‍ദ്ദേശത്തിന് പ്രാധാന്യമുണ്ട്. ജീവിതത്തിന്റെ ആഴത്തിലേക്കു നീങ്ങുവാന്‍ നമുക്കു സാധിക്കണം. നമ്മെ അലട്ടുന്ന പല പ്രശ്നങ്ങളുടെയും പരിഹാരം ഒളിഞ്ഞിരിക്കുന്നത് ജീവിതത്തിന്‍റെ ഉപരിപ്ലവമായ, ബാഹ്യമായ മേഖലയിലല്ല, മറിച്ച് ആഴമേറിയ മേഖലയിലാണ്. അത് വ്യക്തിജീവിതത്തിന്‍റെയോ ബന്ധങ്ങളുടെയോ സാമൂഹ്യജീവിതത്തിന്റെയോ ആഴമേറിയ മേഖലയിലാണ്. അവിടേക്ക് കടന്ന് ചെല്ലാനാണ് യേശു ആവശ്യപ്പെടുന്നത്. ശിമയോനെപ്പോലെ യേശുവിന്റെ വചനങ്ങളെ നാം അനുസരിച്ചാല്‍ നമ്മെ അത്ഭുതപ്പെടുത്തുന്നവ ജീവിതത്തില്‍ സംഭവിക്കും.

3) മൂന്നാമതായി, ദൈവത്തിന്‍റെ മുമ്പില്‍ എളിമയുളളവരാകുക:

തങ്ങള്‍ക്കു ലഭിച്ച മീനിന്‍റെ അളവും അതിലേക്ക് നയിച്ച സംഭവങ്ങളും ശിമയോനെ എളിമയുളളവനാക്കി. യേശുവിനോടൊപ്പം ആയിരിക്കുവാനുളള അനര്‍ഹത ശിമയോന്‍ ഏറ്റുപറയുന്നു. “കര്‍ത്താവേ എന്നില്‍ നിന്ന് അകന്നുപോകണമേ… ഞാന്‍ പാപിയാണ്”… എന്നാല്‍ ശിമയോന്‍റെ അയോഗ്യയെ, തന്നെ അനുഗമിക്കാനുളള യോഗ്യതയായി യേശു മാറ്റി. ഇന്നത്തെ ഒന്നാം വയനയിലും നാം തത്തുല്യമായ സന്ദര്‍ഭംകാണുന്നു. സര്‍വ്വശക്തനായ ദൈവത്തിന്‍റെ മുമ്പില്‍ നില്‍ക്കുന്ന ഏശയ്യ പ്രവാചകന്‍ തന്റെ അയോഗ്യത സ്വയം ഏറ്റുപറയുന്നു. “എനിക്കു ദുരിതം! ഞാന്‍ നശിച്ചു എന്തെന്നാന്‍ ഞാന്‍ അശുദ്ധമായ അധരങ്ങളുളളവനും അശുദ്ധമായ അധരങ്ങളുളളവരുടെ മദ്ധ്യേ വസിക്കുന്നവനുമാണ്. ” എന്നാല്‍ പുതിയ നിയമത്തില്‍ യേശു പത്രോസിനെ യോഗ്യനാക്കിയതുപോലെ പഴയ നിയമത്തില്‍ സെറാഫുകളില്‍ ഒന്ന് തീക്കനല്‍ പ്രവാചകന്‍റെ അധരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് അവനെ വിശുദ്ധീകരിച്ച് ദൈവത്തിന്‍റെ ദൗത്യത്തിനായി യോഗ്യനാക്കുന്നു. നാം സ്വന്തം അയോഗ്യത ഏറ്റുപറയുമ്പോള്‍ ദൈവം നമ്മെ വലിയ ദൗത്യങ്ങള്‍ക്കു യോഗ്യതയുളളവരാക്കും.

യേശു ശിമയോനോടു പറയുന്നത് “ഭയപ്പെടെണ്ട നീ ഇപ്പോള്‍ മുതല്‍ മനുഷ്യനെ പിടിക്കുന്നവനാകും” എന്നാണ്. ഇതുവരെ മീന്‍ പിടിച്ചുകഴിഞ്ഞിരുന്നവന്‍ ഇന്നുമുതല്‍ മനുഷ്യനെ പിടിക്കുന്നവനാകുന്നു. എന്താണ് ഇതിന്റെ അര്‍ഥം? ഈ സുവിശേഷഭാഗത്തില്‍ ഉപയോഗിച്ചിരിക്കുന്ന “പിടിക്കുക” എന്ന പദത്തിന് തുല്യമായ ഗ്രീക്കുവാക്കിന് പ്രധാനമായും മറ്റൊരു അര്‍ത്ഥവും വ്യാഖ്യാനവുമാണുളളത്. മീന്‍പിടിക്കുക എന്നാല്‍ നാം മനസ്സിലാക്കുന്നത് ഭക്ഷിക്കാനായി മീന്‍ പിടിക്കുക എന്നാണ്. അതായത്, മീന്‍ പിടിക്കപ്പെട്ടു കഴിഞ്ഞാന്‍ അതോടു കൂടി അതിന്‍റെ ജീവന്‍ അവസാനിക്കുന്നു. എന്നാല്‍, ഈ വചനഭാഗത്തിലെ ‘മീന്‍ പിടിക്കുക’ എന്ന വാക്ക് അര്‍ത്ഥമാക്കുന്നത് ‘കൂടുതല്‍ മെച്ചപ്പെട്ട ജലാശയത്തിലേക്ക് മാറ്റപ്പെടുവാനായി മീനിനെ പിടിക്കുക’ എന്നതാണ്. അതായത്, മീന്‍ പിടിക്കപ്പെടുന്നത് കൊല്ലപ്പെടാനല്ല മറിച്ച് കൂടുതല്‍ മേന്മയോടെ ജീവിപ്പിക്കാനാണ്. ഈ വ്യാഖ്യാനത്തിന്‍റെ അടിസ്ഥാനത്തില്‍ വേണം ‘മനുഷ്യരെ പിടിക്കുക’ എന്ന വാക്ക് നാം മനസ്സിലാക്കേണ്ടത്. മനുഷ്യരെ പിടിക്കുന്നത് അവരെ നശിപ്പിക്കാനല്ല മറിച്ച് കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നല്‍കാനാണ്. പാപത്തില്‍ മുഴുകി കഴിയുന്ന മനുഷ്യനെ ദൈവരാജ്യമാകുന്ന തെളിമയുളള ജലാശയത്തിലേക്ക് മാറ്റുവാനായി പിടിക്കുകയാണ്. അങ്ങനെ മനുഷ്യരെ പിടിക്കാന്‍ വിളിക്കപ്പെട്ടവരാണ് ശിമയോനും അപ്പസ്തോലന്മാരും, തിരുസഭയും സഭയിലെ ജ്ഞാനസ്നാനം സ്വീകരിച്ച നാം ഓരോരുത്തരും. ഈ സുവിശേഷ ഭാഗം ശിമയോനെയും നമ്മെയും പഠിപ്പിക്കുന്നത് ഭയപ്പെടാതെ യേശുവിനെ അനുഗമിക്കാനാണ്. നമ്മുടെ അറിവുകളും അനുഭവങ്ങളും എന്തൊക്കെയായാലും അവന്‍റെ വാക്കുകളെ അനുസരിച്ചാല്‍ നാം അത്ഭുതങ്ങള്‍ കാണും. കൂടാതെ നമ്മുടെ അയോഗ്യതകളെ യേശു യോഗ്യതകളാക്കി മാറ്റും.

ആമേന്‍.

Show More

2 Comments

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker