Sunday Homilies

20th Sunday Ordinary time_Year A_വലിയ വിശ്വാസമുള്ള കാനാൻകാരി സ്ത്രീ

എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാവരെയും ഉൾക്കൊള്ളാൻ ആഗ്രഹിക്കുന്നവളാണ് സഭ...

ആണ്ടുവട്ടം ഇരുപതാം ഞായർ
ഒന്നാം വായന – ഏശയ്യ 56: 1.6-7
രണ്ടാം വായന – റോമ. 11:13-15. 29-32
സുവിശേഷം – വി.മത്തായി 15: 21-28

ദിവ്യബലിക്ക് ആമുഖം

“വിജാതിയരുടെ അപ്പോസ്തലൻ” എന്ന പേരിൽ അഭിമാനിക്കുന്ന പൗലോസ് അപ്പോസ്തലനെ ഇന്നത്തെ രണ്ടാം വായനയിൽ, റോമാക്കാർക്കുള്ള ലേഖനത്തിൽ നാം കാണുന്നു. സുവിശേഷത്തിലാകട്ടെ ഒരു വിജാതിയ സ്ത്രീയുടെ വിശ്വാസത്തിൽ ആശ്ചര്യ ഭരിതനാകുന്ന യേശുവിനെ നമുക്ക് കാണാം. ദൈവത്തെ അന്വേഷിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്ന എല്ലാവരെയും ദൈവം മക്കളായി സ്വീകരിക്കുമെന്ന് ഇന്നത്തെ ഒന്നാം വായനയിൽ ഏശയ്യാ പ്രവാചകൻ നമ്മോട് പറയുന്നു. ചുരുക്കത്തിൽ യേശുവിന്റെ രക്ഷ ‘സാർവത്രികം’ ആണെന്ന് തിരുസഭ നമ്മെ ഈ ഞായറാഴ്ച പഠിപ്പിക്കുകയാണ്. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

വചനപ്രഘോഷണ കർമ്മം

ഇന്നത്തെ സുവിശേഷഭാഗത്തിന് ബൈബിളിൽ കൊടുത്തിരിക്കുന്ന തലക്കെട്ട് തന്നെ “കാനാൻകാരിയുടെ വിശ്വാസം” എന്നാണ്. സുവിശേഷത്തിൽ നാം ശ്രവിച്ച ടയിർ, സീദോൻ എന്നീ പ്രദേശ നാമങ്ങളും, അവിടെ നിന്നു വരുന്ന സ്ത്രീയും വിജാതിയരുടെ പ്രതീകമാണ്. യേശുവിന്റെ കാലഘട്ടത്തിൽ യഹൂദർ ഈ പ്രദേശത്തുള്ള വിജാതീയരെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. “നായ്ക്കൾ” എന്ന് പോലും അവരെ വിളിച്ചിരുന്നു. അവിശ്വാസവും, അന്യദേവന്മാരോടുള്ള ആരാധനയും, അന്യസംസ്കാരവും നിലനിന്നിരുന്ന ഇത്തരം പ്രദേശങ്ങളെ യഹൂദർ അവഗണിച്ചിരുന്നു. ഈ പ്രദേശത്തിലെ ഒരു വിജാതീയ സ്ത്രീയാണ് ഏവരെയും, യേശുവിനെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, തന്റെ മകളുടെ സൗഖ്യത്തിനായി അപേക്ഷിക്കുന്നത്. ഇന്നത്തെ സുവിശേഷത്തിലെ വരികൾക്കിടയിൽ വായിച്ചാൽ നാം കാണുന്നത് യേശുവും സ്ത്രീയും തമ്മിലുള്ള കൂടിക്കാഴ്ച മാത്രമല്ല, മറിച്ച് ആദിമസഭയിലെ യഹൂദ ക്രിസ്ത്യാനികളും വിജാതീയ ക്രിസ്ത്യാനികളും, ആധുനിക ലോകത്തിലെ തിരുസഭയും അക്രൈസ്തവരും തമ്മിലുള്ള ബന്ധവും കാണാൻ സാധിക്കും. ഇതിനു പുറമേ, നമ്മുടെ അനുദിന വിശ്വാസജീവിതത്തെ പ്രചോദിപ്പിക്കുന്ന ചില വിഷയങ്ങളും നാം ഇന്നത്തെ സുവിശേഷത്തിൽ കാണുന്നു. നമുക്ക് അവയെ വിചിന്തനം ചെയ്യാം.

1) വിശ്വാസത്തിലും പ്രാർത്ഥനയിലും സ്ഥിരതയുള്ളവരായിരിക്കുക

നാം എങ്ങനെയാണ് ദൈവത്തോട് പ്രാർത്ഥിക്കേണ്ടതെന്നും, അപേക്ഷിക്കേണ്ടതെന്നും കാനാൻകാരി സ്ത്രീ നമ്മെ പഠിപ്പിക്കുന്നു. ഒരു വിജാതീയ സ്ത്രീ ആയിരുന്നിട്ടും യേശുവിനെ “ദാവീദിന്റെ പുത്രാ” എന്ന് വിളിച്ച്, അവൻ ഇസ്രായേലിന്റെ രാജാവാണെന്ന് അവൾ അംഗീകരിക്കുന്നു. വീണ്ടും തന്റെ പ്രാർത്ഥന അവഗണിക്കപ്പെട്ടപ്പോൾ ദേഷ്യത്തോടും, സങ്കടത്തോടും, നൈരാശ്യത്തോടും കൂടെ അവിടെ നിന്ന് പിന്മാറാതെ, യേശുവിനെ പ്രണമിച്ച് “കർത്താവേ എന്നെ സഹായിക്കണമേ” എന്ന് പറയുന്നു. ഇവിടെ അവർ യേശുവിനെ യഹൂദരുടെ മാത്രമല്ല, ലോകം മുഴുവന്റേയും രക്ഷകനായി അംഗീകരിക്കുകയാണ്. അവൾ, യേശുവിൽ നിന്ന് സഹായം ലഭിക്കാൻ തനിക്ക് അർഹതയുണ്ടെന്ന വിശ്വാസത്തിൽ, “അതേ കർത്താവേ നായ്ക്കളും യജമാനന്മാരുടെ മേശയിൽ നിന്നും വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ” എന്ന് പറയുന്നു. അവളുടെ വിശ്വാസവും പ്രാർത്ഥനയും യേശുവിനെ പോലും അത്ഭുതപ്പെടുത്തി, അവളുടെ ആഗ്രഹം നിറവേറപ്പെടുന്നു. നാം എങ്ങനെ, എത്രമാത്രം തീഷ്ണമായി, നിരന്തരമായി പ്രാർത്ഥിക്കണമെന്ന് സുവിശേഷത്തിലെ ഈ വിജാതീയ സ്ത്രീ നമ്മെ പഠിപ്പിക്കുകയാണ്.

2) അതിർവരമ്പുകളെ തുറക്കുക

കാനാൻകാരി സ്ത്രീയും യേശുവും നമ്മെ പഠിപ്പിക്കുന്ന മറ്റൊരു പാഠമാണ് ചിന്തയുടെയും, പ്രവൃത്തിയുടെയും അതിർവരമ്പുകളെ തുറക്കുക എന്നത്. ചില ബൈബിൾ പണ്ഡിതന്മാർ പറയുന്നത്, ഇന്നത്തെ സുവിശേഷത്തിലെ യഥാർത്ഥ അത്ഭുതം എന്നത്, വിജാതീയയുടെ മകൾ സുഖപ്പെട്ടതല്ല മറിച്ച്, ഒരു വിജാതീയയുടെ വിശ്വാസവും പ്രാർത്ഥനയും കണ്ട് അത്ഭുതപ്പെട്ട യേശു അവളുടെ ആവശ്യം നിറവേറ്റുന്നതാണ്. കാനാൻകാരി സ്ത്രീ അവൾ ഇതുവരെ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്ത ജീവിതസാഹചര്യങ്ങളുടെ വരമ്പുകൾ ഭേദിച്ച്, യേശുവിനോട് തന്റെ ആവശ്യം അറിയിക്കുവാൻ ധൈര്യപ്പെടുന്നു. യേശുവാകട്ടെ “ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാൻ അയക്കപ്പെട്ടിരിക്കുന്നത്”, “മക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്ക് എറിഞ്ഞു കൊടുക്കുക ഉചിതമല്ല” എന്നീ നിഷേധാത്മക മറുപടികൾ ആദ്യം നൽകുന്നുണ്ടെങ്കിലും പിന്നീട്, തന്റെ തന്നെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് ‘രക്ഷ ഇസ്രായേല്യർക്കു മാത്രമല്ല എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും, താൻ യഹൂദരുടെ മാത്രമല്ല ഈ ലോകത്തിന്റെ മുഴുവൻ രക്ഷകൻ ആണെന്നും’ തെളിയിക്കുന്നു.

സ്വന്തം ജീവിതത്തിലേയും, ഇടവക ജീവിതത്തിലേയും കാരാഗ്രഹ തുല്യമായ അതിർവരമ്പുകളെ ഭേദിച്ചുകൊണ്ട്, പുതിയവയെ സ്വീകരിക്കാനും മാറ്റങ്ങൾക്ക് വിധേയരാകാനും നമുക്ക് കാനാൻകാരിയിൽ നിന്നും യേശുവിൽ നിന്നും പഠിക്കാം. ഇതുവരെ നിലനിർത്തിയിരുന്ന അതിർവരമ്പുകളെ ഭേദിച്ചപ്പോഴും, പുതിയതിനുവേണ്ടി ധൈര്യം കാണിച്ചപ്പോഴുമാണ് അവിടെ അത്ഭുതം സംഭവിച്ചത്. നാം ഒരു മഹാമാരിയിലൂടെ കടന്നുപോകുന്ന ഈയവസരത്തിൽ ഈ സുവിശേഷ യാഥാർത്ഥ്യം വളരെ പ്രാധാന്യമർഹിക്കുന്നു. നമ്മുടെ വിശ്വാസ ജീവിതത്തിലും ഇടവകയുമായിട്ടുള്ള ബന്ധത്തിലും ഇതുവരെ നാം സൂക്ഷിച്ചിരുന്ന പരമ്പരാഗത ശൈലിയിൽ നിന്ന് വ്യത്യസ്തമായി പുതിയ രീതികൾ ആവിഷ്കരിക്കേണ്ട അത്യാവശ്യഘട്ടത്തിലേക്ക് നാം വന്നുകഴിഞ്ഞു. ഈ അവസരത്തിൽ കാണാൻകാരി സ്ത്രീയും യേശുവും അവരവരുടെ പ്രവർത്തികളിൽ കാണിച്ച ധൈര്യം നമുക്കോർക്കാം.

3) യേശു ആരെയും ഒഴിവാക്കുന്നില്ല

“കാതോലികം” എന്ന വാക്കിന്റെ അർത്ഥം “സാർവ്വത്രികം” എന്നാണ്. കത്തോലിക്കാ സഭ എന്നാൽ സാർവത്രിക സഭ എന്നാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാവരെയും ഉൾക്കൊള്ളാൻ ആഗ്രഹിക്കുന്നവളാണ് സഭ. സഭ ഇത് പഠിച്ചതും യേശുവിൽ നിന്നാണ് കാരണം, യേശു ആരെയും ഒഴിവാക്കുന്നില്ല എന്ന് ഇന്നത്തെ സുവിശേഷത്തിൽ നിന്ന് നമുക്ക് വ്യക്തമാണ്. ഇന്നത്തെ ഒന്നാം വായനയിൽ ഈ സാർവത്രികതയെക്കുറിച്ചുള്ള ഏശയ്യാ പ്രവാചകന്റെ വാക്കുകൾ നാം ശ്രവിച്ചു: “എന്റെ ആലയം എല്ലാ ജനതകൾക്കുമുള്ള പ്രാർത്ഥനാലയം എന്ന് വിളിക്കപ്പെടും”. നമ്മുടെ ഇടവകകളും യേശുവിന്റെ ഈ തുറവിയുടെ അരൂപി ഉൾക്കൊള്ളുന്നവയാകണം. എല്ലാവരോടും സാഹോദര്യത്തോടെ ഇടപെടുന്ന, എല്ലാവരെയും മനുഷ്യരായി കാണുന്ന സഭയാകണം. എങ്കിലേ ഏശയ്യാ പ്രവചിച്ച, യേശുവിലൂടെ നടപ്പിലാക്കപ്പെട്ട ദൈവീക പദ്ധതി പൂർത്തീകരിക്കപ്പെടുകയുള്ളൂ.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker